എന്റെ പദ്ധതി ദൈവ പദ്ധതിയോ?
അജോ പുതുമന

നമുക്കെല്ലാം സുപരിചിതമായ ഒരു വചനമാണ് ജറമിയ 29/11 'നിങ്ങളെക്കുറിച്ചുള്ള ഒരു പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി.' വളരെയേറെ പ്രത്യാശ നല്‍കുന്ന ഒരു വചനഭാഗമാണിത്. തളര്‍ന്നിരിക്കുന്ന അനേകര്‍ക്ക് ഉണര്‍വും ഉത്തേജനവും നല്‍കിയ വചനം. പക്ഷേ, തിരിഞ്ഞുനോക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും നിരാശയുടേയും മോഹഭംഗത്തിന്റേയും പൂര്‍ത്തീകരിക്കാത്ത പദ്ധതികളുടെ പരാതിയും പരിഭവങ്ങളും മാത്രം. പ്രാര്‍ത്ഥിച്ചെടുക്കുന്ന പല തീരുമാനങ്ങളും പാതിവഴിയില്‍ പരാജയപ്പെട്ടുപോയവരുടെ പല കഥകളും വലിയ ശുശ്രൂഷകരായിരുന്നവരിപ്പോള്‍ പഴയതിലും മോശമായ അവസ്ഥയില്‍ പാപത്തിന്റെ പടുകുഴിയില്‍ കിടക്കുന്നതും കണ്ടിട്ടുണ്ട്. നമുക്ക് ശുഭമായ ഭാവി ഉണ്ടെന്ന് പറഞ്ഞിട്ട് എന്തേ ഈ ദുരിതങ്ങള്‍. നവീകരണ മുന്നേറ്റത്തില്‍ ആര്‍ക്കും ചിന്തിക്കാന്‍ സാധിക്കുന്നതിനപ്പുറം ഓടുകയും ധാരാളം അത്ഭുതങ്ങളും അടയാളങ്ങളും വഴി അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുകയും ചെയ്ത ചിലര്‍ ഇന്ന് മദ്യപാനത്തലും നിരാശയിലും തകര്‍ന്ന് കിടക്കുന്നത് കാണേണ്ടിവന്നിട്ടുണ്ട്.

 ഇവിടെയാണ് 1യോഹ 2/17 വചനത്തിന്റെ പ്രസക്തി 'ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.' നമുക്ക് നല്ലതെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യാനല്ല ദൈവം നമ്മോടു ആവശ്യപ്പെടുന്നത്. മാനുഷികമായി ചിന്തിച്ചാല്‍ അതു നല്ലതുതന്നെ ആയിരിക്കും. അനേകര്‍ക്ക് ഉപകാരപ്രദവുമായിരിക്കും. പക്ഷേ, അതാണോ നമുക്കുള്ള ദൈവഹിതം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. യോനയുടെ അനുഭവം നമ്മെ പഠിപ്പിച്ചുതരുന്നത് ഇതു തന്നെയാണ്. നിനവേനഗമത്തിലേക്ക് പോകാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ യോന പോയത് താര്‍ഷീഫിലേക്കാണ്. കാരുണ്യവാനായ ദൈവം മനസ്സലിഞ്ഞ് അവര്‍ക്കെതിരെയുള്ള ശിക്ഷ പിന്‍വലിക്കുമെന്ന് അറിയാവുന്നതുകൊണ്ടാണ് യോന നിനവേയിലേക്ക് പോകാത്തത്. അദ്ദേഹത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കാനും ഒക്കെയുള്ളത് അവിടെയാണ്. എന്തുകൊണ്ടാണ് യോന താര്‍ഷീഫിലേക്ക് പോയത്. ഇവിടെ യോനാക്ക് സംഭവിച്ചത് പലപ്പോഴും നമ്മുടെ ദീവിതത്തില്‍ നമുക്കും സംഭവിക്കാം. നമുക്ക് കൂടുതല്‍ ചെയ്യാന്‍ സാധിക്കുമെന്ന സ്ഥലത്തും കൂടിതല്‍ ഫലം കിട്ടുമെന്ന് തോന്നുന്നിടത്തും ശുശ്രൂഷ ചെയ്യാനാണ് നമുക്കിഷ്ടം. നമുക്ക് കൂടുതല്‍ അംഗീകാരവും നേട്ടവും കിട്ടുന്ന സ്ഥലങ്ങളില്‍ പോകുമ്പോള്‍ യോനയുടെ അനുഭവം നമുക്കൊരു പാഠമായിരിക്കട്ടെ. അവിടെ നമ്മെ കാത്തിരിക്കുന്നത് ആഴിയുടെ അടിത്തട്ടിലേക്ക് വലിച്ചെറിയപ്പെടുന്ന അനുഭവവും. ജീവന്‍ തന്നെ അപകടമാകുകയും ചെയ്യും,

 നാം പലപ്പോഴും പ്രാര്‍ത്ഥിച്ച് തീരുമാനമെടുക്കുമ്പോള്‍ പറ്റുന്ന ഒരു പിഴവ് നമുക്ക് യോജിച്ച തീരുമാനമെടുത്തിട്ട് അതു നിറവേറ്റാനായി പ്രാര്‍ത്ഥിക്കുകയാണ് പതിവ്. ദൈവഹിതം ചിലപ്പോള്‍ ഇന്നത്തെ സാഹചര്യങ്ങളോടു വെല്ലുവിളിയാകാം. നമുക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും ഒരു പൊട്ടത്തരമായി തോന്നിയെന്നു വരാം. നോഹയോട് ദൈവം പെട്ടകമുണ്ടാക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് നോഹ അത് ചെയ്തപ്പോള്‍ പലരും അദ്ദേഹത്തെ പരിഹസിച്ചു. ഒഴുക്കിനെതിരെ നീന്താന്‍ ചിലപ്പോള്‍ ദൈവം ആവശ്യപ്പെട്ടാല്‍ നാം ഒഴുക്കിന്റെ തീവ്രതയോ വെള്ളത്തിന്റെ ആഴമോ നോക്കേണ്ടില്ല. ആഴിയുടേയും പ്രപഞ്ചം മുഴുവന്റേയും അധിപനാണ് നമ്മുടെ ദൈവം.

 സാവൂള്‍ സഭയെ പീഡിപ്പിച്ചത് സാവൂളിനു കിട്ടിയ പഠനവും അറിവും വച്ച് ഏറ്റവും നല്ല കാര്യം അതാണ് എന്ന സാധ്യത്തിലാണ്. എന്നാല്‍ സാവൂള്‍ ദൈവഹിതം തിരിച്ചറിയുകയും പൗലോസായി മാറുകയും ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം എത്ര മഹത്തരമായിത്തീര്‍ന്നു. ഇന്നും നമ്മുടെ ജീവിതം പരാജയമായിരുന്നാലും പ്രശ്‌നങ്ങള്‍ക്കിടയില്‍ പെട്ടുഴയുകയാണെങ്കിലും നിരാശപ്പെടേണ്ട, നമുക്കായി നല്ല ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി ദൈവകരത്തിലുണ്ട്. അതു തിരിച്ചറിയാനായി നമുക്ക് ശ്രമിക്കാം. ദൈവസ്വരം കേള്‍ക്കാനും അതു തിരിച്ചറിയാന്‍ കഴിയുന്നതുമാകട്ടെനമ്മുടെ പ്രാര്‍ത്ഥനകള്‍.

 'നാം ദൈവത്തിന്റെ കരവേലയാണ്, നാം ചെയ്യാന്‍ വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവര്‍ത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.' (എഫേ: 2/10)

416 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691