ഒഴുകട്ടെ സ്‌നേഹം നദിയായി...
റിജോ മണിമല

പരിശുദ്ധാത്മാവ്. പരിശുദ്ധത്രിത്വത്തിലെ മൂന്നാമന്‍. മാമ്മോദീസാ എന്ന വിശുദ്ധ കൂദാശയിലൂടെ തിരുസഭാമാതാവിന്റെ മടിത്തട്ടിലേക്ക് നാം പിച്ചവച്ചു കടന്നു ചെല്ലുമ്പോള്‍ നമ്മില്‍ ആവസിക്കുന്ന ദൈവീക സാന്നിദ്ധ്യം. സ്ഥൈര്യലേപനകൂദാശയിലൂടെ നമ്മില്‍ സ്ഥിരീകരിക്കപ്പെട്ട് നമ്മുടെ ആത്മാവിനോട് ചേര്‍ന്നുനിന്ന് നമ്മെ ബലപ്പെടുത്തുന്ന ആ പരിശുദ്ധാത്മാവ്, നമ്മുടെ ജീവിതത്തില്‍ ഉടനീളം നമ്മോടുകൂടെ ചരിക്കുന്നുണ്ട്. 

 സമ്മാനം ലഭിക്കുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും അത്യധികം സന്തോഷം പകരുന്ന ഒന്നാണ്. മൂന്നു വര്‍ഷക്കാലം തങ്ങളുടേതായ എല്ലാം ഉപേക്ഷിച്ചുകൊണ്ട് തങ്ങള്‍ അനുഗമിച്ച ഗുരു ഒരുദിവസം പെട്ടെന്ന് കുരിശില്‍ മരിച്ചു കഴിഞ്ഞപ്പോള്‍, വലിയ കഴിവും പ്രാപ്തിയും ഒന്നും ഇല്ലാത്ത മുക്കുവന്‍മാരും       സാധാരണക്കാരുമായ ആ പാവങ്ങള്‍, പതറിപ്പോയി. എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി വള്ളവും വലയും പൊടിത്തട്ടിയെടുത്തു കൊണ്ട് വീണ്ടും പഴയ ജീവിത വഴികളിലേക്ക് ഇറങ്ങിയെങ്കിലും വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ഈശോ നല്‍കി യ സമ്മാനമാണ് പരിശുദ്ധാത്മാവ്. മീന്‍ പിടിക്കാന്‍ ഇറങ്ങിത്തിരിച്ചവരെ മനുഷ്യരെ പിടിക്കാന്‍ തക്ക കപ്പാസിറ്റി ഉള്ളവരാക്കിമാറ്റി ആ ശക്തിദായകനായ ആത്മാവ്. കടലിന്റെ ആഴവും മത്സ്യത്തിന്റെ ലഭ്യതയും മാത്രം പരിചയമുണ്ടായിരുന്നവരെ ലോകത്തിന്റെ അതിര്‍ത്തിയിലേക്ക് നയിച്ച ഈ പരിശുദ്ധാത്മാവ് വരങ്ങളും ദാനങ്ങളും പകര്‍ന്നുനല്‍കിക്കൊണ്ട് അവരെ സമ്പന്നരാക്കി. ഗലീലി കടലിലും ജോര്‍ദ്ദാന്റെ തീരങ്ങളിലും മാത്രമായി ഒതുങ്ങി കൂടിയിരുന്നവര്‍ ലോകത്തിന്റെ അതിര്‍ത്തികള്‍വരെ സ്‌നേഹത്തിന്റെ സുവിശേഷവുമായി കടന്നുചെന്നത്, കൂടെ നടന്ന ക്രൂശിതന്‍ പക ര്‍ന്നുനല്‍കിയ പരിശുദ്ധാത്മാവിന്റെ ഒറ്റ ബലത്തിലാണ്. മുക്കുവ ഭാഷ മാത്രം കൈ മുതലായുള്ള പത്രോസിലും ചുങ്കംപിരിച്ചു നടക്കുന്നവന്റെ  കാര്‍ക്കശ്യ ഭാഷ മാത്രം പരിചയമുള്ള മത്തായിയിലും പരിശുദ്ധാത്മാവിന്റെ പന്തക്കുസ്താനുഭവം ഉണ്ടായപ്പോള്‍ അവരെ കേട്ട ആയിരങ്ങള്‍ തങ്ങളുടെ ഭാഷകളില്‍ ദൈവപിതാവിന്റെ സ്‌നേഹമന്ത്രണം അനുഭവിച്ചറിഞ്ഞു.

 രണ്ടായിരത്തിപ്പതിനെട്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് ആ ശിഷ്യഗണങ്ങളില്‍ ആവസിച്ച പരിശുദ്ധാത്മാവ് അതേ വരങ്ങളും ദാനങ്ങളും പകര്‍ന്നു നല്‍കിക്കൊണ്ട് നമ്മുടെ ജീവിതങ്ങളെ ധന്യമാക്കുന്നുണ്ട്. കൊറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനം 12-ാം അദ്ധ്യായത്തില്‍ പരിശുദ്ധാത്മാവിന്റെ വ്യത്യസ്തമായ വരങ്ങളെക്കുറിച്ച് പൗലോസ്ശ്ലീഹാ  പഠിപ്പിക്കുന്നുണ്ട്. 'ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്‍കുന്നു. ഒരുവന് അത്ഭുതങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശക്തിയും, മറ്റൊരുവന് പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും, വേറൊരുവന് ഭാഷാവരവും, വേറൊരുവന് വ്യാഖാനത്തി നുള്ള വരവും അതേ ആത്മാവു തന്നെ നല്‍കുന്നു.'(1 കോറി 12:8-10) നമ്മുടെ ഉള്ളില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന ഈ വരങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ദൈവീകപദ്ധതികള്‍ക്കായി അവയെ വിനിയോഗിക്കുമ്പോള്‍ നമ്മുടെ ജീവിതം അതിന്റെ യഥാര്‍ത്ഥ ഫലങ്ങള്‍ പ്രാപിക്കും.

 ഒരുപക്ഷേ,നമ്മില്‍ പലരും ചിന്തിച്ചേക്കാം എന്റെ ജീവിത്തില്‍ ഈ വരങ്ങളൊന്നും നല്‍കപ്പെട്ടിട്ടില്ല എന്ന്. എന്നാല്‍ ദൈവത്തിന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട ഓരോ വ്യക്തിയിലും പരിശുദ്ധാത്മാവിന്റെ വ്യത്യസ്തമായ പ്രവര്‍ത്തനം പലതരത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും. നമ്മുടെ സമൂഹത്തില്‍ ജീവിച്ചു കടന്നുപോയ പല വിശുദ്ധജീവിതങ്ങളും അതിന്റെ സാക്ഷ്യങ്ങളാണ്.      മഠത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിച്ചുകൊണ്ട് തന്റെ ജീവിതത്തെ ക്രൂശിതജീവിതത്തോട് ചേര്‍ത്തുവെച്ച അല്‍ഫോന്‍സാമ്മയും തെരുവിന്റെ മക്കളില്‍ ക്രിസ്തുവിന്റെ മുഖം തിരിച്ചറിഞ്ഞ മദര്‍തെരേസയും എല്ലാം പരിശുദ്ധാത്മനിറവില്‍ ജീവിച്ച ഈ നൂറ്റാണ്ടിന്റെ മാതൃകകളാണ്. വചനം പ്രഘോഷിക്കുമ്പോഴും രോഗശാന്തി വരങ്ങള്‍ ഉപയോഗിക്കുമ്പോഴും മാത്രമല്ല പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നമുക്ക് അനുഭവിക്കാന്‍ സാധിക്കുക. മറിച്ച് സ്വസഹോദരനോട് ദയകാണിക്കുമ്പോഴും അകാരണമായി സഹനങ്ങള്‍ കടന്നുവരുമ്പോള്‍ ക്ഷമയോടെ അതിനെ സ്വീകരിക്കുമ്പോഴുമെല്ലാം പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ നമ്മില്‍ നിറയുകയാണ് ചെയ്യുന്നത്. ആ നിമിഷങ്ങളില്‍ നമ്മുടെ ആത്മാവ് ദൈവത്തിന്റെ ആത്മാവോട് ചേര്‍ന്ന് നടക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും നമുക്ക് അത് തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്ന് മാത്രം. പരിശുദ്ധാത്മാവിന്റെ വരദാനഫലങ്ങള്‍ നമ്മില്‍ ചൊരിയുമ്പോള്‍ സ്വര്‍ഗ്ഗം എന്താണ് നമ്മില്‍ നിന്ന് ആഗ്രഹിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എല്ലാ വര ങ്ങളും ലക്ഷ്യമാക്കുന്നത് സ്‌നേഹം മാത്രമാണ്. പ്രതിഫലം പ്രതീക്ഷിക്കാത്ത നിസ്വാര്‍ത്ഥ സ്‌നേഹം. പൗലോസ്ശ്ലീഹാ അത് നമ്മെ പഠിപ്പിക്കുന്നുണ്ട്. 'എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാന്‍ ഒന്നുമല്ല.'(1 കോറി 13:2) സ്‌നേഹം എന്നത് ഉള്ളില്‍ നിന്നും ഉറവപൊട്ടേണ്ട ഒന്നാണ്. നമ്മുടെ ചുറ്റുപാടുകളില്‍ വേദനിച്ചു കഴിയുന്നവരിലേക്ക് സ്‌നേഹത്തിന്റെ സാക്ഷ്യമായി കടന്നുചെല്ലുവാന്‍ നമുക്ക് കഴിയണം. അതിനുവേണ്ടി ഒരിക്കലും അവസാനിക്കാത്ത സര്‍വ്വോല്‍കൃഷ്ടമായ സ്‌നേഹത്തിനുവേണ്ടിയുള്ള ദാഹം നമ്മില്‍ നിറയട്ടെ. അനേകം ആത്മാക്കളെ ദൈവത്തിനു വേണ്ടി നേടുവാനായി, ഏലിയായുടെ ആത്മാവിന്റെ ഇരട്ടി പങ്ക് ആവശ്യപ്പെട്ട എലീഷായെപ്പോലെ നമുക്കും പരിശുദ്ധാത്മാവിനു വേണ്ടി തീവ്രമായി ആഗ്രഹിക്കാം. അങ്ങനെ സ്വര്‍ഗ്ഗം ആഗ്രഹിക്കുന്നതുപോലെ നമ്മുടെ ഉള്ളില്‍ നിന്നും അണമുറയാത്ത സ്‌നേഹം വറ്റിവരണ്ട ഹൃദയനിലങ്ങളിലേക്ക് ഒഴുകട്ടെ. ദൈവം എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

292 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141480