ക്രൂശിലേക്ക് നോക്കിയവർ
മൊബിന ബേബി

പാപത്തിന്റെയും പടുമരണത്തിന്റെയും പ്രതീകമായി സര്‍വ്വരാലും നിന്ദ്യവും നികൃഷ്ടവുമായി കരുതിവന്നിരുന്ന മരക്കഷണം രക്ഷകനായ ദൈവപുത്രന്റെ തിരുരക്തത്തില്‍ കുതിര്‍ന്ന് അവന്റെ അന്ത്യനിശ്വാസങ്ങള്‍ ഏറ്റുവാങ്ങി മാനവരക്ഷയുടെ ദൈവീകബലിയില്‍ കാസയായി രൂപാന്തരം പ്രാപിച്ചപ്പോള്‍ വിമോചനത്തിന്റെയും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും അടയാളമായി കാലത്തിന്റെ ഗോല്‍ഗോഥായില്‍ കുരിശ് ഇന്നും ഉയര്‍ന്നു നില്‍ക്കുന്നു.  (യോഹ 03:14)

സത്യദൈവത്തെ മറന്ന ഇാസ്രായേല്‍ മക്കള്‍ ദൈവകോപത്തിന്റെ സര്‍പ്പദംശനത്തില്‍ നിന്നും രക്ഷനേടാന്‍ മരുഭൂമിയിലെ പിച്ചള സര്‍പ്പത്തെ നോക്കിയതുപോലെ  ഈ ലോകമോഹങ്ങളാകുന്ന അണലിക്കുഞ്ഞുങ്ങളില്‍ നിന്നും പരിപാലിക്കപ്പെടാന്‍ ക്രൂശിതനായി ഉയര്‍ത്തപ്പെട്ട കുഞ്ഞാടിലേക്ക് നമ്മുടെ ദൃഷ്ടികള്‍ ഉയിര്‍ത്തേണ്ടിയിരിക്കുന്നു.    (സങ്കീ 34:5)

ഗത്സമേന്‍ മുതല്‍ കാല്‍വരിവരെയുള്ള തന്റെ ക്രൂശുയാത്രയില്‍ ക്രിസ്തു നടത്തിയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ക്രൂശിന്റെ രക്ഷയെ ഉദ്‌ഘോഷിക്കുന്നവയായിരുന്നു.  മഹാപുരോഹിതന്റെ ദാസനില്‍ നിന്നും തുടങ്ങി മറിയം മഗ്ദലേനവരെ ആ രക്ഷ വ്യാപിക്കുന്നു.

ക്രൂശിക്കാന്‍ വിധിച്ചവന്‍

അധികാരത്തിന്റെ ആഡംബരത്തില്‍ അമര്‍ന്നിരിക്കുവാന്‍ വേണ്ടി ദൈവപുത്രന്റെ ക്രൂശുമരണം ഒഴിവാക്കുന്നതില്‍ നിന്നും കൗശലപൂര്‍വ്വം കൈകഴുകിയ പീലാത്തോസും, അത്ഭുതങ്ങള്‍ കൊണ്ട് ക്രിസ്തു തന്നെ രസിപ്പിക്കും എന്നു നിനച്ച ഹേറോദേസും, തമ്മില്‍ വൈര്യം ക്രിസ്തുവിന്റെ മൗനത്തില്‍ അലിഞ്ഞില്ലാതാകുന്നു. അനുരജ്ഞനത്തിന്റെ പാത തുറക്കപ്പെടുന്നു. (ലൂക്കാ 23:12)

ക്രൂശെടുത്തവന്‍

'ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ.' മര്‍ക്കോസ് 8:34

കെവുറിന്‍ കാരനായ ശിമയോന്‍ വയലേലയില്‍ അധ്വാനിച്ച് മടങ്ങും വഴിയാണ് റോമന്‍ പടയാളികളുടെ നിര്‍ബന്ധത്താല്‍ ക്രൂശേറ്റെടുത്തത്. സൃഷ്ടാവിന്റെ ബലികര്‍മ്മത്തില്‍ സഹകാരിയാവാനുള്ള ദൗത്യം ഏറ്റെടുത്തതിലൂടെ രക്ഷയുടെ വഴിയിലേക്ക് കടന്നു വരാന്‍ അവനു സാധിച്ചു. ക്രൂശിലേക്കു നോക്കിയവന്‍ താന്‍ തന്റെ ഗുരുവിന്റെ ചോരവാര്‍ന്ന തിരുമുഖത്തേക്കു നോക്കിയപ്പോള്‍ അവനു സമ്മാനമായി ലഭിച്ചത് സകലസ്ത്രീകളിലും ശ്രേഷ്ഠയായ കന്യകാ       മറിയത്തെ ആയിരുന്നു. വ്യാകുലമാതാവിന്റെ തിരുഹൃദയമാണ് ക്രൂശിലേക്ക് മിഴിയുയര്‍ത്തിയ ശിഷ്യന് ആശ്വാസമായി ലഭിച്ചത്

ക്രൂശില്‍ തറക്കപ്പെട്ടവര്‍

ക്രിസ്തുവിനോടൊപ്പം കുരിശില്‍ തറക്കപ്പെട്ട കള്ളന്മാരില്‍ നല്ലവനായ കള്ളന്‍ പറുദീസയിലേക്ക് ഉയര്‍ത്തപ്പെട്ടു ആയുസ്സിന്റെ അവസാന നിമിഷങ്ങളില്‍പോലും മാനസാന്തരത്തിന് സ്വര്‍ഗ്ഗം സ്വന്തമാക്കുവാന്‍ ക്രൂശിലേയ്ക്ക് നോക്കിയാല്‍ ഒരുവന് സാധിക്കുമെന്ന് കര്‍ത്താവ് വെളിപ്പെടുത്തി.

ക്രൂശിന്‍ ചുവട്ടിലെ സാക്ഷ്യം

പിതാവിന്റെ കരങ്ങളില്‍ ആത്മാവിനെ ഏല്‍പ്പിച്ച രക്ഷകന്‍ മരണശേഷമുണ്ടായ ഭൂകമ്പവും ദേവാലയത്തിലെ തിരശ്ശീലയുടെ കീറലും മരിച്ചവരുടെ ഉയര്‍പ്പും ശതാധിപനെകൊണ്ട്, ഇവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തി തിരിച്ചറിവിന്റെ പാതയിലേക്ക് നടത്തി.

പ്രിയമുള്ളവരെ നൈമിഷിക സുഖങ്ങള്‍ക്ക് വേണ്ടി കര്‍ത്താവിനെ വീണ്ടും ക്രൂശിച്ചു കൊണ്ടിരിക്കുന്ന നമുക്ക് പാപങ്ങള്‍ ഏറ്റുപറഞ്ഞ് അനുതാപത്തിന്റെ  വഴിയെ തിരികെയെത്താം. ന്യായീകരണങ്ങളുടെ കൈകഴുകലുകളും പൊരുത്തപെടലുകളും  ഒഴിവാക്കാം, ആ കുരിശെടുത്ത് അവിടുത്തെ പിന്‍ചെല്ലാം,  കുരിശിന്‍ ചുവട്ടില്‍നിന്നും പരിശുദ്ധ അമ്മയെ ഹൃദയത്തില്‍ വഹിക്കാം, നല്ല കള്ളനെപോലെ പറുദീസയുടെ താക്കോല്‍ നേടാം, കുരിശെന്ന രക്ഷയെ സാക്ഷ്യപ്പെടുത്താം.

162 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912