വ്യാജ ഡോക്ടറെ തിരിച്ചറിയുക
ജെറിന്‍ രാജ്

ഇത് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഞാന്‍ നാട്ടില്‍ പോയപ്പോള്‍ സംഭവിച്ചതാണ്. അന്നൊരു ഞായറാഴ്ച്ചയായിരുന്നു. ആഘോഷമായ പാട്ടുകുര്‍ബാനയും വികാരിയച്ചന്റെ ദീര്‍ഘമായ പള്ളിപ്രസംഗവും കഴിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ത്തന്നെ നേരം ഒരുപാടായിരുന്നു. മുറ്റത്തിന്റെ ഒരു കോണില്‍ കിടന്ന പത്രത്തിന്റെ രണ്ടു പുറം അപ്പനും ഒരു പുറം അമ്മച്ചിക്കും കൊടുത്ത് വന്നപാടെ തുണിപോലും മാറാതെ ഞങ്ങള്‍ വായനയില്‍ മുഴുകി. അങ്ങനെ രസം പിടിച്ച് വന്നപ്പോഴായിരുന്നു വളരെ സുന്ദരമായ ഒരു ശബ്ദം ഞങ്ങള്‍ ശ്രദ്ധിച്ചത്- 'എല്ലാരും നല്ല തിരക്കിലുള്ള വായനയിലാണല്ലോ, എങ്ങോട്ടെങ്കിലും പോകുവാന്‍ നിക്കുവാണോ?' ഞങ്ങള്‍ പരസ്പ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കിയതല്ലാതെ അവര്‍ ചോദിച്ച ചോദ്യത്തിനാരും ഉത്തരം കൊടുത്തില്ല. കാരണം, സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ ഭൂമിയില്‍ ഇറങ്ങിവന്നതുപോലെ വെള്ളസാരി പുതച്ചിരിക്കുന്ന ചേച്ചിമാരേയും, വെള്ളഷര്‍ട്ടിനോടൊപ്പം ഭൂമിയില്‍ വന്ന നേരം വെയിലടിച്ചു കറുത്ത മാലാഖയുടെ ചിറകുപോലത്തെ കറുത്ത പാന്റസും ഇട്ടു നില്‍ക്കുന്ന ചേട്ടനേയും മുന്‍പെങ്ങും കണ്ട് ഞങ്ങള്‍ക്ക് പരിചയമില്ലായിരുന്നു. ആകപ്പാടെ പരിചയമുണ്ടായിരുന്നത് അവരുടെ മൂന്നുപേരുടേയും കൈയ്യിലിരിക്കുന്ന ബൈബിള്‍ മാത്രം. ഒരു നിമിഷത്തെ നിശബ്ദദയ്ക്കു ശേഷം അപ്പന്‍ ചോദിച്ചു, 'ആരാ, മനസ്സിലായില്ലല്ലോ?' 'അത് ഞങ്ങള്‍ കുറച്ച് ദൂരേന്നാ, ഗേറ്റ് ഓഫ് ഗോഡ് എന്ന സഭയെ കുറിച്ച് കേട്ടിട്ടില്ലേ, ഞങ്ങള്‍ ആ സഭയിലെ കര്‍ത്താവിന്റെ ശുശ്രൂഷകരാ.' ഞങ്ങള്‍ എല്ലാവരുടേയും കഴുത്തിലും കൈയ്യിലും ആകെപ്പാടെയുള്ള സ്വര്‍ണ്ണത്തിലൊക്കെയൊന്ന് നോക്കി അക്കൂട്ടത്തില്‍ ഒരു ചേച്ചി പറഞ്ഞു. ഈ സമയങ്ങളിലെല്ലാം ചുമയുടെ മാലപ്പടക്കം തീര്‍ക്കുന്നുണ്ടായിരുന്നു അമ്മച്ചി, മൂന്നാഴ്ച്ച മുന്നേ തുടങ്ങിയ പനിയും പിന്നെ ഇന്നലത്തെ ഐസ്‌ക്രീമും.. വെള്ളയുടുപ്പിട്ട മാലാഖമാര്‍ പരസ്പ്പരം നോക്കി.. എന്നിട്ട് എന്തൊക്കെയോ പിറുപിറുക്കുന്നു.. 'ഇത് തന്നെയല്ലേ ആ അമ്മച്ചി, അതേ ഇത് തന്നെയാ, അതേ മുഖം, അതേ ചുമ.' 'എന്താ എന്താ കാര്യം?' ഞങ്ങള്‍ക്കുള്ള ചായയുമായി അടുക്കളയില്‍ നിന്ന് വന്നതാണ് മമ്മ. 'ഞങ്ങള്‍ക്ക് ഇന്നലെ ഒരു ദര്‍ശനം ഉണ്ടായി, ഈ ചേട്ടത്തിയെ ദൈവം ഞങ്ങള്‍ക്ക് കാണിച്ചു തന്നിട്ട്, ചേട്ടത്തിക്ക് അസുഖമാണെന്നും ഇവിടെ വന്നുകണ്ട് ചേടത്തിയെ സുഖപ്പെടുത്തണമെന്നും കര്‍ത്താവ് ഞങ്ങളോട് പറഞ്ഞു.' കേട്ടപാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ക്ക് കൊണ്ട് വന്ന ചായഗ്ലാസ്സ് അവര്‍ക്ക് നേരെ നീട്ടി മമ്മ പറഞ്ഞു, 'വാ, കയറിയിരുന്ന് സംസാരിക്ക്.' ഇത്രയും നേരം പ്രതീക്ഷിച്ചിരുന്ന ചായ കിട്ടാത്തതുകൊണ്ടാണോ അതോ അവരുടെ വര്‍ത്തമാനം പിടിക്കാത്തതുകൊണ്ടാണോ മുണ്ടും മടക്കിക്കുത്തി കതകും വലിച്ചടച്ച് അപ്പന്‍ അകത്തേക്കു കയറിപ്പോയി. സംഗതി പന്തിയല്ലന്നു കണ്ട ഞാനും അധികനേരം അവിടെ നിന്നില്ല. അല്‍പസമയം കഴിഞ്ഞ് കയ്യിലും കഴുത്തിലും ഒക്കെ കിടന്ന സ്വര്‍ണ്ണം ഊരിവച്ച് അമ്മച്ചി നടന്നപ്പോഴും ഈ സ്വര്‍ണ്ണമൊക്കെയിടുന്നത് ദൈവത്തിനിഷ്ടമല്ലെന്നും അതുകൊണ്ടാണ് അസുഖങ്ങള്‍ ഒക്കെ വരുന്നതെന്നും, മമ്മയും അമ്മച്ചിയും ഒരാഴ്ച്ച അവരുടെ കൊട്ടിപ്പാട്ട് പ്രാര്‍ത്ഥനയ്ക്ക് പോകുവാണെന്നുമൊക്കെ പറഞ്ഞപ്പോഴാണ് അറിഞ്ഞത് വന്ന മാലാഖമാര്‍ എത്തരക്കാരായിരുന്നു എന്ന്! പ്ഫാാ! എന്ന അപ്പന്റെ ഒരൊറ്റ ആട്ടില്‍ ആ സ്‌പെഷ്യല്‍ ധ്യാനപരിപാടി അവര്‍ ഉപേക്ഷിച്ചെങ്കിലും ഇങ്ങനെ എത്രയോ വീടുകളില്‍ എത്രയോ ആളുകള്‍ ഇത്തരം രോഗശാന്തി പറ്റിക്കലില്‍പ്പെടുന്നു.

 പ്രിയമുള്ളവരേ, നമ്മുടെയൊക്കെ വിശ്വാസത്തിന്റെ ആഴമെന്ത്? തലമുറകള്‍ കൈമാറിയ പാരമ്പര്യത്തിന്റെ സത്തയെന്ത്? എവിടെയാണ് നമുക്ക് പിഴച്ചത്. എന്തുകൊണ്ടാണ് അനേകര്‍ കത്തോലിക്കാ സഭ വിട്ടുപോകുന്നത്? കൂണുകണക്കിന് അകത്തോലിക്ക സഭകള്‍ മുളച്ചുപൊങ്ങുവാനുള്ള മൂലകാരണമെന്താണ്? കര്‍ത്താവിന്റെ വചനത്തെക്കുറിച്ചും, അവിടുത്തെ തിരുസഭയെക്കുറിച്ചുമുള്ള അജ്ഞത, തിരുവചനം എത്രമാത്രം ശക്തിയുള്ളതാണെന്നും, ദൈവപുത്രനാല്‍ സ്ഥാപിക്കപ്പെട്ട പരിശുദ്ധ കത്തോലിക്കാസഭ എത്ര മഹനീയമാണെന്നും, കത്തോലിക്കാ സഭയില്‍ അംഗമായ നാം എത്രയോ ഭാഗ്യവാന്‍മാരാണെന്നുള്ള അറിവില്ലായ്മ! ഈ അജ്ഞതയാണ് നമ്മെ വിശ്വാസരാഹിത്യത്തിലേയ്ക്ക് നയിക്കുന്നത്. വിശ്വാസമില്ലായ്മ നമ്മെ മറ്റു പലതിനും പുറകേ പോകാനും പ്രേരിപ്പിക്കും. ഒടുവില്‍ വീഴുന്നതോ ചതിക്കുഴിയിലും.

 വി.യാക്കോബ്ശ്ലീഹായുടെ ലേഖനം 5-ാം അദ്ധ്യായത്തില്‍ ദൈവമക്കളായ നാം എങ്ങ നെ പ്രാര്‍ത്ഥിക്കണമെന്നും അപ്പോള്‍ ദൈവം എങ്ങനെ നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുമെ ന്നുമൊക്കെ ഏലിയാ പ്രവാചകന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കിത്തരുന്നുണ്ട്. വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ദൈവം നമ്മുടെ ഏതു പ്രാര്‍ത്ഥനയും കേള്‍ക്കുമെന്നും, ഏതു രോഗാവസ്ഥയും സുഖപ്പെടുത്തുമെന്നും ഇവിടെ പറഞ്ഞുവെക്കുന്നു. പ്രാര്‍ത്ഥനയാണ്- വിശ്വാസത്തോടെ, പാപങ്ങള്‍ ഏറ്റുപറഞ്ഞുള്ള പ്രാര്‍ത്ഥനയാണ് എല്ലാ വിടുതലിനും രോഗസൗഖ്യത്തിനും ആധാരം! ഒപ്പം, കൈവയ്പ്പുവഴി രോഗശാന്തി വരം ലഭിച്ചിട്ടുള്ള അനേകം ശ്രേഷ്ഠന്മാര്‍ നമ്മുടെ തിരുസഭയിലുണ്ട്. കഠിനമായ രോഗാവസ്ഥയില്‍ അവരെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍( യാക്കോ 5:14) യാക്കോബ് ശ്ലീഹാ ഉദ്‌ബോധിപ്പിക്കുന്നു.  

 രോഗിയായിരിക്കുന്ന ഒരാള്‍ പലപല വാഗ്ദാനങ്ങളിലും വഞ്ചിതരായി നാശത്തിന്റെ പടുകുഴിയില്‍ ചാടാനുള്ള സാഹചര്യം കൂടുതലാണ്. രോഗികളെ തങ്ങളിലേക്കാകര്‍ഷിക്കാന്‍ സാത്താനെളുപ്പമാണ്- ഒപ്പം അവന്റെ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കും. തിരുസഭ മാത്രമാണ് യേശുക്രിസ്തുവില്‍ സ്ഥാപിതമായ ഏക സഭ. അതിനാല്‍ തീക്ഷ്ണമായ വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍, കുമ്പസാരത്തിലൂടെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചാല്‍, പരസ്പ്പരം തെറ്റുകള്‍ ക്ഷമിച്ചാല്‍ മാറാത്ത ഒരു രോഗമോ, രോഗാവസ്ഥയോ നമ്മുടെ ഇടയിലില്ല. രോഗങ്ങള്‍ക്കുമധിപനാണ് നമ്മുടെ ദൈവം- മരിച്ചവരേയും ഉയര്‍പ്പിച്ച എന്റെ ദൈവം, ഞാന്‍ വിശ്വസിക്കുന്നു. നാഥാ, എന്റെ പാപങ്ങള്‍ ക്ഷമിച്ച് എന്റെ രോഗങ്ങള്‍ സുഖമാക്കണമേ.... ആമേന്‍.

596 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690