ഒരു വൈദികന്റെ അനുഭവക്കുറിപ്പ് വയിച്ചതോര്ക്കുന്നു. ആ ഇടവക ഈശോയുടെ തിരുഹൃദയ നാമധേയത്തിലുള്ളതാണ്. എന്നാല്‍ ആ നാട്ടിലെ പ്രധാനതിരുന്നാള്‍ വി. സെബസ്ത്യാനോസിന്റെ അമ്പു പെരുന്നാളാണ്. ഇടവകയുടെ സാമ്പത്തികസ്ഥിതിയും എല്ലാം പരിഗണച്ച് എല്ലാ തിരുന്നാളുകളും ഒന്നിച്ചാണ് നടത്തുന്നത്. അതുകൊണ്ട് അവിടുത്തെ തിരുന്നാള്‍ ഈശോയുടെ തിരുഹൃദയത്തിന്റെയും വി. അന്തോണീസിന്റെയും. വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ ആണ് . ആഘോഷങ്ങള്‍ തകൃതിയായി നടക്കുന്നു. വി. കുര്‍ബാനക്കു ശേഷം പ്രദക്ഷിണം ഇറങ്ങി. മൂന്നു രൂപങ്ങളും എടുത്തുള്ള ആഘോഷമായ പ്രദക്ഷിണം. രൂപം പുറത്തേക്കിറങ്ങിയപ്പോള്‍ കാര്‍മ്മികനായ ഈ വൈദികനും നിന്നു. പെട്ടന്ന് മുന്നില്‍ വി.സെബസ്ത്യാനോസിന്റെ രൂപവുമായി നിന്നവര്‍ പുറകിലേക്ക് വന്നു. കാര്മ്മികന് അല്പം പുറകോട്ട് മാറി കൊടുക്കേണ്ടി വന്നു. അങ്ങനെ മുമ്പില്‍ വി. അന്തോണീസ്, അതിന്റെ പുറകില്‍ തിരുഹൃദയം പിന്നെ വി. സെബസ്ത്യനോസ് എന്ന ക്രമത്തിലായി രൂപങ്ങളുടെ നില്‍പ്പ്. അപ്പോള്‍ അവിടെയെത്തിയ വികാരിയച്ചന് ഉറക്കെ നിര്‍ദേശം കൊടുത്തു. ഏറ്റവും പ്രധാനരൂപമാണ് ഏറ്റവും പുറകില്‍ വരേണ്ടത്. അതുകൊണ്ട് ഈശോയുടെ തിരുഹൃദയം പുറകില്‍ വരട്ടെ. ആ രൂപം വഹിച്ചിരുന്നവര്‍ പുറകില്‍ വന്നു. കാര്മ്മികന് അല്‍പ്പം പുറകോട്ട് മാറി. എന്നാല്‍ വികാരിയച്ചന് അവിടെനിന്നു പോയി എന്നുറപ്പായപ്പോള്‍ വി.സെബസ്ത്യാ- നോസിന്റെ രൂപം വഹിച്ചിരുന്നവര്‍ പെട്ടന്ന് പുറകോട്ട് വന്നു. രൂപത്തിന് അടുത്ത് നിന്നവര്‍ ഒരു പ്രസ്താവനയും ഇറക്കി. ഏറ്റവും പ്രധാന രൂപമാണ് പുറകില്‍ നില്ക്കേണ്ടതെങ്കില് ഇങ്ങനെയല്ലേ നില്‍ക്കേണ്ടത്. വികാരിയച്ചന്റെ നിര്‍ദ്ദേശപ്രകാരം പുറകിലെത്തിയ തിരുഹൃദയ വാഹകര്‍ക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല. അവര്‍ നേരേ പുറകിലേക്ക് വന്നു. ചുരുക്കത്തില്‍ പ്രദക്ഷിണം മുമ്പോട്ടു പോകുന്നതിനു പകരം പുറകോട്ട് പോയിത്തുടങ്ങി. ഇതിന്റെ ഇടയില്‍ ഒരു പ്രശ്നത്തിനുമില്ല എന്നു കരുതിയ അന്തോണീസ് പുണ്യാളനും ഈ പുറകോട്ടു പോകലിന്റെ അസുഖം ആരംഭിച്ചു. അവസാനം പദക്ഷിണത്തിന്റെ ഈ സ്ഥലം ഈശോയുടെ തിരുഹൃദയവും സെബസ്ത്യാനോസു പുണ്യാളനും. അന്തോണീസ് പുണ്യാളനും തമ്മിലുള്ള ബലാബലം വിളിച്ചോതുന്ന ഗോദയായി മാറി രൂപങ്ങളുടെ ഈ മത്സരത്തിനിടക്ക് ഒരു തവണ ഇവ തമ്മില്‍ കൂട്ടിമുട്ടി. എങ്ങനെ സംഭവിച്ചു എന്നറിയില്ല. ഈശോയുടെ തിരുഹൃദയം താഴെ വീണു. പെട്ടന്ന് രംഗം ശാന്തമായി. പക്ഷെ തിരുഹൃദയരൂപം എടുത്തപ്പോള്‍ വലതു കൈ ഒടിഞ്ഞിരുന്നു. ആപ്രദക്ഷിണം എങ്ങനെ അവസാനച്ചു എന്ന് പറയേണ്ടതില്ലല്ലോ.
പ്രിയപ്പെട്ടവരേ, സകല വിശുദ്ധരുടെയും തിരുനാള്‍ ആഘോഷിക്കുന്ന മാസമാണ് നവംബര്‍ മാസം. വിശുദ്ധരും അവരുടെ വണക്കങ്ങളും ആയി ബന്ധപ്പെട്ടുള്ള നമ്മുടെ ചില രീതികളുടെ ഉദാഹരണമാണ് മേല്‍ വിവരിച്ച അനുഭവക്കുറിപ്പ്. വി.കുര്‍ബാനയില്‍ പങ്കു കൊള്ളാതെ നൊവേനകളില്‍ മാത്രമായി പങ്കെടുക്കുന്ന ചില ഇടദിവസക്രിസ്ത്യാനികളും വീട്ടില്‍ സന്ധ്യാ പ്രാര്‍ത്ഥന കുടുംബങ്ങളോടൊത്ത് നടത്താതെ കട്ടിലില്‍ കയറിയിരുന്ന് ബൈബിളില്‍ കുത്തിനിറച്ച് വച്ചിരിക്കുന്ന ഉദ്ദിഷ്ടകാര്യ പ്രാര്‍ത്ഥനാ കാര്‍ഡുകള്‍ കൊണ്ട് രാത്രിയാരാധനകള് നടത്തുന്ന അല്പവിശ്വാസിയും ഇതിന്റെ മറ്റൊരു ചിത്രമാണ്. എന്തിനേറെ, സമീപകാലത്ത് നമ്മുടെ കേരളസഭയില്‍ കടന്നു വന്നിരിക്കുന്ന നൊവേനയും നേര്‍ച്ചകളുടെ രീതീകളും ഈ പ്രവണതയാണ് കാണിച്ചു തരുന്നത്.
ഇടവകമദ്ധ്യസ്ഥന് ജീവിതത്തിലേക്ക് ഇറങ്ങി വരട്ടെ.
കത്തോലിക്കാസഭ വിശുദ്ധരെ പ്രഖ്യാപിക്കുന്നത് ക്രിസ്തുവിനു വേണ്ടിയുള്ള അവരുടെ ത്യാഗോജ്വല ജീവിതം കണ്ടിട്ടാണ്. തങ്ങളായിരുന്ന സമൂഹത്തില്‍ അവര്‍ കൈക്കൊണ്ട നിലപാടുകള്‍ അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അവര്‍ കാണിച്ച ഉത്സാഹം. ഈശോയുടെ സ്നേഹം ഉള്ളല്‍ നിറഞ്ഞപ്പോള്‍ പരിശുദ്ധാത്മ ശക്തിയാല്‍ കത്തിയെരിഞ്ഞ തീ പന്തങ്ങള്‍. ഈ വ്യത്യസ്തതകള്‍ ആണ് പില്ക്കാലത്ത് സഭ അവരെ വണങ്ങുവാന് കാരണമാക്കിയത്. നമ്മളും വ്യത്യസ്തത തേടുന്നവരല്ലേ? എന്തേ എന്റ ഇടവകമദ്ധ്യസ്ഥന്റെ / മദ്ധ്യസ്ഥയുടെ ജീവിതം അനുകരിച്ചുകൊണ്ട് സമൂഹത്തില്‍ വ്യത്യസ്ഥരാകാന്‍ ശ്രമിക്കുന്നില്ല? അമ്പുപെരുന്നാളിന് അലങ്കാര ബള്‍ബുകൊണ്ട് ഭവനത്തെ അലങ്കരിക്കാന്‍ ഉത്സാഹപ്പെടുന്നവര് എന്തേ സ്വന്തം ജീവിതത്തെ വിശുദ്ധികൊണ്ട് അലങ്കരിക്കുന്നില്ല. ക്രിസ്തുവിനെയും സഭയെയും തള്ളിപ്പറയാതിരുന്നതിന് ആണ് വി. സെബസ്ത്യാനോസ് ശരീരത്തില്‍ അമ്പുകളേറ്റത്. പ്രദക്ഷിണത്തിന് മോടി കൂട്ടുവാന്‍ അല്പം മദ്യം അകത്താക്കി അമ്പുകളും പിടിച്ചുകൊണ്ട് അയല്ക്കാരന്റെ മാലപടക്കത്തിന്റെ നീളം അളന്ന് നടക്കുന്ന നമ്മുടെ യുവത്വങ്ങള്‍ ഇത് മനസ്സിലാക്കിയിരുന്നെങ്കില്‍. ദൈവം ജീവിതത്തില്‍ തന്ന സഹനങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിച്ച് ക്രിസ്തുവിലേക്ക് കൂടുതല്‍ അടുത്തവളാണ് വി.അല്‍ഫോന്‍സാ. ക്ഷണികമായ സഹനങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അതേ വിശുദ്ധയുടെ അടുത്തേക്ക് സഹനങ്ങള്‍ മാറിപോകുന്നതിനായി നൊവേനയുമായി ഓടിക്കൂടുന്ന വിശ്വാസികള്‍. എന്തൊരു വിരോധാഭാസം അല്ലേ.? വിശുദ്ധയെപ്പോലെ ഈ സഹനങ്ങളെ ക്രിസ്തുവിലേക്ക് അടുക്കാനുള്ള മാര്‍ഗ്ഗമായി കാണാന്‍ ഈ നൊവേനകള്‍ നമ്മെ സഹായിക്കട്ടെ.
പ്രിയപ്പെട്ടവരെ, നമുക്ക് എല്ലാം വേണം. ആഘോഷങ്ങളും ഭക്താനുഷ്ടാനങ്ങളും എല്ലാം. പക്ഷേ ഇവയെല്ലാം നമ്മളെ ആത്മീയമായി എവിടെ എത്തിക്കുന്നു എന്നുകൂടി ചിന്തിക്കണം. നമ്മള് പ്രാര്‍ത്ഥിക്കുമ്പോള്‍ വിശുദ്ധരിലേക്ക് തിരിയുന്നത് എങ്ങനെ സഹായകരമാകുമെന്ന് സഭ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധര്‍ പരിശുദ്ധാത്മാവിനാല്‍ കത്തി ജ്വലിക്കുന്നവര്‍ ആണ്. അവര്‍ സഭയില്‍ ദൈവാഗ്നി ജ്വലിപ്പിച്ചവര്‍ ആണ്. ഇന്നും ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നു. നാം അവരോട് അടുത്തായിരിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ എളുപ്പമാണ്'
അതേ പ്രിയപ്പെട്ടവരെ, നമ്മള്‍ക്ക് ഇനിയും പെരുന്നാളുകള്‍ വേണം, നൊവേനകള്‍ വേണം പക്ഷെ ഇവയെല്ലാം ഈ വിശുദ്ധരുടെ ജീവിതത്തെ അടുത്തറിയാന്‍ കാരണമാക്കുന്നത് ആയിരിക്കണം. ആ അറിവ് സ്വന്തം ജീവിതത്തിലേക്ക്ക പകര്‍ത്തുന്നതിന് പ്രചേദനം നല്‍കണം. അപ്പോള്‍ കാണാം ഓരോ മുക്കിലും മൂലയിലും നിന്നും വിശുദ്ധര്‍ മുളച്ചു പൊന്തുന്നത്. പ്രാര്‍ത്ഥിക്കാം കാത്തിരിക്കാ കാലത്തിന്റെ പൊളിച്ചെഴുത്തുകള്ക്കായി.
288 Viewers