മാദ്ധ്യസ്ഥമേകാന്‍... മിഷനറിയാവാന്‍...
എബി ഫ്രാന്‍സീസ്

പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാത്ത ഒരു അനുഭവമാണ്. പ്രാര്‍ത്ഥനയിലൂടെ നാം പിതാവായ ദൈവത്താട് ചേര്‍ന്ന് നില്‍ക്കുന്നു. ആ ഒരു രമ്യതപ്പെടല്‍ അല്ലെങ്കില്‍ അടുപ്പം സ്വര്‍ഗ്ഗത്തെ നമുക്ക് സമീപസ്ഥമാക്കുന്നു. കുരുശുമരണത്തിന് മുമ്പ് ഈശോ    മിശിഹാ ഗത്സമേന്‍തോട്ടത്തില്‍ രക്തം വിയര്‍ത്താണ് പ്രാര്‍ത്ഥിച്ചത്. തന്റെ മകന്റെ വിഷമാവസ്ഥ അറിഞ്ഞപ്പോള്‍ത്തന്നെ പിതാവ് ഒരു ദൂതനെ അയച്ച് അവിടുത്തെ ആശ്വസിപ്പിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുമ്പോഴാണ് കൂടുതല്‍ അനുഗ്രഹം പ്രാപിക്കാന്‍ നമുക്ക് കഴിയുന്നത്. പ്രത്യേകിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍. ലോകത്തിലെ ഏറ്റവും വലിയ മദ്ധ്യസ്ഥപ്രാര്‍ത്ഥന നടന്നത് കാല്‍വരിയിലെ കുരിശിലാണ്. നമ്മുടെ കര്‍ത്താവായ ഈശോ ലോകപാപങ്ങള്‍ വഹിച്ചുകൊണ്ട് ബലിയര്‍പ്പിക്കാനുള്ള കുഞ്ഞാടിനെപ്പോലെ നമുക്ക് വേണ്ടി, നമ്മുടെ രക്ഷയ്ക്ക് വേണ്ടി, സ്വയം ബലിവസ്തുവായി. കഠിനമായ വേദന അനുഭവിച്ചപ്പോഴും അവിടുത്തെ കുരിശില്‍ തറച്ച പാപങ്ങള്‍പോലും നമ്മുടെമേല്‍ വന്നു വീഴല്ലേ എന്നാണ് അവിടുന്ന് പ്രാര്‍ത്ഥിച്ചത്. നമുക്ക് ജീവന്‍ നല്‍കി പിതാവായ ദൈവം നമ്മെ ഭൂമിയിലേക്ക് അയച്ചത് ഈ ലോകസുഖഭോഗങ്ങളില്‍ മുഴുകി ജീവിതം ആസ്വദിക്കാന്‍ മാത്രമല്ല ദൈവസന്നിധിയില്‍ നിന്ന് അകന്നുപോയ ആത്മാക്കളെ സ്വന്തമാക്കി സ്വര്‍ഗ്ഗത്തോട് ചേര്‍ത്തുനിര്‍ത്താനും കൂടിയാണ്. അപ്പോള്‍ അവിടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥന യ്ക്ക് വലിയ പ്രാധാന്യമുണ്ട്. വി.കൊച്ചു ത്രേസ്യ പുണ്യവതിയും വി.അല്‍ഫോന്‍സാമ്മയുമൊക്കെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങികഴിഞ്ഞവരാണ്. പക്ഷേ, പ്രാര്‍ത്ഥനയിലൂടെ വലിയൊരു മിഷണറി പ്രവര്‍ത്തനം അവര്‍ നടത്തിയിരുന്നു. പല പല രോഗങ്ങളാലും പീഡകളാലും കഷ്ടപ്പെട്ടപ്പോള്‍ ആ സഹനങ്ങളെ പാപികളുടെ മാനസാന്തരത്തിനു വേണ്ടി അവര്‍ ക്ഷമയോടെ സ്വീകരിച്ചു. അതുകൊണ്ട് ദൈവത്തിന് അവര്‍ അത്രയേറെ പ്രിയപ്പെട്ടവരായിരുന്നു.

 'ജോബ് തന്റെ സ്‌നേഹിതന്‍മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവനുണ്ടായിരുന്ന ഐശ്വര്യം കര്‍ത്താവ് തിരികെക്കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായികൊടുത്തു.'ജോബ് (42:10)

 നാം മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മുടെ കാര്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യുന്ന ഒരു അപ്പനായാണ് പിതാവായ ദൈവം സ്വയം വെളിപ്പെടുത്തുന്നത്. ഓരോ വിശുദ്ധരുടേയും ജീവിതമെടുത്താല്‍ അവരെല്ലാം സ്വന്തം കാര്യങ്ങള്‍ക്കു വേണ്ടിയല്ല പ്രാര്‍ത്ഥിച്ചിരുന്നത്, മറിച്ച് മറ്റുള്ളവര്‍ക്ക് വേണ്ടിയായിരുന്നു. ഒരാത്മാവിന്റെ എങ്കിലും രക്ഷ അതായിരുന്നു അവരുടെ പ്രാര്‍ത്ഥനകള്‍. അവരൊക്കെ ഈലോകവാസം  വെടിഞ്ഞിട്ട് വര്‍ഷങ്ങള്‍ ഏറെ കടന്നുപോയിട്ടും ഇപ്പോഴും അവരുടെ പേരുകള്‍ ഈ ലോകംമുഴുവന്‍ അനുസ്മരിക്കുന്നുണ്ടെങ്കില്‍ അവരുടെ പ്രാര്‍ത്ഥനകളെ എങ്ങനെ പിതാവ് സ്വീകരിച്ചു എന്ന് നാം നോക്കികാണേണ്ടിയിരിക്കുന്നു. ഒരിക്കല്‍ ഒരു വ്യക്തിയുടെ അനുഭവം കേള്‍ക്കുകയുണ്ടായി.അവരുടെ സുഹൃത്ത് ഒരു വലിയ അസുഖം ബാധിച്ച് മരണാസന്നനായി കിടക്കുകയാണ്. ഡോക്ടര്‍മാരെല്ലാം കൈയ്യൊഴിഞ്ഞു.പ്രതീക്ഷകള്‍ എല്ലാം മങ്ങി. ആ സമയത്ത് ഈ വ്യക്തിയും കുടുംബവും മുട്ടിന്‍മേല്‍ നിന്ന്‌കൊണ്ട് രോഗിയായ വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പ്രാര്‍ത്ഥനയുടെ ഇടയില്‍ അവിടുത്തെ ഇളയകുട്ടി ചോദിച്ചു നമ്മള്‍ ഇവിടെയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ ആ അങ്കിള്‍ രക്ഷപ്പെടുമോയെന്ന്. അപ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം തന്റെ ദൂതനെ അയക്കും. അവര്‍ കൂടുതല്‍ ശക്തമായി വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചു. പിറ്റേന്ന് രോഗിയായ വ്യക്തിയെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ്ണമായ രോഗശാന്തിയോടെ ആ വ്യക്തി ഭവനത്തിലേക്ക് മടങ്ങുകയും ചെയ്തു.(കടപ്പാട് മാറാനാത്ത, സെഹിയോന്‍)

 ഇവിടെ അവരുടെ വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയാണ് ഫലം ചെയ്തത്. തന്നെ തേടുന്നവര്‍ക്കും വിളിക്കുന്നവര്‍ക്കും അവിടുന്ന് സമീപസ്ഥനാണ്. ഞാന്‍ ഒരു വ്യക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഇടപെടും, അവിടുത്തെ മഹത്വം വെളിപ്പെടുത്തുകയും ചെയ്യും എന്നുള്ള ആ വിശ്വാസമാണ് ഇവിടെ രക്ഷയായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥന ദൈവം ഒരിക്കലും തള്ളിക്കളയുകയില്ല.

 പ്രാര്‍ത്ഥന ശത്രുവുമായുള്ള ഒരു തുറന്ന ആത്മീയപോരാട്ടമാണ്. വചനത്തില്‍ അധിഷ്ടിതമായ പ്രാര്‍ത്ഥനകള്‍ സാത്താന്റെ തന്ത്രങ്ങള്‍ അങ്ങേ അറ്റം തകര്‍ക്കാന്‍ കഴിവുള്ളവയാണ്. ദൈവസന്നിധിയില്‍ നാം മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവത്തോടൊപ്പം പോരാടുകയാണ്. സഹനങ്ങള്‍ ഏറ്റെടുത്ത് തമ്പുരാന്റെ സന്നിധിയില്‍ നാം പ്രാര്‍ത്ഥിക്കുമ്പോള്‍ അവിടുന്ന് ചൊരിയുന്ന അനുഗ്രഹങ്ങള്‍ വലിയ അനുഭവങ്ങളായി നമ്മുടെ ജീവിതത്തില്‍ ലഭിക്കുക തന്നെ ചെയ്യും. നിന്റെ സഹോദരന് പ്രാര്‍ത്ഥന സഹായം ആവശ്യം ഉള്ളപ്പോള്‍ നീ എവിടെ ആയിരുന്നു എന്ന ചോദ്യം എല്ലാവരുടേയും മേലുണ്ട്. നിങ്ങളെ വേദനിപ്പിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്നത് ബൈബിളില്‍ പറയുന്നുണ്ട്. അത്രയേറെ സ്വീകാര്യമായ ഒന്നാണ് മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന. ക്രിസ്തു പീഡകള്‍ സഹിച്ച് കുരിശുമരണം വരിച്ചത് സ്വന്തം ആവശ്യത്തിനായിരുന്നില്ല. നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരമായും ആത്മാക്കളുടെ രക്ഷക്കും വേണ്ടിയാണ്. പിതാവായ ദൈവം സ്വപുത്രനെ ബലിനല്‍കിയത് മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പിന് വേണ്ടിയാണ്. അതൊരു മാതൃകയാണ്. വിശുദ്ധരുടെ ജീവിതത്തില്‍, അവരാരും സ്വന്തം സുഖങ്ങള്‍ക്കുവേണ്ടിയോ, നേട്ടങ്ങള്‍ക്കുവേണ്ടിയോ അല്ല പ്രാര്‍ത്ഥിച്ചത്. മറിച്ച് സ്വന്തം ജീവിതം ബലിയായ് നല്‍കിയ കര്‍ത്താവിന്റെ മാതൃക സ്വീകരിക്കുകയാണ് ചെയ്തത്. അനേകം മക്കളാണ് ആ പ്രാര്‍ത്ഥനകളിലൂടെ രക്ഷയിലേക്കും മാനസാന്തരത്തിലേക്കും കടന്ന് വന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ആ വ്യക്തിയുമായ് ആത്മീയമായ ഒരു ബന്ധം സ്ഥാപിക്കുകയാണ്. ഇത് നമുക്ക് അവരോടുള്ള സമീപനത്തില്‍ തന്നെ വലിയൊരു മാറ്റം വരുത്തും. മദ്ധ്യസ്ഥ പ്രാര്‍ത്ഥന ഒരു മിഷനാണ്. വി.കൊച്ചുത്രേസ്യായെപ്പോലെ നമ്മുടെ സഹനങ്ങളെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാല്‍ ദൈവത്തിന് സമര്‍പ്പിക്കുമ്പോള്‍ നാം ഒരു മിഷണറിയായിമാറുന്നതോടൊപ്പം ഒരു സുവിശേഷപ്രഘോഷണം നടത്തുക കൂടിയാണ് ചെയ്യുന്നത്. ഇവിടെ ദൈവഹിതം തന്നെയാണ് നിറവേറുന്നത്. അങ്ങനെ നമ്മുടെ നെറ്റിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ദൈവമക്കള്‍ എന്ന പേരിന് നാം കൂടുതല്‍ അനുയോജ്യരായി മാറുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ദൈവത്തിന്റെ കരങ്ങളിലെ ഉപകരണങ്ങളായി മാറുന്നു. വിശുദ്ധരുടെ ജീവിതം നമുക്ക് മാതൃകയാക്കാം. ദൈവഹിതം നിറവേറ്റാം. സ്വര്‍ഗ്ഗീയ ജീവിതത്തില്‍ പങ്കുചേരാം.    

526 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141476