നമുക്കും അവനോടൊപ്പം പോയി മരിക്കാം
അജോ പുതുമന

ഇക്കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളില്‍ വന്ന വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയായിരുന്നു ദുരന്തനിവാരണ പരിശീലനപരിപാടിയുടെ ഭാഗമായ മോക് ഡ്രില്ലിനിടെ ഒരു പെണ്‍കുട്ടി മരിച്ച സംഭവം. പരിശീലകന്‍ നിര്‍ബന്ധിച്ച് തള്ളിയിട്ടപ്പോള്‍ താഴെ സജ്ജീകരിച്ചിരുന്ന സുരക്ഷാക്രമീകരണങ്ങള്‍ക്കൊന്നും അവളുടെ ജീവന്‍ രക്ഷിക്കാനായില്ല. നമ്മുടെയൊക്കെ ആത്മീയജീവിതത്തിന്റെ അവസ്ഥയും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാണ്. വ്യക്തിപരമായ ദൈവാനുഭവം ഇല്ലാതെ മറ്റുപലരുടേയും വിശ്വാസം കണ്ടും നിര്‍ബന്ധത്തിനു വഴങ്ങിയും ആത്മീയ ജീവിതത്തില്‍ മുന്നേറുമ്പോള്‍ ദാരുണമായ അന്ത്യം ആയിരിക്കും ഫലം. നമ്മുടെ വിശ്വാസം ക്രിസ്തു കേന്ദ്രീകൃതമല്ലായെങ്കില്‍ ഒരു വൈദീകനോ കന്യാസ്ത്രീക്കോ നമ്മുടെ ആത്മീയ ഗുരുസ്ഥാനത്ത് നില്‍ക്കുന്ന ആര്‍ക്കെങ്കിലുമോ ഒരിടര്‍ച്ച വന്നാല്‍ അന്ന് തീരും നമ്മുടെ വിശ്വാസവും പ്രാര്‍ത്ഥനയുമെല്ലാം.

 യേശു വെള്ളത്തിനു മീതെ നടക്കുന്നതു കണ്ട് പത്രോസ് അവനോട് പറഞ്ഞു: കര്‍ത്താവേ, അങ്ങാണെങ്കില്‍ ഞാന്‍ ജലത്തിനുമീതേകൂടി അങ്ങയുടെ അടുത്തേക്കു വരാന്‍ കല്‍പ്പിക്കുക. വരൂ അവന്‍ പറഞ്ഞു. പത്രോസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മുകളിലൂടെ യേശുവിന്റെ അടുത്തേക്കു നടന്നുചെന്നു. എന്നാല്‍ കാറ്റ് ആഞ്ഞടിക്കുന്നത് കണ്ട് അവന്‍ ഭയന്നു. ജലത്തില്‍ മുങ്ങിത്താഴാന്‍ തുടങ്ങി.(മത്തായി 14:28-30) പത്രോസിന്റെ നോട്ടം യേശുവില്‍ നിന്നും മാറി ആഞ്ഞടിക്കുന്ന കാറ്റിലേക്കും അലറിയടിക്കുന്ന തിരമാലകളിലേക്കും ആയപ്പോള്‍ അവന്റെ വിശ്വാസം നഷ്ടപ്പെട്ടു, അവന്‍ ഭയന്നു. കാറ്റിനേയും കടലിനേയും നിയന്ത്രിക്കുന്നവനാണു തന്നെ വിളിച്ചതെന്ന ബോധ്യം അന്ന് പത്രോസിനു ഉണ്ടായിരുന്നില്ല. മൂന്നു വര്‍ഷക്കാലം യേശുവിനോടൊപ്പം നടന്ന പത്രോസ് അവന്‍ മുന്നറിയിപ്പ് കൊടുത്തിട്ടും മൂന്നുവട്ടം തള്ളിപ്പറഞ്ഞത് നാം കാണുന്നുണ്ട്. യേശുവിന്റെ ഉത്ഥാനത്തിനു ശേഷം താന്‍ ഉപേക്ഷിച്ച വള്ളവും വലയുമായി പഴയ പണിക്കിറങ്ങുന്ന പത്രോസിനേയും നമുക്ക് കാണാം. അതേ പത്രോസാണ് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് പന്തക്കുസ്താ ദിനത്തിലെ ഒറ്റ പ്രസംഗത്തില്‍ മൂവായിരത്തോളം വിശ്വാസികളെ സഭയിലേക്ക് ആനയിച്ചത്. പിന്നീട് ആദിമ സഭ പത്രോസിന്റെ നേതൃത്വത്തില്‍ വളര്‍ന്നു എന്നത് ചരിത്രം.

 മുക്കുവന്‍ ആയിരുന്ന പത്രോസിനെ യേശു വിളിച്ചപ്പോള്‍ അവന്‍ വള്ളവും വലയും ഉപേക്ഷിച്ചിട്ട് പോന്നു. എന്നാല്‍ അത് നശിപ്പിച്ചു കളഞ്ഞിട്ടില്ലായിരുന്നു. പഴയനിയമത്തില്‍ ഏലീഷായെ ദൈവം വിളിക്കുന്ന സംഭവം വിവരിക്കുന്നുണ്ട്. വയലില്‍ കാളയെ പൂട്ടുകയായിരുന്ന ഏലീഷാ ദൈവവിളി കേട്ട ഉടനെ അവന്‍ ഒരു കാളയെ കൊന്ന് കലപ്പ കത്തിച്ച് മാംസം വേവിച്ച് ജനത്തിനുകൊടുത്തു. അവര്‍ ഭക്ഷിച്ചു. ഏലീഷാ ഏലിയായെ അനുഗമിച്ച്, അവന്റെ ശുശ്രൂഷകനായി തീര്‍ന്നു.(1രാജാക്കന്‍മാര്‍ 19:21) ഇനി ഒരു മടങ്ങിപ്പോക്കിന് സാധ്യത നല്‍കാത്ത വിധം ഉള്ള സമര്‍പ്പണമാണ് ഏലീഷാ നടത്തിയത്. ഇവിടെ ഒരു ക്രിസ്തു ശിഷ്യന്‍ എപ്രകാരമാണ് തനിക്കുള്ളതെല്ലാം ക്രിസ്തുവിനു വേണ്ടി  ഉപേക്ഷിക്കേണ്ടതെന്ന് വി.ഗ്രന്ഥം വരച്ചു കാട്ടുന്നു. നാം ദൈവകരങ്ങലിലേക്ക് നമ്മുടെ ജീവിതം സമര്‍പ്പിക്കുമ്പോള്‍ പൂര്‍ണ്ണ സമര്‍പ്പണം നടത്താന്‍ നമുക്ക് സാധിക്കണം. രണ്ട് വള്ളത്തില്‍ ചവിട്ടുന്ന പോലെയാകരുത്. 'കലപ്പയില്‍ കൈവച്ചിട്ട് പിന്തിരിഞ്ഞു നോക്കുന്ന ഒരുവനും സ്വര്‍ഗ്ഗ രാജ്യത്തിന് യോഗ്യനല്ല.'(ലൂക്ക 9:62)  

 നമ്മുടെയൊക്കെ ജീവിതത്തില്‍ നമ്മുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍, അതായത് നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ ചിലപ്പോള്‍ നമ്മള്‍ വീണുപോകാറുണ്ട്. ദൈവത്തെ പഴിക്കാനും നാം ഉപേക്ഷിച്ച പഴയ ജീവിതസാഹചര്യത്തിലേക്ക് മടങ്ങിപ്പോകാനും സാധ്യതയുണ്ട്. അപ്പോള്‍ നമുക്ക് ജോബിനെപ്പോലെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കണം. 'എന്റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍ നിന്ന് ഞാന്‍ ദൈവത്തെ കാണും.'(ജോബ് 19:26) നമ്മള്‍ പറഞ്ഞുവന്നത് ഒരു ക്രിസ്തുശിഷ്യന്‍ എപ്രകാരമാണ് തന്റെ തന്നെ വിളിയില്‍ ഉറച്ചു നില്‍ക്കേണ്ടത്, അതിനായി എത്രമാത്രം വില കൊടുക്കേണ്ടതായി വരും എന്നാണ്.

 'ക്രിസ്തുവിന്റെ സ്‌നേഹത്തില്‍ നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?'(റോമാ 8:35) എന്ന് പൗലോസ് ശ്ലീഹായെപ്പോലെ ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കത്തക്കവിധം ഒരു സമര്‍പ്പണം നാമിനിയും നടത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍ യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍ ആകുവാന്‍ നാം ഇനിയും ഏറെദൂരം പോകേണ്ടിയിരിക്കുന്നു. 'നമുക്കും അവനോടൊപ്പം പോയി മരിക്കാം' എന്ന് ധൈര്യപൂര്‍വ്വം വിളിച്ചു പറഞ്ഞ തോമാശ്ലീഹായുടെ വിശ്വാസപാരമ്പര്യത്തില്‍ അഭിമാനിക്കുന്ന നമുക്ക് അതില്‍ കുറയാത്ത വിശ്വാസ സ്ഥിരതയോടെ നമ്മുടെ വിശ്വാസം ഏറ്റുപറയുവാനും സുവിശേഷം പ്രഘോഷിക്കാനും സാധിക്കട്ടെ.

321 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137110