ക്രിസ്താനുഗമനം
ജെറിന്‍ രാജ്

'അവന്‍ അവരോട് പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും. തത്ക്ഷണം അവന്‍ വലകളുപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.'(മത്താ4: 19-20), പിന്നീടൊരിക്കല്‍ 'അവന്‍ പറഞ്ഞു ഞാന്‍ മീന്‍ പിടിക്കാന്‍ പോവുകയാണ്.... അതിനുശേഷം അവനോട് എന്നെ അനുഗമിക്കുക എന്നു പറഞ്ഞു.' (യോഹ 21:19) ശിമയോന്‍ പത്രോസിന്റെ ജീവിതത്തിലെ 2 വ്യത്യസ്ഥ ജീവിത സാഹചര്യങ്ങള്‍ വി.ഗ്രന്ഥം വിവരിക്കുന്നത് ശ്രദ്ധിക്കുക. ഇതില്‍ ഒന്നാം ഭാഗത്ത് ദൈനംദിന ജീവിതത്തിനായ് അദ്ധ്വാനിച്ചിരുന്ന മുക്കുവനായ മനുഷ്യന്‍. യേശുക്രിസ്തുവിന്റെ എന്നെ അനുഗമിക്കുക എന്ന ഒറ്റ വിളിയാല്‍ ഒരുപാട് ജീവിതപ്രതീക്ഷകളുമായി തനിക്കുണ്ടായിരുന്ന സകലവും ഉപേക്ഷിച്ച് അവന്റെ പിന്നാലെ പോകുന്നു. ഭാഗം രണ്ടില്‍ ക്രിസ്തുവിന്റെ മരണശേഷം തന്റെ സകല പ്രതീക്ഷകളും കെട്ടു പോയി എന്ന് വിലപിച്ച് ഒരിക്കല്‍ ഉപേക്ഷിച്ച ജീവിതസാഹചര്യങ്ങളിലേക്ക് മടങ്ങുന്നു. പക്ഷേ ക്രിസ്തുവിനോടുള്ള അചഞ്ചലമായ സ്‌നേഹം ആ മനുഷ്യന്റെ ഉള്ളില്‍ അണകെട്ടി കിടന്നിരുന്നു. അതാണ് ഉവ്വ് കര്‍ത്താവേ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് ഏറ്റുപറയാനും, എന്റെ ശിഷ്യഗണത്തെ മേയിക്കുക, എന്നെ അനുഗമിക്കുക എന്ന് യേശുവിനെക്കൊണ്ട് വീണ്ടും പറയിക്കുവാനും ഇടവരുത്തിയത്.

 പണ്ടെപ്പോഴോ കൂടിയ ധ്യാനത്തിലൂടെയോ നല്ലവരായ വീട്ടുകാരുടേയോ സന്യസ്തരുടേയോ ഉപദേശത്താലോ ഒക്കെ യേശുവിനെ അനുഗമിക്കാന്‍ ആഗ്രഹിച്ചവരും ഒരിക്കലെങ്കിലും അതിനു തീരുമാനമെടുത്തിട്ടുള്ളവരുമാണ് നാമൊക്കെ. ചിലര്‍ നാട്ടിലെ തന്നെ വിവിധ ക്രിസ്തീയ   മുന്നേറ്റ കൂട്ടായ്മകളില്‍ അംഗങ്ങള്‍ ആയിരുന്നേക്കാം, മറ്റുചിലര്‍ സമൂഹനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരായിരുന്നേക്കാം. അതുമല്ലെങ്കില്‍ ചിലരെങ്കിലുമൊക്കെ സുവിശേഷവേലയ്ക്കായ് ഇറങ്ങിത്തിരിച്ചിരിക്കാം. ഒടുവില്‍ ഇതു വായിക്കുന്ന   നീയും ഞാനും ഇന്ന് ഈ മരുഭൂമിയിലെ മരുപ്പച്ചയില്‍ ഉപേക്ഷിച്ച വള്ളവും വലയു മെടുത്ത് ഉപജീവനത്തിനായ് രാവിനെ പകലാക്കി അദ്ധ്വാനിക്കുന്നു. ചിലരുടെയെങ്കിലും മനസ്സില്‍ ക്രിസ്തു മരിച്ചിരിക്കാം. എന്നാല്‍ സഹോദരാ, സഹോദരീ, ഇത് ഉയര്‍ത്തെഴുന്നേറ്റ ഈശോയെ കാണേണ്ട സമയമാണ്. 

 യേശു പത്രോസിനെ ശാസിക്കുന്നതായി നാം കാണുന്നില്ല. പകരം അവിടുന്ന് അ വനോട് 'നീ എന്നെ സ്‌നേഹിക്കുന്നുവോ'എന്ന് ചോദിക്കുകയാണ്. താന്‍ നഗ്നനാണെന്ന തിരിച്ചറിവില്‍ ആദത്തിനെപ്പോലെ അവന്‍ ഒളിച്ചിരുന്നില്ല. പിന്നേയോ കടലിലേക്ക് എടുത്തുചാടി, വസ്ത്രം ധരിച്ച് ക്രിസ്തുവിന്റെ മുമ്പില്‍ വന്നു നിന്ന് 'ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന് ഏറ്റുപറയുകയാണ്. ഈയൊ രു ആത്മാര്‍ഥ സ്‌നേഹവും അതിന്റെ പ്രഖ്യാപനവുമാണ് നമ്മുടെ കര്‍ത്താവ് നമ്മി ല്‍ നിന്നും ആഗ്രഹിക്കുന്നതും. ഒരുപക്ഷേ, നമ്മുടെ ജോലിത്തിരക്കുകള്‍ കാരണം നമ്മുടെ പ്രാര്‍ത്ഥനാ ജീവിത്തിനും ആത്മീയ ജീവിതത്തിനും മങ്ങലേറ്റിട്ടുണ്ടാകാം. സാരമില്ല, ക്ഷമിക്കുന്നവനാണ് നമ്മുടെ ദൈവം. പന്തക്കൊസ്തയിലൂടെ അവിടുന്ന് നമുക്ക് നല്‍കിയ സഹായകന്റെ- പരിശുദ്ധാത്മാവിന്റെ കൂട്ട് പിടിച്ച് നമുക്ക് ഏറ്റുപറയാം, ഉവ്വ് കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. അപ്പോള്‍ അവിടുന്ന് നമ്മോട് പറയും 'എന്റെ കുഞ്ഞാടുകളെ മേയ്ക്കുക, എന്നെ അനുഗമിക്കുക'

 സഹോദരങ്ങളെ, ഏത് ജീവിത സാഹചര്യങ്ങളിലായിരുന്നാലും നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യം മറക്കാതെ അനേകരിലേയ്ക്ക് ദൈവസ്‌നേഹം എത്തിക്കുവാന്‍, യേശുവിന്റെ പാത പിന്തുടരുവാന്‍- യേശുവിനെ അനുഗമിക്കാന്‍ നമുക്ക് പ്രത്യകിച്ച് പെന്തക്കൊസ്തയോടു ചേര്‍ന്നുള്ള ഈ ദിനങ്ങളില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കാം. പരിശുദ്ധാത്മാവ് നമ്മില്‍ വന്നു നിറയട്ടെ, ആമ്മേന്‍.

337 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141476