നോമ്പുകാല ജീവിതം
സെബിന്‍ സി.ആര്‍.

നോമ്പിന്റെ ഈ കാലഘട്ടത്തില്‍ നോമ്പിനെക്കുറിച്ച് ചിന്തിക്കുന്നത് നമ്മുടെ  നോമ്പനുഷ്ഠാനത്തെ കൂടുതല്‍ അര്‍ത്ഥവത്തും, ഫലപ്രദവും ആക്കുകയും അങ്ങനെ വിശ്വാസജീവിതത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. നോമ്പ് എങ്ങനെ അനുഷ്ഠിക്കണമെന്നുള്ള മാതൃക സഭയിലൂടേയും പിതാക്കന്മാരിലൂടേയും നമുക്ക് ലഭിച്ചിട്ടുണ്ട്. പലപ്പോഴും നോമ്പിനെ അതിന്റെ പരിമിതമായ അര്‍ത്ഥത്തില്‍ മാത്രം കണ്ടുകൊണ്ട്, നോമ്പനുഷ്ഠിച്ചു എന്ന് വരുത്തിത്തീര്‍ക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ടാകുന്നുണ്ട് എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.

 പ്രിയമുള്ളവരേ, യഥാര്‍ത്ഥത്തില്‍ എന്താണ് നോമ്പ്. ഒന്നാമതായി അപരനോട് കരുണ കാണിക്കാന്‍ നമ്മെ ആഹ്വാനം ചെയ്യുന്ന കാലഘട്ടമാണ് നോമ്പ്. 'അര്‍ഹതയില്ലാത്തവനോട് കാണിക്കുന്ന ഔദാര്യമാണ് കരുണ.' ഒരുവന് കരുണ ലഭിക്കുന്നത് ആ വ്യക്തിയുടെ യോഗ്യതകള്‍ കൊണ്ടല്ല, മറിച്ച് അത് നല്‍കുന്നവന്റെ ഔദാര്യം മൂലമാണ്. അപരനോട് കരുണ കാണിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നത് നമ്മിലുള്ള ദൈവസ്‌നേഹമാണ്. ദൈവകരുണയുടെ മഹത്തായ ഉദാഹരണമാണ് പൊന്നുതമ്പുരാന്റെ കുരിശിലെ ബലി. മനുഷ്യവര്‍ഗ്ഗത്തിന്റെ യോഗ്യതകള്‍ പരിഗണിച്ചല്ല സ്വര്‍ഗ്ഗത്തിലുള്ള ദൈവം തന്റെ സ്വന്തം പുത്രനെ ലോകത്തിലേക്ക് അയച്ചത്.   

 രണ്ടാമതായിട്ട് നോമ്പ് സ്‌നേഹിക്കുവാനുള്ള കാലമാണ്. തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കുന്നതാണ് സ്‌നേഹത്തിന്റെ ഫലം. ഈ ലോകത്ത് ജനിച്ചവര്‍ക്കും ജനിക്കാനിരിക്കുന്നവര്‍ക്കും വേണ്ടി തന്റെ അവസാനത്തെ തുള്ളി രക്തം പോലും പൊന്നുതമ്പുരാന്‍ ഊറ്റിത്തന്നത് മനുഷ്യവര്‍ഗ്ഗത്തോ ടുള്ള സ്‌നേഹത്തെ പ്രതിയാണ്. ഒന്നും തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാതെ തന്റെ രക്തം പോലും നമുക്കായി നല്‍കിയെങ്കില്‍ ഈ നോമ്പില്‍ വ്യവസ്ഥകള്‍ കൂടാതെ നാം മറ്റുള്ളവരെ സ്‌നേഹിക്കണം എന്ന ആഹ്വാനമാണ് ദൈവം നമുക്ക് നല്‍കുന്നത്.

 മൂന്നാമതായി നോമ്പ് ഉപവാസത്തിന്റെയും വര്‍ജ്ജനത്തിന്റെയും കാലമാണ്. ദൈവത്തോട് കൂടെ വസിക്കുന്ന, ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാലഘട്ടമാണ് നോമ്പ്. ചില ഭക്ഷണങ്ങളൊക്കെ നാം വര്‍ജ്ജിക്കുന്നുണ്ട്. അതുപക്ഷേ, ഭക്ഷണകാര്യത്തില്‍ മാത്രം പരിമിതപ്പെടുത്താതെ നമ്മുടെ സംസാരത്തിലും വാക്കുകളിലും വര്‍ജ്ജനം ശീലമാക്കണം. നാം ഉപവസിക്കുമ്പോള്‍ സ്വര്‍ഗ്ഗീയപിതാവ് നല്‍കിയ ഭക്ഷണമായ ദൈവവചനങ്ങള്‍ ഭക്ഷിക്കാന്‍ നാം പരിശ്രമിക്കണം. യോഹ 4:32-34ല്‍ യേശു അരുളിച്ചെയ്യുന്നുണ്ട് 'നിങ്ങള്‍ക്ക് അറിയാത്ത ഒരു ഭക്ഷണം എനിക്കുണ്ട്. എന്റെ പിതാവിന്റെ വചനങ്ങള്‍'. ഈ വചനങ്ങള്‍ സ്വീകരിച്ചുകൊണ്ട് മരുഭൂമിയിലെ ഉപവാസദിനങ്ങളില്‍ യേശു ശക്തിപ്പെട്ടു.

 നാലാമതായി നോമ്പ് പാവങ്ങളോട് പക്ഷംചേരാനുള്ള കാലഘട്ടമാണ്. ഇല്ലാത്തവര്‍ക്ക് കൊടുക്കുവാനുള്ള സമയമാണ്. അത് ഭൗതീകമായ ഭക്ഷണത്തെക്കുറിച്ചാണെന്ന് മാത്രം ചിന്തിക്കരുത്. സ്‌നേഹക്കുറവുള്ളിടത്ത് സ്‌നേഹം കൊടുക്കുന്നതും, മറ്റുള്ളവര്‍ക്ക് കരുതലായി നിലകൊള്ളുന്നതും പാവങ്ങളോടുള്ള പക്ഷംചേരലിന്റെ ഉദാഹരണങ്ങളാണ്. ജീവിതത്തില്‍ സമ്പത്ത് കൂട്ടിവെക്കാനായിട്ട് നാം വ്യഗ്രത കാട്ടുമ്പോള്‍ സമൂഹത്തില്‍ ഒന്നും ഇല്ലാത്തവരെക്കുറിച്ചുള്ള ചിന്ത നമ്മുടെ മനസ്സിലേക്ക് കടന്നുവരണം. ദശാംശത്തെക്കുറിച്ച് സഭയും വി.ഗ്രന്ഥവും നമ്മെ പഠിപ്പിക്കുന്നുണ്ട്. ദൈവം ദാനമായി നല്‍കിയിരിക്കുന്ന സമ്പത്ത് അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കുവാനായിട്ടാണ് ദൈവം നമ്മുടെ കൈയ്യില്‍ ഏല്‍പ്പിച്ചിരിക്കുന്നത് എന്ന് നമ്മള്‍ തിരിച്ചറിയണം.

 പ്രിയമുള്ളവരേ, നമ്മുടെ ജീവിതത്തിലെ കുരിശുകള്‍ നേരിടേണ്ടി വരുമ്പോള്‍, കാല്‍വരി മലയിലെ ആ കുരിശിലേക്ക് ഒന്നു നോക്കണം. കുരിശില്‍ കിടന്നുകൊണ്ട് മൂന്നാണികളാല്‍ തറയ്ക്കപ്പെട്ട് ചങ്കുപൊട്ടി തന്റെ പിതാവിനെ വിളിക്കുന്ന പൊന്നുതമ്പുരാനെ നാമൊന്ന് ഓര്‍ക്കണം. 33വയസ്സുള്ള ഒരു യുവാവ് പൂര്‍ണ്ണനഗ്നനായി കുരിശില്‍ തന്റെ അമ്മയുടെ മുമ്പില്‍ തൂങ്ങിക്കിടക്കുന്നു. തലയില്‍നിന്നും ചോര ഒലിച്ചിറങ്ങുമ്പോഴും, കണ്ണുനീരും വിയര്‍പ്പും ഒഴുകിയിറങ്ങിയപ്പോഴും അതൊന്ന് തുടച്ചുകളയാന്‍ പോലും കഴിയാത്ത നിസ്സഹായവസ്ഥ, ഭയാനകമായ വേദനിപ്പിക്കുന്ന കാഴ്ച്ച. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി പൊന്നുതമ്പുരാന്‍ ബലിയര്‍പ്പിച്ചത് ഇപ്രകാരമാണെന്ന് നാം ഓര്‍മിക്കണം.

 വരാനിരിക്കുന്ന ലോകത്തിലെ നിത്യസമ്മാനത്തിനായി നമ്മെ ഒരുക്കുന്ന കുരിശുകള്‍ ജീവിതത്തില്‍ കടന്നുവരുമ്പോള്‍ ഈശോയുടെ കുരിശിന്റെ ദൃശ്യം നമ്മുടെ ഹൃദയത്തിലേക്ക് ചേര്‍ത്തുവെക്കണം. തലയില്‍ മുള്‍മുടി ധരിച്ച, വിലാപ്പുറത്തു കുന്തത്തിന്റെ കുത്തേറ്റ പൊന്നുതമ്പുരാന്റെ ചിത്രം നമ്മുടെ മനസ്സിലേക്ക് കടന്നുവരണം. പ്രിയമുള്ളവരേ, ഈ നോമ്പുകാലത്ത് നമ്മുടെ പ്രാര്‍ത്ഥനകള്‍ ഇപ്രകാരമായിരിക്കട്ടെ. 'എന്റെ പൊന്നുതമ്പുരാനെ, എന്റെ ജീവിതത്തില്‍ അങ്ങു തരുന്ന എല്ലാറ്റിനേയും ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. നോമ്പിലൂടേയും, ഉപവാസത്തിലൂടേയും, പ്രാര്‍ത്ഥനയിലൂടേയും, വചനവായനയിലൂടേയും, കൂദാശകളിലെ പങ്കാളിത്തത്തിലൂടേയും പാവങ്ങളോട് പക്ഷംചേര്‍ന്നുകൊണ്ടും ഞാന്‍ എന്റെ വിശ്വാസജീവിതത്തെ ബലപ്പെടുത്തും. ആണിപ്പഴുതുള്ള നിന്റെ കരം കൊണ്ട് എന്നെ തലോടണമേ. നിന്റെ തിരുമുഖത്തിന്റെ ശോഭ എന്നില്‍ നിന്നും മറയ്ക്കരുതേ. വിശ്വാസത്തില്‍ അനുദിനം എന്നെ ബലപ്പെടുത്തണമേ. എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.' ഈ  നോമ്പനുഷ്ഠാനങ്ങള്‍ വിശ്വാസത്തില്‍ ബലപ്പെടുത്താന്‍ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

294 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131528