പ്രളയത്തിലും അണമുറിയാത്ത സ്‌നേഹപ്രവാഹം
റിജോ മണിമല

ഒരുപാട് തിരിച്ചറിവുകള്‍ സമ്മാനിച്ച്‌കൊണ്ട് ഒരു പ്രളയകാലം കടന്നുപോകുന്നു. ആരും ആരേക്കാളും ചെറുതല്ല എന്ന വലിയ സത്യം ഉള്ളില്‍ ആഴപ്പെടുത്തി, മാറ്റി നിര്‍ത്തിയവര്‍ ജീവന്റെ കാവലാളായി മാറിയ അതുല്യനിമിഷങ്ങള്‍ ഉള്ളില്‍ രേഖപ്പെടുത്തി അത് കടന്നുപോയി. കെട്ടിപ്പൊക്കിയ മഹാസൗധങ്ങള്‍ക്കും സ്വരുക്കൂട്ടിവച്ച പണത്തിനും മേലെ മറ്റുപലതും ഉണ്ടെന്നുള്ള വലിയ ബോധ്യം നമ്മുടെയൊക്കെ ഉള്ളില്‍ ഉറപ്പിക്കുവാന്‍ ഒരു ജലപ്രളയം വേണ്ടിവന്നു. സമൂഹമാധ്യമങ്ങളില്‍ ജാതിമത രാഷ്ട്രീയത്തിന്റെ പേരില്‍ തമ്മില്‍ തല്ലിയിരുന്നവര്‍ ഒരു വേര്‍തിരിവും ഇല്ലാതെ  അന്യന്റെ വിശപ്പടക്കുവാന്‍ നെട്ടോട്ടമോടുന്നത് കണ്ടപ്പോള്‍ നന്മയുടെ ഉറവവറ്റാത്ത  ഹൃദയങ്ങളെ നാം ഒരിക്കല്‍ കൂടി കണ്ടുമുട്ടി. പരസ്‌നേഹത്തിന്റെ പുത്തന്‍മാതൃകകള്‍ രൂപപ്പെടുന്നത് കണ്ട് ഉള്ള് നിറയുമ്പോള്‍ നാമറിയാതെതന്നെ നമ്മുടെയൊക്കെ ഹൃദയത്തില്‍ ഒരു നന്ദിയുയരുന്നില്ലേ സര്‍വ്വശക്തന്റെ സന്നിധിയിലേക്ക്.

 ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും സ്വാര്‍ത്ഥതകളിലും പെട്ട് തന്നിലേക്ക് തന്നെ ചുരുങ്ങിക്കൊണ്ടുള്ള ഒരു പ്രയാണമായിരുന്നു ഇതുവരെ. എന്നാല്‍ ഏതു ക്രൂരമനസ്സിന്റെ ഉള്ളിലും നന്മയുടെ തിരിനാളം മറഞ്ഞിരിക്കുന്നുണ്ട് എന്ന് ഇന്ന് നാം മനസിലാക്കുന്നു. കാലവര്‍ഷം സമ്മാനിച്ച കണ്ണീര്‍മഴയില്‍ അപരന്റെ നെഞ്ചകം പൊള്ളുമ്പോള്‍ തനിക്ക് എന്തുചെയ്യാന്‍ കഴിയും എന്നുമാത്രമുള്ള ചിന്തയില്‍ ഈ നാളുകളില്‍ നാം വ്യാപൃതരായി. ഒരുപാട് നാളുകളിലെ അദ്ധ്വാനം ഒരു നിമിഷം കൊണ്ട് ഒലിച്ചുപോയപ്പോഴും അന്യന്റെ കരങ്ങളില്‍ മുറുകെപ്പിടിച്ച ഓരോ വ്യക്തികളിലും ആ നല്ല സമറായന്‍ രൂപംകൊള്ളുന്നത് നാം തിരിച്ചറിഞ്ഞു. മണിക്കൂറുകളോളം സോഷ്യല്‍മീഡിയയിലെ തന്റേതു മാത്രമായ ലോകത്തില്‍ ചിലവഴിച്ചിരുന്നവര്‍ വി ങ്ങുന്ന ഹൃദയവുമായി അനേകര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുന്നത് കണ്ടപ്പോള്‍ കോരിച്ചൊരിയുന്ന സങ്കടമഴയിലും ആശ്വാസത്തിന്റെ കുഞ്ഞുനക്ഷത്രങ്ങള്‍ ഉള്ളില്‍ കണ്ണുചിമ്മി.

 അണകെട്ടി നിര്‍ത്തിയ ജലം തുറന്നുവിട്ടപ്പോള്‍ മനുഷ്യഹൃദയങ്ങളില്‍ തടഞ്ഞുനിര്‍ത്തിയിരുന്ന സ്‌നേഹവും അണപൊട്ടി ഒഴുകുകയായിരുന്നു. മനസ്സിന്റെ അടിത്തട്ടില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടിയ സ്വാര്‍ത്ഥതയുടെ, ഒറ്റപ്പെടുത്തലിന്റെയൊക്കെ ചെളികഴുകിമാറ്റിക്കൊണ്ട് ആ ജലപ്രളയം കടന്നുപോയി. രാത്രി യെന്നോ പകലെന്നോ ഇല്ലാതെ, ദുരിതക്കയത്തില്‍ വീണുപോയവര്‍ക്ക് കൈത്താങ്ങായി കടന്നുചെല്ലുമ്പോള്‍ ഓരോ വ്യക്തിയും പുതിയൊരു മനുഷ്യനായി രൂപാന്തരപ്പെടുകയായിരുന്നു. മരുഭൂമിയിലെ കൊടുംചൂടിലും പിറന്ന നാടിനുവേണ്ടി അനേകം രാത്രികളെ പകലാക്കിയപ്പോള്‍ ഓരോ പ്രവാസിയും നിര്‍മ്മലസ്‌നേഹത്തിന്റെ പ്രവാചകരായിത്തീരുന്നത് നാം അനുഭവിച്ചറിഞ്ഞു.

 ഇനി മുന്‍പോട്ടുള്ള നമ്മുടെ ജീവിതം ചില തീരുമാനങ്ങളില്‍ അടിയുറപ്പിച്ചുകൊണ്ടാവണം. ഒരു തിരിച്ചുപോക്കിന്റെ കാലമാവണം ഇത്. നഷ്ടപ്പെട്ടുപോയ ജീവിതമൂല്യങ്ങള്‍ വീണ്ടെടുക്കുവാനുള്ള തീക്ഷണമായ ആഗ്രഹം ഉള്ളില്‍ ജ്വലിപ്പിക്കുവാന്‍ നമുക്കെല്ലാവര്‍ക്കും കഴിയണം. അപരന്റെ വേദനകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച അവന്റെ സന്തോഷങ്ങളില്‍ കൂടെ ചിരിച്ച ഒരു പൈതൃകം നമുക്കെല്ലാവര്‍ക്കും ഉണ്ട്. ഇനിയങ്ങോട്ട് ആ പാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകുവാന്‍ നമുക്ക് കഴിയട്ടെ. മലവെള്ളപ്പാച്ചില്‍ സമ്മാനിച്ച വേദനയിലും അന്യന്റെ സങ്കടങ്ങളെ ദൈവസന്നിധിയില്‍ ആരാധനയായി അര്‍പ്പിച്ചതുപോലെ ഇനി മുന്നോട്ടുള്ള ഓരോ നിമിഷവും അപരനുവേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ളതാകട്ടെ, പ്രവര്ഡത്തിക്കാനുള്ളതാകട്ടെ.

 ഒരുപക്ഷേ ഇതുമൂലം നമ്മില്‍ പലര്‍ക്കും സാമ്പത്തീക നഷ്ടം സംഭവിച്ചിരിക്കാം. വിലപ്പെട്ട പലതും നഷ്ടപ്പെട്ടിരിക്കാം. എന്നാല്‍ അവയൊക്കെയും ദൈവസന്നിധിയില്‍ നമുക്ക് സമര്‍പ്പിക്കാം. ആ നഷ്ടങ്ങള്‍ ഒരുപാടുപേരുടെ വീണ്ടെടുപ്പിന് കാരണമായത് ഓര്‍ത്ത് നമുക്ക് ആശ്വസിക്കാം. ഏവരും ഒരേ മനസായി ജീവിക്കുന്ന ആ നല്ല നാളേക്കായി അത്യുന്നതന്റെ സന്നിധിയിലേക്ക് നമ്മുടെ കരങ്ങളെ ഉയര്‍ത്താം. ആ വിരിച്ച കരങ്ങളില്‍ അപരന്റെ വേദനകളെ ചേര്‍ത്തുവയ്ക്കാം. ദൈവം അനുഗ്രഹിക്കട്ടെ.  

 പണ്ടെങ്ങോ കേട്ട വരികള്‍ ഓര്‍മ്മവരുന്നു.

 'ഒരു രാവും പുലരാതിരുന്നിട്ടില്ല

  ഒരു മഴയും തോരാതിരുന്നിട്ടില്ല

  ഒരു നോവുമടങ്ങാതിരുന്നിട്ടില്ല'

264 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912