ആത്മീയ നിധിയുടെ മണ്‍പാത്രങ്ങള്‍
നിഖില്‍ സിറിയക്

പഴയ നിയമത്തില്‍ ജെറമിയായുടെ പുസ്തകത്തില്‍ പതിനെട്ടാം അദ്ധ്യായത്തില്‍ കര്‍ത്താവ് ജെറമിയായെ ഒരു കുശവന്റെ വീട്ടിലേയ്ക്ക് അയക്കുന്നതായി കാണാം. ജെറമിയ അവിടെ ചെല്ലുമ്പോള്‍ കുശവന്‍ താന്‍ നിര്‍മ്മിക്കുന്ന ആകൃതി ശരിയാകാതെ വന്നാല്‍ അവയെ തനിക്കിഷ്ടമുള്ള മറ്റൊരു രൂപത്തിലേയ്ക്ക് മെനയുന്നതായിട്ടാണ് കാണുന്നത്. അപ്പോള്‍ കര്‍ത്താവ് ജെറമിയായോട് അരുളിചെയ്യുന്നുണ്ട്; ഇസ്രായേല്‍ ഭവനമേ, ഈ കുശവന്‍ ചെയ്യുന്നതു പോലെ എനിക്ക് നിങ്ങളോട് ചെയ്യരുതോ എന്ന് കര്‍ത്താവ് ചോദിക്കുന്നു. ഇസ്രായേല്‍ ഭവനമേ, കുശവന്റെ കയ്യിലെ കളിമണ്ണു പോലെയാണ് എന്റെ കയ്യില്‍ നിങ്ങള്‍. (ജെറ.18:6) അതേ സഹോദരരേ, കുശവന്റെ കയ്യിലെ കളിമണ്ണു പോലെ തന്നെയാണ് ദൈവത്തിന്റെ കയ്യില്‍ നാമോരോരുത്തരും. ദൈവം നമ്മെ ഓരോരുത്തരേയും തനിക്ക് ഇഷ്ടമുള്ള രൂപത്തില്‍ മെനഞ്ഞിരിക്കുന്നു, പല ആകൃതിയില്‍. ഓരോ വ്യത്യസ്തന മണ്‍പാത്രങ്ങളും വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നതു പോലെ നമ്മെ ഓരോരുത്തരേയും തന്റെ പദ്ധതിയ്ക്കനുസരിച്ച് വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി സൃഷ്ടിച്ചിരിക്കുന്നു. തട്ടിയാലോ മുട്ടിയാലോ ഉടഞ്ഞു പോയേക്കാവുന്ന മണ്‍പാത്രങ്ങള്‍ക്കു സദൃശ്യമായി. കുശവന്‍ തന്റെ മണ്‍പാത്രങ്ങളെ അവ വ്യത്യസ്ത അവസ്ഥകളിലും അന്തരീക്ഷത്തിലും ഉപയോഗിക്കപ്പെടേണ്ടതായതു കൊണ്ട് നനഞ്ഞിരിക്കുന്ന അവസ്ഥയില്‍ അവയെ ഉറപ്പും കഠിനവുമുള്ളതാക്കി മാറ്റാന്‍ പൊള്ളുന്ന തീച്ചൂളയില്‍ ചൂടാക്കി എടുക്കുന്നു. ഈ ഘട്ടത്തില്‍ ഈ പാത്രങ്ങളിലൊന്നു പോലും എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നവെന്നോ, പീഢിപ്പിക്കുന്നുവെന്നോ ചോദിക്കുന്നില്ല. എന്നാല്‍ ദൈവത്തിന്റെ കളിമണ്‍ പാത്രങ്ങളായ നാം ജീവിതത്തിലെ നിരാശപ്പെടുത്തുന്നതും വൈകാരികമായി തളര്‍ത്തുന്നതുമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ അറിയാതെയെങ്കിലും ചോദിച്ചു പോകാറുണ്ട്, എന്തിനെന്നെ ഇങ്ങനെ പരീക്ഷിക്കുന്നു എന്ന്. ഇതിനുള്ള മറുപടിയാണ് റോമ ലേഖനം ഒന്‍പതാം അദ്ധ്യായത്തില്‍ പറയുന്നത്. ദൈവത്തോട് വാഗ്വാദം നടത്താന്‍ മനുഷ്യാ നീ ആരാണ്?  നീ എന്തിനാണ് ഈ വിധത്തില്‍ എന്നെ നിര്‍മ്മിച്ചത് എന്ന് പാത്രം കുശവനോട് ചോദിക്കുമോ? ഒരേ കളിമണ്‍ പിണ്ഢത്തില്‍ നിന്നും ശ്രേഷ്ഠമോ ഹീനമോ ആയ പാത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കുശവന് അവകാശമില്ലേ...?  കൂടാതെ, ദൈവത്തിന്റെ സൃഷ്ടികള്‍ അത്ഭുതകരമാണെന്ന് 139-ാം സങ്കീര്‍ത്തനത്തിലും പറയുന്നുണ്ട്. അതെ, പൊടിയില്‍ നിന്നും ദൈവേഷ്ടപ്രകാരം മെനഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ അത്ഭുതകരമായ സൃഷ്ടികളാണ് നമ്മള്‍. സഹനത്തിന്റെ തീച്ചൂളയിലൂടെ കടത്തിവിട്ട് അതിന് കാവലിരുന്ന് ഏതൊരു പ്രതിസന്ധിയേയും തകര്‍ച്ചയേയും ചെറുത്തുനില്‍ക്കാന്‍ തക്ക കാഠിന്യമുള്ളവരായി സൃഷ്ടിക്കപ്പെട്ട ദൈവത്തിന്റെ മക്കള്‍.

പക്ഷേ, നാമാകുന്ന മണ്‍പാത്രങ്ങളുടെ പ്രത്യേകത എന്താണെന്നാല്‍, പിതാവായ ദൈവം നമ്മുടെ ഓരോരുത്തരുടേയും ഉള്ളില്‍ വിലയേറിയ ഒരു നിധി നിക്ഷേപിച്ചാണ് അവിടുന്ന് നമ്മിലൂടെ പൂര്‍ത്തിയാകാന്‍ ആഗ്രഹിക്കുന്ന ദൗത്യം നിറവേറ്റുന്നതിനായി ഈ ലോകത്തിലേയ്ക്ക് അയച്ചിരിക്കുന്നത്. ഈ നിധി ഉള്ളില്‍ ഉള്ളതിനാല്‍ തന്നെ സ്വയം ശ്രദ്ധ ചെലുത്തേണ്ടതും വളരെ ആവശ്യമാണ്. കാരണം നമ്മുടെ ശരീരമാകുന്ന മണ്‍പാത്രങ്ങള്‍ വളരെ വേഗത്തില്‍ കേടുപാടുകള്‍ ഏല്‍ക്കുവാന്‍ സാധ്യതയുള്ളതാണ്. അതുമാത്രമല്ല ഈ നിധി വളരെ പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. നമ്മുടെ ശരീരത്തിന്റെ മൂല്യം അടങ്ങിയിരിക്കുന്നതും ഈ നിധിയില്‍ തന്നെയാണ്. ഈ നിധിയെക്കുറിച്ചാണ് പൗലോസ് അപ്പസ്‌തോലന്‍ കൊറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തിന്റെ നാലാം അദ്ധ്യായത്തില്‍ പറയുന്നതും. അന്ധകാരത്തില്‍ നിന്നും പ്രകാശം ഉദിക്കട്ടെ എന്ന് അരുളിച്ചെയ്ത ദൈവം തന്നെയാണ് ക്രിസ്തുവിന്റെ മുഖത്ത് വെളിവാക്കപ്പെട്ട ദൈവതേജസ്സിനെ പറ്റിയുള്ള അറിവിന്റെ പ്രകാശം ഞങ്ങള്‍ക്ക് തരേണ്ടതിന് ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പരമമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളത്. (2 കോറി. 4:6-7)

അതെ, നാമാകുന്ന മണ്‍പാത്രങ്ങളിലാണ് ദൈവതേജസ്സിനെ പറ്റിയുള്ള അറിവിന്റെ നിധി നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. തന്റെ വചനത്തെയും പരിശുദ്ധാത്മാവിനെ തന്നെയാണ് ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഉല്‍പത്തി 2:7ല്‍ എഴുതപ്പെട്ടിരിക്കുന്നതു പോലെ കര്‍ത്താവായ ദൈവം നമ്മെ ഭൂമിയിലെ പൂഴികൊണ്ട് രൂപപ്പെടുത്തി, നമ്മുടെ നാസാരന്ധ്രങ്ങളിലേയ്ക്ക് ജീവന്റെ ശ്വാസം നിശ്വസിച്ച് നമ്മെ ജീവനുള്ളവരാക്കി. ഈ ജീവനോടൊപ്പമാണ് ദൈവം തന്റെ നിധിയെ നിക്ഷേപിച്ച് വെറും മണ്‍പാത്രങ്ങള്‍ക്ക് തുല്യമായ നമ്മുടെ ശരീരത്തെ വിലയേറിയ നിധിയടങ്ങിയ ഒന്നാക്കി മാറ്റിയത്. എന്നാല്‍ പുറമേ നിന്നും നോക്കിയാലോ, നാം വെറും മണ്‍പാത്രങ്ങള്‍ മാത്രം. ഇതേ കാരണത്താലാണ് നാമും ഈ നിധിയുടെ വില മനസ്സിലാക്കാതെ പോകുന്നത്. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും പുറമേ നിന്നുള്ള ദൃഷ്ടിയില്‍ നസ്രായനായ ഒരു തച്ചന്റെ മകന്‍ മാത്രമായിരുന്നു. എന്നാല്‍ യേശുവില്‍ നിക്ഷേപിക്കപ്പെട്ടിരുന്ന ആ നിധിയാണ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനും രോഗശാന്തി നല്‍കുവാനുമൊക്കെ അവനെ പ്രാപ്തനാക്കിയതും നമുക്ക് ദൈവമഹത്വത്തെ കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തുവാക്കി മാറ്റിയതും.ആ നിധിയുടെ ശക്തി അവനിലൂടെ പ്രകടമാക്കപ്പെട്ടിരുന്നു.

ജഡിക പാപത്തിന്റെ ഏതെങ്കിലും മേഖലയില്‍ നിപതിച്ചാല്‍ നമ്മുടെ അന്തരംഗം ദൈവത്തെ അറിയിക്കുവാനും മനസ്സിലാക്കുവാനും കഴിവില്ലാത്ത ഒന്നായി രൂപാന്തരപ്പെടന്നു. തല്ഫലമായി പ്രാര്‍ത്ഥനയില്‍ ശ്രദ്ധയും ഉണര്‍വ്വും ഇല്ലാത്തതും, ദൈവവചനം ഗ്രഹിക്കാന്‍ കഴിവില്ലാത്തതും, കൗദാശിക ജീവിതം അരോചകമായി തോന്നുന്നതുമായ അവസ്ഥയിലേയ്ക്ക് നാം എത്തിച്ചേരുന്നു. 

വിശുദ്ധ അഗസ്തീനോസ് ഇതിനെക്കുറിച്ച് പ്രധാനമായ രണ്ടു കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഒന്ന്, ജഡികപാപങ്ങളില്‍ നിപതിക്കുന്ന വ്യക്തിയുടെ ഹൃദയം അന്ധതയിലേയ്ക്ക് ആണ്ടുപോകുന്നു. സ്വര്‍ഗ്ഗം, നരകം മുതലായ നിത്യസത്യങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടേ ഇല്ലാതാകുന്നു. രണ്ടാമതായി, തിരുസഭയെക്കുറിച്ചും, വിശുദ്ധ ലിഖിതങ്ങളെക്കുറിച്ചും ഒരു പരിജ്ഞാനവും ഇല്ലാത്ത വ്യക്തിയായി രൂപാന്തരപ്പെടുകയും അതുമൂലം പ്രാര്‍ത്ഥന മുതലായ ദൈവീക കാര്യങ്ങള്‍ ഒരു തമാശയായി തോന്നാനും തുടങ്ങും. ഹോസിയാ പ്രവാചകന്റെ പുസ്തകത്തില്‍ നാലാം അദ്ധ്യായത്തില്‍ ഇങ്ങനെ പറയുന്നു. തങ്ങളുടെ ദൈവത്തിന്റെ അടുത്തേയ്ക്ക് തിരികെ പോകാന്‍ അവരുടെ പ്രവൃത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാര ഭൂതം അവരില്‍ കുടികൊള്ളുന്നു. അവര്‍ കര്‍ത്താവിനെ അറിയുന്നിമില്ല, ഇതു തന്നെയാണ് ചെറുപ്പം മുതലേ വിശുദ്ധിയിലും ദൈവ കൃപയിലും കൗദാശിക ജീവിതത്തിലും മുന്‍പന്തിയിലായിരുന്ന പല ചെറുപ്പക്കാരും ചില തെറ്റായ കൂട്ടുകെട്ടുകളിലും സ്‌നേഹ ബന്ധങ്ങളിലും പെട്ടതിനു ശേഷം തന്റെ ആത്മാവിനെ കുറിച്ചും ആത്മാവിന്റെ നിത്യതയെ കുറിച്ചും തെല്ലും ഗൗനിക്കാതെ, മാതാപിതാക്കളെയും ഉറ്റവരെയും ദൈവത്തെയും തള്ളിപ്പറഞ്ഞ് തന്നിഷ്ടപ്രകാരം നടക്കുന്നവരായി മാറുന്നത്. 

ആയതിനാല്‍, പാപാവസ്ഥയുടെ ബന്ധനങ്ങളില്‍ അകപ്പെടുമ്പോള്‍ അനുരഞ്ജനത്തിനായി സ്ഥാപിക്കപ്പെട്ടിട്ടുള്ള കൂദാശയായ കുമ്പസ്സാരത്തിലൂടെ ദൈവം നമ്മുടെ ജീവിതത്തില്‍ വന്നു പോയ തെറ്റുകളെല്ലാം പൊറുക്കും എന്ന വിശ്വാസത്തോടെ ദൈവം വസിക്കുന്ന ആലയമായ നമ്മുടെ ശരീരത്തെ മുറിവേല്‍പ്പിച്ച നിമിഷങ്ങളെ ഓര്‍ത്ത് അനുതപിക്കാം. അവയെ ഏറ്റു പറഞ്ഞുകൊണ്ട് വീണ്ടും വിശുദ്ധിയിലേയ്ക്ക് കടന്നുവരാം. ഇനിയും അങ്ങയില്‍ നിന്നും അകലാന്‍ എന്നെ അനുവദിക്കരുതേ എന്നു പ്രാര്‍ത്ഥിക്കാം. എല്ലാറ്റിലുമുപരിയായി വിശുദ്ധ മത്തായി 13:44 എന്ന വചനത്തെ അനുസ്മരിച്ചുകൊണ്ട് ഈ ലോകചിന്തകളാകുന്ന വയലുകളെയെല്ലാം ഉപേക്ഷിച്ച് ക്രിസ്തുവാകുന്ന വയലിനെ സ്വന്തമാക്കി അതില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്വര്‍ഗ്ഗരാജ്യമെന്ന നത്യജീവന്റെ നിധിയെ അവകാശമാക്കാം. ആ നിധിക്കായി വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. അതാവട്ടെ നമ്മുടെ ജീവിതത്തിന്റെ പ്രഥമ ലക്ഷ്യവും.

184 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912