പങ്കുവയ്ക്കാം പരസ്‌നേഹം... പങ്കാളിയാകാം ക്രൂശിതന്റെ വഴിയില്‍...
സെബിന്‍ സി. ആര്‍.

'നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാരും അതുമൂലം അറിയും.'(യോഹ 13:35) ക്രിസ്തുവിന്റെ ശിഷ്യരാകാന്‍ പ്രത്യേക ദൗത്യം ലഭിച്ചിരിക്കുന്നവരാണല്ലോ നാമെല്ലാവരും. വചനത്തിലൂടെ അവന്‍ വ്യക്തമാക്കുന്നു, 'നിങ്ങള്‍ക്കു പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ ഞാനും നിങ്ങളും ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്ന് മറ്റുള്ളവര്‍ അറിയും.'  ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്ന് അഭിമാനം കൊള്ളുന്ന നമുക്ക് ചിന്തിക്കാം. മറ്റുള്ളവരോട് എപ്രകാരമാണ് നാം സ്‌നേഹം പ്രകടിപ്പിക്കുകയും പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നത്. പരസ്പ്പരം സ്‌നേഹിക്കാന്‍ നമുക്ക് ലഭിച്ചിരിക്കുന്ന സമ്മാനമാണ് നമ്മുടെ ജീസസ് യൂത്ത് മുന്നേറ്റം. യേശുനാഥന്‍ പകര്‍ന്നു തന്ന കാപട്യമില്ലാത്ത, നിഷ്‌കളങ്കമായ സ്‌നേഹം പരസ്പരം പങ്കുവച്ച് കൊണ്ട് ഒരു കുടുംബമെന്ന പോലെ നാം ഈ കൂട്ടായ്മയിലൂടെ മുന്നേറുന്നു.

 ജീസസ് യൂത്ത് കൂട്ടായ്മയിലേയും തങ്ങളുടെ ചുറ്റുപാടുമുള്ള സഹോദരങ്ങളോടും സ്വാര്‍ത്ഥതാല്‍പര്യങ്ങളില്ലാതെ, തങ്ങള്‍ക്ക് എന്തെങ്കിലും അവരില്‍ നിന്ന് ലഭിക്കുമെന്ന് പ്രത്യാശവെക്കാതെ സ്‌നേഹം പങ്കുവയ്ക്കുന്ന ഒരുപാട് വ്യക്തികളെ കൂട്ടായ്മയില്‍ കാണാന്‍ സാധിക്കും. പ്രിയപ്പെട്ട സുഹൃത്തേ, യേശു നമ്മളെ സ്‌നേഹിച്ചതുപോലെ തന്നെ നാം പരസ്പ്പരം സ്‌നേഹിക്കണം. ക്രിസ്തു എന്നെ എപ്രകാരം സ്‌നേഹിച്ചു എന്ന തിരിച്ചറിവു ലഭിക്കുന്നവര്‍ പരസ്പ്പരം സ്‌നേഹിക്കാന്‍ നിര്‍ബന്ധിതരാകും. കോണ്‍വെന്റിന്റെ സുരക്ഷിതത്വത്തിന്റെ മതില്‍ക്കെ ട്ടുകള്‍ ഉപേക്ഷിച്ച് പാവപ്പെട്ടവരുടെയും അഗതികളുടേയും അനാഥരുടേയും രോഗികളുടേയും ഇടയിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ വിശുദ്ധ മദര്‍ തെരേസയ്ക്കു പ്രചോദനമായത് ദൈവസ്‌നേഹമാണ്. താന്‍ അനുഭവിച്ചറിയുന്ന ദൈവസ്‌നേഹം മറ്റുള്ളവര്‍ക്ക് ഇതെല്ലാം ചെയ്തുകൊടുക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നു എന്നാണ് ഇതിനെക്കുറിച്ച് വിശുദ്ധ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ദൈവസ്‌നേഹത്തില്‍ പൂര്‍ണ്ണമായും നിറയപ്പെട്ട വ്യക്തികള്‍ക്കു മാത്രമേ മറ്റുള്ളവരെ സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും സാധിക്കുകയുള്ളൂ. സഭയിലെ എല്ലാ വിശുദ്ധരുടേയും ജീവിതാനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതും അതാണ്. അപ്രകാരം ശിഷ്യത്വത്തിലേക്കുള്ള തങ്ങളുടെ പ്രയാണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ അവര്‍ക്കു സാധിച്ചു.

 ഈ നിമിഷം നമുക്ക് വിചിന്തനം നടത്താം. ക്രിസ്തുവിന്റെ ശിഷ്യരായിതീരേണ്ട നമ്മുടെ ജീവിതയാത്രയില്‍ നാം ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു. സ്‌നേഹിതരെ തിരഞ്ഞെടുക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും നാം മാനദണ്ഡമാക്കുന്നത് അവരുടെ കഴിവും സമ്പത്തും സൗന്ദര്യവും സ്ഥാനമാനങ്ങളുമാണോ? നമ്മുടെ ചുറ്റുമുള്ളവരെ നിസ്വാര്‍ത്ഥമായി സ്‌നേഹിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തിപരമായി, പരിധികളില്ലാതെ നമ്മെയോരോരുത്തരേയും സ്‌നേഹിക്കുന്ന ദൈവത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ്. മാതാവിന്റെ ഉദരത്തില്‍ രൂപം നല്‍കുന്നതിനു മുന്‍പേ എന്നെ തിരഞ്ഞെടുത്ത, പെറ്റമ്മ മറന്നാലും എന്നെ ഒരിക്കലും മറക്കാത്ത, ഒരിക്കലും അസ്തമിക്കാത്ത, തന്റെ ഉള്ളംകൈയ്യില്‍ എന്നെ രേഖപ്പെടുത്തിയിരിക്കുന്ന, പാപം ചെയ്ത് ദൈവസന്നിധിയില്‍ നിന്നും അകന്നുപോയ ധൂര്‍ത്തപുത്രനെ കാത്തിരിക്കുന്ന പിതാവിന്റേതുപോലെ എന്നേയും കാത്തിരിക്കുന്ന, തന്റെ പാപങ്ങള്‍ക്കു പാപിനിയായ മറിയത്തെ ശിക്ഷിക്കാതെ അവളെ രക്ഷിക്കുന്ന ഈശോനാഥനെപ്പോലെ എന്റെ നിരവധിയായ പാപങ്ങള്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്ന എന്റെ കര്‍ത്താവിന്റെ സ്‌നേഹം നാം തിരിച്ചറിയണം.

 നമ്മെ ഓരോരുത്തരേയും സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കുകയും (ഉത്പ്പത്തി 1:27), ദൈവമക്കളെന്ന പേരുനല്‍കി നമ്മെ അനുഗ്രഹിക്കുകയും(1യോഹ 3:1), അവസാനം പാപത്തിന്റെ അടിമത്വത്തിലേക്ക് വീണുപോയ ദൈവജനമായ നാമോരോരുത്തരേയും വീണ്ടെടുക്കുന്നതിനായി തന്റെ ഏകജാതനെ ഈ ലോകത്തിലേക്ക് അയച്ച്(യോഹ 3:16,1യോഹ 3:9) അവിടുത്തെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെടുത്തി. തന്നെ തള്ളിപ്പറഞ്ഞിട്ടും പത്രോസിനെ തന്റെ സഭയുടെ അമരക്കാരനാക്കിയതും, ഒറ്റിക്കൊടുക്കുമെന്ന് അറിഞ്ഞിട്ടും യൂദാസിനെ സ്‌നേഹിച്ചതും, ഉപേക്ഷിക്കുമെന്ന് അറിയാമായിരുന്നെങ്കിലും ശിഷ്യന്മാരെ കൂടെക്കൂട്ടിയതും ഈശോയുടെ സ്‌നേഹത്തിന്റെ ഉദാഹരണങ്ങളായിരുന്നു. അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക എന്ന് പീലാത്തോസിന്റെ മുമ്പില്‍ വച്ച് അലറിവിളിച്ച ജനത്തിനും, തന്നെ ദ്രോഹിച്ച് മാരകമായി മുറിവേല്‍പ്പിച്ച പടയാളികള്‍ക്കും വേണ്ടി കുരിശില്‍ കിടന്നുകൊണ്ട് ഇവരോട് ക്ഷമിക്കണമേയെന്ന് പിതാവിനോട് ചങ്കുപൊട്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഈശോ ക്ഷമിക്കുന്ന സ്‌നേഹം കാല്‍വരിയിലെ കുരിശില്‍ വെളിപ്പെടുത്തി. അനുതാപം പ്രകടിപ്പിച്ച നല്ല കള്ളന് സ്വര്‍ഗ്ഗം പ്രദാനം ചെയ്ത് സ്‌നേഹം പ്രകടമാക്കി.

 ദൈവമക്കളായ നമ്മോടുള്ള സ്‌നേഹത്തിന്റെ പൂര്‍ത്തീകരണമാണ് കുരിശുമരണത്തിലൂടെ അവിടുന്ന് പ്രകടമാക്കിയത്. സ്‌നേഹം പ്രകടമാക്കേണ്ടത് വാക്കിലൂടെ മാത്രമല്ല പ്രവര്‍ത്തിയിലൂടെയുമാണെന്ന് അവിടുന്ന് നമുക്ക് കാണിച്ചുതന്നു. ഓരോ വ്യക്തിയിലും നിറയപ്പെടേണ്ടത് കാപട്യമില്ലാത്ത, വഞ്ചനയില്ലാത്ത, നിഷ്‌കളങ്കമായ ശത്രുക്കളോടുപോലും ക്ഷമിക്കുന്ന ഈശോനാഥന്റെ സ്‌നേഹമാണ്. പ്രിയസഹോദരങ്ങളെ മറ്റുള്ളവരോട് ക്ഷമിക്കാന്‍ കഴിയാതെ വരുമ്പോള്‍, ലഭിക്കുന്ന സ്‌നേഹം കുറഞ്ഞുപോയി എന്ന തോന്നലുകള്‍ ഉണ്ടാകുമ്പോള്‍, ജീവിതത്തില്‍ തനിച്ചാകുമ്പോള്‍, മറ്റാരും സഹായമില്ലാതെ വരുമ്പോള്‍ ദുഖത്തിന്റെയും അപമാനത്തിന്റെയും പീഡനകളുടേയും നടുവില്‍ നിന്റേയും എന്റേയും കണ്ണുകള്‍ കാല്‍വരിയിലെ കുരിശിലെ ഈശോയിലേക്ക് ഉയരണം. നീതിമാനായിരുന്നിട്ടും പാപികളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടതും, പരിഹാസനത്തിനും, നിന്ദനത്തിനും, അപമാനത്തിനും വിധേയനായതും, പടയാളികളാല്‍ ക്രൂശിക്കപ്പെട്ടതും, സ്വന്തം അമ്മയുടെ മുമ്പില്‍ നഗ്നനാക്കപ്പെട്ട് അവസാനം ക്രൂശില്‍ തറയ്ക്കപ്പെട്ട് രക്തം വാര്‍ന്ന് പിടഞ്ഞ് പിടഞ്ഞ് മരിച്ചതു നമ്മോടുള്ള സ്‌നേഹത്തെപ്രതിയാണ്. ഓരോ ദിവ്യബലിയിലൂടേയും കാല്‍വരിയിലെ ആ അവസാനിക്കാത്ത സ്‌നേഹം നമ്മിലേക്ക് ഒഴുകി ക്കൊണ്ടിരിക്കുന്നു. നമ്മോടുള്ള സ്‌നേഹത്താല്‍ ദിവ്യകാരുണ്യമായി നമ്മെയും കാത്ത് ഓരോ അള്‍ത്താരയിലും വസിക്കുന്ന ഈശോനാഥന്‍. മകനേ, മകളേ,  എനിക്ക് ആരേയും സ്‌നേഹിക്കാന്‍ പറ്റുന്നില്ലെന്ന് ഇനി നിനക്ക് എങ്ങനെ പറയാന്‍ കഴിയും ?

 ക്രൂശിതന്‍ നല്‍കിയ സ്‌നേഹത്തിന്റെ മാതൃക നമ്മുടെ സഹോദരങ്ങളിലേക്കും നമുക്ക് പകര്‍ന്നു കൊടുക്കാം. ക്രിസ്തുനാഥന്‍ നമ്മെ സ്‌നേഹിച്ചതുപോലെ നമുക്കും പരസ്പ്പരം സ്‌നേഹിച്ചുകൊണ്ട് അവന്റെ ശിഷ്യത്വത്തിലേക്ക് വളരാം. ക്രിസ്തുശിഷ്യര്‍ എന്ന പദവിയില്‍ പരസ്പ്പരം സ്‌നേഹിച്ചുകൊണ്ട് നമുക്ക് മുന്നേറാന്‍ സാധിക്കട്ടെ. ജീസസ് യൂത്ത് കൂട്ടായ്മയിലൂടെ ദൈവസ്‌നേഹത്തിന്റെ ഉയരവും ആഴവും ഗ്രഹിക്കാനും അതില്‍ വളരുവാനും മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കാനും നമുക്ക് ഒന്നുചേര്‍ന്ന് പ്രാര്‍ത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.

331 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131528