വിട്ടുകൊടുക്കാം......... വീണ്ടെടുപ്പ് പ്രാപിക്കാം
റിജോ മണിമല

നോമ്പുകാലം - ആയിരിക്കുന്ന അവസ്ഥയില്‍ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്കെത്താന്‍ നമ്മെ ഒരുക്കുന്ന പുണ്യദിനങ്ങള്‍. ജീവിതത്തില്‍ വിലപ്പെട്ടതെന്ന്  കരുതുന്ന പലതും വിട്ടുകൊടുത്തുകൊണ്ട് ക്രൂശിതന്റെ വഴിയേ പിന്‍ചെല്ലുവാനുള്ള സമയം. കഴിഞ്ഞ കാലങ്ങളില്‍ ജീവിതത്തില്‍ വന്നുപോയ കുറവുകള്‍ കണ്ടെത്തിക്കൊണ്ട് ആവശ്യമുള്ള മാറ്റങ്ങള്‍ ജീവിതരീതികളില്‍ വരുത്തുവാന്‍ ഈ നോമ്പുകാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. വിലയേറിയ സുഗന്ധതൈലം യേശുവിന്റെ പാദത്തിങ്കല്‍ സമര്‍പ്പിച്ച മറിയത്തെപ്പോലെ, നമ്മുടെ ജീവിതത്തില്‍ വിലപ്പെട്ടതെന്ന് കരുതുന്നവയൊക്കെയും അവന്റെ സന്നിധിയിലേക്ക് വിട്ടുകൊടുക്കുവാന്‍ കഴിയുമ്പോ ള്‍ നോമ്പിന്റെ യഥാര്‍ത്ഥ ചൈതന്യത്തിലേക്ക് കടന്നുവരുവാന്‍ നമുക്ക് സാധിക്കും.

 ചെറുപ്പകാലത്ത് നോമ്പു നോല്‍ക്കുക എന്ന് കേള്‍ക്കുമ്പോഴേ മനസ്സില്‍ വരുക മല്‍സ്യ മാംസാദികള്‍ വര്‍ജ്ജിച്ചുകൊണ്ടുള്ള നോമ്പാചരണം ആയിരുന്നു. അന്ന്, എല്ലുമുറിയേ അദ്ധ്വാനിച്ചിരുന്ന നമ്മുടെയൊക്കെ പൂര്‍വ്വീകര്‍ക്ക് രാപകല്‍ അദ്ധ്വാനിക്കുവാന്‍ ഊര്‍ജ്ജം ലഭിക്കുവാന്‍ അത്തരത്തിലുള്ള ഭക്ഷണരീതി ആവശ്യമായിരുന്നു കഷ്ടപ്പാടുകളിലൂടെ കടന്നുപോകുമ്പോള്‍ മറ്റൊരുതരത്തിലുമുള്ള സമയംപോക്കും അവര്‍ക്കില്ലായിരുന്നു.അതുകൊണ്ടുതന്നെ നോമ്പുകാലങ്ങളില്‍ അവര്‍ക്ക് പ്രിയപ്പെട്ട മല്‍സ്യ മാംസങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളോട് തങ്ങളുടെ ജീവിതത്തെ ചേര്‍ത്തുവയ്ക്കുവാന്‍ അവര്‍ പരിശ്രമിച്ചു. നോമ്പിന്റെ ചൈതന്യം പകരുന്ന ശക്തിയില്‍ തുടര്‍ന്നുള്ള ജീവിതം മനോഹരമാക്കുവാന്‍ അവര്‍ക്ക് സാധിച്ചു.

 ജീവിതം കരുപ്പിടിപ്പിക്കുവാന്‍ കാടിനോടും മേടിനോടും പടവെട്ടേണ്ടിയിരുന്ന ഒരു കാലത്തുനിന്നും എസി മുറിയിലെ ശീതളിമയിലേക്ക് ഇന്ന് ലോകം വളര്‍ന്നുകഴിഞ്ഞു. വാര്‍ത്തകള്‍ക്കും മറ്റുമായി ടെലിവിഷന്‍ പെട്ടിയെ ആശ്രയിക്കേണ്ടിയിരുന്ന കാലത്തുനിന്നും വിരല്‍ത്തുമ്പിലേക്ക് ലോകം തെളിഞ്ഞുകാണുന്ന അവസ്ഥയിലേക്ക് എത്തി. സ്‌കൂള്‍ ജീവിതം ആരംഭിക്കുന്നതിനു മുമ്പേ മൊബൈലില്‍ ലോകം കാണുവാന്‍ കുഞ്ഞുങ്ങള്‍ പ്രാപ്തരായിക്കഴിഞ്ഞു. നാല്‍ക്കവലകളിലും റോഡുവക്കത്തെ കലുങ്കിലും കഥകള്‍ പങ്കുവച്ചു സമയം പോക്കിയിരുന്ന യൗവനം, ഇന്ന് അഞ്ചിഞ്ചു മൊബൈലിലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്ന അവസ്ഥയിലേക്കായി ലേകപുരോഗതി. എന്തിനും ഏതിനും അഭിപ്രായം പറഞ്ഞുകൊണ്ട് സോഷ്യല്‍മീഡിയയില്‍ സമയം ചിലവഴിക്കുമ്പോള്‍ ഭക്ഷണത്തിനുപോലും ഇന്ന് പലരിലും പ്രാധാന്യമില്ലാെതയായി. അതുകൊണ്ട് തന്നെ മല്‍സ്യ മാംസങ്ങള്‍ എത്ര ദിവസങ്ങള്‍ ഒഴിവാക്കാനും പലര്‍ക്കും ബുദ്ധിമുട്ടില്ലാതെയായി. എന്നാല്‍ പ്രിയപ്പെട്ടവരേ, ഈ നോമ്പുകാലത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരു പുതിയ തീരുമാനത്തിലേക്ക് എത്താന്‍ നമുക്ക് പരിശ്രമിക്കാം. ഒരു മനുഷ്യജന്മത്തിന് അനുഭവിക്കാന്‍ സാധിക്കുന്നതിന്റെ എത്രയോ ഇരട്ടി വേദനകള്‍ ഏറ്റുവാങ്ങി കാല്‍വരിയില്‍ നമുക്കായി ജീവന്‍ വെടിഞ്ഞവന്റെ പീഡാനുഭവങ്ങളുടെ ഈ അനുസ്മരണ ദിനങ്ങളില്‍ നമുക്കും ചില വിട്ടുകൊടുക്കലുകള്‍ നടത്താം. നാം ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്ന ഈ സോഷ്യല്‍ മീഡിയയില്‍ നിന്നും കുറച്ചുദിവസങ്ങള്‍ വിട്ടു നില്‍ക്കുവാന്‍ നമുക്ക് സാധിക്കുമോ. മെസേജുകളിലൂടെ സംസാരിക്കുന്നതിനു പകരം വേദനയനുഭവിക്കുന്ന സുഹൃത്തിനോടൊപ്പം അല്പനേരം ചിലവഴിക്കുവാന്‍ നമുക്ക് പരിശ്രമിച്ചുകൂടെ. ഒരു ദിവസത്തിന്റെ ഭൂരിഭാഗവും അപഹരിക്കുന്ന മൊബൈലിന്റെ ഉപയോഗം ഒന്നു കുറയ്ക്കുവാന്‍ ശ്രമിക്കണ്ടേ നമുക്ക്. അങ്ങനെയെങ്കില്‍ ഈ നോമ്പുകാലം ഒരിക്കലും മറക്കാന്‍ പറ്റാത്ത നല്ല ഓര്‍മ്മകള്‍ നമുക്ക് സമ്മാനിക്കും. തീര്‍ച്ച.

 ഒരുപക്ഷേ, നോമ്പിന്റെ വിലപ്പെട്ട ഈ ദിനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മരുഭൂമിയിലെ പരീക്ഷണകാലത്തു പ്രലോഭകന്‍ ഈശോയെ സമീപിച്ചതുപോലെ നമ്മെ യും പരീക്ഷിക്കുവാന്‍ കടന്നുവരാം. അവന്റെ മുന്‍പില്‍ അടിപതറാതെ തിരുവചനമാകുന്ന വാളുമേന്തി അവനെതിരെ നമുക്ക് പടപൊരുതാം. അതിന് ഈ നോമ്പുകാലം നമുക്ക് ഒരവസരമായിത്തീരണം. ജീവിതഭാരത്താല്‍ തളരുന്ന നമ്മുടെ സഹോദരങ്ങള്‍ക്കിടയില്‍ മറ്റൊരു കെവുറീന്‍കാരനാവാന്‍, ജീവിതത്തിലെ പ്രതിസന്ധികളില്‍ ചുടുനിണം ചിന്തുന്ന നമ്മുടെ സഹോദരനുമുന്നില്‍ ഒരു വെറോനിക്കയാവാന്‍ ഈ നോമ്പുകാലത്ത് നമുക്കും കഴിയണം. അതിനു ചില തിരിച്ചിറക്കങ്ങള്‍ നടത്തിയേ മതിയാവൂ. സക്കേവൂസിനെപ്പോലെ, എന്റെ കാഴ്ച്ചപ്പാടുകളുടെ മരത്തിന്റെ മുകളില്‍നിന്നു ഞാനും താഴേക്കിറങ്ങണം. എങ്കില്‍ മാത്രമേ ഒരിക്കലും മായാത്ത സ്‌നേഹത്തോടെ നമ്മെ തേടിവരുന്ന ക്രിസ്തുവിന്റെ സാമീപ്യം അനുഭവിക്കുവാന്‍ നമുക്ക് കഴിയൂ. പീലാത്തോസിന്റെ കൊട്ടാരത്തിലും കയ്യപ്പായുടെ അരമനയിലും ഈശോ സഹിച്ചതുപോലെ പലവിധ വേദനകളും ഈ നോമ്പുകാല യാത്രയില്‍ കടന്നുവന്നേക്കാം. ദൈനംദിന ജീവിതത്തിന്റെ ഓട്ടപ്പാച്ചിലില്‍ കൂടെയുള്ളവര്‍ നിസ്സാരസുഖങ്ങളുടെ തീകായുമ്പോള്‍ ഒറ്റപ്പെടുത്തലിന്റെ രൂപത്തിലും, കുറ്റപ്പെടുത്തലിന്റെ ഭാവത്തിലും, വന്നാലും ആ നൈമിഷിക സുഖങ്ങള്‍ക്ക് മുന്നില്‍ അടിപതറാതെ പിടിച്ചുനില്‍ക്കുവാന്‍ നമുക്ക് കഴിയണം. ഇരുട്ടുനിറഞ്ഞ ആ രാത്രിക്കുശേഷം രക്ഷയുടെ ഒരു പുലരി നമ്മെയും കാത്തിരിപ്പുണ്ടെന്ന ആ വലിയസത്യം നമ്മുടെ മനസ്സില്‍ എപ്പോഴും ഉണ്ടായിരിക്കണം. ഭൗതീകമായ നേട്ടങ്ങള്‍ക്കപ്പുറം ആത്മീയമായ ഉന്നതി പ്രാപിക്കുവാന്‍ ഈ നോമ്പുകാലം നമുക്ക് പ്രയോജനപ്പെടുത്താം. നോമ്പിന്റെ ചൈതന്യം മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നുകൊടുത്തുകൊണ്ട് അന്യരിലേക്ക് കടന്നുചെല്ലുമ്പോള്‍ ഈ നോമ്പുകാലം അര്‍ത്ഥപൂര്‍ണ്ണമാക്കുവാന്‍ നമുക്കും സാധിക്കും. പ്രാര്‍ത്ഥനയില്‍ സ്ഥിരതയുള്ളവരായി,ദൈവസ്‌നേഹത്തില്‍ പൂരിതരായി തുടര്‍ന്നുള്ള ജീവിതം അനുഗ്രഹപൂര്‍ണ്ണമാക്കുവാന്‍ നമുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ. വിട്ടുകൊടുക്കലുകളിലൂടെ വീണ്ടെടുപ്പ് പ്രാപിക്കുവാന്‍ ഈ നോമ്പുകാലത്ത് നമുക്കോരോരുത്തര്‍ക്കും കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. ദൈവം എല്ലാവരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമേന്‍. 

253 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131523