ആത്മാവില്‍ ഉണരാം..... ദൈവസ്‌നേഹം പങ്കുവയ്ക്കാം.....
ലിബിത സോണി

പ്രശസ്ത സാഹിത്യകാരന്‍ ആന്റണി ഡി.മെല്ലെ തന്റെ കൃതിയുടെ അവസാനം എഴുതിവയ്ക്കുന്ന ഒരു വാചകം വളരെ ശ്രദ്ധേയമാണ്. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നാല്‍ നിന്നെയല്ല നിന്നിലൂടെ എനിക്കു ലഭിക്കുന്ന നിര്‍വൃതിയെയാണ് സ്‌നേഹിക്കുന്നത്.' ജീവിതത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒന്നു പരിശോധിച്ചാല്‍ മനുഷ്യതീരുമാനങ്ങള്‍ പലപ്പോഴും അവനവന്റെ നിര്‍വൃതിക്കു വേണ്ടിയുള്ളത്. നാം ഒരാളെ സ്‌നേഹിക്കുന്നു. ഒരാളെ കൂടെക്കൂട്ടുന്നു; പരിഗണിക്കുന്നു. ഇതിനെല്ലാം ചില വ്യക്തമായിട്ടുള്ള സ്വാര്‍ത്ഥലക്ഷ്യങ്ങളോ ആത്മനിര്‍വൃതിയോ കാണാം. ഇവിടെയാണ് മനുഷ്യസ്‌നേഹത്തില്‍ നിന്നെല്ലാം വിഭിന്നമായി ദൈവസ്‌നേഹം കത്തിയെരിയുന്നത് റോമാ 5:8ല്‍ നാം വായിക്കുന്നത്: 'എന്നാല്‍ നാം പാപികളായിരിക്കേ ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു.' ഈ വേദനിക്കുന്ന അപരനുവേണ്ടി മരിക്കുന്ന സ്‌നേഹത്തിലേക്കാണ് ക്രിസ്തു നമ്മെയും വിളിക്കുന്നത്. ആ സ്‌നേഹത്തിലായിരിക്കാന്‍, ആ സ്‌നേഹം പങ്കുവയ്ക്കാന്‍ പരിശുദ്ധാത്മാവിലുള്ള ജീവിതം നമ്മെ സഹായിക്കും.

 ദൈവസ്‌നേഹത്തിലായിരിക്കുന്ന വ്യക്തി ത്രിതൈ്വക ദൈവസ്‌നേഹത്തിന്റെ ഐക്യത്തോട് സാമ്യപ്പെട്ടിരിക്കുന്നു. ഈ ദൈവസ്‌നേഹത്തിലേക്ക് വളരുവാന്‍ ദൈവസ്‌നേഹത്തിന്റെ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നാം പരിശുദ്ധാത്മാവിനെ മുറുകെ പിടിക്കണം. ആത്മാവിന്റെ പ്രചോദനമില്ലാതെ ഒരുവനും ദൈവസ്‌നേഹത്തിലേക്ക് ആഴപ്പെടാന്‍ സാധിക്കുകയില്ല. അതിനാല്‍ പരിശുദ്ധാത്മാവിന്റെ കടന്നുവരവിനായി നാം നിരന്തരം പ്രാര്‍ത്ഥിക്കുകയും ത്യാഗം അനുഷ്ഠിക്കുകയും വേണം. ആത്മാവ് വന്നുകഴിയുമ്പോള്‍ പന്തക്കുസ്താ ദിവസം സംഭവിച്ചതുപോലെ, വലയുമായി ജീവിതത്തിലേക്ക് മടങ്ങിയവര്‍, സഭയുടെ പാറക്കല്ലുകളായി മാറിയതുപോലെ ക്രിസ്തുവിന്റെ സ്‌നേഹം കൊടുക്കുന്ന പാറക്കല്ലുകളായി മാറാന്‍ നമുക്കും സാധിക്കും. പരിശുദ്ധാത്മാവില്‍ ആഴപ്പെട്ട ജീവിതമാണ് ക്രിസ്തു നമ്മില്‍ നിന്നാവശ്യപ്പെടുന്നതും. ആത്മാവിലുള്ള ജീവിതം നമ്മെ ദൈവസ്‌നേഹത്തിന്റെ തലങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നു.

 ദൈവസ്‌നേഹത്തിന്റെ തലങ്ങള്‍

 ക്ഷമിക്കുന്ന സ്‌നേഹം:- കുരിശില്‍ കിടന്നുകൊണ്ട് യേശു പ്രാര്‍ത്ഥിച്ചു, പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ. തന്റെ മരണ സമയത്തും തന്നോട് ക്രൂരത കാണിച്ചവരോട് ക്ഷമിക്കാന്‍ ഹൃദയം തുറന്ന യേശു. പരി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തന്റെ നേരെ നിറയൊഴിച്ച അഗ്ഗായോട് 'ഞാനും ക്രിസ്തുവിനെപ്പോലെ നിന്നോട് ക്ഷമിക്കുന്നു' എന്നു പറഞ്ഞപ്പോള്‍ പാപ്പയില്‍ നിറഞ്ഞു നിന്നതും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം.

 അറിഞ്ഞിട്ടും സ്‌നേഹിക്കുന്ന സ്‌നേഹം:- തന്റെ മരണം മുന്നില്‍ കണ്ടിട്ടും തന്റെ ശിഷ്യര്‍ ചിതറിക്കപ്പെടും എന്നറിഞ്ഞിട്ടും അവര്‍ക്കുവേണ്ടി പിതാവിനോട് പ്രാര്‍ത്ഥിക്കുന്ന യേശു. ഇന്ന്, സഭ ഒത്തിരി സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒത്തിരി മുറിവുകളും കുറവുകളും സഭയ്ക്ക് ഇന്നുണ്ട്. ബിഷപ്പ് ഫുള്‍ടന്‍ ജെ ഷെന്‍ പറഞ്ഞതുപോലെ മുറിവേറ്റ സഭയാണ് യഥാര്‍ത്ഥ സഭ, മുറിവേറ്റ ക്രിസ്തുവാണ് യഥാര്‍ത്ഥ ക്രിസ്തു, മുറിവേറ്റ ക്രിസ്ത്യാനിയാണ് യഥാര്‍ത്ഥ ക്രിസ്ത്യാനി. മുറിവേറ്റ ക്രിസ്തുവിന്റെ മുറിവുകളില്‍ വിശ്വാസം പടുത്തുയര്‍ത്തിയവരാണ് നമ്മള്‍. ആ നമുക്ക് ആ സഭയേയും സ്‌നേഹിക്കാന്‍ സാധിക്കണം.

 അപരനുവേണ്ടി കൈകൂപ്പുന്ന സ്‌നേഹം:- മറ്റുള്ളവര്‍ക്കുവേണ്ടി ദൈവസന്നിധിയില്‍ കണ്ണീരോടുകൂടി മുട്ടുമടക്കാന്‍ കഴിയുന്നത് ആത്മാവില്‍ നിറയപ്പെടുമ്പോഴാണ്. പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട യേശു തന്റെ ശിഷ്യര്‍ക്ക് ബലഹീനതയില്‍ സഹായകനെ ആവശ്യപ്പെട്ട് പിതാവിന്റെ മുമ്പില്‍ മുട്ടുമടക്കിയപ്പോള്‍അവിടുന്ന് ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളി. നമുക്കും അപരനുവേണ്ടി കൈകള്‍ കൂപ്പാം.

 വിശ്വസിക്കുന്ന സ്‌നേഹം:-പണ്ഡിതരും പ്രമുഖരും പുരോഹിതരും ഉണ്ടായിട്ടും ചുങ്കക്കാരേയും പാപികളേയും മീന്‍പിടുത്തക്കാരേയും വിശ്വസിച്ചു കൂടെക്കൂട്ടിയ യേശു. സഭയാകുന്ന സൗധത്തിന്റെ മൂലക്കല്ലുകളായി അവരെ മാറ്റിയ യേശു. നാം ആയിരിക്കുന്ന സഭയില്‍ ഒത്തിരി കുറവുകളും ബലഹീനതകളുമുള്ളവരുമുണ്ടായിരിക്കാം. എന്നാല്‍ അവരിലൊക്കെ വിശ്വാസം സമര്‍പ്പിച്ച് ദൈവസ്‌നേഹം പങ്കുവയ് ക്കാന്‍ സാധിക്കുന്നത് ആത്മാവില്‍ നയിക്കപ്പെടുമ്പോഴാണ്.

 മുറിയപ്പെടുന്ന സ്‌നേഹം:- ഈ ലോകത്തിനുവേണ്ടി, ബലിയായി തീര്‍ന്ന യേശു. യേശു അള്‍ത്താരയില്‍ ഇന്നും മുറിയപ്പെടുന്നതുപോലെ, ഓര്‍മ്മയാകുന്നതുപോ ലെ അപരനുവേണ്ടി മുറിയപ്പെടാനും മധുരമുള്ള ഓര്‍മ്മയാകാനും പരിശുദ്ധാത്മാ വ് നമ്മെ സഹായിക്കും. ശിഷ്യര്‍ ആത്മാവില്‍ നിറഞ്ഞപ്പോള്‍ അവര്‍ മുറിയപ്പെട്ടു, പലയിടങ്ങളിലേക്കും പോയി ദൈവസ്‌നേഹവുമായിട്ട്. അവസാനം മുറിഞ്ഞ് മുറി ഞ്ഞ് ജീവന്‍ തീരുന്ന വേളയിലും അവര്‍ ദൈവസ്‌നേഹം പങ്കുവച്ചു.

ദൈവം ഒത്തിരി സ്‌നേഹിക്കുന്നവരാണ് നമ്മള്‍. അവിടുന്ന് പ്രത്യേകം തിരഞ്ഞെടുത്തവര്‍. ഈ തിരഞ്ഞെടുപ്പിലൂടെ മറ്റുള്ളവരെ ദൈവസ്‌നേഹത്തിലേക്കാകര്‍ഷിക്കാന്‍ നമുക്ക് സാധിക്കണം. അതിനാല്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട് ദൈവസ്‌നേഹം പുറപ്പെടുവിക്കുന്ന ജീവിതങ്ങള്‍ക്കുടമകളായി ക്രിസ്തുവിന്റെ സാക്ഷികളായി നമുക്ക് മാറാം.  

237 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131532