മരിയന്‍ വിശ്വാസ സത്യങ്ങള്‍
മേഴ്‌സി വര്‍ഗ്ഗീസ്

സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള വിശ്വാസസത്യങ്ങള്‍ നാലെണ്ണമാണ്.

  1. മറിയം ദൈവമാതാവ്
  2. മറിയം നിത്യകന്യക
  3. മറിയം അമലോല്‍ഭവ
  4. മറിയം സ്വര്‍ഗ്ഗാരോപിത

 സകല തലമുറകളാലും ഭാഗ്യവതി എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ദൈവം പരിശുദ്ധ മറിയത്തിന് വരം കൊടുത്തു. രക്ഷാകര ചരിത്രത്തിന്റെ പ്രാരംഭത്തില്‍ പിശാചിന്റെ തല തകര്‍ക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട സ്ത്രീയാണവള്‍. നന്മനിറഞ്ഞവളായി ദൈവം കണ്ടെത്തിയവളും വിശ്വസിക്കുന്ന സകലര്‍ക്കും അമ്മയായി ക്രിസ്തുനാഥന്‍ തന്നെ അന്ത്യസമ്മാനമായി നല്‍കിയവളുമാണ് മറിയം.

 മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം

അപ്രമാണിക ഗ്രന്ഥങ്ങളിലെ വിവരണമനുസരിച്ച് യോഹന്നാന്‍ ശ്ലീഹാ മാത്രമാണ് മറിയത്തിന്റെ അവസാന സമയത്ത് അടുത്തുണ്ടായിരുന്നത്. എന്നാല്‍ ഈ സമയത്ത് ദൈവത്തിന്റെ പ്രത്യേക ശക്തിയാല്‍ മറ്റെല്ലാ ശ്ലീഹന്മാരും അവിടെയെത്തിയെന്നും മറിയത്തിന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള കടന്നുപോകലിന് സാക്ഷികളായി എന്നും പരമ്പരാഗതമായി വിശ്വസിച്ചുവരുന്നു.

 എഫേസൂസിലെ മറിയത്തിന്റെ ഭക്തനും ധന്യനുമായ അന്ന കാതറിന്‍ എമറക്കിന് മറിയത്തിന്റെ മരണത്തെക്കുറിച്ച് ലഭിച്ച വെളിപാടില്‍ ഈ മൃതസംസ്‌കാരത്തിന്റെ സംഭവങ്ങള്‍ വിവരിക്കുന്നു. എന്നാല്‍ അവസാനം എല്ലാ ശ്ലീഹന്മാരും നോക്കിനില്‍ക്കേ അവള്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് വിവരിക്കുന്നു.

മരണം പാപത്തിന്റെ ഫലമാകയാല്‍ പാപരഹിതയായ മറിയം മരിക്കേണ്ടിയിരുന്നില്ല. ആ കാരണത്താല്‍ അവളുടെ ശരീരവും ആത്മാവും സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടുകയും നിത്യമഹത്വമണിഞ്ഞ അവളെ സ്വര്‍ഗ്ഗത്തിന്റേയും ഭൂമിയുടേയും റാണിയാക്കുകയും ചെയ്തു.

വിശുദ്ധ ജോണ്‍ ഡി.മിഷനും മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വി.ഗ്രന്ഥത്തില്‍ ഈ വിഷയം പരാമര്‍ശിക്കുന്നില്ലെങ്കിലും അത് പാരമ്പര്യം വഴി ദൈവീകവെളിപാടാണെന്നും വിശ്വാസ പ്രഖ്യാപനരേഖ പ്രസ്താവിക്കുന്നു. കാരണം

  • മറിയത്തിന്റെ ശരീരം ഉത്ഭവപാപമില്ലാതെ സൃഷ്ടിക്കപ്പെട്ടതാണ്.
  • അവള്‍ കര്‍മ്മപാപരഹിതയായിരുന്നു.
  • അവള്‍ ജീവിതം മുഴുവനും നിത്യകന്യകയായിരുന്നു.

 പരിശുദ്ധ മറിയം ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് 1950 ന വംബര്‍ 1ന് പരി. പിതാവ് പന്ത്രണ്ടാം പിയൂസ്പാപ്പ മുന്‍ഫിച്ചെന്തിസിമൂസ് ദേയൂസ്  എന്ന അപ്പസ്‌തോലിക ലേഖനം വഴി വിശ്വാസസത്യമായി പ്രഖ്യാപിച്ചു. 'അമലോ ത്ഭവയും നിത്യകന്യകയും ദൈവമാതാവുമായ മറിയം തന്റെ ഇഹലോകവാസം പൂര്‍ത്തിയാക്കിയപ്പോള്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയമഹത്വത്തിലേക്ക് സംവഹിക്കപ്പെട്ടു.' 1946 മുതല്‍ 12-)ം പിയൂസ് മാര്‍പാപ്പ സഭയിലെ എല്ലാ മെത്രാന്‍ മാരുടേയും വിശ്വാസികളുടേയും അഭിപ്രായം ആരാഞ്ഞശേഷമാണ് ഈ വിശ്വാസ സത്യം പ്രഖ്യാപിച്ചത്. 

 സ്വര്‍ഗ്ഗാരോപണം എന്ന വിശ്വാസ സത്യത്തിന് വി.ഗ്രന്ഥത്തില്‍ അടിസ്ഥാനമുണ്ട്. 1കോറി 15:23ല്‍ ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും ഉയിര്‍ ക്കുക. ആദ്യം ക്രിസ്തു, പിന്നെ അവനുള്ളവരും. ഈ ക്രിസ്തുവിനുള്ളവരില്‍ ഏറ്റവും പ്രധാനപ്പെട്ടവള്‍ എന്ന നിലയില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണവും യുഗാന്ത്യത്തിന് മുമ്പേ സംഭവിച്ചു എന്ന് ന്യായമായി കരുതാം. കൂടാതെ മത്താ27:52-53ല്‍ വിശുദ്ധര്‍ യേശുവിന്റെ മരണനേരത്ത് ഉയിര്‍ക്കുന്നതിന്റെ വിവരണമുള്ളതിനാല്‍ യുഗാന്ത്യത്തിന് മുമ്പേയുള്ള ഉയിര്‍പ്പ് എന്ന ആശയം വി.ഗ്രന്ഥത്തിന് അന്യമാണെന്ന് കരുതാനാവില്ല.

 ലൂക്കാ 1:28 ല്‍ മറിയത്തെ കൃപയായവള്‍ എന്നാണ് വിളിക്കുന്നത്. കൃപ തന്നെയാ യ മറിയത്തിന് അക്ഷയത്വം നല്‍കാന്‍ ദൈവം തിരുമനസായി എന്ന് കരുതുന്നത് തികച്ചും യുക്തിസഹമാണ്. 

 വെളി12:1 ല്‍ പരാമര്‍ശിക്കുന്ന സ്ത്രീ ഒരേ സമയം സഭയുടേയും മറിയത്തിന്റെയും പ്രതീകമാകയാല്‍ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെടുന്ന ആ സ്ത്രീ സ്വര്‍ഗാരോപിതയാകുന്ന മറിയത്തെക്കുറിച്ചുള്ള പരോക്ഷ സൂചനയാണ്. സങ്കീ 131:8 ല്‍ വാഗ്ദാനപേടകം അക്ഷയമായ തടികൊണ്ട് നിര്‍മ്മിച്ചതാമെന്ന പരാമര്‍ശവും ഉത്ത8:5 ല്‍ തന്റെ മണവാളനോട് ചാരിനില്‍ക്കുന്ന വധുവിനെക്കുറിച്ചുള്ള പരാമര്‍ശവും മറിയത്തിന്റെ അക്ഷയത്വത്തെയും  സ്വര്‍ഗ്ഗപ്രവേശനത്തേയും സൂചിപ്പിക്കുന്നു. 

 പാപരഹിതയായിരുന്നുവെന്നതും ക്രിസ്തുവിന്റെ ശരീരം രൂപംകൊണ്ട ശരീരം എന്ന നിലയിലും അവിടുത്തെ രക്ഷാകര പദ്ധതിയില്‍ ആദ്യന്തം സഹകാരിയായി വര്‍ത്തിച്ചവള്‍ എന്നതും നിത്യകന്യക എന്നതും അവളുടെ ശരീരത്തിന് ദൈവം അക്ഷയത്വവും സ്വര്‍ഗ്ഗപ്രവേശനവും ഉറപ്പ് വരുത്താന്‍ കാരണമായി. പൗരസ്ത്യ സഭകള്‍ ആറാം നൂറ്റാണ്ട് മുതലും റോമന്‍ സഭ ഏഴാം നൂറ്റാണ്ട് മുതലും ആഗസ്റ്റ് 15ന് മറിയത്തിന്റെ ഉറക്കത്തിരുന്നാള്‍ ആഘോഷിച്ചിരുന്നു. ഗ്രിഗോറിയന്‍ ആരാധന ക്രമ പഞ്ചാംഗമാണ് ഉറക്കത്തിരുന്നാളിനെ 'സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍' എന്ന് പുന ര്‍നാമകരണം ചെയ്തത്. സ്വര്‍ഗ്ഗാരോപിതയായ മറിയം സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും രാജ്ഞിയായി 1954ല്‍ പന്ത്രണ്ടാം പിയൂസ് പാപ്പ പ്രഖ്യാപിച്ചു.

 പ്രാര്‍ത്ഥന

അമ്മേ മാതാവേ സ്വര്‍ലോക രാജ്ഞി ഞങ്ങളേയും കുടുബത്തേയും സഭയേയും ലോകം മുഴുവനേയും നിന്റെ വിമലഹൃദയത്തിലേക്ക് സമര്‍പ്പിക്കുന്നു. സാത്താന്റെ തലയെ തകര്‍ത്ത പരി. അമ്മെ, ഞങ്ങളേയും സഭയേയും സഭാംഗങ്ങള്‍ക്കെയിരെയുള്ള എല്ലാ നാരകീയ ശക്തികളില്‍ നിന്നും കാത്ത് പരിപാലിക്കണമേ ആമേന്‍.

കടപ്പാട്.

മരിയവിജ്ഞാനീയം

ഡോ.ജോര്‍ജ്ജ് കറുകപ്പറമ്പില്‍

ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

672 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131523