മദ്ധ്യസ്ഥ പ്രാര്‍ത്ഥന
ജിന്‍സണ്‍ ജോസഫ്

നാം അനേകര്‍ക്ക് വേണ്ടി പലപ്പോഴായി പ്രാര്‍ത്തിച്ചിട്ടുള്ളവരാണ്. നമ്മുടെ അനേകം പ്രാര്‍ത്ഥനകള്‍ക്ക് ദൈവം ഉത്തരം നല്‍കിയിട്ടുമുണ്ട്. ചിലപ്പോഴെങ്കിലും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതെയും വന്നിട്ടുണ്ടാകാം. ആര്‍ക്കാണ് ദൈവസന്നിധിയില്‍ മദ്ധ്യസ്ഥത യാചിക്കാന്‍ യോഗ്യതയുള്ളത്.

 ലൂക്കാ സുവിശേഷകന്‍ യേശു ശതാധിപന്റെ ഭൃത്യനെ സുഖപ്പെടുത്തുന്ന സംഭവം മനോഹരമായി വിവരിക്കുന്നുണ്ട്. അതില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്ന ആള്‍ക്ക് വേണ്ട യോഗ്യതകള്‍ വ്യക്തമാക്കിത്തരുന്നുണ്ട്. യഹൂദ പ്രമാണികള്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, നീ ഇത് ചെയ്തുകൊടുക്കുവാന്‍ അവന്‍ അര്‍ഹനാണ്, കാര ണം അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക് വേണ്ടി ഒരു സിനഗോഗ് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. അതായത് തിരുസഭയെ സ്‌നേഹിക്കുകയും സഭ പടുത്തുയര്‍ത്തുവാനായി പരിശ്രമിക്കുകയും ചെയ്യുന്ന ആര്‍ക്കും ദൈവസന്നിധിയില്‍ മദ്ധ്യസ്ഥം യാചിക്കുവാനുള്ള യോഗ്യതയുണ്ട്. തുടര്‍ന്ന് നാം കാണുന്നത് തന്റെ അയോഗ്യത ഏറ്റുപറയുന്ന ശതാധിപനെയാണ്. ശതാധിപന്റെ എളിമയും വിശ്വാസവും കണ്ട് ഈശോ പറയുന്നുണ്ട്, ഇസ്രോയേലില്‍ പോലും ഇതുപോലൊരു വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്ന്. മദ്ധ്യസ്ഥം യാചിക്കുന്നവര്‍ക്ക് ഉണ്ടായിരിക്കേണ്ട അടിസ്ഥാന യോഗ്യതകളാണ് ആഴമേറിയ വിശ്വാസവും ദൈവത്തിലുള്ള എളിമയും ജോബിന്റെ പുസ്തകത്തില്‍ നാം കാണുന്നു, ജോബ് തന്റെ സ്‌നേഹിതന്‍മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരികെ കൊടുത്തു. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം എത്രയോ വിലമതിക്കുന്നു. അല്ലെങ്കില്‍ നാം മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ അതിനു ദൈവം എത്ര വലിയ സമ്മാനമാണ്  തരുന്നതെന്ന് ഇതിലൂടെ നമുക്ക് വ്യക്തമാകുന്നു. സോദം- ഗമോറയും നശിപ്പിക്കുന്നതിന് മുമ്പ് ദൈവം അബ്രാഹവുമായി നടത്തിയ സംഭാഷണവും ഇവിടെ പ്രസക്തമാണ്. അബ്രാഹം ദൈവത്തോട് ചോദിക്കുന്നു, അമ്പതു നീതിമാന്മാര്‍ ഉണ്ടോങ്കില്‍ നീ ഈ പട്ടണം നശിപ്പിക്കുമോ? തുടര്‍ന്ന് ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ ദൈവസന്നിധിയില്‍ ആ പട്ടണത്തിനുവേണ്ടി വാദിക്കുന്ന അബ്രാഹത്തെയാണ് നാം കാണുന്നത്. ഏലിയായുടെ പ്രാര്‍ത്ഥന കേട്ട് 3വര്‍ഷവും 6മാസവും മഴ പെയ്യാതിരുന്നും വീണ്ടും ഏലിയ പ്രാര്‍ത്ഥിച്ചതനുസരിച്ച് മഴ പെയ്തതുമായ സംഭവം രാജാക്കന്മാരുടെ പുസ്തകത്തില്‍ വായിക്കുന്നുണ്ട്. അവിടെ ഏലിയ ഒരു സാധാരണ മനുഷ്യന്‍ ആയിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. അതായത്, മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്ക് മാത്രമായി മാറ്റിനിര്‍ത്തിയിട്ടുള്ളതല്ല, ഏതൊരാള്‍ക്കും ദൈവസന്നിധിയില്‍ മാദ്ധ്യസ്ഥം നേടാനുള്ള അവകാശവും കടമയും ഉണ്ട്.

 സീയോന്‍ പുത്രി, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹം പോലെ കണ്ണുനീര്‍ ഒഴുകട്ടെ. നീ വിശ്രമിക്കരുത്. കണ്ണുകള്‍ക്ക് വിശ്രമം നല്‍കരുത്. രാത്രിയില്‍ യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാര പോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്കു കൈകളുയര്‍ത്തുക. വിലാപങ്ങള്‍2: 18-19 നമുക്ക് ചുറ്റും വേദനിക്കുന്നവര്‍ക്കുവേണ്ടി പീഡിപ്പിക്കപ്പെടുന്നവര്‍ക്കു വേണ്ടിയും കര്‍ത്തൃസന്നിധിയല്‍ കരങ്ങള്‍ ഉയര്‍ത്താന്‍ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. ദൈവത്തിന്റെ തീരുമാനത്തെപ്പോലും മാറ്റിമറിക്കാന്‍മാത്രം ശക്തമാണ് മധ്യസ്ഥ പ്രാര്‍ത്ഥന ഉറച്ച വിശ്വാസത്തോടും ആത്മാര്‍ത്ഥതയോടുംകൂടെ പ്രാര്‍ത്ഥിക്കുന്ന ഒരു ഹൃദയ ത്തെ തള്ളിക്കളയാന്‍ ദൈവത്തിനു സാധിക്കുകയില്ല. ക്രിസ്തീയ ആത്മീയതയുടെ പൂര്‍ണ്ണത മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. അതായത് പത്തുകല്പ്പനകളുടെ സംഗ്രഹമായ എല്ലാത്തിലും ഉപരിയായി ദൈവത്തെ സ്‌നേ ഹിക്കുക, തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്നതിന്റെ പ്രയോഗിക രീതിയാണ് മദ്ധ്യസ്ഥ പ്രാര്‍ത്ഥന.

 ഇത് ത്യാഗോത്മകമായ ഒരു പ്രാര്‍ത്ഥനയാണ്. സ്വന്തം ഇഷ്ടത്തേക്കാളേറെ മറ്റുള്ളവരുടെ ഇഷ്ടം തേടുന്ന പ്രാര്‍ത്ഥന. എന്നിലെ അഹങ്കാരത്തിന്‍മേലെ എളിമ വിജ യം വരിക്കുന്ന നിമിഷങ്ങളാണ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ സമയം. ആത്മീയതയുടെ വളര്‍ച്ചയുടെ ഒരു അളവുകോലായി നമുക്ക് ഇതിനെ കണക്കാക്കാന്‍ സാധിക്കും. ഞാനും ദൈവവുമായുള്ള ബന്ധത്തില്‍ എന്നെ ഒത്തിരിയേറെ സഹായിക്കുന്ന ഒന്നാണ് മദ്ധ്യസ്ഥ പ്രാര്‍ത്ഥന.

 'എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ ദാസന്റെ യാചനകളും പ്രാര്‍ത്ഥനകളും ശ്രവിക്കണമേ! അങ്ങയുടെ ദാസന്‍ ഇന്നു തിരുമുമ്പില്‍ സമര്‍പ്പിക്കുന്ന അര്‍ഥനകളും നിലവിളിയും കേള്‍ക്കണമേ!' 1രാജാക്കന്‍മാര്‍ 8 :28

 'ദൈവമേ എന്റെ നിലവിളി കേള്‍ക്കണമേ! എന്റെ പ്രാര്‍ത്ഥന ചെവിക്കൊള്ളണമേ!' സങ്കീര്‍ത്തനങ്ങള്‍ 61:1

948 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141468