ഇന്നിന്റെ സുവിശേഷം
ആന്‍ അനീഷ്

പണ്ട് നമ്മുടെ വീടുകളില്‍ വിശുദ്ധഗ്രന്ഥം അധികം ഒന്നും കാണില്ല, എല്ലാവര്‍ക്കും കൂടി ഒന്ന്, അത് തുറക്കുന്നവരോ, വായിക്കുന്നവരോ, ചുരുക്കം. പിന്നീട് ഒരു വീട്ടില്‍ ഒരു ബൈബിള്‍ എന്നത് മാറി ഒരാള്‍ക്ക് ഒന്ന് എന്നായി. എന്നാല്‍ ഇപ്പോഴോ നമ്മുടെ വിരല്‍തുമ്പില്‍, നാം എവിടെയായിരിക്കുന്നുവോ അവിടെ, ഏതു ഭാഷയില്‍ വേണോ ആ ഭാഷയില്‍, വചനം ലഭ്യമാണ്. എന്നിട്ടും നാം എത്രപേര്‍ അതൊന്നു വായിക്കാന്‍, ഹൃദ്ദിസ്ഥമാക്കാന്‍ വചനം തന്നെയായി മാറാന്‍ ശ്രമിക്കുന്നുണ്ട്?

ക്രിസ്ത്യാനി എന്നത് ഒരു അഹങ്കാരമായി നെഞ്ചുവിരിച്ചു നടക്കുന്ന നമ്മോട് ദൈവവചനത്തെപ്പറ്റി ആരെങ്കിലും കാര്യമായി ചോദിച്ചാല്‍ തീര്‍ന്നു, പിന്നെ തപ്പലായി അങ്കലാപ്പായി. നാം ദൈവവചനം വായിക്കാന്‍ അല്ലെങ്കില്‍ പഠിക്കാനായി സഭ ഇന്ന് പല സംവിധാനങ്ങളും ചെയ്യുന്നുണ്ട്. എന്നാല്‍ ദൈവവചനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി, വചനത്തിന്റെ ശക്തി മനസ്സിലാക്കി, വചനം തന്നെയാണ് ഈശോ എന്ന് തിരിച്ചറിഞ്ഞ് അവ പ്രയോജനപ്പെടുത്താന്‍ നമുക്കു സാധിക്കുന്നുണ്ടോ? 

ബൈബിള്‍ പോലെ ഇത്രയധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട മറ്റൊരു ഗ്രന്ഥം കാണില്ല. ബൈബിളിന്റെ ആരംഭം ഉല്‍പ്പത്തി മുതല്‍ അങ്ങ് വെളിപാടു വരെ ഒന്നു കണ്ണോടിച്ചാല്‍ നമുക്ക് മനസ്സിലാകും, കേവലം ഒരു മതഗ്രന്ഥം എന്നതിലുപരി ഈ പ്രപഞ്ചത്തിന്റെ ഉത്ഭവം, രാജാക്കന്‍മാരുടെ ഭരണങ്ങള്‍, യുദ്ധങ്ങള്‍, എത്ര ചരിത്ര പ്രധാനമായ രേഖകള്‍, തുടങ്ങി തകര്‍ന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനമേകുന്ന സങ്കീര്‍ത്തനങ്ങളും ഒരപ്പന്റെ സ്‌നേഹോപദേശങ്ങളായി നിലകൊള്ളുന്ന സുഭാഷിതങ്ങളും പ്രഭാഷകനും കുരിശിന്റെ സ്‌നേഹം പങ്കുവെയ്ക്കുന്ന സുവിശേഷങ്ങളും ക്രൈസ്തവ വീക്ഷണങ്ങള്‍ ആഴത്തില്‍ വരച്ചിടുന്ന വി. പൗലോസിന്റെ ലേഖനങ്ങളും ബൈബിളിനെ ജനഹൃദയങ്ങളോട് ചേര്‍ത്തു നിര്‍ത്തുന്നു. വി.ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി പല രാജ്യങ്ങളുടെ നിയമസംഹിതകള്‍ പോലും രൂപപ്പെട്ടു. അക്രൈസ്തവര്‍ പോലും ബൈബിളിന്റെ സന്തതസഹചാരിയായി.   

ജീവിതത്തില്‍ വിരക്തിയും നിരാശയിമൊക്കെ നിറഞ്ഞ അവസരങ്ങളില്‍ദൈവവചനം വായിച്ച് ദൈവസ്‌നേഹശക്തിയാല്‍ ജീവിതമാകെ മാറിയ എത്രയോ ആളുകള്‍. പിന്നീട് അവര്‍ സുവിശേഷമായി മാറുന്നു. സഭയെ പീഡിപ്പിക്കുമ്പോഴും സാവൂളിന് പഴയ നിയമത്തില്‍ നല്ല അവഗാഹമുണ്ടായിരുന്നു. ക്രിസ്തു മാര്‍ഗ്ഗം സ്വീകരിക്കുന്നവരെ കൊന്നു കൊണ്ടിരിക്കുന്നവന്‍ കര്‍ത്താവിനെ കൊടുത്തു തുടങ്ങിയപ്പോള്‍ വിശിഷ്ടമായ 14 ലേഖനങ്ങള്‍ സഭയ്ക്കു ലഭിച്ചു. ദൈവവചനത്തിലുള്ള അഗാധമായ പാണ്ഡിത്യം ആണ് അദ്ദേഹത്തെ മറ്റു ശ്ലീഹന്മാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്.

ജറുസലേം ദേവാലയത്തില്‍ വളര്‍ന്ന ഒരു കന്യക എങ്ങനെ വചനം പഠിച്ച് ഒരുങ്ങിയോ, ആ പക്വതയുടെ നിറവാണ്, ഗബ്രിയേല്‍ ദൈവദൂതനോട് നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ എന്ന് അവളെക്കൊണ്ട് പറയിപ്പിച്ചത്. വചനം മാംസമായി അവളില്‍ ഉരുവായതും നമ്മുടെ ഇടയില്‍ വസിച്ചതും. വചനം തന്നെ പറയുന്നു ഠദൈവത്തിന്റെ വചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്, ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും.ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്ഠ.(ഹെബ്ര 4:12)

ഇരുതല മൂര്‍ച്ചയുള്ള ദൈവവചനത്തിന്റെ ശക്തിയാല്‍ എത്ര അത്ഭുതങ്ങള്‍, രോഗശാന്തികള്‍, വിടുതലുകള്‍ സംഭവിക്കുന്നു? ദൈവവചനം നമ്മില്‍ ആഴപ്പെട്ടിട്ടുണ്ടെങ്കില്‍ ജീവിതനൗക എത്ര കോളിളകിയ തിരയില്‍ പെട്ടാലും ഇളകില്ല, പതറില്ല, അതു പാറമേല്‍ പണിത ഭവനം പോലെ നിലനില്‍ക്കും. കൂടാതെ നമ്മെ തകര്‍ത്തവനിലേക്ക് പോലും സാന്ത്വനത്തിന്റെ തലോടലായി എത്തിച്ചേരുവാന്‍ നമ്മിലൂടെ വചനത്തിന് സാധിക്കും.

 നമ്മുടെ ജീവിതങ്ങളും സുവിശേഷങ്ങളായി മാറുമ്പോള്‍ മാത്രമാണ് വചനം അതിന്റെ പൂര്‍ണ്ണതയിലെത്തുക. അല്ലെങ്കില്‍ ഒന്‍പതാം വയസ്സില്‍ ഈശോയെ കാണാതെ കണ്ടുകിട്ടുമ്പോള്‍, യേശു ദേവാലയത്തിലിരുന്നു ഉപാധ്യന്‍മാര്‍ പറയുന്നതു കേള്‍ക്കുകയും അവരോട് ചോദ്യം ചോദിക്കുകയുമായിരുന്നു. യേശു ചെറുപ്പത്തില്‍ തന്നെ വചനം പിന്നീട് ബൈബിളില്‍ പലഭാഗത്തും തന്റെ പരസ്യജീവിത കാലത്ത് പ്രവാചക ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് അവിടുന്ന് സംസാരിക്കുന്നുണ്ട്. ഇവിടെയെല്ലാം നാം കാണുന്നത് യേശുപോലും ഒറ്റവാക്കാല്‍ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചവന്‍, വചനം അപഗ്രസിച്ചാണ്.

അപ്പമില്ലാത്തവന്റെ മുമ്പില്‍ അപ്പമായി, കേറിക്കിടക്കാന്‍ കൂരയില്ലാത്തവനു പാര്‍പ്പിടമായി, സ്‌നേഹം തിരസ്‌ക്കരിക്കപ്പെട്ടവര്‍ക്ക് സ്‌നേഹമായി മാറുമ്പോള്‍ അവന്‍ നമ്മിലൂടെ സുവിശേഷം വായിക്കാതെ വായിക്കപ്പെടും.

346 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691