ആത്മാര്‍ത്ഥതയോടെ അണയാം... നിറചിരിയോടെ മടങ്ങാം.....
റിജോ മണിമല

അദൃശ്യമായ കൃപാവരങ്ങളുടെ ദൃശ്യമായ അടയാളങ്ങളാണ് കൂദാശകള്‍. തന്റെ മണവാട്ടിയായ സഭാശരീരത്തിലെ അംഗങ്ങളായ നാം ഓരോരുത്തരിലേക്കും കൃപയുടെ നീര്‍ച്ചാലുകളായി ഒഴുകിയിറങ്ങുവാന്‍ ദൈവപിതാവ് ഒരുക്കുന്ന അമൂല്യ സമ്മാനങ്ങള്‍. ഒരു ക്രൈസ്തവന്റെ ജീവിതത്തില്‍ ഉടനീളം ആശ്വാസവും സാന്ത്വനവും പകര്‍ന്നുകൊണ്ട് സ്വര്‍ഗ്ഗമെന്ന ലക്ഷ്യത്തില്‍ എത്തിച്ചേര്‍ക്കുന്നത് ഈ വി.കൂദാശകളാണ്. അതിനാല്‍ത്തന്നെ    ഓരോ പരിശുദ്ധകൂദാശകളും പരികര്‍മ്മം ചെയ്യപ്പെടുന്നത് ഏറ്റവും വിശുദ്ധിയോടുകൂടെയാണ്. 

 മാമ്മോദീസായിലൂടെ തിരുസഭയില്‍ ജന്മംകൊള്ളുന്ന നാം ഓരോരുത്തരിലേക്കും ദൈവപിതാവിന്റെ സ്‌നേഹവും വാത്സല്യവും വളരെയധികം ചൊരിയപ്പെടുന്നുണ്ട്. എന്നാല്‍ കാലങ്ങള്‍ പിന്നിടുമ്പോള്‍ ഈ ലോകത്തിന്റേതായ മോഹങ്ങളില്‍ നമ്മുടെ യൊക്കെ ജീവിതം ആടിയുലഞ്ഞുപോകുന്നു. അങ്ങനെ നാം അറിഞ്ഞും അറിയാതെയും ജീവിതത്തില്‍ പാപങ്ങള്‍ കടന്നുകൂടുകയും ക്രമേണ ദൈവസ്‌നേഹത്തില്‍ നിന്നും അകന്നു പോകുകയും ചെയ്യുന്നു. ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. സ്വര്‍ഗ്ഗമെന്ന ലക്ഷ്യം മറന്നുപോകുന്നു. എന്നാല്‍ എത്ര അകന്നുപോയാലും എത്രയൊക്കെ നാം മറന്നാലും നമ്മെ മറക്കാത്ത ആ നല്ല തമ്പുരാന്റെ അടുത്തേക്ക് തിരിച്ചുചെല്ലുവാന്‍ കാത്തിരിക്കുന്ന സ്‌നേഹക്കൂടാണ് കുമ്പസാരക്കൂട്. തിരുവചനം ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. 'എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍ അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍ പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.'(1 യോഹ 1:9)

 ശരീരത്തിന്റെ രോഗങ്ങള്‍ക്ക് മരുന്നുതേടി ആശുപത്രികള്‍ ലക്ഷ്യമാക്കി കുതിക്കുമ്പോള്‍ ആത്മാവിന്റെ മുറിവുണക്കാന്‍ പലപ്പോഴും നാം ശ്രദ്ധിക്കാറില്ല. പലപ്പോഴും പലരില്‍നിന്നും കേള്‍ക്കാറുള്ള പരാതിയാണ് എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും എങ്ങനെയൊക്കെ ജീവിച്ചിട്ടും ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകുന്നില്ല. ജീവിതം പച്ച പിടിക്കുന്നില്ല എന്നൊക്കെ. എന്തുകൊണ്ടാണ് ജീവിതം അഭിവൃദ്ധി പ്രാപിക്കാത്തത് എന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു. ഇന്ന് വിശുദ്ധിയോടെ ജീവിച്ചെങ്കില്‍ മാത്രമേ നാളെ അനുഗ്രഹങ്ങള്‍ കാണാന്‍ നമുക്ക് കഴിയൂ എന്ന യാഥാര്‍ത്ഥ്യം നാം ഉള്ളില്‍ ആഴപ്പെടുത്തേണ്ടിയിരിക്കുന്നു. നിസ്സാരമായ പാപങ്ങള്‍ ആണെന്ന് നമുക്ക് തോന്നുന്നവ പോലും ഒരു കൊച്ചുകുട്ടി തന്റെ അപ്പനോട് സംസാരിക്കുന്ന മനോഭാവത്തോടെ കുമ്പസാരത്തിലൂടെ ഏറ്റുപറഞ്ഞുകൊണ്ട് അനുതാപത്തിന്റെ വഴിയിലൂടെ നടക്കാന്‍ തുടങ്ങുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്നത് നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും.  

 ജീവിതത്തിന്റെ തിരക്കുകളില്‍ പെട്ട് നാം ഓടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി ജീവിതം മുന്നോട്ട് പോകുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടലിന്റെ നൊമ്പരങ്ങള്‍ പേറി ജീവിതം കഴിച്ചുകൂട്ടുന്നവര്‍ നമുക്കിടയില്‍ അനേകരുണ്ട്. അവിടെയാണ് കുമ്പസാരം എന്ന വി.കൂദാശയുടെ മഹത്വം നമുക്ക് മനസിലാകുന്നത്. തങ്ങളുടെ സങ്കടങ്ങള്‍ തുറന്നു പറയുവാന്‍, ജീവിതത്തിലെ വീഴ്ച്ചകളും പോരായ്മകളും എല്ലാം ഒന്നു പങ്കുവെയ്ക്കുവാന്‍ ആരുമില്ലാതെ നീറിക്കഴിയുന്ന അനേകം വ്യക്തികള്‍ ദേവാലയത്തിലെ കുമ്പസാര കൂട്ടിലേക്ക് ഓടിയണയുന്നത് എത്രയോ തവണ കണ്ടിട്ടുണ്ട്. കുനിഞ്ഞ ശിരസ്സുമായി വന്നവന്‍ പുഞ്ചിരിച്ച മുഖവുമായി തിരിച്ചു നടന്നുപോകുന്നതു കാണുമ്പോള്‍ അവനു അനുഭവിക്കാന്‍ കഴിഞ്ഞ ദൈവസ്‌നേഹം എത്രത്തോളം വലുതാണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

 പ്രിയപ്പെട്ടവരേ, നാം പിന്നിട്ട വഴികളിലേക്ക് നമുക്കൊന്നു തിരിഞ്ഞു നോക്കാം. ഇപ്പോള്‍ നാം ആയിരിക്കുന്നിടത്തു നിന്നും ഒരു 'യു ടേണ്‍' എടുക്കാം. ദൈവസ്‌നേഹത്തിലേക്ക് അടുത്തുകൊണ്ടിരുന്ന നമ്മെ തട്ടിവീഴ്ത്തിയ പാപത്തിന്റെ കൊച്ചു കൊച്ചു കല്ലുകള്‍ തിരിച്ചറിയാം. വീണ്ടും നമുക്ക് കടന്നുചെല്ലാം. സ്‌നേഹം മാത്രം വിളമ്പി നല്‍കുന്ന ആ കുഞ്ഞു കുമ്പസാര കൂട്ടിലേക്ക്. അവിടെ തന്നെ വിട്ട് ദൂരേക്കുപോയ തന്റെ പ്രിയമകന്റെ വരവും കാത്തു വിരിച്ച കരവുമായി ഒരു അപ്പന്‍ കാത്തുനില്‍ക്കുന്നുണ്ട്. അവന്റെ മാറില്‍ മുഖം ചേര്‍ത്തുകൊണ്ട് നമുക്ക് ഏറ്റു പറയാം. പിതാവേ സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുന്‍പിലും ഞാന്‍ പാപം ചെയ്തുപോയി. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.

89 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 86397