ഇതാ ഞാന്‍........എന്നെ അയച്ചാലും
ലിന്റോ ലാസര്‍

ജനതകളുടെ ഇടയില്‍ അവിടുത്തെ പ്രവര്‍ത്തികള്‍ വിളംബരം ചെയ്യുവാനും നസറായന്റെ സ്വപ്നം സഫലമാക്കുവാനുമായി വിളിക്കപ്പെട്ട അപ്പസ്‌തോലന്മാരാണ് ഓരോ ജീസസ് യൂത്തും. 'സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംഷയോടെ കാത്തിരിക്കുന്നു.'(റോമാ 8:19) ഈ തിരുവചനം നമ്മിലുള്ള സുവിശേഷ പ്രഘോഷണ തീക്ഷ്ണത കൂട്ടുവാന്‍ പ്രചോദനമാകുന്നു. പ്രപഞ്ചത്തിലെ ഓരോ സൃഷ്ടികയും വചനത്തിനായി ദാഹിക്കുന്നു. ഈ ദാഹം ശമിപ്പിക്കുന്ന ജീവജലത്തിന്റെ അരുവികള്‍ ഒഴുക്കുവാനായി സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി വനാന്തരങ്ങളിലും ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലും ശുശ്രൂഷ ചെയ്യുന്ന അനേകം മിഷനറിമാരുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

 രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പരിപോഷിപ്പിക്കപ്പെട്ട തിരുസഭയ്ക്ക് അനേകം മിഷനറിമാരുടെ സമര്‍പ്പണ ജീവിതം നമുക്കു പ്രചോദനമായി തുറന്നുകാട്ടുവാന്‍ സാധിക്കും. കേവലം ഒന്നോ രണ്ടോ ആഴ്ച്ചക്കാലം മാത്രം ജീവിച്ചിരിക്കുന്ന പൂമ്പാറ്റ എത്ര മനോഹരമായാണ് അതിന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കുന്നത്. പ്രപഞ്ച സൃഷ്ടാവ് ഈ ഭൂമിയിലേക്ക് നമ്മെ അയച്ചിരിക്കുന്നത് ഓരോ കര്‍ത്തവ്യം ഏല്‍പ്പിച്ചുകൊണ്ടാണ്. അവിടുത്തെ ഹിതം നിറവേറ്റി അനേകര്‍ക്കിടയില്‍ അവിടത്തെ കൊടുക്കുന്നവരായി മാറുവാനാണ് അവിടുന്ന് നമ്മെ അയച്ചിരിക്കുന്നത്. ആ തിരുഹിതം അറിയുവാന്‍ എപ്പോഴെങ്കിലും നാം ശ്രമിച്ചിട്ടുണ്ടോ? നിന്ദനവും പീഡനവും ഏറ്റുവാങ്ങി മരക്കുരിശില്‍ സ്വന്തം ജീവന്‍ ബലികഴിച്ചു ദൈവഹിതം നിറവേറ്റിയ ഏകരക്ഷകനായ യേശുക്രിസ്തുവിന്റെ കണ്ണുകള്‍ ഇന്നും പ്രതീക്ഷയോടെ നമ്മെ ഉറ്റു നോക്കുന്നുണ്ട്. 'എന്റെ ശക്തി നിനക്ക് കാണിച്ചുതരാനും അങ്ങനെ എന്റെ നാമം ലോകം മുഴുവന്‍ പ്രഘോഷിക്കപ്പെടാനും വേണ്ടിയാണ് ഞാന്‍ നിന്നെ ജിവിക്കാന്‍ അനുവദിച്ചത്.'(പുറപ്പാട് 9:16) ചങ്കില്‍ തൊടുന്ന ഈ തിരുവചനം നമ്മുടെയൊക്കെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങണം. ഒരു നിമിഷം കൊണ്ട് പൊട്ടിപോകുന്ന നീര്‍പ്പോള പോലെ, ഒരു കാറ്റടിച്ചാല്‍ കൊഴിഞ്ഞു വീഴുന്ന പൂവിതളുകള്‍ പോലെ നശ്വരമാണ് ഓരോ മനുഷ്യജീവിതവും. ഈ ഒരു ബോധ്യം നമ്മുടെയൊക്കെ ജീവിതത്തില്‍ ആഴപ്പെടേണ്ടിയിരിക്കുന്നു.

 'ലോകത്തിലെ ഉന്നത സ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരി ചെയ്യിക്കും.'(ഏശയ്യ 58:14) നസറായന്‍ എന്റെ മനസ്സില്‍ മിഷന്‍ ആഗ്രഹം പാകിയത് ദുബായ് ജീസസ് യൂത്തിലൂടെയാണ്. കരുണയുടെ വര്‍ഷത്തില്‍ കരുണയുടെ വാതിലിലൂടെ സ്‌നേഹനാഥന്റെ അരികില്‍ കടന്നെത്തി 400ഓളം വരുന്ന ദുബായ് ജീസസ് യൂത്തിന്റെ മുമ്പില്‍ നിന്നപ്പോള്‍ നാവില്‍ നിന്നുതിര്‍ന്ന ഒരു വാചകമാണ് 'യേശുവിനുവേണ്ടി ആരു പോകും.' ഈ ചിന്ത എന്റെ ഹൃദയത്തെ കീറിമുറിച്ചു. അവനുവേണ്ടി ഇറങ്ങുവാനുള്ള ആഗ്രഹം എന്റെയുള്ളില്‍ ജ്വലിക്കുവാന്‍ തുടങ്ങി. യേശുവിന്റെ വിളി കാതില്‍ പതിഞ്ഞപ്പോള്‍ എന്റെ ജീവിതത്തിലെ സാഹചര്യങ്ങളും  മാറി മറിഞ്ഞു. 2വര്‍ഷത്തെ വിസ കാലാവധി കഴിഞ്ഞപ്പോള്‍ വിസ പുതുക്കുവാന്‍ വീട്ടുകാരും കൂട്ടുകരും എല്ലാം നിര്‍ബന്ധിച്ചു. എന്നാല്‍ എന്റെ തീരുമാനം ജോലി ഉപേക്ഷിക്കുക എന്നതായിരുന്നു. കുടുംബത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിട്ടപ്പോഴും കുറ്റപ്പെടുത്തലുകളും ഭീതിപ്പെടുത്തുന്ന വാക്കുകളും എന്റെ നേരെ വന്നപ്പോഴും യേശുനാഥന്‍ എന്നെ കൈപിടിച്ചു നടത്തി.

 യേശുവിനു വേണ്ടി ചൈനയിലേക്കും ആഫ്രിക്കയിലേക്കും പോകാന്‍ ആഗ്രഹിച്ച എന്നെ അങ്ങനെ അവന്‍ ജാര്‍ഖണ്ഡിലേക്കു കൂട്ടികൊണ്ടുപോയി. അവിടുത്തെ ആദിവാസി ഗോത്രക്കാരുടെ ഊരില്‍ 3 മാസക്കാലത്തോളം ഈശോയുടെ സുവിശേഷം പ്രഘോഷിക്കുവാന്‍ ദൈവം അവസരം നല്‍കി. കൊലപാതകങ്ങളും ആക്രമണങ്ങളും കൂടുതല്‍ നടക്കുന്ന സമയമാണ്, അതുകൊണ്ട് അവിടേക്ക് പോകരുത് എന്നൊക്കെ പറഞ്ഞുകൊണ്ട് പലരും ഭയപ്പെടുത്താന്‍ ശ്രമിച്ചു. അവിടേക്ക് കടന്നു ചെന്നാല്‍ നീയും വെടികൊണ്ട് മരണപ്പെടും എന്നുള്ള വാക്കുകള്‍ കാതില്‍ പതിഞ്ഞപ്പോള്‍ നസറായന്‍ എന്റെ ഹൃദയത്തില്‍ മെല്ലെ മന്ത്രിച്ചു, 'ഭയപ്പെടേണ്ട ഞാന്‍ നിന്റെ കൂടെയുണ്ട്. വാക്കു പറഞ്ഞവന്‍ വാക്കുമാറ്റില്ല.' വാഗ്ദാനങ്ങളില്‍ വിശ്വസ്തനായവന്‍ എന്നെ ഉള്ളംകൈയ്യില്‍ താങ്ങി നടത്തി. മലേറിയ പോലുള്ള രോഗങ്ങളില്‍ നിന്നും പാമ്പുകളുടേയും വന്യമൃഗങ്ങളുടേയും ഉപദ്രവങ്ങളില്‍ നിന്നും നക്‌സല്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ നിന്നുമെല്ലാം കാത്തുരക്ഷിച്ചുകൊണ്ട്  എന്റെ വിശ്വാസത്തെ ദിനംപ്രതി അവിടുന്ന് വര്‍ദ്ധിപ്പിച്ചു.

 സെഫാനിയ 3:9ല്‍ ദൈവത്തിന്റെ തിരുവചനം അരുളിച്ചെയ്യുന്നു, 'കര്‍ത്താവിന്റെ  നാമം ജനതകള്‍ വിളിച്ചപേക്ഷിക്കാനും ഏകമനസ്സോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാന്‍ അവരുടെ അധരങ്ങളെ ശുദ്ധീകരിക്കും.' ഈ തിരുവചനത്തിലൂടെ കടന്നുപോയപ്പോള്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു, എന്റെ ജീവിത്തിലും ഒരു ശുദ്ധീകരണം സംഭവിക്കുകയായിരുന്നു. മൂന്നു മാസക്കാലത്തെ  മിഷന്‍ ഒരുപാട് അനുഭവങ്ങള്‍ എനിക്ക് സമ്മാനിച്ചു. സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചുകൊണ്ട് ആദിവാസികളുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുന്ന പ്രിയപ്പെട്ട വൈദീകരും സന്യസ്തരും അല്‍മായരും ഇന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അവിടെ കണ്ടുമുട്ടിയ ഡോക്ടര്‍ ദമ്പതികള്‍ അവരുടെ നാലുമക്കളുമൊപ്പം ലക്ഷങ്ങള്‍ വരുന്ന ശമ്പളവും സൗകര്യങ്ങളുമെല്ലാം ഉപേക്ഷിച്ചുകൊണ്ട് യേശുവിന്റെ സ്‌നേഹം പകര്‍ന്ന് കൊടുക്കുന്നത് കണ്ടപ്പോള്‍ വളരെയധികം അത്ഭുതം തോന്നി. ഈശോയുടെ സ്‌നേഹം പകര്‍ന്നു കൊടുക്കുന്ന അവരുടെ പിഞ്ചുകുഞ്ഞുങ്ങളും വനാന്തരങ്ങളിലൂടെ കാല്‍നടയായി രോഗികളെ ശുശ്രൂഷിക്കുവാനായി കടന്നുചെല്ലുന്ന ഡോക്ടറിന്റെ തീക്ഷ്ണതയുമെല്ലാം എന്റെയുള്ളില്‍ ദൈവസ്‌നേഹത്തിന്റെ പുത്തന്‍ ബോധ്യങ്ങള്‍ നല്‍കി.

 മൂന്നുമാസക്കാലത്തെ മിഷന്‍ കാലയളവില്‍ വേദനകളിലും ഒറ്റപ്പെടലുകളിലുമൊന്നും തളര്‍ന്നു പോകാതെ കരംപിടിച്ചുകൊണ്ടവന്‍ എന്നെ കൂടെ നടത്തി. മിഷന്‍ കാലയളവിനു ശേഷം വീണ്ടും ദുബായില്‍ ജോലി തേടി വിസിറ്റിംഗ് വിസയില്‍ വന്നപ്പോള്‍ ഒരുപാടുപേരുടെ പരിഹാസങ്ങള്‍ എന്റെ നേരെയുണ്ടായി. എന്നാല്‍ ആ പരിഹാസങ്ങള്‍ക്കെല്ലാം അപ്പുറം എനിക്കായി പദ്ധതി ഒരുക്കി വച്ചിരുന്നവന്‍ വിസ കാലാവധി തീരുന്ന അവസാന ദിവസം ഞാന്‍ ആഗ്രഹിച്ചതിലും മൂന്നിരട്ടിയിലധികം മെച്ചപ്പെട്ട ജോലി നല്‍കി എന്നെ ഇവിടെ തുടരാന്‍ അനുവദിച്ചു. അത്ഭുതങ്ങളും അടയാളങ്ങളും യേശുനാഥന്‍ എന്റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഞാന്‍ തിരിച്ചറിയുകയായിരുന്നു, മിഷന്‍ അവിടെ അവസാനിക്കുകയല്ല ചെയ്തത്, ഇന്നും എന്റെ ജീവിതത്തില്‍ ക്രൂശിതന്റെ മിഷന്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു....

 ലൈഫ് ഈസ് എ മിഷന്‍....മിഷന്‍ ഈസ് എ ഫോര്‍മേഷന്‍....

 ആമേന്‍.....ഹല്ലേലൂയ...

335 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137850