ജെറിന്‍ രാജ്
ഒഴുകട്ടെ കൃപയുടെ നീര്‍ച്ചാല്‍

ദേ അവനെകാണാന്‍ യേശുവിനെപ്പോലെയുണ്ട്, മാതാവിന്റെ സ്വഭാവമാ അവള്‍ക്ക്. എന്നിങ്ങനെ ചിലരുടെ നടപ്പിലും എടുപ്പിലും നോട്ടത്തിലും പ്രവര്‍ത്തിയിലും സംസാരത്തിലുമെല്ലാം എന്തോ ഒരു ദൈവീകത, നമുക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ടാകാം. കാരണം പൗലോസ് അപ്പസ്‌തോലന്‍ സാക്ഷ്യപ്പെടുത്തിയ ദൈവകൃപയുടെ ദാനം(1കൊറി 1:4) അവരില്‍ ജ്വലിച്ച് നില്‍ക്കുന്നത് കൊണ്ടാണ്. പരിശുദ്ധാത്മാവിനാല്‍ പകര്‍ന്നു നല്‍കപ്പെടുന്ന ഈ ദൈവീകദാനം അവരിലൂടെ അനേകരിലേയ്ക്ക് പകരപ്പെടുകയും ചെയ്യുന്നു.

 ഇത് സ്വാഭാവികമായും ചിലരില്‍ മാത്രം കാണപ്പെടുന്ന ഒന്നാണോ? എന്നിലെ കരിസ്മ എങ്ങിനെ എനിക്ക് തിരിച്ചറിയാനാകും? തിരിച്ചറിഞ്ഞ ഈ കൃപ എങ്ങിനെ എനിക്ക് നിലനിര്‍ത്താനാകും അല്ലെങ്കില്‍ പകര്‍ന്നു നല്‍കാന്‍ കഴിയും? നമ്മില്‍ പലരിലും തീര്‍ച്ചയായും ഉണ്ടായേക്കാവുന്ന സംശയങ്ങള്‍. ആത്മാവിനാല്‍ ജനിച്ച് നയിക്കപ്പെടുന്ന എല്ലാവരും (റോമാ 8:14) ദൈവമക്കളാണ്. ദൈവമക്കളെങ്കില്‍ അവിടുത്തെ കൃപയ്ക്ക് നാം അവകാശികളാണ്.(റോമാ 8:17) മാമ്മോദീസായിലൂടെ ചൊരിയപ്പെട്ട് സ്ഥൈര്യലേപനത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ട ഈ കൃപാവരം ചിലരില്‍ പാപങ്ങളുടെ അതിപ്രസരത്തില്‍ ഉറകെട്ടുപോകുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ തങ്ങളിലെ ഈ കൃപയുടെ നീര്‍ച്ചാല് നിരന്തര പ്രാര്‍ത്ഥനയിലൂടെയും കൂദാശ പരികര്‍മ്മങ്ങളിലൂടെയും പരിപോഷിപ്പിക്കുന്നു.

 ഓരോ വ്യക്തിയിലും വ്യത്യസ്തങ്ങളായ കൃപാചാലുകളാകും ദൈവം തുറന്നുകൊടുക്കുക. ഓരോരുത്തരുടേയും ദൈവവിളിയും ഓരോ തരത്തിലാകും. ദൈവത്തിന്റെ സ്വരത്തിന് കാതോര്‍ത്താല്‍ വ്യക്തിപരമായ പ്രാര്‍ത്ഥന എന്റെ ജീവിത ശൈലിയാക്കി മാറ്റിയാല്‍ എന്റെ ദൈവവിളിയും എന്നിലെ കൃപയുടെ ദാനവും എനിക്ക് തിരിച്ചറിയാനാകും. ഈ തിരിച്ചറിവ് ദൈവീകപദ്ധതിയുടെ പൂര്‍ത്തികരണത്തിലേക്ക് നടന്നടുക്കാന്‍ നമ്മെ സഹായിക്കും. അപ്പോള്‍ നമ്മിലെ കൃപയുടെ പ്രഭ മറ്റുള്ളവര്‍ക്ക് പ്രകാശമാകും. വിശുദ്ധ ഗ്രന്ഥം ഉറപ്പു നല്‍കുന്നു. 'ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെടുന്നവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.'(റോമാ 8:28) അങ്ങനെ നമ്മിലൂടെ പലരും ദൈവസ്‌നേഹം രുചിച്ചറിയാന്‍ ഇടവരുന്നു.

 ദിനംപ്രതിയുള്ള വിശുദ്ധ ഗ്രന്ഥ പാരായണത്തിന് വലിയ ശക്തിയുണ്ട്. നമ്മുടെ ഉള്ളിലെ പരിശുദ്ധാത്മ ഫലങ്ങളെ അതിന്റെ തനിമയില്‍ കാത്തുസൂക്ഷിക്കുവാന്‍ ഇതു നമ്മെ സഹായിക്കുന്നു. ഒപ്പം പിതാവായ ദൈവത്തിനിഷ്ടപ്പെടുന്ന രീതിയില്‍ ജീവിക്കുവാനുള്ള ഒരു മാര്‍ഗ്ഗദീപം കൂടിയാണിത്. കാരണം പൗലോസ് അപ്പസ്‌തോലന്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു. 'വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തനും തെറ്റുതിരുത്തലിനും, ശാസനത്തിനും, നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തരായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിന് പര്യാപ്തരാകുകയും ചെയ്യുന്നു.'(2തിമോ 3:16-17) പൂര്‍ണ്ണ ചന്ദ്രന്റെ മുഖം പോലെ തേജസ്സുറ്റതാകും ഇപ്രകാരം ഓരോ വ്യക്തിയുടേയും.

 അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്. അനുസരണയുടെ പൂര്‍ണ്ണ അര്‍ത്ഥം നമുക്ക് മനസിലാക്കിത്തന്ന അത്ഭുതമായിരുന്നു മനുഷ്യനായി അവതരിച്ച ദൈവപുത്രനായ യേശുക്രിസ്തു. 'മരണം വരെ, അതെ കുരിശുമരണം വരെ അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി.'(ഫിലിപ്പി2:8-9) അനുസരണത്തിന്റെ പൂര്‍ത്തീകരണമാണ് പീഡാസഹനവും കുരിശുമരണവും. ആകയാല്‍ ദൈവഹിതമനുസരിച്ച് വിശുദ്ധിയില്‍ ചലിച്ച് 'ഒരിക്കല്‍ മഹത്വപ്പെടേണ്ടതിന് ക്രിസ്തുവിനോട് കൂടെ നമുക്ക് ഇപ്പോള്‍ പീഡയേല്‍ക്കാം.'(റോമാ 8:17) പക്ഷേ, വിശുദ്ധ ഗ്രന്ഥം വീണ്ടും അതിനോട് കൂട്ടിച്ചേര്‍ക്കുന്നു, 'നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ എത്ര നിസ്സാരമാണെന്ന്'(റോമാ 8:18) നാം കരുതേണ്ടിയിരിക്കുന്നു. നമുക്കുള്ളതൊക്കെ ദൈവസന്നിധിയില്‍ അര്‍പ്പിച്ചാല്‍- വിലകൊടുത്താല്‍ കൃപ നമ്മില്‍ നിറഞ്ഞു കവിയും. ഉള്ളതിലും എത്രയോ അധികമായി തിരികെ നല്‍കപ്പെടും.!

 പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും ഒന്നിച്ച് അനുഭവിക്കുന്ന വ്യക്തി ദൈവത്തിന്റെ സക്രാരിയാണ്. കൃപയുടെ നീര്‍ച്ചാല് അവനില്‍ നിന്നും ഉത്ഭവിക്കുന്നു. അത് തടഞ്ഞുനിര്‍ത്താതെ ആ ദൈവീക വരപ്രസാദം നമുക്ക് നമ്മുടെ അനുദിന ജീവിതത്തിലൂടെ, മാതൃകപരമായ നമ്മുടെ പ്രവൃത്തികളിലൂടെ മറ്റുള്ളവരിലേക്ക് പകരാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. 

202 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 99536