പരിശുദ്ധാത്മാവ് ; സഹായകനും ശക്തിദായകനും
റീഗന്‍ ജോസ്

പരിശുദ്ധാത്മാവിനെ കുറിച്ച് പ്രത്യേകമായി ധ്യാനിക്കുന്ന അവസരമാണ് പന്തക്കുസ്താദിനം. തീനാളങ്ങളുടെ രൂപത്തില്‍ ശിഷ്യന്മാരുടെമേല്‍ വന്ന പരിശുദ്ധാത്മാവിനെ കുറിച്ച് ധ്യാനിക്കുമ്പോള്‍ നമുക്ക് പഴയനിയമത്തിലെ മോശയെ ഒന്നു കാണാം. അമ്മായിഅപ്പന്റെ ആടുകളെ മേയിച്ച്‌ക്കൊണ്ട് മരുഭൂമിയിലൂടെ നടന്നുനീങ്ങുന്ന മോശയെ. മുള്‍പ്പടര്‍പ്പിലെ അണയാത്ത തീനാളങ്ങളാണ് മോശയെ അവിടേക്ക് ആകര്‍ഷിച്ചത്. ഇവിടെ മോശയുടെ ശ്രദ്ധയെ ആകര്‍ഷിച്ച രണ്ട് കാര്യങ്ങളാണ് മുള്‍പ്പടര്‍പ്പും അതിനെ ചാമ്പലാക്കാതെ കത്തിക്കൊണ്ടു നില്‍ക്കുന്ന തീനാളവും.ദൈവം അങ്ങനെയാണ്. എളിയവരെ തനിക്കായി തിരഞ്ഞെടുക്കുകയും അവരെ ശക്തരാക്കുകയും ചെയ്യും. ഇവിടെ എളിയവനായ മോശയെ തിരഞ്ഞെടുക്കാന്‍ ദൈവം ഉപയോഗിച്ചത് എല്ലാവരാലും അവഗണിക്കപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്ത മുള്‍പ്പടര്‍പ്പാണ്. ദൈവം അഗ്നിയിറക്കിയത് ഒലിവു മരത്തിലോ കരുവേലകത്തിലോ അല്ല, മറ്റുള്ളവരാല്‍ തള്ളിമാറ്റപ്പെട്ടിരുന്ന മുള്‍പ്പടര്‍പ്പിലാണെന്നത് നമ്മുടെ ജീവിതത്തില്‍ പ്രത്യാശയുടെ പുതുനാമ്പുകള്‍ മുളപ്പിക്കുന്നു. ഒരു വലിയ പ്രവാചകനോ സ്ഥാനമാനങ്ങളൊന്നുമോ ഇല്ലാത്ത വ്യക്തിയാണെങ്കിലും ഈ മുള്‍പ്പടര്‍പ്പിലേക്ക് അങ്ങയുടെ അഗ്നി അയക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാനാകും. 

 സമാനമായ ഒരു വീക്ഷണകോണില്‍ പന്തകുസ്താ ദിനത്തെ നമുക്ക് കാണാം. സമൂഹത്തിന്റെ താഴേത്തട്ടില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇരുന്നവര്‍, ലോകരക്ഷകന്റെ കൂടെയായിരിക്കുവാന്‍ ഭാഗ്യമുണ്ടായിട്ടും ദൈവീകഭാവം തിരിച്ചറിയാന്‍ കഴിയാതിരുന്നതു കൊണ്ടായിരിക്കാം ഒരുപക്ഷേ, യേശുവിനെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. 'ഞാന്‍ പോകുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. ഞാന്‍ പോകുമ്പോള്‍ നിങ്ങള്‍ക്കായി ഒരു സഹായകനെ ഞാന്‍ നിങ്ങള്‍ക്ക് തരും' എന്ന്.

 രോഗബാധിതനായ ഒരു വ്യക്തി രോഗത്തിനുള്ള മരുന്ന് കൂടെ ക്കൊണ്ടുനടക്കുന്നത് കൊണ്ട് അയാളുടെ രോഗം മാറുകയില്ല, അത് ആ വ്യക്തി ഭക്ഷിക്കുകയും, അങ്ങിനെ ശരീരത്തില്‍ പ്രവേശിച്ച് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ രോഗം ശമിക്കുകയും ആ വ്യക്തിക്ക് ആരോഗ്യം ലഭിക്കുകയും ചെയ്യുകയുള്ളൂ. ശിഷ്യന്മാരുടെ കൂടെ നടന്നിട്ടും തിരിച്ചറിയാതിരുന്ന ശിഷ്യന്മാരുടെ ഉള്ളിലേക്ക് പ്രവേശിച്ച് അവരുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിക്കുന്ന പരിശുദ്ധാത്മാവിനെ അയച്ചുകൊടുത്തത്, യേശുവിന്റെ ജനനവും പരസ്യജീവിതവും മരണവും ഉത്ഥാനവുമെല്ലാം ദൈവരാജ്യം സ്ഥാപിക്കുന്നതിനു വേണ്ടിയാണ്. ദൈവരാജ്യത്തിന്റെ വളര്‍ച്ച ഉണ്ടായത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയിലാണ്. പരിശുദ്ധാത്മാവ് നിറഞ്ഞ വ്യക്തികളെ നാം പറയുന്നത് തീ പിടിച്ച ആത്മാക്കള്‍ എന്നാണ്. തീയ്ക്കുള്ള മറ്റൊരു പ്രത്യേകത ഏതു കരിക്കട്ടയേയും ജ്വലിക്കുന്ന തീക്കട്ടയാക്കി മാറ്റാം എന്നതാണ്. നാം എത്ര വലിയ കരിക്കട്ട ആയിക്കൊള്ളട്ടെ അതൊരു തീക്കട്ടയായി മാറാന്‍ നിമിഷനേരം മതി. അഗ്നിയാകുന്ന പരിശുദ്ധാത്മാവ് നമ്മില്‍ നിറഞ്ഞാല്‍ മതി. ഒരു കാലത്ത് കരിക്കട്ടയായിരുന്ന വെറും മുള്‍പ്പടര്‍പ്പായിരുന്ന എത്രയോപേരാണ് വിശുദ്ധഗണത്തിലേക്ക് കാലെടുത്ത് വച്ചത്. അതിലുമെത്രയോപേര്‍ തീക്കട്ടകളായി ജ്വലിക്കുന്ന ആത്മാക്കളായി ലോകമെങ്ങും ദൈവരാജ്യം പ്രഘോഷിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത അത്തരം ആത്മാക്കളെക്കൊണ്ട് സമൃദ്ധമാണ് കത്തോലിക്കസഭ.

 നമ്മുടെ ജീവിതത്തില്‍ നാം പരിശുദ്ധാത്മാവിനെ പലപ്പോഴും അവഗണിക്കാറാണു പതിവ്. യേശുവിന്റെ ശരീരം സ്വീകരിക്കാന്‍ സാധിക്കുന്നതിനു മുന്‍പേ തന്നെ പരിശുദ്ധാത്മാവിനെ നമുക്ക് തരുന്നതാണ് നമ്മുടെ സഭയുടെ പാരമ്പര്യം. മറിയത്തിന്റെ അഭിവാദനസ്വരം കേട്ടപ്പോള്‍ത്തന്നെ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചുചാടി. എലിസബത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി. പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഗര്‍ഭസ്ഥ ശിശുവിനെപ്പോലും സ്വാധീനിച്ചിരിക്കുന്നു. മാമ്മോദീസായിലൂടെ നമുക്ക് ലഭിച്ച പരിശുദ്ധാത്മാവ് നമ്മുടെ ഒരു വാക്കിനായി കാത്തിരിക്കുകയാവാം. നാം സംസാരിക്കണം പരിശുദ്ധാത്മാവിനോട്. വിട്ടുകൊടുക്കണം നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായി. പരിശുദ്ധാത്മാവ് നമ്മുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ സൂചനയാണ് ഭാഷാവരത്തില്‍ സ്തുതിക്കുന്നതും അവിടുത്തെ ദാനങ്ങള്‍ നമ്മിലേക്ക് ഒഴുകുന്നതും. അത് ദര്‍ശനവരമായും, പ്രവചനവരമായും, രോഗശാന്തിശുശ്രൂഷ വരമായും നമ്മില്‍ പ്രതിഫലിക്കാറുണ്ട്. ഒരു ബലൂണില്‍ ഹൈഡ്രജന്‍ വാതകം നിറയ്ക്കുമ്പോള്‍ ആ ബലൂണ്‍ ഹൈഡ്രജന്‍ വാതകത്തിന്റെ പ്രത്യേകതയാല്‍ ഉയര്‍ന്നുപൊങ്ങുന്ന പോലെ നമ്മെ പൂര്‍ണ്ണമായും പരിശുദ്ധാത്മാവിന് വിട്ടുകൊടുക്കുക. പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിക്കപ്പെടുന്നവരാകുക.

 പരിശുദ്ധാത്മാവിനെ സ്വീകരിച്ച് തന്നെത്തന്നെ വിട്ടുകൊടുത്ത വ്യക്തികള്‍ക്കെല്ലാം ഒരു വലിയ മാറ്റം ഉണ്ടാകുന്നു. പഴയ വഴിയില്‍ നിന്നും വിട്ടകന്ന് അവര്‍ ഒരു പുതിയ സൃഷ്ടിയായിത്തീരുന്നു. കുറവുകള്‍ നിറവുകളായി മാറുന്നു. വിക്കനായിരുന്ന മോശയെ നേതാവാക്കിയതു പോലെ ഒരു പുതിയ സൃഷ്ടിയായിത്തീരുന്നു. പന്തകുസ്താദിനത്തിനു ശേഷം ശിഷ്യന്മാര്‍ അവരുടെ പഴയ വഴികളില്‍ നിന്നും പിന്തിരിഞ്ഞ് തങ്ങള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പ്രസംഗിക്കാന്‍ ഇറങ്ങിയതും അവരില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തിച്ചതിനാലാണ്.

 നിത്യത ലക്ഷ്യമാക്കിയുള്ള നമ്മുടെ യാത്രയില്‍ സഹായകനായ പരിശുദ്ധാത്മാവിന്റെ അഗ്നി ഇന്ധനമാണ്. ഒരിക്കലും തീരാത്ത ഒരിക്കലും കുറവ് വരാത്ത ഇന്ധനം. പിതാവായ ദൈവം നമുക്ക് തന്ന ആ ഇന്ധനത്തിന്റെ ശക്തിയില്‍ കുതിച്ചുയരാം. ഒരിക്കലും നിന്നിടത്ത് നില്‍ക്കേണ്ടവരല്ല നാം. ഉയരണം, ലക്ഷ്യപ്രാപ്തിയിലേക്കുള്ള യാത്രക്കായി കുതിച്ചുയരണം. പരിശുദ്ധാത്മാവിന്റെ ദാനങ്ങള്‍ സ്വീകരിച്ച് ഫലങ്ങള്‍ പുറപ്പെടുവിച്ച് യാത്രയാകണം. ഒരു പൂവിന്റെ സൗരഭ്യം അതിന്റെ അന്തസത്തയെ വെളിവാക്കുന്നത് പോലെ നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ സൗരഭ്യം നമ്മില്‍ പൂരിതമാകണം.

558 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137910