ജ്വലിച്ചുയര്‍ന്ന കുഞ്ഞുതാരകം
മൊബിന ബേബി

"ദൈവം ഈ ഭൂമിയെ മറന്നിട്ടില്ലെന്നതിനു തെളിവുകളാണ്

ഇവിടെ പിറന്നുവീഴുന്ന ഓരോ ശിശുക്കളും"

രവീന്ദ്രനാഥടാഗോര്‍ 

 

ദൈവജനം തന്നില്‍നിന്നും അകലാന്‍ തുടങ്ങുമ്പോള്‍- അവരുടെ വിശ്വാസതീക്ഷ്ണതയില്‍ ഇടിവു സംഭവിക്കുമ്പോള്‍- പ്രാര്‍ഥനജീവിതത്തില്‍ അലസരാകുമ്പോള്‍- പരസ്പരം ചേരിതിരിവുകള്‍ ഉടലെടുക്കുമ്പോള്‍- ദൈവം തന്റെ സന്ദേശവുമായി ജനതക്കുമുന്നില്‍ തന്റെ ദൂതന്‍മാരെയോ പ്രവാചകരെയോ പറഞ്ഞയക്കും. ഒരു പക്ഷേ, നമ്മുടെ കൊച്ചുകൂട്ടായ്മയിലും മാനുഷികമായ ഇടര്‍ച്ചകളോ, തളര്‍ച്ചകളോ നാമറിഞ്ഞോ അറിയാതെയോ വന്നുഭവിച്ചപ്പോള്‍- നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യത്തിന്റെ തണുപ്പ് അരിച്ചിറങ്ങിയപ്പോള്‍- പ്രാര്‍ഥനകള്‍ വിരസതയുടെ മൂടുപടം അണിയാന്‍ ആരംഭിച്ചപ്പോള്‍- ആത്മാവിന്റെ തീക്ഷ്ണതയില്‍ ഭൗതികതയുടെ ഇരുട്ട് പടരാന്‍ തുടങ്ങിയപ്പോള്‍-നമ്മെ കരുതുന്ന ദൈവം തന്റെ ദിവ്യസുവിശേഷവുമായി ഒരു കുഞ്ഞുമാലാഖയെ നമ്മുടെ അരികിലേക്കയച്ചു. അവനെ ഭൂമിയില്‍ സ്വീകരിക്കാന്‍ വിശ്വസ്തരായ രണ്ടു സഹനദാസരെ കര്‍ത്താവ് ഒരുക്കിയിരുന്നു. ഹൃസ്വമായ തന്റെ ദൗത്യകാലയളവില്‍- തന്റെ കുഞ്ഞിക്കണ്ണുകള്‍ അവന്‍ തുറന്നില്ല; പക്ഷേ നമ്മുടെ ഹൃദയകവാടങ്ങള്‍ മെല്ലെ തുറക്കാന്‍, അവിടൊരു നൊമ്പരപ്പൂവാകുവാന്‍ അവനു കഴിഞ്ഞു. ആ പിഞ്ചുചുണ്ടുകള്‍ ശബ്ദിച്ചില്ല; എന്നാല്‍ അവനുവേണ്ടി അനേകരുടെ അധരങ്ങള്‍ ദൈവസന്നിധിയില്‍ തുറക്കപ്പെട്ടു. അവന്റെ പൂമേനിയില്‍ അമ്മയുടെ സ്‌നേഹചൂട് അന്യമായിരുന്നു; എങ്കിലും നാമോരോരുത്തരെയും പ്രാര്‍ഥനയുടെ അഗ്നിയാല്‍ ജ്വലിപ്പിക്കാന്‍ അവനു കഴിഞ്ഞു. ഒരിറ്റുശ്വാസത്തിനായി പിടഞ്ഞപ്പോഴും കുഞ്ഞുറാഫേല്‍ നമ്മളെയെല്ലാം ഐക്യത്തിന്റെ സ്‌നേഹശ്വാസത്താല്‍ വീര്‍പ്പുമുട്ടിച്ചു. ഒരു മനസ്സോടെ നാമര്‍പ്പിച്ച യാചനകള്‍ വിഫലമായെന്ന നിരാശവേണ്ടാ, കാരണം കുഞ്ഞുറാഫേലിന്റെ ഇളംനെറ്റിയില്‍ നമ്മുടെ പ്രാര്‍ഥനയുടെ ചുടുചുംബനങ്ങളുണ്ടായിരുന്നു. ചുരുട്ടിപ്പിടിച്ച അവന്റെ ഇളംകൈയ്യില്‍ നാം അര്‍പ്പിച്ച ജപമാലമണികളുണ്ടായിരുന്നു. കുഞ്ഞിക്കാലുകളില്‍ വിശ്വാസതീക്ഷ്ണതയുടെ നനുത്തതലോടലുകള്‍ ഉണ്ടായിരുന്നു. തന്നില്‍ നാഥനേല്‍പ്പിച്ച മിഷണറി ദൗത്യം പൂര്‍ത്തിയാക്കി അവന്‍ മടങ്ങി - സ്വര്‍ഗ്ഗത്തിലെ കൊച്ചുവിശുദ്ധനായി - ഈശോയുടെ മാറോടുചേര്‍ന്നിരിക്കുന്ന നമ്മുടെ മധ്യസ്ഥനായി.

നമുക്ക് പരിശോധിക്കാം- ആയുസ്സും ആരോഗ്യവും ഉണ്ടായിട്ടും- സമയവും സാഹചര്യങ്ങളും അനുകൂലമായിട്ടും നാം എത്രപേരെ ദൈവസന്നിധിയിലേക്കു  നയിച്ചിട്ടുണ്ട്? ജീവിതത്തില്‍ നേരിടേണ്ടി വന്ന തകര്‍ച്ചകളോട് പൊരുത്തപ്പെടാനാകാതെ വിശ്വാസത്തില്‍ നിന്നും അകന്നുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ നമുക്ക് സാധിച്ചിട്ടുണ്ടോ? ലോകത്തിന്റെ പ്രലോഭനങ്ങളില്‍ മുഴുകിയവരെ തേടിപ്പിടിച്ച് തോളിലേറ്റുന്ന നല്ല ഇടയനാകാന്‍ കഴിഞ്ഞിട്ടുണ്ടോ? പകരം സ്വയം വിശുദ്ധിയുടെ പുറങ്കുപ്പായം അണിഞ്ഞ്- ഭക്തി പ്രകടനത്തിന്റെ തൊങ്ങലുകള്‍ ചാര്‍ത്തി-മാനുഷിക പ്രശംസ ലക്ഷ്യം വച്ച്-തൊലിപ്പുറമേ ക്രിസ്ത്യാനിയായി ചെറിയ പ്രശ്‌നങ്ങളില്‍ തളര്‍ന്നുപോവുകയും  ദൈവത്തെ കുറ്റപ്പെടുത്തുകയും കണക്കുപറഞ്ഞ് പഴിക്കുകയും ലോകത്തിന്റെ സഹായം തേടിയലയുകയും ചെയ്യുന്നു. ഇവിടെയാണ് കുഞ്ഞുറാഫേല്‍ നമുക്കു വഴികാട്ടുന്ന താരകമായി മിന്നിത്തിളങ്ങുന്നത്. സുകൃതംചെയ്ത അവന്റെ മാതാപിതാക്കള്‍ അടിയുറച്ച വിശ്വാസത്തിന്റെ ഉറപ്പുള്ള- ഉറ കെട്ടുപോകാത്ത യഥാര്‍ഥ ജീസസ് യൂത്തായി നമുക്ക് മാതൃകയാകുന്നത്. ദൈവം അനുവദിച്ച പരിമിതമായ സമയംകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ കുഞ്ഞുറാഫേലിനെപ്പോലെ നമുക്കും ലഭിച്ച താലന്തുകളെ ദൈവരാജ്യത്തിനായി സമര്‍പ്പിക്കാം. അതുകണ്ട് സ്വര്‍ഗ്ഗത്തിലിരുന്ന് ആ കുഞ്ഞുമിഷണറി പുഞ്ചിരിക്കട്ടെ...

255 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137910