നല്ല ഇടയനും ആടുകളും
സെബിന്‍ സി. ആര്‍

പ്രിയമുള്ളവരേ, പഴയനിയമത്തിലൂടെ കടന്നുപോകുമ്പോള്‍ ഇടയനും ആടുകളും തമ്മിലുള്ള ബന്ധം എപ്രകാരമായിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. വളരെ ആഴമേറിയ ഒരു സ്‌നേഹബന്ധമാണ് ആടുകളും ഇടയനും തമ്മിലുണ്ടായിരുന്നത്. തന്റെ ആടുകളെ ആക്രമിക്കാന്‍ വരുന്നവരില്‍ നിന്നും സ്വന്തം ജീവന്‍പോലും വകെവയ്ക്കാതെ, നല്ല ഇടയന്‍ ആട്ടിന്‍ ക്കൂട്ടത്തിന്റെ ജീവന്‍ സംരക്ഷിക്കുന്നു.നല്ല ഇടയന്‍ ഒരിക്കലും തന്റെ ആട്ടിന്‍ക്കൂട്ടത്തെ ഉപേക്ഷിച്ച് കടന്നുകളയില്ല. കാരണം ആ നല്ല ഇടയന് തന്റെ ആടുകളോടുള്ള സ്‌നേഹം അത്രയേറെ ആഴമേറിയതാണ്.

ആടുകള്‍ക്കുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചുകൊണ്ട് അവരെ രക്ഷിച്ച ഇടയന്റെ ചരിത്രമാണ് വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്. പുതിയ നിയമത്തിലെ ആ നല്ല ഇടയനാണ് കര്‍ത്താവായ യേശുക്രിസ്തു. ഇടയന്റെ‚ആടുകളാകട്ടെ നാമോരോരുത്തരും. 'ഞാന്‍ നല്ല ഇടയനാണ് നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നു.'(യോഹ10:11) വി.യോഹന്നാന്റെ സുവിശേഷത്തിലൂടെ കര്‍ത്താവ് നമ്മോട് അരുളിച്ചെയ്യുകയാണ്, ഞാന്‍ നിങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കും. കാല്‍വരി മലയുടെ മുകളില്‍ കുരിശില്‍ തന്റെ ജീവന്‍ നമുക്കായ് നല്‍കി അവിടുന്ന് തന്റെ വചനം നിറവേറ്റി. സാത്താന്റെ കെണിയില്‍ അകപ്പെട്ടു പോയ തന്റെ ആട്ടിന്‍ക്കൂട്ടത്തെ വീണ്ടെടുക്കാനായി അവതരിച്ചവനാണ് യേശുക്രിസ്തു. ആ നല്ല ഇടയന്‍ തന്റെ ദൗത്യം നിറവേറ്റിയത് സ്വമനസ്സാ ലെയും. പിതാവിന്റെ ഹിതപ്രകാരവും ആയിരുന്നു. 1പത്രോസ് 1:18,19 വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു, 'പിതാക്കന്‍മാരില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച വ്യര്‍ത്ഥമായ ജീവിതരീതികളില്‍ നിന്നും നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ സ്വര്‍ണ്ണമോ വെള്ളിയോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ.' പ്രിയപ്പെട്ടവരേ നാം ഓരോരുത്തരുടേയും വീണ്ടെടുപ്പിന്റെ വിലയാണ് കര്‍ത്താവ് ചിന്തിയ തിരുരക്തം. ഒരിക്കല്‍ തന്റെ സ്വന്തമായിരുന്ന ദൈവമക്കളെ സാത്താന്‍ തന്റെ അധികാരങ്ങള്‍ക്കു കീഴിലാക്കി അവരെ അടിമപ്പെടുത്തി, സ്വന്തമാക്കി. സാത്താന് അടിമകളായി കഴിഞ്ഞിരുന്ന ദൈവമക്കളെ കര്‍ത്താവ് വലിയ വിലകൊടുത്ത് സ്വന്തമാക്കിയത് ഈ വീണ്ടെടുപ്പിലൂടെയാണ്. അപ്പ.പ്രവര്‍ത്തനങ്ങളില്‍ കര്‍ത്താവ് വചനത്തിലൂടെ ഇത് പ്രഖ്യാപിക്കുന്നുണ്ട്. 'കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണ് നിങ്ങള്‍.'(അപ്പ 20:28) കാല്‍വരിയില്‍ കര്‍ത്താവിന്റെ‚ രക്തം വീണപ്പോള്‍ അത് തന്റെ മുഴുവന്‍ ആടുകളുടേയും പരിഹാരബലിക്ക് കാരണമായിത്തീര്‍ന്നു. യേശുവിന്റെ രക്തം ഈ ഭൂമിയില്‍ വീണപ്പോള്‍ ആ നല്ല ഇടയന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു, എന്റെ പിതാവേ ഈ രക്തം സ്വീകരിച്ചുകൊണ്ട് എന്റെ‚ മക്കളുടെ പാപങ്ങള്‍ അങ്ങ് ക്ഷമിക്കണമേ, അവരോട് കരുണയായിരിക്കണമേ. അപ്രകാരം ഇടയന്റെ രക്തത്താല്‍ നാം വിടുവിക്കപ്പെട്ടു.

ഇപ്രകാരം വീണ്ടെടുക്കപ്പെട്ട നമ്മെ കര്‍ത്താവ് തന്റെ പരിശുദ്ധാത്മാവിനാല്‍ മുദ്രണം ചെയ്ത് സ്വന്തമാക്കി. 'അവിടുന്ന് നമ്മില്‍ തന്റെ മുദ്ര പതിപ്പിക്കുകയും അച്ചാരമായിട്ട് തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് പകരുകയും ചെയ്തിരിക്കുന്നു.'(2കൊറി 1:22) പ്രിയപ്പെട്ടവരേ നാം ഓരോരുത്തരും കര്‍ത്താവിന്റെ സ്വന്തമാണെന്ന് തിരിച്ചറിയണം. ലോകമോഹങ്ങള്‍ക്കോ പൈശാചിക ശക്തികള്‍ക്കോ, ആധിപത്യങ്ങള്‍ക്കോ നമ്മെ സ്വന്തമാക്കാനോ അടിമപ്പെടുത്താനോ സാധ്യമല്ല. കാരണം കര്‍ത്താവ് സ്വന്തം രക്തം നല്‍കി വീണ്ടെടുത്ത നമ്മളെ തന്റെ‚പരിശുദ്ധാത്മാവിനാല്‍ മുദ്രണം ചെയ്ത് സ്വന്തമാക്കിയിട്ടുണ്ട്. സ്‌നേഹമുള്ളവരേ ഈ നോമ്പുകാലത്തിലൂടെ നാം കടന്നുപോകുമ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണ ങ്ങള്‍ വര്‍ജ്ജിക്കാന്‍ നാം ശ്രമിക്കാറുണ്ട്. എന്നാല്‍ തളര്‍ന്നവരെ ബലപ്പെടുത്തുകയും നിരാശയില്‍ കഴിയുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്ന, രോഗികളെ സൗഖ്യപ്പെടുത്തുന്ന ദൈവവചനമാകുന്ന ഭക്ഷണം നാം എത്രത്തോളം സ്വീകരിക്കുന്നുണ്ട്. നല്ല ഇടയനായ ഈശോ തന്റെ ആടുകളായ നമുക്ക് നല്‍കിയ സ്വാദിഷ്ടമായ ഭക്ഷണമാണ് ദൈവവചനം. 'മനുഷ്യന്‍ അപ്പംകൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവില്‍നിന്നും പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത്.'(മത്താ 4:4) നാല്പ്പതു ദിവസം മരുഭൂമിയില്‍ ഉപവസിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ ആ നാഥനു ഭക്ഷിക്കാന്‍ തന്റെ പിതാവ് നല്‍കിയ വചനങ്ങളുണ്ടായിരുന്നു. 'അങ്ങയുടെ വചനങ്ങള്‍ കണ്ടെത്തിയപ്പോള്‍ ഞാന്‍ അവ ഭക്ഷിച്ചു. അവ എനിക്ക് ആനന്ദാമൃതായി, എന്റെ ഹൃദയത്തിന് സന്തോഷവും.'(ജറമി 15:16) ഈ നോമ്പുകാലത്ത് കര്‍ത്താവ് നല്‍കിയ വചനങ്ങള്‍ കണ്ടെത്തുവാനും അത് ഭക്ഷിക്കുവാനും നമുക്ക് പരിശ്രമിക്കാം.

പ്രിയപ്പെട്ടവരേ, നമ്മെ ഓരോരുത്തരേയും വ്യക്തിപരമായി തിരിച്ചറിയാന്‍ യേശുവെന്ന നല്ല ഇടയനു കഴിവുണ്ട്. ആ നല്ല ഇടയന്‍ തന്റെ ഉള്ളം കൈയ്യില്‍ എന്റേയും നിങ്ങളുടേയും പേരു രേഖപ്പെടുത്തിയിരിക്കുന്നു. ഓ കര്‍ത്താവേ, ഈ സ്‌നേഹബന്ധത്തിലേക്ക് കടന്നുവരാന്‍ ഞങ്ങളേയും അനുഗ്രഹിക്കണമേ. എല്ലാത്തിലും ഉപരിയായി നല്ല ഇടയനും ആടുകളുമായുള്ള സ്‌നേഹബന്ധത്തില്‍ വളരുവാന്‍ അങ്ങ് ഇടയാക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവാണ് എന്റെ ഇടയന്‍ എനിക്കൊന്നിനും കുറവുണ്ടാവുകയില്ല സങ്കീര്‍ത്തനങ്ങള്‍ƒ 23:1

662 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690