ഏഴിനും എഴുപതിനും അപ്പുറം...
മോബിനാ ബേബി

'അപ്പോള്‍ പത്രോസ് മുന്നോട്ട് വന്ന് അവനോട് ചോദിച്ചു കര്‍ത്താവേ, എന്നോടു തെറ്റു ചെയ്യുന്ന എന്റെ സഹോദരനോടു ഞാന്‍ എത്ര പ്രാവശ്യം ക്ഷമിക്കണം? എഴു പ്രാവശ്യമോ?'വി.മത്തായി 18:21

 തന്റെ ഗുരുവിനോടുണ്ടായിരുന്ന ആത്മബന്ധം മുതലെടുത്ത് പത്രോസ് ശ്ലീഹാ ഉന്നയിക്കുന്ന ചോദ്യമാണിത്. അക്കാലത്ത് യഹൂദ നിയമം അനുസരിച്ച് തെറ്റുചെയ്യുന്നവനോട് 3 പ്രാവശ്യം ക്ഷമിക്കുകയെന്നത് മഹത്തരമായ കാര്യമായി സമൂഹം കണക്കാക്കിയിരുന്നു. അതുകൊണ്ട് തന്നെ അതിന്റെ ഇരട്ടിയിലധികം ക്ഷമിക്കണമോയെന്ന് ചോദിക്കുന്ന തന്നെ എല്ലാവരും കാണ്‍കെ ഈശോ അഭിനന്ദിക്കുമെന്ന മാനുഷിക ചിന്തയിലായിരുന്നു പത്രോസ്. എന്നാല്‍ അദ്ദേഹത്തെ ഞെട്ടിക്കുന്ന മറുപടിയാണ് ഗുരുവില്‍ നിന്നും ലഭിക്കുന്നത്. നിയമങ്ങളുടെ ചട്ടക്കൂടിലും സമൂഹത്തിന്റെ സമ്മര്‍ദ്ദത്തിലും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ സാധ്യത്തിനും അളന്നും തൂക്കിയും കൂട്ടിയും കിഴിച്ചും പങ്കുവെയ്ക്കപ്പെടാനുള്ള വികാരങ്ങളല്ല ക്ഷമയും സ്‌നേഹവും എന്ന് കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നു. ദൈവസ്‌നേഹത്തിന്റെ- അനന്തമായ ക്ഷമയുടെ- ഉദാത്തമായ സഹനത്തിന്റെ- ഊഷ്മളചിത്രമാണ് കാല്‍വരിയില്‍ തന്റെ ചുടുചോരയാല്‍ യേശുനാഥന്‍ വരച്ചുകാട്ടുന്നത്.

 നിഷ്‌കരുണം തള്ളിക്കളഞ്ഞ നിഴലായി നടന്ന അനുചരരോട്-നീതിയും ന്യായവും തലകീഴായ് മറിച്ച് മരണശിക്ഷ വാങ്ങിത്തന്നവരോട്-ചാട്ടവാറുകളാല്‍ ശരീരം കീറി മുറിച്ചവരോട്- മുള്‍മുടി ചാര്‍ത്തി പരിഹസിച്ചവരോട്- ക്രൂശിക്ക ക്രൂശിക്ക എന്നാര്‍ത്തട്ടഹസിച്ചവരോട്- ഈ ലോകത്തിന്റെ പിണിയാളുകളോട് ക്ഷമിക്കണമേ എന്ന് തന്റെ പിതാവിനോടു അപേക്ഷിക്കുന്ന ക്രൂശിതന്റെ അനുയായികളെന്നു വിളിക്കപ്പെടുവാനുള്ള യോഗ്യത നമുക്കുണ്ടോയെന്ന് നാം ചിന്തിക്കണം.

 ക്ഷമിക്കുന്ന ദൈവസ്‌നേഹത്തിന്റെ അനന്യമായ സവിശേഷതകള്‍ ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ കര്‍ത്താവ് പരിചയപ്പെടുത്തുന്നു.

1. കാത്തിരിക്കാം കണ്‍മണി നിനക്കായ്

 തന്നോട് മറുതലിച്ച് അകന്നുപോയ മകനുവേണ്ടി വഴിക്കണ്ണുമായി കാത്തിരിക്കുന്ന പിതാവാണ് ദൈവം. കാലമെത്ര കഴിഞ്ഞാലും അവന്‍ തന്റെ മാറിലേക്ക് മടങ്ങിയെത്തും എന്ന ശുഭ പ്രതീക്ഷയില്‍ നാം ഓരോരുത്തരേയും കാത്ത് അവിടുന്ന് സ്വര്‍ഗ്ഗത്തിന്റെ ഉമ്മറത്ത് കണ്ണുംനട്ടിരിക്കുന്നു.

 'നിന്റെ പാപം എത്ര കടുംചുവപ്പാണെങ്കിലും എന്നില്‍നിന്നും നീ എത്ര കാതങ്ങള്‍ അകലെയാണെങ്കിലും 'ആബ്ബാ പിതാവേ'എന്നുള്ള നെഞ്ചുപൊട്ടിയ നിന്റെ ഒരു നിലവിളി മതി എനിക്കെല്ലാം പൊറുക്കുവാന്‍. നിന്നെ ഹിമം പോലെ വെണ്‍മയുള്ളവനാക്കി എന്റെ നെഞ്ചിന്‍ ചൂടിലേക്ക് ചേര്‍ക്കുവാന്‍.'

2. തേടുന്നു ഞാന്‍ നിന്നെ നേടുവാന്‍

 പിണക്കം അഭിനയിച്ചു മാറിയിരിക്കുന്ന അമ്മയുടെ പിറകേ കൊഞ്ചിവരുന്ന  കൊച്ചുകുട്ടിയെപ്പോലെ ദൈവം നമ്മുടെ പിന്നാലെ നടക്കുകയാണ്. നമ്മുടെ സ്‌നേഹം നേടാന്‍- ക്ഷമാപണം കേള്‍ക്കാന്‍- മനുഷ്യവംശത്തോടുള്ള അടങ്ങാത്ത അഭിവാജ്ഞ നിമിത്തം തന്റെ ഏകജാതനെപ്പോലും വിട്ടുനല്‍കാന്‍ അവിടുന്ന് തയ്യാറായി. സൃഷ്ടിയുടെ പിന്നാലെ നടക്കുന്ന സര്‍വ്വശക്തനായ സൃഷ്ടാവ്- അവിടുത്തെ അനന്യമായ ക്ഷമയുടെ കരുണയാണ് നമ്മുടെ ഓരോ ശ്വാസവും.

 'എന്റെ കുഞ്ഞേ.. നീ എവിടെ ഒളിച്ചാലും ഞാന്‍ നിന്നെ തേടിവരും. നീ നഗ്നനാണെന്ന് എനിക്കറിയാം. ഭയന്നു വിറച്ചിരിക്കുകയാണെന്നും അറിയാം. നിനക്കായി അത്തിയിലകള്‍ കൊണ്ടുള്ള കുപ്പായം എന്റെ കയ്യിലുണ്ട്. എന്റെ വിളിക്കു മറുപടി നല്‍കൂ മകനേ.'

3. നീയെന്റെ പ്രിയപുത്രന്‍ എനിക്കുള്ളതെല്ലാം നിന്റേതാണ്.

 പിതൃസ്വത്ത് ധൂര്‍ത്തടിച്ചതിന്റെ ശാപവാക്കുകളോ കുറ്റപ്പെടുത്തലുകളോ കണക്കുപറച്ചിലുകളോ കുത്തുവാക്കുകളോ പ്രതീക്ഷിച്ചിരുന്ന ധൂര്‍ത്തപുത്രനെ കാത്തിരുന്നത് പിതാവിന്റെ സ്‌നേഹാശ്ലേഷവും ചുടുചുംബനവുമായിരുന്നു. ദൈവക്ഷമയില്‍ പരാതികളോ പരിഭവങ്ങളോ ഇല്ല. കഴിഞ്ഞുപോയ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളില്ല. പഴയതു കഴിഞ്ഞുപോയി. പുതിയ സൃഷ്ടിയായി നാം മാറ്റപ്പെടുന്നു. 'ഞാന്‍ നിന്നെ ശപിക്കുകയില്ല. ഭൂതകാലത്തെക്കുറിച്ച് ഓര്‍ക്കുകയില്ല. ഇനിയും നിന്നെ ഞാന്‍ സ്‌നേഹിക്കും. എന്റെ എല്ലാ സമ്പത്തിലും നീ പങ്കുകാരനാകും. കുറ്റവാളി എന്നു ഞാന്‍ നിന്നെ മുദ്ര കുത്തില്ല. നീ മടങ്ങിവന്നാല്‍ മാത്രം മതി.'

4. ദാസനല്ല നീ പുത്രനാണ്.

 പിശാചിന്റെ ദാസ്യവേലയിലായിരുന്ന നമ്മെ തന്റെ പുത്രത്വത്തിന് അവകാശികളാക്കാന്‍ ദൈവത്തിന് വിലയായി നല്‍കേണ്ടി വന്നത് തന്റെ പൊന്നോമന പുത്രന്റെ മജ്ജയും മാംസവും ചുടുചോരയുമാണ്. കാല്‍വരിയുടെ ഉന്നതങ്ങളില്‍ യാഗിയായി മാറിയ ദൈവപുത്രന്റെ രക്തത്തിന്റെ വിലയാല്‍ നാം വീണ്ടെടുക്കപ്പെട്ടവരാണ്. അതിനാല്‍ പാപങ്ങള്‍ ഏറ്റുപറയുന്നതില്‍ നീ ലജ്ജിക്കരുത്. ദൈവം നമ്മെ തരംതാഴ്ത്തുമെന്ന് ചിന്തിക്കരുത്.

'നിനക്കായ് വിശേഷവസ്ത്രവും മോതിരവും ചെരിപ്പും ഞാന്‍ കരുതിയിരിക്കുന്നു   കൊഴുത്ത കാളക്കുട്ടിയെ വിരുന്നൊരുക്കാന്‍ മാറ്റിവച്ചിരിക്കുന്നു. നീ എന്റെ മകനാണ്. മരണത്തില്‍ നിന്നും മടങ്ങി വന്നവനാണ്.'

 ഗത്സമേന്‍ തോട്ടത്തില്‍ ചുടുചോര വിയര്‍ത്ത് പാനപാത്രം നീക്കിത്തരണമേ താതാ എന്ന നിലവിളിയും ഗാഗുല്‍ത്താ മലയില്‍ 'എന്റെ ദൈവമേ അങ്ങ് എന്നെ കൈവിട്ടതെന്ത്' എന്ന നിസ്സഹായതയുടെ തേങ്ങലും നെഞ്ചിലൂടെ ഇടിത്തീയായി കടന്നു പോയപ്പോഴും പിതാവാം ദൈവം നിസംഗനായി മാറിയത് തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും താന്‍ തന്നെ സൃഷ്ടിച്ച മനുഷ്യനോട് ക്ഷമിക്കുവാന്‍ മനസ്സായതിനാലാണ്. ആ അനന്തമായ ക്ഷമയെ ആവോളം ചൂഷണം ചെയ്ത് ഇപ്പോഴും കാല്‍വരികള്‍ സൃഷ്ടിച്ച് കാരിരുമ്പാണികള്‍ മൂര്‍ച്ചകൂട്ടുന്ന നാമും പത്രോസിനെപ്പോലെ ചോദ്യം ചോദിച്ചുകൊണ്ടിരിക്കുന്നു. 3 വേണോ 7 വേണോ 70 വേണോ. 

ഇവിടെയാണു സ്വന്തം മകളുടെ ഘാതകനു മാപ്പുകൊടുത്ത മാതാപിതാക്കളും സഹോദരിയെ അതിക്രൂരമായി കൊലപ്പെടുത്തിയവനെ സഹോദരനായി ചേര്‍ത്തു നിര്‍ത്തിയ കൂടപ്പിറപ്പുകളും അവരുടെ മാനുഷിക ചിന്തകളെ ദൈവക്ഷമയുടെ മഹനീയതയിലേക്കുയര്‍ത്തിയ സ്വാമിയച്ചനും സിസ്റ്റര്‍ റാണി മരിയക്കൊപ്പം വാഴ്ത്തപ്പെട്ടവരായിത്തീരുന്നത്.

1677 Viewers

I like Thoolika Bible words padikuvanulla vazhi koody anu

Premi Bernard | December 3, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691