നക്ഷത്രങ്ങള്‍ പറയാനിരുന്നത്....
റിജോ കെ.എസ്.മണിമല

'അവര്‍ അന്വേഷിച്ചു: എവിടെയാണ് യഹൂദന്‍മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്.' (മത്തായി 2:2)

 ലോകരക്ഷകന്‍ യൂദയായിലെ ബേത്‌ലഹേമില്‍ പിറന്നപ്പോള്‍ ആ ദിവ്യ ഉണ്ണിയെ ദര്‍ശിക്കുവാനായി പൗരസ്ത്യദേശത്തുനിന്നുപോലും ജ്ഞാനികള്‍ അവിടേക്കെത്തി. മാനവസ്‌നേഹത്തിന്റെ മഹത്തായ സന്ദേശം പകര്‍ന്നു നല്‍കുവാനായി പിറന്ന ദൈവപുത്രനിലേക്ക് ആ ജ്ഞാനികളെ നയിച്ചത് ഒരു ചെറു നക്ഷത്രമായിരുന്നു. കിഴക്കുദിച്ച ആ നക്ഷത്രം നയിച്ച വഴിയിലൂടെ വളരെ ത്യാഗവും കഷ്ടപ്പാടുകളും സഹിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യത്തില്‍ എത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞു. വലിയൊരു പ്രതീക്ഷയുടെ, പ്രത്യാശയുടെ നാളം തെളിയിക്കുവാന്‍ ആ കുഞ്ഞുനക്ഷത്രത്തിനു കഴിഞ്ഞു. ദിവ്യരക്ഷകന്റെ വരവറിയിച്ചുകൊണ്ടു ഉദിച്ച ആ നക്ഷത്രം തങ്ങളെ ശരിയായ ദിശയില്‍ നയിക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ മൈലുകളോളം താണ്ടുവാന്‍ ആ മൂന്നു ജ്ഞാനികള്‍ക്കും സാധിച്ചു.

 രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ണിയേശുവിന്റെ വരവറിയിച്ചുകൊണ്ടു ഉദിച്ച ആ നക്ഷത്രം ഇന്ന് നമ്മെയും ഒരു വലിയ ദൗത്യം ഏല്‍പ്പിക്കുന്നുണ്ട്. അന്ന്, ആ ജ്ഞാനികളെ യഹൂദന്‍മാരുടെ രാജാവായി ജനിച്ചവനിലേക്ക് നക്ഷത്രം നയിച്ചതുപോലെ ഇന്ന്, അന്ധകാരത്തില്‍ പ്രകാശമായ, നിരാശയില്‍ പ്രത്യാശയായ, ദുഃഖങ്ങളില്‍ സാന്ത്വനമായ ദൈവസ്‌നേഹത്തിലേക്ക് അനേകരെ നയിക്കുവാനുള്ള നക്ഷത്രമായി മാറുവാനുള്ള വലിയ ദൗത്യമാണ് നമുക്ക് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിരിക്കുന്നത്. തിരുവചനത്തില്‍ നാം കാണുന്നുണ്ട്...ആ ജ്ഞാനികള്‍ പറഞ്ഞു. 'ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കയാണ്.' അതേ പ്രിയപ്പെട്ടവരേ നാമോരോരുത്തരും അവന്റെ നക്ഷത്രമായി വിളിക്കപ്പെട്ടിരിക്കുന്നവരാണ്. അവന്റെ സ്‌നേഹത്തിന്റെ പ്രഭ തൂകി അനേകര്‍ക്ക് വെളിച്ചം പകരുവാന്‍ നമുക്ക് കഴിയുമ്പോഴാണ് നമ്മുടെ ആ ദൗത്യം അതിന്റെ പൂര്‍ണ്ണതയില്‍ എത്തുക.

 അന്ധകാരത്തില്‍ കഴിഞ്ഞ ഒരു ജനതയ്ക്ക് മുഴുവന്‍ വലിയ പ്രത്യാശയായാണ് ദൈവപുത്രന്‍ ജന്മമെടുത്തത്. ദുഃഖത്തിന്റേയും തകര്‍ച്ചകളുടേയും നിലയില്ലാക്കയത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന ഒരു ജനതയ്ക്ക് പ്രത്യാശയുടെ തിരിനാളമായാണ് അവന്‍ പിറന്നത്. ഇന്ന് നമ്മുടെ സമൂഹത്തിലും പലവിധ വേദനകളില്‍ കഴിയുന്ന അനേകം ജീവിതങ്ങളുണ്ട്. ഈ പ്രവാസലോകത്തില്‍ ഒറ്റപ്പെടലിന്റെ ഭാരം പേറിയും ജോലിമേഖലകളില്‍ ബുദ്ധിമുട്ടനുഭവിച്ചും കഴിയുന്ന അനേകര്‍ നമുക്കു ചുറ്റുമുണ്ട്. അവരിലേക്ക് കടന്നു ചെല്ലുവാന്‍ നമുക്ക് കഴിയണം. അങ്ങനെ അവരുടെ ഇരുളണഞ്ഞ ജീവിതങ്ങളില്‍ പ്രത്യാശയുടെ വെളിച്ചം പകരുവാന്‍ നമുക്ക് ശ്രമിക്കാം.

  തിരുവചനത്തിലെ ഈ ഭാഗം വലിയൊരു ചിന്ത നമുക്ക് നല്‍കുന്നുണ്ട്. 'കിഴക്കു കണ്ട നക്ഷത്രം അവര്‍ക്കുമുന്‍പേ നീങ്ങിക്കൊണ്ടിരുന്നു. അത് ശിശുകിടക്കുന്ന സ്ഥലത്തിനു മുകളില്‍ വന്നുനിന്നു.'(മത്തായി 2:9) ഉണ്ണിയേശുവിലേക്ക് ആ ജ്ഞാനികളെ കൊണ്ടെത്തിച്ചു കഴിഞ്ഞപ്പോള്‍ ആ നക്ഷത്രത്തിന്റെ ദൗത്യം പൂര്‍ത്തിയായി. അതിനുശേഷം തിരുവചനത്തില്‍ ഒരിടത്തും ആ നക്ഷത്രത്തെക്കുറിച്ച് പറയുന്നില്ല. ഇന്നത്തെ നക്ഷത്രങ്ങളായ നാമും അങ്ങനെ ആയിരിക്കണം. അനേകരെ യേശുവിലേക്ക് എത്തിക്കുക എന്ന ദൗത്യം മാത്രം ആയിരിക്കണം നമ്മുടെ മുന്നിലും ഉണ്ടായിരിക്കേണ്ടത്. അതിലപ്പുറം വ്യക്തിപരമായ ഒരു ലക്ഷ്യവും അതില്‍ ഉണ്ടാവാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. നമ്മുടെ ജീവിതത്തിലെ ഓരോ നന്മപ്രവര്‍ത്തികളും മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കാന്‍ പോന്നതായിരിക്കണം. ഫ്രാന്‍സീസ് മാര്‍പ്പാപ്പ പറഞ്ഞിരിക്കുന്നതുപോലെ ഇന്നത്തെ ലോകത്തില്‍ മറ്റുള്ളവര്‍ വായിക്കേണ്ട ബൈബിള്‍ ആയി നാം മാറുമ്പോള്‍ ആ കുഞ്ഞുനക്ഷത്രത്തിന്റെ തിളക്കം നമ്മിലും ഉണ്ടാകും. സ്വാര്‍ത്ഥതയുടെ ഈ ലോകത്തില്‍ അനേകര്‍ക്ക് ദൈവത്തിലേക്കുള്ള വഴിയായി മാറികൊണ്ട് നിസ്വാര്‍ഥസേവനം നടത്തുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നമ്മുടെ പേരുകള്‍ എഴുതിച്ചേര്‍ക്കപ്പെടും. നമ്മള്‍ ആയിരിക്കുന്ന മുന്നേറ്റത്തിനോടൊപ്പം നിന്നുകൊണ്ട് ആലംബഹീനരിലേക്കും വേദന അനുഭവിക്കുന്നവരിലേക്കും കടന്നു ചെന്ന് ദൈവസ്‌നേഹത്തിന്റെ വെളിച്ചം വിതറുന്ന നക്ഷത്രങ്ങളായി നമുക്കും മാറാം. നമുക്ക് മുന്‍പ് കടന്നുപോയ അനേകം വിശുദ്ധ നക്ഷത്രങ്ങളുടെ പാത നമുക്കും പിന്തുടരാം. 

  ചിലരെ കാണുമ്പോള്‍, അവരോട് സംസാരിക്കുമ്പോള്‍ ഒക്കെ മനസ്സില്‍ വലിയ ആശ്വാസം ലഭിക്കുന്നു. അവരുടെ മുഖത്തെ തിളക്കം കാണുമ്പോള്‍ വലിയ സന്തോഷം അനുഭവിക്കാന്‍ കഴിയുന്നു. ചിന്തിച്ചു നോക്കിയാല്‍ നമുക്ക് അതിന്റെ കാരണം മനസ്സിലാക്കുവാന്‍ സാധിക്കും. ദൈവസ്‌നേഹത്തിന്റെ പ്രതിബിംബങ്ങളായി അവര്‍ മാറുമ്പോഴാണ് അവര്‍ക്ക് അതിന് സാധിക്കുന്നത്. അന്ന് ആകാശത്ത് അനേകം നക്ഷത്രങ്ങള്‍ ഉദിച്ചിരിക്കാം. എന്നാല്‍ അതില്‍ ഒരു നക്ഷത്രം മാത്രമാണ് കൂടുതല്‍ തിളക്കത്തോടെ വഴികാട്ടിയായി മാറിയത്. ഉണ്ണിയേശുവിന്റെ വരവറിയിക്കുവാനായി നിയോഗിക്കപ്പെട്ടപ്പോള്‍ ആ നക്ഷത്രത്തിന്റെ തിളക്കം പലമടങ്ങു വര്‍ദ്ധിച്ചു. ഇതുപോലെ, ദൈവസ്‌നേഹം മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുവാനുള്ള വിളി ലഭിക്കുമ്പോള്‍,         ആ വിളിക്കു യഥായോഗ്യം പ്രത്യുത്തരം നല്‍കുമ്പോള്‍ നമ്മുടെ ജീവിതങ്ങളും കൂടുതല്‍ പ്രകാശപൂരിതമാകും. മറ്റുള്ളവരിലേക്ക് കടന്നുചെന്ന് കൊണ്ട് ഒരു കുഞ്ഞുനക്ഷത്രമായി തിളങ്ങുവാനും ആ തിളക്കത്തിന്റെ ശ്രോതസ്സായ യേശുവിനെ കാണിച്ചുകൊടുക്കുവാനും നമുക്ക് പരിശ്രമിക്കാം.

 ഈ ക്രിസ്മസ് കാലത്ത് ഓരോ നക്ഷത്രവിളക്കുകള്‍ കാണുമ്പോഴും മറ്റൊരു നക്ഷത്രമായി ഉദിച്ചുയരുവാനുള്ള ആഹ്വാനമായി നമുക്ക് സ്വീകരിക്കാം.

437 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690