ആഗ്രഹിക്കുന്ന നന്മ
ജിന്‍സണ്‍ ജോസഫ്

നിരവധി ധ്യാനങ്ങള്‍ കൂടിയിട്ടും, മുടങ്ങാതെ പള്ളിയില്‍ പോയിട്ടും കൂദാശകള്‍ കൈക്കൊണ്ടിട്ടും പല അവസരങ്ങളിലും നാം നാമമാത്രമായ ക്രിസ്ത്യാനികളായി ഒതുങ്ങിപ്പോകുന്നു. ആഗ്രഹത്തോടെയല്ലെങ്കിലും പാപസാഹചര്യങ്ങളില്‍ വീണുപോകുന്നു. ഈ ഭൂമിയിലുള്ള ഒരു മനുഷ്യനും പ്രലോഭനങ്ങള്‍ക്ക് അതീതരല്ല. വി. പൗലോസ് ശ്ലീഹാ പോലും പറയുന്നുണ്ട്, ഞാന്‍ ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണ് ചെയ്യുന്നതെന്ന്. അതിനുള്ള കാരണവും അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. നമ്മില്‍ കുടികൊള്ളുന്ന പാപം.

 നമ്മളെല്ലാവരും ഉള്ളിന്റെ ഉള്ളില്‍ നന്മയുള്ളവരാണെന്ന ബോധ്യം ആദ്യം തന്നെ നമുക്ക് ഉണ്ടാകണം.ആ നന്മ വേണ്ടരീതിയില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍, നമുക്കും നമ്മുടെ ചുറ്റുപാടുമുള്ള എല്ലാവര്‍ക്കും സന്തോഷവും സമാധാനവും പകര്‍ന്നു നല്‍കാന്‍ സാധിക്കും. ഈ നന്മയെ പുറത്തുകൊണ്ടുവരാന്‍ നമ്മില്‍ തടസ്സം നില്‍ക്കുന്നത് നമ്മുടെ ഉള്ളില്‍ തന്നെ കുടിക്കൊള്ളുന്ന പാപവും പൈശാചിക ശക്തികളുടെ സ്വാധീനവുമാണ്. 

 പാപം രോഗത്തെയും, രോഗം മരണത്തെയും വിളിച്ചു വരുത്തും. ബൈബിളില്‍ പറയുന്നു മനുഷ്യന്‍ ബലഹീനനാണെന്ന്. ഇത് പലരും അവരുടെ പാപങ്ങളെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നു. അതേ ബൈബിള്‍ തന്നെ നമുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്, നമ്മുടെ ബലഹീനതകളില്‍ ആത്മാവ് നമ്മുടെ സഹായത്തിനെത്തുമെന്ന്. അതെ, ദൈവീകജീവനായി നമ്മില്‍ കുടികൊള്ളുന്ന, ദൈവീകശക്തി നമ്മില്‍ നിറയ്ക്കുന്ന, ഈ പരിശുദ്ധാത്മാവിനു വേണ്ടിയാണ് നാം ദാഹിക്കേണ്ടതും, പ്രാര്‍ ത്ഥിക്കേണ്ടതും. ഈ ആത്മാവ് തന്നെയാണ് നമ്മുടെ ഉള്ളിലെ അവസാന പാപതുള്ളിയെപ്പോലും കഴുകി ദൈവകൃപയാല്‍ നിറയാനും വിശുദ്ധിയുടെ പാതയില്‍ വളരുവാനും നമ്മെ സഹായിക്കുന്നത്. ഇന്നത്തെ ലോകത്തില്‍ പാപങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക വളരെ പ്രയാസമാണ്. പാപമെന്നു പറയുമ്പോള്‍ നമ്മുടെ ഉള്ളില്‍ ആദ്യം എത്തുന്നത് കുറേ മാരകപാപങ്ങളാണ്. എന്നാല്‍ അത് മാത്രമല്ല നമ്മെ ദൈവത്തില്‍ നിന്നും അകറ്റുന്നത്. ജോലിമേഖലയിലെ നമ്മുടെ അനാസ്ഥ, അലസത, സമയത്തിന്റെ ദുര്‍വിനിയോഗം, സമ്പത്തിന്റെ ദുര്‍വിനിയോഗം, പരദൂഷണം, ഏഷണി അങ്ങനെ നാം നിസാരവത്ക്കരിക്കുന്ന പലതും. എന്തിനേറെ പറയുന്നു നീ ചെയ്യേണ്ട നന്മയെന്താണെന്നറിഞ്ഞിട്ടു അത് ചെയ്യാതിരിക്കുന്നെങ്കില്‍ അതും പാപമാണ്. ക്രിസ്ത്യാനികളെന്നു അഭിമാനിക്കുന്ന ഈ ചെയ്യേണ്ട നന്മ അത് അര്‍ഹിക്കുന്നവന്, അര്‍ഹിക്കുന്ന സമയത്ത് ചെയ്തു കൊടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയിട്ടില്ലേ? അത് നമ്മുടെ ഒരു ആശ്വാസവാക്കായിരിക്കാം, ഒരു ഫോണ്‍ കോള്‍ ആയിരിക്കാം, നമ്മുടെ കുറച്ചു സമയമായിരിക്കാം, ഒരു ചെറു പുഞ്ചിരി പോലുമാകാം. 

 നമ്മുടെ ഈ കാലഘട്ടം യുവാക്കളായ നമുക്ക് വഴിതെറ്റിപ്പോകാന്‍ ഒരുപാട് സാഹചര്യങ്ങള്‍ ഒരുക്കി തരുന്നുണ്ട്. നൂതന സാങ്കേതിക വിദ്യകള്‍ അതിന്റെ എല്ലാ ഗുണങ്ങളേയും കടത്തിവെട്ടി ദുരുപയോഗം ചെയ്യുന്നു. ക്രിയാത്മകമായ പല കാര്യങ്ങളും ചെയ്യേണ്ട നമ്മുടെ സമയം നിഷ്ഫലമായ കാര്യങ്ങള്‍ക്കു ഉപയോഗിക്കപ്പെടുന്നു. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാത്തവര്‍ നമ്മുടെ ഇടയില്‍ ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല. പലപ്പോഴും ആര്‍ക്കും ഒരുപകാരവും നല്‍കാത്ത കുറേ ഫോര്‍വേഡിങ്ങ്‌സ്. നമ്മള്‍ ഒരു മെസ്സേജ് ഫോര്‍വേഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരിത ഉറപ്പുവരുത്താന്‍ നാം ശ്രമിക്കാറുണ്ടോ?  ഇത് നമ്മള്‍ സമൂഹത്തോടും നമ്മോടു തന്നെയും ചെയ്യുന്ന ദ്രോഹമാണ്. തെറ്റായ സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കി അവരുടേയും നമ്മുടേയും വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നു. സമയം.. ദൈവം നമുക്ക് നല്‍കിയിരിക്കുന്നത് ക്രിയാത്മകമായി വിനിയോഗിക്കുവാനാണ്. വെറുതെ കളയുന്ന ഓരോ സെക്കന്റിനും കണക്കുപറയേണ്ടി വരും. ഉറങ്ങാനായി കിടക്കയില്‍ കയറുന്ന നമ്മള്‍, നമ്മുടെ സ്മാര്‍ട്‌ഫോണ്‍ ഒന്നു കൈയ്യിലെടുത്താല്‍, പിന്നെ ഉറങ്ങുന്നത് എത്രയേറെ വൈകിയായിരിക്കും. പക്ഷേ പത്തുമിനിറ്റ് പ്രാര്‍ത്ഥിക്കാന്‍ സമയം കിട്ടാത്തവരല്ലേ നാം. സമയം മാത്രമല്ല, ദൈവം തന്ന ആരോഗ്യം കൂടി നമ്മള്‍ നശിപ്പിക്കുന്നു. ഇതിനും നമ്മള്‍ ഉത്തരം കൊടുക്കേണ്ടിവരും. നമ്മുടെ കുമ്പസാരത്തില്‍ ഇവയൊന്നും നമ്മള്‍ ഉള്‍പ്പെടുത്താറില്ലെങ്കിലും ഉപേക്ഷയാല്‍ ചെയ്തു പോകുന്ന ഇവക്കൊക്കെ ദൈവത്തിന്റെ കണക്കു പുസ്തകത്തില്‍ ഇടതുഭാഗത്തു തന്നെയായിരിക്കും സ്ഥാനം.

 ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവര്‍ത്തികള്‍ ചെയ്യാന്‍ പരിശുദ്ധാത്മ നിറവില്‍ മാത്രമേ നമുക്ക് സാധിക്കുകയുള്ളൂ. ഈ പരിശുദ്ധാത്മാവിനെ നേടാന്‍ ആദ്യം നമുക്ക് വേണ്ടത് പാപബോധവും പശ്ചാതാപവുമാണ്. പരിശുദ്ധാത്മാവ് നമ്മില്‍ നിലനില്‍ക്കണമെങ്കിലോ, നിരന്തരമായ പ്രാര്‍ത്ഥനയും. നിങ്ങള്‍ പ്രാര്‍ത്ഥനയില്‍ മടുപ്പുള്ളവരായിരിക്കരുതെന്ന് ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കര്‍ത്താവ് നമ്മെ പഠിപ്പിച്ച പ്രാര്‍ത്ഥന ദിവസേന എത്ര തവണ നാം ചൊല്ലുന്നു. 'ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലെ' ഈ ഭാഗം ആത്മാര്‍ത്ഥതയോടെ ചൊല്ലുന്ന എത്ര പേരുണ്ട്? പഠിച്ചത് പാടുകയല്ലേ ചെയ്യുന്നത്. വചനം ചൂണ്ടികാണിക്കുന്നതുപോലെ നമ്മുടെ ആഗ്രഹമോ പ്രവര്‍ത്തിയോ അല്ല, പ്രത്യുത കര്‍ത്താ വിന്റെ ദയയാണ് എല്ലാത്തിനും അടിസ്ഥാനം. അവിടുത്തെ സ്‌നേഹം ഒന്നുകൊണ്ടു മാത്രമാണ് പാപികളായിരുന്നിട്ടും, ക്ഷമിക്കാതിരുന്നിട്ടും, അഹങ്കാരികളായിരുന്നിട്ടും നമ്മുടെ പല യാചനകളും സാധിച്ചു തരുന്നത്. അങ്ങനെയെങ്കില്‍ നാം അവിടുത്തെ ആഗ്രഹമനുസരിച്ച് ജീവിച്ചാല്‍ എന്താണു നമുക്ക് ലഭിക്കാത്തത്.

അവിടുത്തെ അനന്തമായ കരുണയില്‍ ആശ്രയിച്ചു ദൈവാത്മാവിനാല്‍ നിറയുവാനും, നിലനില്‍ക്കാനുമായി ഇച്ഛിക്കുന്ന നന്മ ചെയ്യാന്‍ നിരന്തരം പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം. ക്ഷമിക്കാം, സ്‌നേഹിക്കാം, നിസ്വാര്‍ത്ഥമായി..

276 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690