ക്രിസ്തുവിന്റെ മൗതികശരീരമേ.. ക്രിസ്തുവിലേക്ക് ക്രിസ്തുവിലൂടെ
അനീഷ് മാത്യു

പരിശുദ്ധ കത്തോലിക്കാസഭ കഴിഞ്ഞ 2018 വര്‍ഷങ്ങളായി ഒരുപാട് പരീക്ഷണങ്ങളേയും, പ്രതിസന്ധികളേയും അതിജീവിച്ച് ക്രൂശിതനായ ക്രിസ്തുവിന്റെ മൗതിക ശരീരമായി ഇന്നും നിലകൊള്ളുന്നു. വചനം ഇപ്രകാരം പറയുന്നു. 'നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അതിലെ അവയവങ്ങളുമാണ് '(1കൊറി 12:27) ശരീരത്തിലെ ഏതെങ്കിലും ഒരവയവത്തിന് മുറിവേല്‍ക്കുകയോ പ്രവര്‍ത്തനക്ഷമത കുറയുകയോ ചെയ്താല്‍ അത് ശരീരത്തിന് മുഴുവന്‍ വേദന നല്‍കുന്നു. 

ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി ലോകത്തെ മുഴുവന്‍ ഒരുക്കികൊണ്ടിരിക്കുന്ന ഈ വേളയില്‍ സഭ അനേകം പ്രതിസന്ധികളെ നേരിടുന്നു. ചരിത്രത്തിലേക്ക് പിന്തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് കാണുവാന്‍ സാധിക്കും. ഇത് ഒരു പുതിയ കാര്യമല്ല എന്ന് അനേകം രക്ത സാക്ഷികളുടെ ചുടുനിണത്താല്‍ നനച്ചു വളര്‍ത്തപ്പെട്ട ഈ സഭ വേദപാരംഗദന്മാരുടേയും, സന്യസ്ഥരുടേയും കോടിക്കണക്കിന് അത്മായരുടേയും ഇളകാത്ത ക്രിസ്തുവിശ്വാസത്തിന്മേല്‍ ഉറപ്പിക്കപ്പെട്ടതാണ്.

സഭാചരിത്രത്തിന്റെ ഇടനാഴികളിലുടനീളം നാം തിരിച്ചു നടക്കുമ്പോള്‍ കാണാം പ്രതിസന്ധികളും പരീക്ഷണങ്ങളും സഭയെ എന്നും ശക്തിപ്പെടുത്തിട്ടേയുള്ളൂ. കൂദാശകള്‍ പരികര്‍മ്മം ചെയ്യപ്പെടുന്ന, ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിച്ച് അവനില്‍ ഏകശരീരമായി സ്വര്‍ഗ്ഗത്തിന്റെ രക്ഷാകരപദ്ധതിയുടെ ദൃശ്യമായ ജീവനുള്ള അടയാളമാണ് സഭ. ലോകത്തെമ്പാടുമുള്ള എല്ലാ സംസ്‌കാരങ്ങളോടും വൈവിധ്യങ്ങളോടും ഇടകലര്‍ന്ന് ക്രിസ്തീയ വിശ്വാസത്തിലും, കൗദാശിക ജീവിതത്തിലും അടിയുറച്ച് സകലമനുഷ്യരേയും പാപബന്ധനങ്ങളില്‍നിന്നും അന്ധകാരശക്തികളില്‍നിന്നു മോചിപ്പിച്ച് ലോകരക്ഷകനായ യേശുക്രിസ്തുവിലേക്ക്, അനശ്വരമായ നിത്യസൗഭാഗ്യത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന പ്രേഷിതയാണ് സഭ.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ക്രൈസ്തവ വിശ്വാസത്തില്‍ ശോഷണം സംഭവിച്ച ഈ നൂറ്റാണ്ടില്‍ അനേകം ദൈവവിളികളിലൂടെയും വിശ്വാസത്തില്‍ ഉറച്ച, ക്രൈസ്തവ മൂല്യങ്ങളാല്‍ ഊട്ടിഉറപ്പിക്കപ്പെട്ട അല്മായകുടുംബങ്ങളിലൂടെയും കേരളകത്തോലിക്കസഭ ആഗോളകത്തോലിക്കസഭയുടെ അജപാലന പ്രേക്ഷിതദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ആഗോളപരമായി ലഭിച്ച ഈ സ്വീകാര്യത കേരളസഭയുടെ സാമ്പത്തിക സാംസ്‌കാരിക ഉന്നമനത്തിലേക്ക് വഴിവച്ചു. ഇതിനിടയില്‍ എവിടെയോ ആത്മാക്കളെ നേടുവാനുള്ള ദാഹവും അനേകരിലേക്ക്, ആലംബഹീനരിലേക്ക് ക്രിസ്തുവിന്റെ മുഖവുമായി ഇറങ്ങിചെല്ലുവാനുള്ള അടിസ്ഥാനപരമായ ദൗത്യവും മറന്നുപോവുകയോ അപൂര്‍വ്വം ചില സന്യസ്ഥരിലേക്കും, അല്മായരിലേക്കും യുവജന മുന്നേറ്റങ്ങളിലേക്കും, ധ്യാനകേന്ദ്രങ്ങളിലേക്കും ചുരുങ്ങിപോവുകയൊ ചെയ്തതായികാണാം. സഭ ഏറ്റവും പ്രധാന്യത്തോടെ കാണുന്ന അല്ലെങ്കില്‍ കാണേണ്ട സുവിശേഷപ്രഘോഷണദൗത്യം മര്‍ക്കോസ്16:15 അതിന്റെ പ്രാധാന്യത്തോടുകൂടി പരിഗണിക്കപ്പെടാതിരിക്കുകയും മറ്റ് ഭൗതികമേഘലകളില്‍ കുടുങ്ങികിടക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരേയും തന്റെ രക്ഷയിലേക്ക്, കരുണയിലേക്ക് കൂട്ടിക്കൊണ്ടു വരുവാനുള്ള കര്‍ത്താവിന്റെ രക്ഷാകരപദ്ധതിക്ക് ആദിമുതലേ തടസം നില്‍ക്കുന്ന നാരകീയശക്തി ഈ അവസരം മുതലെടുക്കുകയും ചെയ്യുന്നു.

പ്രലോഭനങ്ങളെ അതിജീവിക്കാന്‍ സമ്പന്നതയുടെ അടയാളമായ തന്റെ ഉടുവസ്ത്രംപോലും അഴിച്ചുമാറ്റി ദാരിദ്രത്തെ പുണര്‍ന്ന രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന അസ്സീസിയിലെ വി. ഫ്രാന്‍സീസിന്റെ ജീവിതവും മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികള്‍ക്കായി തന്റെ ജീവിതം ഹോമിച്ച ഫാ. ഡാമിയനേയും തന്റെ തീരാവേദനകള്‍ ക്രൂശിതന്റെ പീഡകളോടു ചേര്‍ത്തുവച്ച വി. അല്‍ഫോന്‍സായേയും വിളിക്കുള്ളിലെ വിളിതിരിച്ചറിഞ്ഞ് ക്രിസ്തുവിന്റെ കുരിശിലെ ദാഹം ജീവിതത്തില്‍ ഏറ്റെടുത്ത് തെരുവിലേക്ക് ഇറങ്ങിപോയ വി. മദര്‍തെരേസയേയും നാം കണ്ടില്ലെന്ന് നടിക്കരുത്.

ആധുനിക ജീവിതസൗകര്യങ്ങളുടെ സുഖശീതളിമവിട്ട് എഴുനേല്‍ക്കേണ്ട സമയമായി. ത്യാഗത്തിന്റെയും പ്രാര്‍ത്ഥനകളുടേയും പ്രാധാന്യം ഏറിവരുന്ന ദിനങ്ങളാണിനി മുന്നോട്ട് എന്ന് ആനുകാലികസംഭവവികാസങ്ങള്‍  നമ്മെ ഓര്‍മിപ്പിക്കുന്നു. നിസംഗതയുടെയും, സ്വാര്‍ത്ഥ താല്‍പര്യങ്ങളുടേയും ബന്ധനങ്ങള്‍ തകര്‍ത്ത് ദൈവാത്മാവില്‍ നിറഞ്ഞ് എല്ലാ വിഭാഗത്തിലുംപെട്ട സഭാമക്കള്‍ ഒരേ ഹൃദയത്തോടെ നമ്മുടെ നാഥനും രക്ഷകനുമായ യേശുക്രിസ്തുവിനെ വിളിച്ചപേക്ഷിക്കുകയും അവന്റെ രണ്ടാം വരവിനു മുന്നോടിയായി ഭൂമിയുടെ അതിര്‍ത്തികള്‍വരേയും സുവിശേഷം എത്തിക്കുന്ന സ്വര്‍ഗ്ഗീയ പദ്ധതിക്ക് ഒന്നാം സ്ഥാനം നല്കുകയും ചെയ്യണം. അതിനായി ഉപവാസവും മറ്റ് ത്യാഗങ്ങളും നിറഞ്ഞ പ്രാര്‍ത്ഥന സ്വര്‍ഗ്ഗത്തിലേക്ക് ഉയരണം. ക്രിസ്തുവിന് അസാധ്യമായി ഒന്നുമില്ല എന്ന് നാം ഒന്നുചേര്‍ന്ന് ഒരേ ഹൃദയത്തോടെ വിശ്വസിക്കുന്ന സമൂഹത്തിന്  ഏത് വെല്ലുവിളികളെയും വാഗ്ദാനങ്ങളില്‍ വിശ്വസ്തനായ ദൈവം  തകര്‍ത്ത് എറിയുമെന്ന് നമുക്കറിയാം... എല്ലാവിധ അപജയങ്ങളേയും അതിജീവിച്ച് നാം തന്നെയാകുന്ന, ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭ അജയമായി നിലകൊള്ളുവാന്‍ ആത്മാര്‍ത്ഥമായി നമുക്ക് പ്രാര്‍ത്ഥനയില്‍ ഐക്യപ്പെടാം. ക്രിസ്തു എല്ലാവരേയും ശക്തിപ്പെടുത്തട്ടെ, പരിശുദ്ധാത്മാവിനാല്‍ നിറക്കട്ടെ...  

266 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131532