വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരാചാരം ഓര്‍ക്കുന്നു, പുതുവല്‍സര ദിനത്തില്‍ ദേവാലയ ഗ്രൗണ്ടില്‍ പഴയ മനുഷ്യന്റെ കോലം കത്തിക്കുമായിരുന്നു. എന്തായിരുന്നു അങ്ങിനെ ചെയ്തുപോന്നതിന്റെ അര്‍ത്ഥം.
'പഴയത് കടന്നുപോയി, ഇതാ പുതിയത് വന്നുകഴിഞ്ഞു'.(2കോറി 5:17) പഴയകാലത്തെ എന്റെ ജീവിത രീതിയില്‍ നിന്നും അതായത് അഹങ്കാരത്തിന്റെ, ആലസ്യത്തിന്റെ, പിറുപിറുക്കലിന്റെ, ജഡികാസക്തിയുടെ, സ്വാര്‍ത്ഥതയുടെ മനുഷ്യനെ ഞാന്‍ ഇവിടെ ഈ നിമിഷം ഉപേക്ഷിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രം. പ.അമ്മ ആര്‍ക്കുവേണ്ടിയാണ് ഈ ലോകത്തിലേക്ക് കടന്നുവന്നത് എന്ന് ധ്യാനിക്കാം. അമ്മയുടെ ജീവിതദൗത്യം എന്തായിരുന്നു.
1. യേശുവിനെ ഈ ഭൂമിയിലേക്ക് കൊണ്ടുവരിക.
2. ക്രിസ്തുവിന്റെ ശിഷ്യഗണത്തെ ഒന്നിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക
ഒരു സ്ത്രീയുടെ മാറ്റം അവള് അമ്മയാകുന്നതിലൂടെയാണ്. മാതൃത്വം അവളെ പൂര്‍ണ്ണമായും മാറ്റുന്നു. പിന്നീട് കന്യകാ പ്രായത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം സാദ്ധ്യമാണോ? മുകളില്‍ പറഞ്ഞ വചനത്തിലൂടെ വിശുദ്ധ പൗലോസ്ശ്ലീഹാ പറയുന്നതും ഇതുതന്നെ. ഒരു ഡമാസ്കസ് രാത്രിയില്‍ ശാരീരികമായ അന്ധതയില്‍ ആയ ഞാന്‍ ആത്മീയ പ്രകാശത്തിലേക്ക് കടന്നുവന്നു. ഡമാസ്കസ് എന്നത് ക്രിസ്തുവിനെ കണ്ടുമുട്ടുന്നതിന്റെ ഇടമായി പൗലോസിന് മാറി. പിന്നീട് ഒരിക്കലും പൗലോസ് തിരിഞ്ഞു നോക്കിയിട്ടില്ല എന്ന് ബൈബിള്‍ സാക്ഷിക്കുന്നു. മരണംവരെ ഓടുകയായിരുന്നു വി. പൗലോസ്ശ്ലീഹാ. ഞാനും (ഡമാസ്കസ് പോലെ) ഒരിടത്ത് ഈശോയെ കണ്ടുമുട്ടിയിട്ടുണ്ട്.
ലോത്തിനെ ദൈവം നോക്കിയപ്പോള്‍ നീതിമാനായി ദര്‍ശിച്ചു. മറ്റാരേയും നാതിമാനായി കണ്ടതുമില്ല. സോദോം ഗമോറ നശിപ്പിക്കാന്‍ തുനിഞ്ഞപ്പോള്‍ അവിടെനിന്ന് രക്ഷപ്പെടുവാന്‍ അവനേയും കുടുംബത്തേയും ദൈവം അനുവദിച്ചു. രക്ഷപ്പെടലിനിടയിലുള്ള ഓട്ടത്തില്‍ തിരിഞ്ഞുനോക്കരുതെന്ന് ദൂതന് പറഞ്ഞിട്ടും ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കി. അവള് ഉപ്പുതൂണായി തീര്‍ന്നു.
ധ്യാനം-അപമാനിതനാകുമ്പോള്‍, പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍, ലോകത്തിലെ ആകര്‍ഷണവലയത്തില്‍ പെടുമ്പോള്‍ ഞാന്‍ യേശുവില്‍ നിന്ന് അകന്നുപോകുന്നുണ്ടോ?
2018വര്‍ഷം മുമ്പുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ അല്ല നാം ജീവിക്കുന്നത്. അന്ന് യേശു ജനിച്ചു, മരിച്ചു, ഉത്ഥാനം ചെയ്തു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി. എന്നാല്‍ ഇന്ന് അവന്റെ 'രണ്ടാംവരവി'നായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. യേശുവിന്റെ വരവിന് മുന്നോടിയായി മൂന്ന് കാര്യങ്ങള്‍ നാം ചെയ്തുതീര്‍ക്കാനുണ്ട്.
1.മാമ്മോദീസായിലൂടേയും സ്ഥൈര്യലേപനത്തിലൂടേയും യേശുവിനെ സ്വീകരിച്ച ഞാന്‍ അവന്റെ രാജ്യത്തിന്റെ പ്രതിനിധിയാണ്. അതായത് സ്ഥാനപതി. ആരാണ് സ്ഥാനപതി? ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കപ്പെടുന്ന, സ്വന്തം രാജ്യത്തെ ഭരണാധികാരിയേയും ആ രാജ്യത്തിന്റെ മൂല്യങ്ങളേയും സംസ്ക്കാരത്തേയും പ്രതിഫലിപ്പിക്കുന്ന വ്യക്തി കൂടിയാണ്. എന്റെ ജീവിതം കൊണ്ട് ഞാന്‍ യേശുവിനെ പ്രതിഫലിപ്പിച്ചിട്ടുണ്ടോ?
2. ഞാന്‍ ഒരു മിഷണറിയാണ്. എന്റെ ദേശം വിട്ട് മറ്റൊരു രാജ്യത്ത് ജീവിക്കുന്നു. താല്‍ക്കാലികമായിട്ടാണെങ്കിലും ഞാന്‍ ആയിരിക്കുന്ന ഈ ദേശത്ത് ക്രിസ്തുവിനെ ധരിച്ച്കൊണ്ട് മറ്റുള്ളവരിലേക്ക് എത്തിച്ചുകൊടുക്കുന്ന ഒരു ചാലകമാകുവാന് എനിക്ക് സാധിക്കണം. എന്റെ വിളിയേയും തിരഞ്ഞെടുപ്പിനേയും കുറിച്ച് തീക്ഷണതയില്‍ ആയിരിക്കുവാന്‍ കഴിയണം.
3. മനുഷ്യരെ മാനുഷിക നിലയില്‍ കാണാതെ ദൈവമക്കളെന്ന കാഴ്ച്ചപ്പാടില്‍ കാണുവാനും തനിക്കുള്ളവ പങ്കുവയ്ക്കുവാനും ദൈവം ആഗ്രഹിക്കുന്നു.ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കുവിന്‍. നിങ്ങള്‍ ക്രിസ്തുവില്‍ രമ്യതപ്പെട്ടുകൊണ്ട് ഈ ലോകത്തെ ദൈവവുമായി അനുരഞ്ജനപ്പെടുത്തുകയും ചെയ്യുവാന്‍ പരിശ്രമിക്കുകയും ചെയ്യുവിന്‍.(2കോറി 5:16)
ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവില്‍ നിന്ന് നാം അകലെയാണ്. ശരീരത്തില്‍ ദൈവാത്മാവിന്റെ ശക്തി ധരിക്കുമ്പോള്‍ ഞാന്‍ നഗ്നനല്ല, പിന്നെയോ ഞാന്‍ പുതിയ മനുഷ്യനായി. ലൗകീകതയില്‍ ഞാന്‍ കര്‍ത്താവില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ വിശ്വാസത്താലും തീക്ഷണതയാലും അവനോട് ചേര്‍ന്നിരിക്കുവാനും സാധിക്കും. ഓരോരുത്തരും തന്റെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്മതിന്മകള്ക്ക് പ്രതിഫലം സ്വീകരിക്കുന്നതിന് ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പില്‍ വരും. ഈ ഓര്‍മ്മപ്പെടുത്തല്‍ നമ്മെ ഉത്തേജിപ്പിക്കട്ടെ.
68 Viewers