ആരാധ്യനും ആരാധനയും പിന്നെ ആരാധകനും
സെബിന്‍ കല്ലൂര്‍

പരിചിതമായ സാഹചര്യങ്ങളും ജനിച്ചുവളര്‍ന്ന വീടും മാതാപിതാക്കളേയും സഹോദരങ്ങളേയും ഉപേക്ഷിച്ച് പ്രവാസികളായി കഴിയാന്‍ ദൈവപിതാവിനാല്‍ ക്ഷണിക്കപ്പെട്ടവരാണല്ലോ നാം. ഈ പ്രവാസ ജീവിത്തില്‍ ഒരുപാട് പ്രതിസന്ധികളും തകര്‍ച്ചകളും വേദനകളും കടന്നുവരുന്നുണ്ടെങ്കിലും ദൈവപൈതല്‍ എന്ന നിലയില്‍ ഹൃദയത്തിന് ആശ്വാസവും ആനന്ദവും ശക്തിയും പകരുന്നത് എന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കാന്‍ ലഭിക്കുന്ന സ്വാതന്ത്ര്യവും സാഹചര്യങ്ങളുമാണ്. 'അന്യസ്ഥലത്ത് ആയിരം ദിവസത്തേക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്.'(സങ്കി 84:10) ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്കും തകര്‍ച്ചകള്‍ക്കും നടുവിലും കര്‍ത്താവിന്റെ സന്നിധിയല്‍ വന്ന് ദൈവത്തെ ആരാധിക്കുന്ന ചിലരെങ്കിലും നമ്മുടെ ഇടയിലുണ്ട്. നമ്മുടെയൊക്കെ ജീവനും ജീവിതത്തിലെ നന്മകളും ദാനമായി നല്‍കിയ ദൈവപിതാവിനെ  നാം ആരാധിക്കുന്നു. തന്റെ സ്വന്തം തിരുരക്തത്താല്‍ നമ്മെ വീണ്ടെടുത്ത ദൈവപുത്രനായ ഈശോയുടെ മുമ്പില്‍ സര്‍വ്വവും മറന്ന് ആരാധന അര്‍പ്പിക്കുന്നു. ഹൃദയങ്ങള്‍ തുറന്ന് എല്ലാം ദൈവത്തിന് വിട്ടുകൊടുത്ത് ആരാധിക്കുമ്പോള്‍ ദൈവത്തില്‍ നിന്ന് അനന്തമായ കരുണ നമ്മിലേക്ക് പ്രവഹിക്കുന്നു എന്ന് നാം തിരിച്ചറിയണം. നമ്മുടെ ജീവിത സാഹചര്യങ്ങള്‍ എന്തുമായിക്കൊള്ളട്ടെ. ദൈവത്തിന് മുമ്പില്‍ എല്ലാം അടിയറവ് വച്ച് ആരാധിക്കാന്‍ നാം തയ്യാറാകാണം. അപ്പോള്‍ അതിലെല്ലാം കരുണാമയനായ ദൈവത്തിന്റെ കരസ്പര്‍ശം നമുക്ക് ദൃശ്യമാകും.

 ഈ പ്രപഞ്ചത്തിലെ മനുഷ്യമക്കളടക്കമുള്ള സര്‍വ്വ സൃഷ്ടികളും സൃഷ്ടാവായ ദൈവത്തെ ആരാധിക്കാന്‍ കടപ്പെട്ടവരാണ്. ദൈവമക്കളായ നമ്മുടെ ഓരോരുത്തരുടേയും കടമയാണ് എന്റെ സൃഷ്ടാവും രക്ഷകനും പരിപാലകനുമായ കര്‍ത്താവിനെ ആരാധിക്കുക എന്നുള്ളത്. ദൈവതിരുസന്നിധിയില്‍ മുട്ടുകുത്തിയും, കുമ്പിട്ടും, സ്രാഷ്ടാംഗം പ്രണമിച്ചും കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ആരാധിക്കുന്നവരാണ് നാമെല്ലാവരും. വി.പൗലോസ് ശ്ലീഹാ റോമാ 12:1 ല്‍ നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു. 'നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ സജീവ ബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന.' ശരീരങ്ങളുടെ വിശുദ്ധി ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണെ ന്ന് വചനത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

 ദൈവാരാധനക്കായി കര്‍ത്താവിന്റെ സന്നിധിയില്‍ ആയിരിക്കുമ്പോള്‍ നമ്മുടെയൊക്കെ ശരീരവും മനസും എത്രമാത്രം വിശുദ്ധമാണെന്ന് നാം ചിന്തിക്കണം. 'നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ. നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍ നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.'(1 കോറി 6:19,20) നമ്മുടെയെല്ലാം ശരീരങ്ങള്‍ പരിശുദ്ധാത്മാവിന്റെ ആലയമാകണമെങ്കില്‍ നാം എപ്പോഴും വിശുദ്ധിയില്‍ നിലനില്‍ക്കണം. ഒരു മനുഷ്യന്‍ ജഡമോഹങ്ങള്‍ക്ക് അടിമപ്പെട്ട് മ്ലേച്ഛതകള്‍ക്ക് പിന്നാലെ പോകുമ്പോള്‍  വിശുദ്ധി നഷ്ടപ്പെടുകയും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നിര്‍വീര്യമാക്കുകയും ചെയ്യുന്നു. 'നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങളാണെന്ന്  നിങ്ങല്‍ക്കറിഞ്ഞുകൂടെ'(1 കോറി 6:15) ക്രിസ്തുവിന്റെ ശരീരത്തിന്റെ ഓരോ അവയവങ്ങളായ നമ്മുടെ ശരീരത്തെ ക്രിസ്തുവിന്റെ അതേ വിശുദ്ധിയോടെ കാത്തുപരിപാലിക്കാന്‍ നാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പ്രയത്‌നിക്കുകയും ചെയ്യണം. അതുകൊണ്ടാണ് ശരീരത്തിന്റെ വിശുദ്ധി ദൈവത്തെ ആരാധിക്കുന്നതിന് തുല്യമാണെന്ന് പൗലോസ് ശ്ലീഹാ നമ്മോട് പറയുന്നത്. ശരീരങ്ങളെ വിശുദ്ധിയില്‍ നിലനിര്‍ത്തുമ്പോള്‍ ക്രിസ്തുവിന്റെ സാനിധ്യവും നമ്മില്‍ ജീവനോടെ നിലനില്‍ക്കുന്നു. നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ സാമീപ്യം അനുഭവിക്കാന്‍ നമുക്ക് കൃപ ലഭിക്കുന്നു. നമ്മില്‍ നിലനില്‍ക്കുന്ന പരിശുദ്ധാത്മാവിനെ പരിപോഷിപ്പിക്കാനും ഉത്തേജിപ്പിക്കാനും നമുക്ക് ഇത് സഹായകരമാകുന്നു.

 ദൈവമക്കള്‍ അര്‍പ്പിക്കുന്ന ഏറ്റവും വലിയ ആരാധനയാണല്ലോ പരിശുദ്ധ കുര്‍ബ്ബാന. പരിശുദ്ധ കുര്‍ബ്ബാനയില്‍ ദൈവത്തെ ആരാധിക്കുകയും ഏറ്റവും പരിശുദ്ധമായ ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുമ്പോള്‍ നാം ഹൃദയത്തില്‍ ആഴമായി ധ്യാനിക്കണം. ആ വിശുദ്ധ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ തക്ക വിശുദ്ധി എന്റെ ശരീരത്തിനുണ്ടോ? അശുദ്ധമായ ശരീരത്തിലേക്കാണോ നാം ഈശോയെ സ്വീകരിക്കുന്നത്. കര്‍ത്താവിനെ ആരാധിക്കുന്ന സമയങ്ങളില്‍ നാം എത്രമാത്രം വിശുദ്ധിയോടെയാണ് അവിടുത്തെ സന്നിധിയില്‍ ആയിരിക്കുന്നത് എന്ന് നമുക്ക് ചിന്തിക്കാം. ജഡത്തിന്റെ പാപങ്ങളേയും, ലൗകീക സുഖങ്ങളും ഉപേക്ഷിച്ച് ഏറ്റവും വിശുദ്ധമായ ഒരു ശരീരവും മനസുമായി ദൈവസാന്നിധ്യം കൊണ്ട് നമുക്ക് നിറയാം.

 വചനം പറയുന്നു, യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്. നമ്മുടെ വേദനകള്‍ പൂര്‍ണ്ണമായി ദൈവത്തിനു വിട്ടുനല്‍കി പൂര്‍ണ്ണ മനസോടെ ആത്മാവിലും സത്യത്തിലും ആരാധിക്കുമ്പോഴാണ് അത് അത്ഭുതത്തിന്റെ നിമിഷങ്ങളാകുന്നത്. സ്വന്തം കഴിവുകളില്‍ ആശ്രയിക്കാതെ ദൈവകരുണയില്‍ ആശ്രയിച്ചുകൊണ്ട് നമ്മുടെ കര്‍ത്താവിനെ നമുക്ക് ആരാധിക്കാം. വിശുദ്ധമായ ശരീരത്തോടെ ആരാധനയില്‍ പങ്കുചേരുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ മാലാഖമാരും വിശുദ്ധരും നുകരുന്ന സ്വര്‍ഗ്ഗീയ ആനന്ദം അനുഭവിക്കുവാന്‍ നമുക്കും സാധിക്കും. ആ സ്വര്‍ഗ്ഗീയ ആനന്ദം നമ്മിലേക്ക് കടന്നു വരുമ്പോഴാണ് ആരാധന ഒരു ദൈവാനുഭവമായി മാറുന്നത്. അതിനായി നമ്മുടെ ശരീരങ്ങളെ വിശുദ്ധിയില്‍ സൂക്ഷിക്കാന്‍ നമുക്ക് ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. സര്‍വ്വ ആരാധനയ്ക്കും അര്‍ഹനായ ത്രിയേക ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ആമേന്‍.

385 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912