പ്രത്യാശയുടെ കവാടം
മേഴ്‌സി

സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ ദുഖിക്കാതിരിക്കാന്‍ നിദ്ര പ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.(1തെസ 4-13)

 മരണം മനുഷ്യന്റെ അന്ത്യമല്ലെന്നും മരണത്തിനപ്പുറം ഒരു ജീവിതമുണ്ടെന്നും നാം വിശ്വസിക്കുന്നു. ബൈബിള്‍ അത് പഠിപ്പിക്കുന്നുമുണ്ട്. മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം. അതിന് ശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.(ഹെബ്രാ9:27-28) മരണനിമിഷത്തില്‍ സംഭവിക്കുന്ന ഈ വിധിയെ തനതുവിധിയെന്നാണ് പറയുക. ഇതിനുപുറമേ ലോകാവസാനത്തില്‍ ശരീരങ്ങളുടെ പുനരുദ്ധാനത്തിന് ശേഷം ഒരു വിധിയുണ്ടാകുമെന്നും അതോടെ നന്മയും തിന്മയും പൂര്‍ണ്ണമായി വേര്‍തിരിക്കപ്പെടുമെന്നും പുതിയനിയമത്തില്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.(മത്താ13:39-43, 47-50, 25:31-46) തനതുവിധിയുടെ സ്ഥിരീകരണവും പരസ്യമായ പ്രഖ്യാപനവും മാത്രമാണ് പൊതുവിധിയില്‍ സംഭവിക്കുന്നത്. തനതുവിധിക്ക് മാറ്റം ഉണ്ടാകുന്നില്ല. ചരിത്രത്തിന്റെ പൂര്‍ത്തീകരണവും പുതുയുഗത്തിന്റെ സ്ഥാപനവുമാണ് പൊതുവിധിയിലൂടെ സംഭവിക്കുന്നത്.

 ശുദ്ധീകരണം

 ദൈവസന്നിധിയില്‍ എത്തിച്ചേരുന്നതിന് മുന്‍പ് മനുഷ്യന്‍ ഒരു ശുദ്ധീകരണത്തിന് വിധേയനാകുക ആവശ്യമാണ്. അനന്തനന്മയായ ദൈവത്തിന്റെ മുമ്പില്‍ തിന്മയായ യാതൊന്നും ചെന്നെത്തുകയില്ല. അക്കാരണത്താല്‍ ദൈവസന്നിധിയില്‍ എത്തിച്ചേരുന്ന വ്യക്തി പൂര്‍ണ്ണമായും പരിശുദ്ധി പ്രാപിച്ചിരിക്കുക ആവശ്യമാണ്.

 ശുദ്ധീകരണം എന്തിന്?

 മനുഷ്യന്‍ മരണാനന്തര ശുദ്ധീകരണത്തിന് വിധേയനാക്കപ്പെടാന്‍ മൂന്ന് കാരണങ്ങള്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

1. ലഘുപാപങ്ങള്‍- ഭൂമിയില്‍ വച്ച് മോചിക്കപ്പെടാത്ത ലഘുപാപങ്ങള്‍ ഒരുവന് ശുദ്ധീകരണം ആവശ്യമാക്കി തീര്‍ക്കുന്നു. ജീവിതകാലമെല്ലാം തന്റെ പാപങ്ങളെപ്പറ്റി പശ്ചാത്തപിച്ചിരുന്നുവെങ്കിലും മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിലെ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാനും അവയ്ക്ക് പൊറുതി ലഭിക്കാനും ഒരുവന് കഴിഞ്ഞെന്ന് വരികയില്ല.

2. ദുഷ്പ്രവണതകള്‍- പാപപ്രകൃതി മൂലം മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദുഷ്പ്രവണതകളാണ് മറ്റൊരു കാരണം. ഇവയും ആത്മാവിന്റെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുന്നവയാണ്.

3. കാലികശിക്ഷ- പാപങ്ങള്‍ക്ക്, അവ ദൈവം ക്ഷമിച്ചാല്‍ത്തന്നെയും അവയുടെ കടം തീരുവാന്‍ കാലികശിക്ഷയിലൂടെ പ്രായശ്ചിത്തം ചെയ്യുക ആവശ്യമാണ്. കേവലം പശ്ചാത്താപം കൊണ്ടു മാത്രം പാപം പൂര്‍ണ്ണമായും പരിഹൃതമാകുന്നില്ല. ഉദാഹരണത്തിന്, മദ്യപാനിയായ ഒരുവന്‍ പശ്ചാത്തപിക്കുന്നത് കൊണ്ട് മാത്രം അവന്റെ ദുശ്ശീലം ഇല്ലാതാകുന്നില്ല. അതുപോലെ തന്നെ പാപക്കറയും ഇല്ലാതാകണമെങ്കില്‍ അതിന് തക്കതായ ശിക്ഷ കൂടി അനുഭവിച്ചേ തീരൂ.

മരിച്ചവര്‍ക്ക് വേണ്ടി എന്തിന് പ്രാര്‍ത്ഥിക്കണം.

 വിശുദ്ധമല്ലാത്ത യാതൊന്നിനും ദൈവത്തിന്റെ അചഞ്ചലമായ വിശുദ്ധിയുടെ അടുത്ത് ചെല്ലാന്‍ കഴിയുകയില്ല. മരിച്ചവര്‍ തങ്ങളുടെ പാപങ്ങളില്‍നിന്ന് പൂര്‍ണ്ണമായും സ്വയം ശുദ്ധരാക്കപ്പെടുന്നില്ല. മൗതീകശരീരം വഴി ക്രിസ്തുവും സകല വിശ്വാസികളും ഐക്യപ്പെട്ടിരിക്കുന്നതിനാല്‍ ഒരുവന് ഇതരര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയിലൂടേയും മറ്റും മാദ്ധ്യസ്ഥം വഹിക്കാന്‍ കഴിയും.

 മരിച്ചവര്‍ക്കായുള്ള പ്രാര്‍ത്ഥന

അപ്പസ്‌തോലിക പാരമ്പര്യത്തില്‍ തന്നെ ഉള്ളതാണെന്നും മരിച്ചവര്‍ക്കായി വി.കുര്‍ബ്ബാനയില്‍ പ്രാര്‍ത്ഥിക്കുകയും അവര്‍ക്കായി ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ആവശ്യമാണെന്നും വി.ക്രിസോസ്റ്റം പഠിപ്പിക്കുന്നു. വിശ്വാസികള്‍ക്ക് മരിച്ചവരുടെ ആത്മാക്കളെ തങ്ങളുടെ പ്രാര്‍ത്ഥനകളാലും സല്‍പ്രവര്‍ത്തികളാലും സഹായിക്കാനാകും. വിശുദ്ധരുടെ ഐക്യം എന്ന വിശ്വാസസത്യത്തില്‍ നിന്ന് ഇത് വ്യക്തമാണ്. ക്രിസ്തുവിന്റെ രക്ഷാകരമായ പെസഹാരഹസ്യത്തിലൂടെ എല്ലാവര്‍ക്കും രക്ഷ കൈവന്നിരിക്കുന്നു. ഈ രക്ഷ ഓരോരുത്തരും സ്വന്തമാക്കുന്നത് സഭയുടെ കൗദാശീക ജീവിതത്തിലൂടേയും പ്രാര്‍ത്ഥനയിലൂടേയുമാണ്. സഭയാകുന്ന വലിയ കൂട്ടായ്മയില്‍ ഒരംഗത്തിനു മറ്റൊരാളെ തന്റെ പ്രാര്‍ത്ഥനകൊണ്ട് സഹായിക്കാനാകും. സ്വര്‍ഗ്ഗ പ്രാപ്തി നേടിയ ആത്മാക്കള്‍ക്ക് തങ്ങളുടെ മാദ്ധ്യസ്ഥം വഴി ശുദ്ധീകരണത്തിലേയും ഭൂമിയിലേയും സഭയെ സഹായിക്കാനാകും. എങ്കിലും ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാന്‍ അവര്‍ക്കാവില്ല. ഭൂമിയിലെ സഭയ്ക്കാകട്ടെ തങ്ങളുടെ സഹോദരങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാത്രമല്ല, അവര്‍ക്കു വേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും കഴിയും.

 ലോകത്തില്‍ ജീവിച്ചിരിക്കുന്ന സഭയ്ക്ക് മാത്രമേ പ്രായശ്ചിത്ത പ്രവൃത്തികള്‍ വഴി ശുദ്ധീകരാത്മാക്കളെ സഹായിക്കാനാകൂ. നമ്മുടെ ഓരോ സത്പ്രവര്‍ത്തിയും ശുദ്ധീകരാത്മാക്കള്‍ക്ക് ഉപകരിക്കും. മാത്രവുമല്ല, വി.കുര്‍ബ്ബാനയും ദണ്ഡവിമോചനങ്ങളും നമുക്ക് മാത്രമേ ഉപയോഗിക്കാനാവൂ. ഭൂമിയിലെ സമരസഭയിലെപ്പോലെ തന്നെ ശുദ്ധീകരാത്മാക്കളും തങ്ങളുടെ തീര്‍ത്ഥാടനത്തിലാണ്. മാത്രവുമല്ല, ശുദ്ധീകരാത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥനകള്‍ പാപത്തിന്റെ കാഠിന്യത്തേയും അതിനനുഭവിക്കേണ്ടിവരുന്ന ശിക്ഷയേയും പറ്റി നമ്മെ ബോധവാന്‍മാരാക്കുന്നു. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് അവരുടെ മരണശേഷവും എന്തെങ്കിലും നന്മ ചെയ്യാന്‍ നമുക്ക് കഴിയുന്നു, എന്നതും നമ്മെ സംബന്ധിച്ചിടത്തോളം സന്തോഷപ്രദമാണ്.

 ശുദ്ധീകരാത്മാക്കളെ എങ്ങനെ സഹായിക്കാം.

 മൂന്ന് വിധത്തില്‍ നമുക്ക് ശുദ്ധീകരാത്മാക്കളെ സഹായിക്കാനാകും.

1.പ്രാര്‍ത്ഥനകളും ദണ്ഡ വിമോചനങ്ങളും

 വി. കുര്‍ബ്ബാനയില്‍ പലതവണ നാം മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. മരിച്ചവരുടെ ഒപ്പീസും മരിച്ചവര്‍ക്കായുള്ള തിരുക്കര്‍മ്മങ്ങളും ശുദ്ധീകരാത്മാക്കള്‍ക്കായുള്ള പ്രാര്‍ത്ഥനകളാണ്. പ്രധാനപ്പെട്ട മറ്റൊരു സഹായമാണ് ദണ്ഡവിമോചനങ്ങള്‍.ഇത് സഭയുടെ പ്രസാദവര നിക്ഷേപങ്ങളില്‍ നിന്ന് വിശ്വാസികള്‍ക്ക് ലഭിക്കുന്ന ദാനങ്ങളാണ്. ഒരുവന് തന്റെ ഭൗതീക സമ്പാദ്യങ്ങള്‍ മറ്റൊരാളിന് നല്‍കുവാന്‍ കഴിയുന്നത് പോലെതന്നെ ആദ്ധ്യാത്മീക നിക്ഷേപങ്ങളും ഇതരര്‍ക്കായി നേടാനും താന്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി നല്‍കാനും കഴിയുമെന്ന് സഭ വിശ്വസിക്കുന്നു.

2. ദാനധര്‍മ്മങ്ങളും പ്രായശ്ചിത്ത പ്രവൃത്തികളും 

 ദാനധര്‍മങ്ങള്‍ അതില്‍ത്തന്നെ പ്രായശ്ചിത്തമുള്‍ക്കൊള്ളുന്നു. വി.ഗ്രന്ഥത്തില്‍ പലയിടത്തും ദാനധര്‍മ്മം പാപപരിഹാരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഭൗതീക ദാനധര്‍മ്മങ്ങള്‍ പോലെ തന്നെ ആത്മീയ ദാനങ്ങളും, ആശയടക്കങ്ങള്‍, പരിത്യാഗ പ്രവര്‍ത്തികള്‍ തുടങ്ങിയവ ശുദ്ധീകരാത്മാക്കള്‍ക്കായി കാഴ്ച്ചവെക്കാവുന്നതാണ്. 

3. വി.കുര്‍ബ്ബാന

 കാല്‍വരിയിലെ പാപപരിഹാര ബലിയുടെ പുനരാവിഷ്‌ക്കരണമാണ് വി.കുര്‍ബ്ബാന ഇക്കാരണത്താല്‍ ഓരോ ബലിയര്‍പ്പണത്തിലൂടേയും ക്രിസ്തുവിന്റെ രക്ഷാകര ദാനങ്ങള്‍ സഭയ്ക്ക് നല്‍കപ്പെടുന്നു. ഈ ദാനങ്ങള്‍ ശുദ്ധീകരാത്മാക്കള്‍ക്ക് ഉപകരിക്കും.

  നമ്മുടെ പ്രാര്‍ത്ഥനകള്‍ എങ്ങിനെ ശുദ്ധീകരാത്മാക്കള്‍ക്ക് ഉപകരിക്കപ്പെടുന്നു.

 ഭൂമിയിലെ സമരസഭയ്ക്ക് തങ്ങളുടെ പ്രാര്‍ത്ഥനകളാല്‍ ശുദ്ധീകരാത്മാക്കളെ സഹായിക്കാന്‍ കഴിയുമെന്ന് സഭ ഔദ്യോഗികമായി പഠിപ്പിക്കുന്നു. ദൈവത്തെ അഭിമുഖീകരിക്കുന്ന നിമിഷത്തില്‍ തങ്ങളുടെ സഹായത്തിന് മറ്റുള്ളവരുടെ പ്രാര്‍ത്ഥനകള്‍ ഉണ്ടെന്നത് ഒരുവന് കൂടുതല്‍ ആത്മധൈര്യം പ്രദാനം ചെയ്യും. ശുദ്ദീകരാത്മാക്കള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ ഉപകരിക്കപ്പെടുന്നത് വിശുദ്ധരുടെ ഐക്യം മൂലമാണ്. മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒരേ സഭാശരീരത്തിലെ അംഗങ്ങളാകയാല്‍ പരസ്പരം സഹായിക്കാന്‍ കഴിയും. ജീവിച്ചിരിക്കുന്നവരുടെ പ്രായശ്ചിത പ്രവര്‍ത്തികളും ദണ്ഡവിമോചനങ്ങളും പരേതരുടെ കാലികശിക്ഷയുടെ കടം ആയാസരഹിതമായി വീട്ടാന്‍ ഉപകരിക്കുന്നു.

377 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137113