മൗനം.. വാചാലം.. ശാന്തം.. സുന്ദരം
മൊബിന ബേബി

പ്രകോപനപരമായ സാഹചര്യങ്ങളില്‍ ഒരുവന്‍ എപ്രകാരം പ്രതികരിക്കുന്നുവെന്നതിലാണ് അവന്റെ വ്യക്തിത്വം വെളിവാക്കപ്പെടുന്നത്. ഉയര്‍ന്ന തസ്തികകളിലേക്കു ള്ള ഇന്റര്‍വ്യൂകളില്‍ പലപ്പോഴും ഉദ്യോഗാര്‍ത്ഥിയുടെ ഈ കഴിവ് പരിശോധിക്കുവാ ന്‍ ചോദ്യകര്‍ത്താക്കള്‍ മനപൂര്‍വ്വം പ്രകോപനപരമായ ചോദ്യങ്ങള്‍ ഉയര്‍ത്താറുണ്ട്. ജീവിതപരീക്ഷകളിലും അപ്രതീക്ഷിതമായ പ്രകോപനങ്ങള്‍ കടന്നുവരുമ്പോള്‍ പൊ ട്ടിത്തെറിക്കുകയും തര്‍ക്കികുകയും മറ്റുള്ളവരെ പഴിചാരുകയും ചെയ്യുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. വാക്കുകളാല്‍, തിരിച്ചെടുക്കാനാകാത്തവിധം മുറിവേല്‍പ്പിക്കുകയും പകയും വിദ്വേഷവും മനസിലിട്ട് ആളിക്കത്തിച്ച് പ്രതികാരാഗ്നിയല്‍ എതിരാളിയെ ദഹിപ്പിക്കുകയും ചെയ്യുമ്പോഴാണ് നാം വലിയവനാകുന്നതെന്ന മിഥ്യാധാരണ പലര്‍ക്കുമുണ്ടാകാറുണ്ട്. കുടുംബജീവിതത്തിലും തൊഴില്‍മേഖലയിലും തെറ്റുസംഭവിച്ചയാളെ സാന്ത്വനിപ്പിക്കുന്നതിനുപകരം അത് പര്‍വ്വതീകരിച്ച് കുത്തുവാക്കുകള്‍ കൊണ്ട് ക്രൂശിക്കാന്‍ നമുക്ക് ഉത്സാഹമാണ്. ഇവിടെയാണ് 'സ്‌ട്രെസ്സ് മാനേജര്‍' എന്ന പദവിക്ക് അനുയോജ്യനായ യൗസേപ്പിതാവിനെ നമ്മുടെ ജിവിതത്തില്‍ പകര്‍ത്തേണ്ടത്. ജീവിതത്തിലെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷള്‍ക്കും വിഘാതമേറ്റ സന്ദര്‍ഭങ്ങളില്‍ മോഹഭംഗങ്ങളുടേയും ദുരിതങ്ങളുടേയും അലച്ചിലിന്റേയും അവസ്ഥകളില്‍ പിറുപിറുക്കുകയോ പങ്കാളിയെ പഴിപറയുകയോ ദൈവത്തോടു കലഹിക്കുകയോ ചെയ്യാതെ മൗനത്തിന്റെ മാധുര്യത്തില്‍ എല്ലാം ലയിപ്പിച്ച സൗമ്യനായ യൗസേപ്പിതാവ്.

 താനുമായി വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കൂടിവരവിനു മുമ്പേ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ഏതൊരു പുരുഷനും പതറി നിലതെറ്റി വീണുപോകുന്ന അവസ്ഥയിലേക്കു ജോസഫും വീണുപോയി. എന്നാല്‍ ഈ സാഹചര്യത്തിലും അദ്ദേഹം കാണിച്ച സമചിത്തതയും നീതിബോധവും ആധുനിക യുവത്വത്തിനുള്ള ഉത്തമ മാതൃകയാണ്. അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും സമൂഹമധ്യത്തില്‍ അവളേയും കുടുംബത്തേയും അപഹാസ്യരാക്കാനും യഹൂദശിക്ഷാവിധിയനുസരിച്ച് തന്നെ വഞ്ചിച്ചവളെ കല്ലെറിഞ്ഞുകൊല്ലുന്നതുകണ്ട് സായൂജ്യമടയാനും അദ്ദേഹം തരംതാണില്ല. പ്രണയാഭ്യര്‍ത്ഥനയോ വിവാഹഭ്യര്‍ത്ഥനയോ നിരസിച്ചതിന്റെ പേരില്‍ ആസിഡാക്രമണങ്ങളും അരുംകൊലകളും നടത്തി പ്രതികാരം വീട്ടുന്ന നിരവധി വാര്‍ത്തകള്‍ ഇന്ന് കേള്‍ക്കുമ്പോള്‍ സംയമനത്തിന്റെ മാന്യത യൗസേപ്പിതാവ് കാണിച്ചുതരുന്നു. അപ്രതീക്ഷിത പ്രശ്‌നങ്ങളില്‍ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിന്റെ മാതൃക മൗനംകൊണ്ട് വരയ്ക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടുതന്നെയാണ് വി.ഗ്രന്ഥം അദ്ദേഹത്തെ നീതിമാനെന്ന് സാക്ഷ്യപ്പെടുത്തുന്നതും.

 സൗമ്യതയുടെ കൂടാരത്തില്‍ ആവസിക്കുമ്പോഴാണ് ദൈവാനുഭവം ഉണ്ടാകുന്നതും നമ്മുടെ സംശയങ്ങള്‍ ദുരീകരിക്കപ്പെടുന്നതും ദൈവപദ്ധതിയില്‍ പങ്കുകാരാകാന്‍ സാധിക്കുന്നതും. പൂര്‍ണ്ണമായ വിട്ടുകൊടുക്കലിന്റെ അനുഭവത്തിലേക്കു കടന്നുചെല്ലുവാന്‍ യൗസേപ്പിതാവ് ഒട്ടും മടികാണിച്ചില്ല. വീണ്ടും അദ്ദേഹത്തെ കാത്തിരുന്നത് ദീര്‍ഘയാത്രകളുടെ കിതപ്പും പ്രവാസത്തിന്റെ യാതനകളുമായിരുന്നു. കടുപ്പമേറിയ കാലാവസ്ഥയും കഠിനമായ പാതകളും താണ്ടി അമ്മയേയും ശിശുവിനേയും അടക്കിപ്പിടിച്ച് ഭീതിയുടെ കരങ്ങളില്‍നിന്നും രക്ഷനേടാന്‍ തിടുക്കമേറിയ യാത്ര. ഒന്നിനു പുറകേ ഒന്നായി പരീക്ഷണങ്ങള്‍ കടന്നുവന്നപ്പോഴും യൗസേപ്പിതാവ് തന്റെ ശാന്തതയെ കീറിമുറിക്കാന്‍ അനുവദിച്ചില്ല. ദൈവം തന്നിലേ ല്‍പ്പിച്ച ദൗത്യം അതിന്റെ പൂര്‍ണ്ണതയില്‍ നിവര്‍ത്തിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. അപ്പന്റെ ശിക്ഷണത്തില്‍ വളര്‍ന്ന തമ്പുരാന്‍ ഈ ലേകത്തിന്റെ നിത്യരക്ഷക്കായി സ്വയം ബലിയായി. ചുറ്റുമുള്ളവര്‍ ഒറ്റിക്കൊടുത്തപ്പോഴും തള്ളിപ്പറഞ്ഞപ്പോഴും ഓശാന പാടിയവര്‍ 'ക്രൂശിക്ക' എന്നാര്‍ത്തപ്പോഴും ഈശോ പാലിച്ച ശാന്തസുന്ദരമൗനം യൗസേപ്പിതാവില്‍നിന്നും ആര്‍ജ്ജിച്ചതാകാം. അലയടിക്കുന്ന ജീവിതനൗകയില്‍ പൊള്ളയായ ശബ്ദകോലാഹലങ്ങളാല്‍ ആടിയുലയാതെ ശാന്തതയുടെ സംയമനം പാലിച്ച് നിശബ്ദമായി കാതോര്‍ക്കാം. യൗസേപ്പിതാവിനെപ്പോലെ ദൈവേഷ്ടത്തിന് പൂര്‍ണ്ണമായി വിധേയപ്പെടാം.

 ശബ്ദം താഴ്ത്തി-സ്‌നേഹസാമിപ്യമായി-ശാന്തസുന്ദരമായ ജീവിതാനുഭവങ്ങള്‍ ചുറ്റുമുള്ളവര്‍ക്ക് സമ്മാനിക്കാം. 

236 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137912