കുരിശിലെ പ്രത്യാശ
അജോ പുതുമന

രചില്ലകളിലും മറ്റും ചിലപ്പോള്‍ ഒഴിഞ്ഞ പക്ഷിക്കൂടും വിരിഞ്ഞ മുട്ടയുടെ അവശിഷ്ടങ്ങളും കാണുമ്പോള്‍, പറന്നു പോയ കിളികുഞ്ഞുങ്ങളാണ് നമ്മുടെ മനസ്സിലേയ്ക്ക് ഓടിയെത്തുക. അനേക രൂപത്തിലുള്ള കുരിശുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. ക്രൂശിത രൂപത്തിലേയ്ക്ക് നോക്കുമ്പോള്‍ ക്രിസ്തുവിന്റെ കുരിശു മരണത്തേയും പീഢാസഹനങ്ങളേയും നാം ധ്യാനിക്കുന്നു. എന്നാല്‍ മാര്‍ത്തോമാ കുരിശു കാണുമ്പോള്‍ ഉത്ഥിതനായ ക്രിസ്തുവിനെയാണ് നാം കാണുന്നത്.  

കാട്ടുതീ വനമേഖലകളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെങ്കിലും കാട് ശുചീകരിക്കുകയും ചാരവും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് വനമേഖലയിലെ മണ്ണിനെ കൂടുതല്‍ ഫലഭൂയിഷ്ടമാക്കുന്നു. അനുതാപത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടുള്ള യേശുവിന്റെ ആഗമനം ഫരിസേയപ്രമാണികളുടെയും ഉറക്കം കെടുത്തി. സമൂഹപ്രമാണിമാരായ അവരുടെ നിലപാടുകളിലെ കാപട്യം തുറന്നുകാട്ടിയ യുവനേതാവ് അവരുടെ കണ്ണിലെ കരടായി മാറി. അവനെ ഒരു രാജ്യദ്രോഹിയായി ചിത്രീകരിച്ച് കുരിശില്‍ തറച്ച് കൊല്ലുന്നതില്‍ അവര്‍ വിജയിച്ചു. അതോടെ എല്ലാം അവസാനിച്ചു എന്ന് അവര്‍ കരുതി. അവിടെയാണ് അവര്‍ പരാജയപ്പെട്ടത്. മൂന്നുവര്‍ഷക്കാലം യൂദയായില്‍ ചുറ്റിസഞ്ചരിച്ച് പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍ അവഗണിച്ചിരുന്നവര്‍ പോലും യേശുവിനെ അംഗീകരിക്കുവാനും വിശ്വസിക്കുവാനും തുടങ്ങി. അങ്ങനെ ശാപത്തിന്റെ ചിഹ്നമായിരുന്ന കുരിശ് പ്രത്യാശയുടെയും വിജയത്തിന്റെയും അടയാളമായി മാറി. 

കുരിശില്‍ മരിച്ച യേശു മൂന്നാംദിനം മഹിമയോടെ ഉത്ഥാനം ചെയ്തു. കുരിശിള്‍ മരിക്കുമ്പോള്‍ ഉണ്ടായിരുന്നതിലും കൂടുതല്‍ മഹിമയോടെയാണ് അവന്‍ ഉത്ഥാനം ചെയ്തത്. ഇതാണ് ക്രിസ്തുവിന്റെ കുരിശിലെ മായാജാലം. ഈ ഒരു കാഴ്ചപ്പാടിലാണ് കുരിശുകളെ, സഹനങ്ങളെ നാം സമീപിക്കേണ്ടത്. ഇതാണ് സഹനങ്ങളോടുള്ള ക്രൈസ്തവ വീക്ഷണം. തളര്‍ത്താനും തകര്‍ക്കാനും ആയി യഹൂദര്‍ ആസൂത്രണം ചെയ്ത കുരിശുമരണം പക്ഷേ വിപരീതഫലമാണ് ഉളവാക്കിയത്. പരുക്കന്‍ ജീവിത സാഹചര്യങ്ങളിലൂടെ വളര്‍ന്നു വന്നവര്‍ അനുകൂല സാഹചര്യത്തില്‍ ജീവിച്ചവരെ അപേക്ഷിച്ച് കൂടുതല്‍ കരുത്തും പക്വതയും ഉള്ളവരായി മാറും എന്നത് യാഥാര്‍ത്ഥ്യമാണ്. 'എന്തെന്നാല്‍ കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്ന് നാം അറിയുന്നു.' (റോമ 5:4). ഇതേ വസ്തുത തന്നെയാണ് സങ്കീര്‍ത്തകന്‍ വ്യത്യസ്തമായ വാക്കുകളിലൂടെ പറഞ്ഞുവയ്ക്കുന്നത്. 'ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.' (സങ്കീ. 119:71).

ക്രിസ്തുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവരോട് അവന്‍ നല്‍കുന്ന ഉപദേശം,  'ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ' (മത്താ. 16:24)  എന്നതാണ്. സന്തോഷപൂര്‍വ്വം സഹനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ നാം ദൈവതിരുമനസ്സിന് വിധേയപ്പെടുകയും ദൈവത്തിന്റെ ക്രമപ്പെടുത്തലുകള്‍ക്ക് വിധേയമാവുകയും ചെയ്യുന്നു.  

ചട്ടപ്രകാരം പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ വിജയിക്കാനാകൂ. നമ്മുടെ അനുദിന ജീവിതത്തില്‍ കടന്നു വരുന്ന വേദനകളും സഹനങ്ങളും നിറമനസ്സോടെ സ്വീകരിച്ച് അവയില്‍ ഒളിഞ്ഞിരിക്കുന്ന ദൈവകൃപ സ്വീകരിക്കുവാന്‍ നമുക്ക് ശ്രമിക്കാം. 'നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ' (1 കോറി. 1:18)

179 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137910