ആതുരാലയത്തിലെ അപരിചിതന്‍
ജറിന്‍ രാജ്

'എക്‌സ്‌ക്യൂസ് മി' എന്ന വാക്ക് ഏറ്റവും കൂടുതല്‍ വെറുത്ത ദിവസമേതാണെന്നു ചോദിച്ചാല്‍, വല്യപ്പച്ചന്റെ കൂടെ ബൈസ്റ്റാന്‍ഡറായി ആശുപത്രിയില്‍ കിടന്ന ആ കൊച്ചുവെളുപ്പാന്‍ കാലം എന്റെ ഓര്‍മ്മയില്‍ വരും. അതെങ്ങനാ 'എക്‌സ്‌ക്യൂസ് മി', 'എക്‌സ്‌ക്യൂസ് മി'.... എന്നൊരഞ്ചാറു പ്രാവശ്യം കാതില്‍ കേട്ടപ്പോള്‍ അടുത്തിരുന്ന അലാറത്തില്‍ നിന്നു വരുന്ന ഒച്ചയാണതെന്നു കരുതി അതിന്റെ മണ്ടക്കിട്ടൊരു കൊട്ടുകൊടുത്തിട്ട് തിരിഞ്ഞുകിടന്നിട്ടും ദേ വീണ്ടും എക്‌സ്‌ക്യൂസ് മി! പാതിമിഴിഞ്ഞ കണ്ണുകളുമായി പോത്തിനെ വെട്ടാനുള്ള ദേഷ്യത്തില്‍ മെല്ലെ എഴുന്നേറ്റപ്പോള്‍ മുന്നില്‍ കാണുന്നതോ ചെറുപുഞ്ചിരി തൂകി, വെള്ള വസ്ത്രവുമണിഞ്ഞ് പ്രേമലേഖനം പോലെ എന്തോ ഒരു കുറിപ്പ് എനിക്കു നേരേ നീട്ടി ഒരു കുഞ്ഞു മാലാഖ.. സത്യം പറഞ്ഞാല്‍ പിന്നെ എന്റെ സാറേ... ചുറ്റുമുള്ളതൊന്നും എനിക്ക് കാണാന്‍ മേലായിരുന്നു. ആകാംഷയോടെ മാലാഖയുടെ ചുരുള്‍ നിവര്‍ത്തി വായിച്ചു തുടങ്ങുമ്പോഴേക്കും അവള്‍ പറഞ്ഞു 'ബൈസ്റ്റാന്‍ഡര്‍ ഇങ്ങനെ കിടന്നുറങ്ങിയാലെങ്ങനാ, ഈ കുറുപ്പിലെ മരുന്ന് വാങ്ങിക്കൊണ്ടു വാ'..

 പരിസരബോധം വീണ്ടെടുത്ത്, കൈയ്യില്‍ കിട്ടിയ മരുന്ന് കുറിപ്പുമായി വാര്‍ഡില്‍ നിന്നും വെളിയിലേയ്ക്കു ഇറങ്ങാന്‍ തുടങ്ങിയ എന്നെ പിന്നില്‍ നിന്നും ആരോ കൈയ്ക്കു പിടിച്ചു നിര്‍ത്തി. ബലിഷ്ടമായ കരങ്ങള്‍ ആ മാലാഖ കുട്ടിയുടേതല്ല എന്നറിയാമായിരുന്നിട്ടും എവിടേയോ ബാക്കിവച്ച ഒരല്‍പ്പം പ്രതീക്ഷയില്‍ ഞാന്‍ തിരിഞ്ഞു നോക്കി. ഞങ്ങടെ വാര്‍ഡിലെ തന്നെ തോമസ്സുചേട്ടനാണ്. ആരോടും ഒന്നും സംസാരിക്കാതെ വിഷാദമുഖവുമായി സര്‍ജറി കഴിഞ്ഞു കിടന്നിരുന്ന തോമസ്സു ചേട്ടനെ ഞാന്‍ മുമ്പേ ശ്രദ്ധിച്ചിട്ടുണ്ട്. 'എന്താ തോമസ്സുചേട്ടാ' ഞാന്‍ ചോദിച്ചു. ഒന്നും ഉരിയാടാതെ കൈയ്യിലെ കുറിപ്പ് എനിക്കു നേരേ നീട്ടുമ്പോഴേയ്ക്കും തോമസ്സുചേട്ടന്റെ കണ്ണു നിറഞ്ഞൊഴുകിയിരുന്നു. ഒരല്‍പ്പം അമ്പരപ്പോടെ നിന്ന എന്നോട് 'ആ അപ്പച്ചനാരുമില്ല മോനേ, മോന്‍ പോകുന്ന വഴിയ്ക്ക് അദ്ദേഹത്തിനു കൂടെയുള്ള ഈ മരുന്നുകള്‍ വാങ്ങിക്കൊടുക്കുവാന്‍ പറ്റുവോ?' എന്ന് വാര്‍ഡിലെ സീനിയര്‍ സിസ്റ്റര്‍ ചോദിച്ചു. ദിവസങ്ങള്‍ കടന്നുപോയി, പിന്നീട് ഞാനും തോമസ്സുചേട്ടനും ഒരുപാടടുത്തു. ഉറ്റവരാലും ഉടയവരാലും ഉപേക്ഷിക്കപ്പെട്ട ആ മനുഷ്യന്റെ മുഖത്ത് നഷ്ടപ്പെട്ട ആരേയോ തിരിച്ചുകിട്ടിയ ഒരു പ്രതീതി ആയിരുന്നു. മെല്ലെ മെല്ലെ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നതും അദ്ദേഹം വാചാലനായതും ഞങ്ങള്‍ കണ്ടറിഞ്ഞു. അല്ല അനുഭവിച്ചറിഞ്ഞു. കാരണം ആതുരാലയത്തിലെ ആ അപരിചിതന്റെ സന്തോഷം എന്നിലെ സന്തോഷം ഇരട്ടിപ്പിച്ചു.

 'അവന്‍ സിനഗോഗുകളില്‍ പ്രസംഗിക്കുന്നതിനിടയില്‍ പത്രോസിന്റെ അമ്മായി അമ്മ രോഗബാധിതയാണെന്നറിഞ്ഞ് അവളെ ചെന്നു കണ്ടു സന്ദര്‍ശിച്ച് അവളെ ശുശ്രൂഷിക്കുകയും സുഖപ്പെടുത്തുകയും ചെയ്തു.'(ലൂക്കാ 4:38-39) 'വിവിധതരം അസുഖം ബാധിച്ചവര്‍ അവനാല്‍ സൗഖ്യമാക്കപ്പെട്ടു'.(ലൂക്കാ4:40) ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും മറ്റനേകര്‍ക്ക് മോചനദ്രവ്യമാകുവാനും അവതരിച്ച മനുഷ്യപുത്രനായ(മത്താ20:28), ഏറ്റവും അനുകരണ യോഗ്യനും 'മറ്റുള്ളവര്‍ നിങ്ങളോട്  എങ്ങിനെ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അങ്ങനെ തന്നെ നിങ്ങള്‍ അവരോടും വര്‍ത്തിക്കുവിന്‍.'(ലൂക്കാ 6:31) എന്ന ആപ്തവാക്യം സ്വജീവിതത്തില്‍ നിറവേറ്റിയവനുമായ യേശുക്രിസ്തുവിന്റെ രോഗികളോടുള്ള മനോഭാവവും അതോടൊപ്പം ശുശ്രൂഷാ വ്യഗ്രതയും മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ നിന്നും ബൈബിളിലെ മറ്റനവധി ഏടുകളില്‍ നിന്നും വ്യക്തമാണ്. എന്തായിരിക്കണം കര്‍ത്താവ് ഈ പ്രവര്‍ത്തിയിലൂടെ നമ്മോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്- ആരോരുമില്ലാത്തവനു അഭയമാകാന്‍ അവതരിച്ചവനാണ് അത്യുന്നതന്‍! രോഗികള്‍ക്ക് ആദ്യം വൈദ്യനായും പിന്നീട് ലേപനമായും അവന്‍ തന്നെ മാറി. മനസ്സോ ശരീരമോ വ്രണപ്പെട്ടവന് നാമും സൗഖ്യദായകമായ അമൃതാകാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ക്രസ്തുശിഷ്യന്‍ ക്രിസ്തുവിന്റെ രോഗികളോടുള്ള മനോഭാവത്തില്‍ നിന്ന് ഒട്ടും വ്യതിചലിക്കുവാന്‍ പാടുള്ളതല്ല.

 രോഗാവസ്ഥയില്‍ വേദനിക്കുന്ന ഓരോ വ്യക്തിയേയും കര്‍ത്താവ് തനിക്ക് സമനായി കാണുന്നു- അവന്‍ സഹിക്കുന്ന ഓരോ വേദനയും ക്രിസ്തു തന്റെ പീഡാനുഭവത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. അതുകൊണ്ടാണ് അവിടുന്ന് ഇപ്രകാരം പറയുന്നത് 'ഞാന്‍ രോഗിയായിരുന്നു, നീ എന്നെ സന്ദര്‍ശിച്ചില്ല/സന്ദര്‍ശിച്ചു അഥവാ ശുശ്രൂഷിച്ചില്ല/ശുശ്രൂഷിച്ചു'(മത്താ 25:36/43) പ്രിയമുള്ളവരേ, രോഗികളോടുള്ള നമ്മുടെ മനോഭാവം ക്രിസ്തുവിനോട് അനുരൂപപ്പെടുന്നുണ്ടോ? യേശുവിനോട് ഏറ്റവും അടുത്ത് നില്‍ക്കാനുള്ള അവസരവും അവിടുത്തെ ശുശ്രൂഷിക്കാനുള്ള സൗഭാഗ്യവും രോഗീപരിചരണത്തിലൂടെ നമുക്ക് ലഭിക്കുന്നുവെന്ന വലിയ സത്യം ഇനിയും നാം തിരിച്ചറിയാതെ പോകുന്നുണ്ടോ? മറ്റൊന്നും അവിടുന്ന് ആഗ്രഹിക്കുന്നില്ല- അശരണരും രോഗികളുമായ പാവങ്ങളെ ഒന്ന് കണ്ട് നിന്റെ സാന്നിധ്യം കൊണ്ടോ വാക്കുകൊണ്ടോ അവര്‍ക്കൊരാശ്വാസമാകാന്‍... തിരിച്ചറിയുക, രോഗം സുഖപ്പെടുത്തിയേക്കാവുന്ന കോടിക്കണക്കിന് വിലമതിക്കുന്ന മരുന്നിനേക്കള്‍ വിലപ്പെട്ടതാവാം ഒരുപക്ഷേ ആ വ്യക്തിക്ക് നിന്റെ സാമീപ്യം നല്‍കുന്ന സമാശ്വാസം, ഒപ്പം കര്‍ത്താവിന്റെ മുമ്പില്‍ അന്ത്യദിനത്തില്‍ നിന്റെ നിത്യസമ്മാനം വലതുവശത്തു നിന്നു വാങ്ങാനുള്ള കുറിപ്പടിയും. എത്രയോ അപരിചിതര്‍/പരിചിതര്‍ നമുക്ക് ചുറ്റും രോഗികളായിരിക്കുന്നു. സഹോദരാ അവര്‍ക്കായി നീ മാറ്റി വയ്ക്കുന്ന നിന്റെ വിലപ്പെട്ട നിമിഷങ്ങള്‍ വിലമതിക്കുന്നവനാണ് കര്‍ത്താവ്.. ഉണരട്ടെ നിന്നിലെ സമരിയക്കാരന്‍.  

304 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131524