മുറിവേറ്റ കുഞ്ഞാട്
ലിന്റോ ചെമ്മന്നൂര്‍ ലാസര്‍

നിറങ്ങളില്‍ വൈവിധ്യമുണ്ടെങ്കിലും, അവയവങ്ങള്‍ക്ക് ശേഷിയില്ലെങ്കിലും, രോഗം പിടിപെട്ടതായാലും, മുറിവേറ്റതായാലും ഇടയന് സ്വന്തം കുഞ്ഞാടുകളെ ജീവനാണ്. ആടുകള്‍ ചിതറിപ്പോയാല്‍ ഇടയന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ അവയെ അന്വേഷിച്ചിറങ്ങും. കാറുനിറഞ്ഞ് അന്ധകാരപൂര്‍ണ്ണമായ നേരമായാലും സ്വന്തം ആടുകളെ കണ്ടുകിട്ടുവോളം ഇടയന് വിശ്രമമില്ല. ചിതറിപ്പോയ ആടുകളെ വീണ്ടെടുക്കാന്‍ നസ്രായന്‍ വിളിച്ച ഈ യുഗത്തിലെ ഇടയന്മാരാണു നമ്മള്‍.

 ലോകത്തിന്റെ നശ്വരതയില്‍ തിന്നുകുടിച്ച് സുഖഭോഗങ്ങളില്‍ നടക്കുമ്പോഴും പുതുവസ്ത്രമണിഞ്ഞ് സവാരി നടത്തുമ്പോഴും ഒരു ഇടയന്റെ ധര്‍മ്മം നാം മറക്കാറുണ്ടോ? ദുര്‍ബലമായ ആടുകള്‍ക്ക് നിങ്ങള്‍ ശക്തി കൊടുത്തോ? മുറിവേറ്റതിനെ വെച്ചുകെട്ടിയോ? വഴിതെറ്റിയതിനേയും കാണാതെ പോയതിനേയും തിരികെ കൊണ്ടുവരാന്‍ നമുക്ക് കഴിയാറുണ്ടോ? ഉണ്ടെങ്കില്‍ നമ്മുടെ 'പേഴ്‌സണല്‍ മിഷന്‍' മുളയെടുത്തു കഴിഞ്ഞു. യേശുവിലുള്ള ആഴമായ വിശ്വാസവും പ്രിയമുള്ളവയെ ഉപേക്ഷിക്കാനുള്ള മനസ്സും അര്‍പ്പണമനോഭാവവുമാണ് ഒരു മിഷനറിയെ സംബന്ധിച്ചിടത്തോളം പ്രധാനം. 

 എസക്കിയേല്‍ പ്രവാചകന്‍ ഇപ്രകാരം പറയുന്നു, 'ഇടയന്മാര്‍ ഇല്ലാത്തതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല. അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെപോറ്റി.'(എസക്കി 34:8) ഒരു മിഷനറിയെ സംബന്ധിച്ചിടത്തോളം ഈ വചനം അവന്റെ അസ്ഥിയില്‍ തൊടുന്നതായിരിക്കും. എത്രകാലം വചനങ്ങള്‍ കേട്ടും ധ്യാനങ്ങള്‍ മാറി മാറി പങ്കെടുത്തും നാം യാത്ര ചെയ്യും? സ്വന്തം ശരീരത്തേയും ജീവിതത്തേയും പുഷ്ടിപ്പെടുത്താതെ വചനമാകുന്ന ജീവന്റെ വിത്ത് ആടുകളുടെ നല്ല നിലമാകുന്ന ഹൃദയത്തില്‍ വിതക്കുമ്പോഴല്ലേ യഥാര്‍ത്ഥത്തില്‍ സുവിശേഷ പ്രഘോഷണം ഫലമണിയൂ? ജാര്‍ഖണ്ഢിലെ ആദിവാസി മേഖലയിലേക്ക് കര്‍ത്താവ് എന്നെ തിരഞ്ഞെടുത്തപ്പോള്‍ ഒരുപാട് വിമര്‍ശനങ്ങളും പേടിപ്പെടുത്തലുകളും എനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പത്രങ്ങളിലും മാധ്യമങ്ങളിലും മനുഷ്യജീവന്‍ പൊലിയുന്നത് കണ്ടപ്പോഴും ചുടുചോരയൊഴുകിയ സ്ഥലങ്ങള്‍ കണ്‍മുന്‍പില്‍ കാണാനായപ്പോഴും എനിക്ക് ശക്തിയേകിയത് 91-ാം സങ്കീര്‍ത്തനങ്ങളിലെ ഈ വചനമാണ്; 'നിന്റെ പാര്‍ശ്വങ്ങളില്‍ ആയിരങ്ങള്‍ മരിച്ചുവീണേക്കാം, നിന്റെ വലതുവശത്തു പതിനായിരങ്ങളും; എങ്കിലും നിനക്ക് ഒരനര്‍ത്ഥവും സംഭവിക്കുകയില്ല.' ഓരോ പ്രാവശ്യം ഈ വചനം ഉരുവിടുമ്പോഴും മരണത്തെ ജയിച്ചവന്‍ എന്റെ കൂടെയുള്ളതായി അനുഭവപ്പെടുന്നു.

 മിഷന്‍കാലഘട്ടത്തിലെ തിരിച്ചറിവും അനുഭവങ്ങളും എന്റെ ഈശോ ഒരു പേഴ്‌സണല്‍ മിഷനിലേക്ക് ഒരുക്കിയെടുത്തത് ഇന്നു അനുഭവമായിക്കൊണ്ടിരിക്കുന്നു. ഒരു നിശ്ചിതകാലത്തേക്ക് അവസാനിക്കുന്നതല്ല മിഷന്‍, മറിച്ച് മരണശേഷവും തുടരുന്നതാണ് ഓരോ മിഷനറിയുടേയും സാക്ഷ്യജീവിതം. ദൈവം അരുളിചെയ്യുന്നു:- 'നിങ്ങള്‍ എന്റെ ആടുകളാണ്, എന്റെ മേച്ചില്‍സ്ഥലത്തെ ആടുകള്‍, ഞാനാണ് നിങ്ങളുടെ ദൈവം'. 

242 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 102939