ഭൂഗോളത്തിന്റെ സ്പന്ദനം
ആല്‍ഫി ജോബി

ശാസ്ത്രസാങ്കേതിക വിദ്യകളിലും, ഗവേഷണങ്ങളിലും, കൈവയ്ക്കുന്ന എല്ലാ മേഖലകളിലും അതിശയിപ്പിക്കുന്ന കണ്ടുപിടുത്തങ്ങള്‍ക്കും ലോകത്തിന്റെ വളര്‍ച്ചയ്ക്കും കാരണക്കാരനായ മനുഷ്യന്‍ 'ഞാന്‍' എന്ന രണ്ടക്ഷരത്തിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. പല രാത്രികളിലെ ഉറക്കമൊഴിച്ച്  ആകാശത്തെ വിസ്മയങ്ങളെ കണ്ടെത്തി വിജയിക്കുന്ന അവന്‍ കൂടെക്കഴിയുന്ന സഹോദരങ്ങളെ മനസ്സിലാക്കുന്നതില്‍ പരാജിതനാകുന്ന കാലം. അതുകൊണ്ടുതന്നെ 'നിന്നെ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക' എന്ന ക്രിസ്തുവാഹ്വാനത്തിന് ഇന്ന്ഏറെ പ്രസക്തിയുണ്ട്. ഇത്തിരി ത്യാഗം സഹിച്ച് ലാഭേഛ കൂടാതെ മറ്റുള്ളവരെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നവര്‍ 'മണ്ടന്‍മാരായി' മുദ്രകുത്തപ്പെടുന്ന വിചിത്ര ചിന്താഗതികളുള്ള ഒരു യുഗത്തിലാണ് നാമിന്ന്. തന്റെ മുന്‍പില്‍ ഒരത്യാവശ്യവുമായി വരുന്നവരില്‍ നിന്ന് എന്തെങ്കിലും ഇല്ലാകാരണങ്ങള്‍ പറഞ്ഞ് എങ്ങനെ 'സ്‌കൂട്ടാവാം'എന്ന് ചിന്തിക്കുന്ന പുത്തന്‍ തലമുറ. യാചിച്ചു വരുന്നവനെ വെറുംകൈയോടെ മടക്കി വിടുന്ന ഒരാള്‍ക്കെങ്ങനെയാണ് അറിഞ്ഞുചെന്ന് മറ്റൊരാളെ സ്‌നേഹിക്കാനും സഹായിക്കാനും കഴിയുക!

 'നിന്നെപ്പോലെ മറ്റുള്ളവരേയും സ്‌നേഹിക്കണം' എന്ന വചനത്തില്‍ 'നിന്നേപ്പോലെ' എന്ന വാക്കും ഇന്നേറേ പ്രാധാന്യം അര്‍ഹിക്കുന്നു. കാരണം പലപ്പോഴും നമ്മള്‍ സ്വയം സ്‌നേഹിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. നമ്മുടെ മനസ്സിലെ വിങ്ങുന്ന മുറിവുകളും മറ്റുള്ളവരോടുള്ള ഒടുങ്ങാത്ത പകയും, വെറുപ്പുമെല്ലാം നമ്മെ സ്വയം സ്‌നേഹിക്കുന്നതില്‍ നിന്നും തടയുന്നു. സ്വാര്‍ത്ഥത നിറഞ്ഞ ഒരു മനസ്സിനും മറ്റൊരാളെ സ്‌നേഹിക്കാനോ അയാളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും തന്റേതായി കാണുവാനോ അവന്റെ സന്തോഷത്തില്‍ പങ്കുചേരുവാനോ കഴിയില്ല.

 മറ്റുള്ളവരോട് അവരുടെ കഷ്ടതകളില്‍ നമുക്ക് തോന്നുന്ന മനോഭാവമെന്താണ്? നമ്മുടെ കുടുംബത്തിലോ, വര്‍ഷങ്ങളായി അടുപ്പമുള്ള വേണ്ടപ്പെട്ടവരോ ആണെങ്കില്‍ അവരുടെ സങ്കടങ്ങളില്‍ നമുക്ക് വേദനയുണ്ടാകും. അവരുടെ ആവശ്യങ്ങള്‍ നമ്മുടെ ആവശ്യങ്ങളായി തോന്നി വേണ്ടതെല്ലാം ചെയ്‌തെന്നുവരും. പക്ഷേ, ഇന്ന് ആ സ്‌നേഹത്തിനും കണക്കുപറച്ചിലാണ്. തിരിച്ചും സഹായം വേണ്ടിയിരുന്നപ്പോള്‍ ചെയ്യാതിരുന്ന ഉറ്റവരോടും ഉടയവരോടും പരിഭവത്തോടെ ചെയ്തതിന്റെ കണക്കും ബോധിപ്പിച്ച് വെറുപ്പോടെ മുഖം തിരിച്ച് നടക്കുന്ന കാഴ്ച്ച!. എന്തിനേറേ! സ്വന്തം അപ്പനേയും അമ്മയേയും വാര്‍ദ്ധക്യത്തില്‍ പരിപാലിക്കേണ്ടിവരുന്ന മകനും മകളും നോക്കുകൂലിയായി സ്ഥലവും കാശുമൊക്ക കണക്കുപറഞ്ഞ് വാങ്ങുന്ന ഇന്ന്, മുമ്പ് പറഞ്ഞ കാഴ്ച്ചയൊക്കെ എത്രയോ സഹനീയം. ഈ കണക്കുപറച്ചിലില്‍ കേള്‍ക്കേണ്ടി വരുമെന്ന ചിന്തയുള്ളതു കൊണ്ട് തന്നെ ഇന്നത്തെ മാതാപിതാക്കള്‍ മക്കളെ നോക്കിയും കണ്ടുമാണ് സ്‌നേഹിക്കുന്നതും. മക്കള്‍ക്കുവേണ്ടി ചെയ്യുന്നതിനും ചെയ്തതിനും അവരും കണക്കുപറയാന്‍ തുടങ്ങിക്കഴിഞ്ഞു. ചാക്കോമാഷ് പറഞ്ഞതുപോലെ ഇന്ന് ഭൂഗോളത്തിന്റെ സ്പന്ദനം മൊത്തം ഈ കണക്കിലാണ്- കണക്കു പറിച്ചിലില്‍.

 എനിക്കെന്തു ലാഭം കിട്ടും, ഞാനവനുവേണ്ടി ഇത് ചെയ്യാന്‍ അവന്‍ എനിക്കുവേണ്ടി മുന്‍പ് എന്തെങ്കിലും ചെയ്തിട്ടുണ്ടോ? അതോ, ചെയ്താല്‍ ഭാവിയില്‍ എനിക്കെന്തെങ്കിലും പ്രയോജനമുണ്ടാകുമോ? സമൂഹത്തില്‍ പ്രശസ്തി കിട്ടുമോ?  എന്തെങ്കിലും പ്രയോജനം ഉണ്ടെങ്കില്‍ മാത്രമേ ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ ഇന്നത്തെ ലോകം തുനിയുകയുള്ളൂ. ഇല്ലെങ്കില്‍ വളരെ വിദഗ്ധമായി മുങ്ങാന്‍ നാം പഠിച്ചുകഴിഞ്ഞു. പ്രതിഫലേഛയില്ലാതെ സഹായിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ സമൂഹം തന്നെ നോക്കി 'ഭൂലോകമണ്ടന്‍' എന്നു വിളിക്കുമെന്നും നമ്മള്‍ ഒറ്റപ്പെടുമെന്നുമുള്ള ഭയവും ഈ മുങ്ങലിന് കാരണമാണ്.

 ഞാന്‍ പത്തു തലമുറയ്ക്കുള്ളതു സമ്പാദിച്ചിട്ടുണ്ട്. അതുകൊണ്ട് കുറച്ചു നിനക്കു തരാം എന്ന മനോഭാവത്തോടെ സഹായിക്കുകയും സോഷ്യല്‍ പബ്ലിസിറ്റിക്കുവേണ്ടി സ്‌നേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വേറൊരു കൂട്ടം ആളുകളുമുണ്ട്. സ്‌നേഹവും ആത്മാര്‍ത്ഥയും തീരെയില്ലാത്ത വെറും കൊടുക്കല്‍ പ്രഹസനങ്ങള്‍.

 ഒരു നേരത്തെ ഭക്ഷണത്തിനോ നാണം മറക്കാനുള്ള ഉടുപ്പിനേക്കാളൊക്കെ ഇന്ന് ലോകത്തെ എല്ലാവരും തന്നെ അനുഭവിക്കുന്ന വിശപ്പാണ് സ്‌നേഹത്തിനു വേണ്ടിയുള്ള വിശപ്പ്. വി.മദര്‍ തെരേസ പറഞ്ഞതുപോലെ ആ വിശപ്പ് ഭീകരമാണ്. ജീവിതനൈരാശ്യവും ആത്മഹത്യകളും കൂടാനുള്ള വലിയൊരു കാരണവും അതുതന്നെയാണ്. ഏതൊരു സാമൂഹ്യവിരുദ്ധന്റെയും ചരിത്രം പരിശോധിച്ചാല്‍ സ്‌നേഹിക്കപ്പെടാതെ പോയ മുറിവേറ്റ ഒരു ബാല്യമുണ്ടാകും. സ്‌നേഹിക്കുവാനും തങ്ങളെ കേള്‍ക്കുവാനും, പരിഗണിക്കുവാനുമൊക്കെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ 'കുറ്റവാളികള്‍' എന്ന മുദ്ര ഒരിക്കലും അവരുടെമേല്‍ പതിക്കില്ലായിരുന്നു. ഒരിക്കല്‍ ആ മുദ്ര പതിഞ്ഞവര്‍ പിന്നീടങ്ങോട്ട് മരണം വരെ കുറ്റവാളികള്‍ തന്നെയായിരിക്കും. വീണ്ടും വീണ്ടും അവഗണിക്കപ്പെടുമ്പോള്‍ സമൂഹത്തില്‍ അവര്‍ കൂടുതല്‍ നാശം വിതയ്ക്കും. കാരണം അവരെ കാണുമ്പോള്‍ ഓടിമറയാനല്ലാതെ മുറിവേറ്റ അവരെ വീണ്ടെടുക്കാന്‍ സമൂഹത്തില്‍ ഇന്നാരുമില്ല. അവിടെയാണ് ക്രിസ്തു നമുക്ക് മാതൃകയായത്. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട പാപിനിയായ സ്ത്രീയെ നിയമപ്രകാരം മരണശിക്ഷയ്ക്കു സമൂഹം വിധിച്ചു. ഒന്നും പറഞ്ഞ് വിധിക്കാതെ യേശു അവളെ വീണ്ടെടുത്തു. ആ സ്‌നേഹശിക്ഷ അവളെ വിശുദ്ധയാക്കിമാറ്റി. മുറിവേറ്റ ഹൃദയങ്ങളെ വീണ്ടെടുക്കാന്‍ സ്‌നേഹമെന്ന മരുന്നിനു മാത്രമേ കഴിയൂ.

 ആരാണ് എന്റെ അയല്‍ക്കാരന്‍?  

 തന്റെ വീടിന്റെയടുത്ത് താമസിക്കുന്ന കുടുംബങ്ങളാണോ എന്റെ അയല്‍ക്കാര്‍? 'നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണമെന്ന്' ഈശോ പറഞ്ഞത് അവരെ മാത്രം ഉദ്ദേശിച്ചാണോ? സഹായം അര്‍ഹിക്കുന്നവനായി നമുക്ക് മുമ്പില്‍ വരുന്ന ഏതൊരുവനും നമ്മുടെ അയല്‍ക്കാരനാണ്. നമ്മുടെ വഴികളിലും ജോലിസ്ഥലത്തും,എല്ലായിടത്തും നമുക്ക് അവരെ കണ്ടുമുട്ടാം. ക്രിസ്തുവിന്റെ വഴികളില്‍ അവന്‍ കണ്ടുമുട്ടിയവരുടെയെല്ലാം സങ്കടങ്ങളും ആവശ്യങ്ങളും അവന്‍ ഏറ്റെടുത്തു. രോഗികളെ സുഖപ്പെടുത്തി, വിശന്നവരെ ഊട്ടി, സ്‌നേഹം, കരുണയായും അലിവായും അവനിലൂടെ ഒഴുകി. ആരേയും അവന്‍ മാറ്റിനിര്‍ത്തിയില്ല. പാപികളെ മാറോടു ചേര്‍ത്തുപിടിച്ചു. സമൂഹം ഒറ്റപ്പടുത്തിയവരെ കൂട്ടുകാരാക്കി. സ്‌നേഹത്താല്‍ നിറഞ്ഞ അവന്‍ തന്നേക്കാളേറെ നമ്മളെ സ്‌നേഹിച്ചു.

 ക്രിസ്തുശിഷ്യരായ ഓരോ ജീസസ്‌യൂത്തും യേശു കാണിച്ചുതന്ന സ്‌നേഹ മാതൃക പിന്തുടരട്ടെ. നമ്മുടെ മുമ്പില്‍ കാണുന്നവരുടെ സ്‌നേഹവിശപ്പ് മാറ്റാന്‍ വിളിക്കപ്പെട്ടവരായ നമുക്ക് വ്യവസ്ഥിതികള്‍ ഇല്ലാതെ സ്‌നേഹിക്കാം. കണക്കുപറഞ്ഞ് സ്‌നേഹിക്കുന്നവരുടെ മുന്‍പില്‍ നമുക്ക് കണക്കുപറയാത്ത ക്രിസ്തുസ്‌നേഹം പകരാം. കാരണം കണക്കുപറച്ചിലല്ല, അവന്റെ സ്‌നേഹമാണ് ഈ ഭൂഗോളത്തിന്റെ സ്പന്ദനമെന്ന് തിരിച്ചറിഞ്ഞവരാണ് നാം. നമ്മുടെ ഹൃദയത്തിന്റെ ഓരോ മിടിപ്പും അവന്റെ സ്‌നേഹം നുകരാനും പകരാനുമായിരിക്കട്ടെ. 

555 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690