ജറുസലേമില്‍നിന്നും ജറീക്കോയിലേക്ക് യാത്ര തിരിക്കാം...
മൊബിന ബേബി

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന്റെ പക്ഷം ചേര്‍ന്നവനാണ് ദൈവപുത്രന്‍. ചുങ്കക്കാരും വേശ്യകളും അവന്റെ സൗഹൃദത്തിലുണ്ടായിരുന്നു. കുഷ്ഠരോഗികളെയായിരുന്നു അവന്‍ വാരിപ്പുണര്‍ന്നത്. നിരക്ഷരരെയാണ് മനുഷ്യരെ പിടിക്കാന്‍ അവന്‍ തിരഞ്ഞെടുത്തത്. നിയമങ്ങളുടെ അനുസരണത്തിലും ആചാരങ്ങളുടെ അനുഷ്ഠാനത്തിലും മാത്രം മുഴുകി ദൈവഭക്തരെന്ന് അഭിമാനിച്ചിരുന്ന ഒരു സമൂഹത്തെ 'വെള്ളതേച്ച ശവക്കല്ലറ'കളെന്നു വിളിക്കാന്‍ ഈശോ മടിച്ചില്ല. ബലിയേക്കാള്‍ കരുണയാണ് പ്രധാനമെന്ന് അവന്‍ പറഞ്ഞുതന്നു. 'പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണ്.' യാക്കോബ് 2:17

 പ്രിയരേ, നമ്മുടെ വിശ്വാസവും പ്രേഷിതദൗത്യവും വിശുദ്ധഗ്രന്ഥം ഹൃദ്ദിസ്ഥമാക്കുന്നതിലോ വചനസാരം പ്രസംഗിക്കുന്നതിലോ ആരാധനകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നതിലോ ഒതുങ്ങിനില്‍ക്കേണ്ടതല്ല. അവ കേവലം പുറംമോടികള്‍ മാത്രമാണ്. നാമുള്‍പ്പെടുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങളിലേക്കും വേദനകളിലേക്കും ഇറങ്ങിച്ചെല്ലുമ്പോഴാണ് നമ്മുടെ പേഴ്‌സണല്‍ മിഷന്‍ ക്രിസ്തീയമായിത്തീരുന്നത്.

 ജറീക്കോയിലേക്കുള്ള വഴികള്‍ തേടിയിറങ്ങുകയും അവിടെ മുറിവേറ്റു തളര്‍ന്നു വീണ സഹജീവികളെ സുരക്ഷിത സത്രങ്ങളിലേല്‍പ്പിക്കുകയും ചെയ്ത നല്ല സമറായന്റെ സ്‌നേഹസുവിശേഷം പകരാന്‍ നമുക്ക് കഴിയണം. പേഴ്‌സണല്‍ മിഷനെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ചില വ്യക്തികളുടെ അനുഭവങ്ങള്‍ നമുക്ക് ചേര്‍ത്ത് വായിക്കാം. മാതൃകയാക്കാം. 

അമ്മക്കിളിക്കൂട്ടില്‍ ഒരു ദിവസം

 കുട്ടിക്കാലം മുതലേ വീടിനു സമീപത്തുള്ള മഠത്തിനോടുചേര്‍ന്ന അനാഥാലയവുമായി ആത്മബന്ധമുണ്ടായിരുന്നു എനിക്ക്. നാട്ടിലെ വിരുന്നുകള്‍ക്ക് ബാക്കിവരുന്ന ഭക്ഷണം അനാഥാലയത്തിലേക്ക് നല്‍കുന്ന നിരവധി ആളുകളുണ്ടായിരുന്നു. മക്കളും ബന്ധുക്കളും കൈവിട്ട അമ്മമാരായിരുന്നു അവിടത്തെ അന്തേവാസികള്‍. അവര്‍ക്കു വേണ്ടത് ഭക്ഷണത്തേക്കാളുപരി സ്‌നേഹസാമീപ്യമാണെന്ന തിരിച്ചറിവ് എനിക്ക് പകര്‍ന്നു നല്‍കിയത് എന്റെ പിതാവ് ആയിരുന്നു. വിശേഷാവസരങ്ങളില്‍ വെറുതെ ഭക്ഷണം നല്‍കി ചടങ്ങു തീര്‍ക്കാതെ കുടുംബസമേതം അമ്മമാരോടൊത്ത് ചിലവഴിക്കാനും വിശേഷങ്ങള്‍ പങ്കുവെയ്ക്കാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും ഞാന്‍ സമയം കണ്ടെത്തിയിരുന്നു. വിവാഹശേഷം ഭാര്യയും അവരുടെ കുടുംബവുംകൂടി ഈ സന്ദര്‍ശനത്തില്‍ പങ്കുകാരായി. ഇതു കണ്ടുവളരുന്ന പുതിയ തലമുറയ്ക്കും തങ്ങളുടെ മാതാപിതാക്കളെ സ്‌നേഹിക്കുവാനും വാര്‍ദ്ധക്യത്തില്‍ അവരെ ചേര്‍ത്തു നിര്‍ത്താനും കഴിയുമെന്ന് എനിക്കുറപ്പുണ്ട്.

കാരാഗൃഹത്തില്‍ കാരുണ്യസ്പര്‍ശമായി

 ജീസസ്‌യൂത്ത് കൂട്ടായ്മയിലൂടെ യേശുവിനെ ആഴത്തില്‍ മനസ്സിലാക്കിയതിനുശേഷം . 'ഞാന്‍ കാരാഗൃഹത്തില്‍ ആയിരുന്നു നിങ്ങള്‍ എന്റെ അടുത്ത് വന്നു' മത്താ 25:36 എന്ന തിരുവചനം തടവറയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കണം എന്ന ആഗ്രഹം എന്നില്‍ ജനിപ്പിച്ചു. യേശുവിന്റെ സ്‌നേഹം, തടവറയിലായിരിക്കുന്ന മക്കളിലേക്ക് പകര്‍ന്ന് കൊടുക്കുവാനുള്ള ഉപകരണമായി ദൈവം എന്നെ മാറ്റിയതിന് തമ്പുരാനോട് നന്ദി പറയുന്നു. ജയിലിലേക്ക് കടന്നുചെന്ന് അവരുമായി സംസാരിക്കുവാനും  ക്രമേണ അവരുടെ ഹൃദയവേദനകള്‍ പങ്കുവയ്ക്കുന്നതരത്തിലുള്ള സ്‌നേഹബന്ധങ്ങള്‍ വളര്‍ത്തുവാനും കഴിഞ്ഞു. കാരാഗൃഹത്തിലുള്ള ഓരോ വ്യക്തിക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുവാനും അവരുടെ വേദനകളിലും നിരാശയിലും ആരുമില്ല എന്ന തോന്നലിലും ആശ്വാസമേകുവാനും അവര്‍ക്ക് പറയാനുള്ളതെല്ലാം കേട്ടിരിക്കുന്ന സുഹൃത്തായി മാറാനും, എല്ലാറ്റിനുമുപരിയായി യേശുവിന്റെ ക്ഷമിക്കുന്ന, കരുതുന്ന സ്‌നേഹം തടവറയിലായിരിക്കുന്ന മക്കള്‍ക്ക് പകര്‍ന്ന് നല്‍കാനും അവരെ ഈശോയിലേക്ക് അടുപ്പിക്കുവാനും സാധിച്ചു. യേശുവിനെ അറിഞ്ഞതിനുശേഷം പലരിലും ഉണ്ടായ മാറ്റം അതിശയകരമായിരുന്നു.

ആശ്വാസത്തിന്‍ മാലാഖയായി..

 മനുഷ്യന്റെ ഏറ്റവും നിസ്സഹായമായ അവസ്ഥയില്‍- അന്യനാട്ടില്‍ ആരോരുമില്ലാതെ- ആശുപത്രികളില്‍ കഴിയുന്ന അനേകരില്‍ ക്രിസ്തുശുശ്രൂഷ ചെയ്യുന്നതിന് എല്ലാ ആഴ്ചയിലും ഔട്ട് റീച്ച് മിനിസ്ട്രിയുടെ ഭാഗമായി ഹോസ്പിറ്റല്‍ സന്ദര്‍ശിക്കാറുണ്ട്. വേദനകളും ഒറ്റപ്പെടലുകളുംമൂലം ശാരീരികമായും മാനസികമായും തകര്‍ന്ന അനേകരില്‍ നമ്മുടെ സാമിപ്യവും പുഞ്ചിരിയും പകരുന്ന ആശ്വാസം നേരിട്ട് അനുഭവിക്കാന്‍ സാധിച്ചത് വീണ്ടും വീണ്ടും മിനിസ്ട്രിയോട് ചേര്‍ന്ന് എന്റെ പേഴ്‌സണല്‍ മിഷന്‍ ആക്കി മാറ്റാന്‍ പ്രചോദനമായി. 

അന്ധത മാറുന്ന അത്ഭുതം.

 പ്രമേഹം മൂര്‍ഛിച്ചതിനെതുടര്‍ന്ന് പൂര്‍ണ്ണമായും കാഴ്ച്ച നഷ്ടപ്പെട്ട ഒരു  മദ്ധ്യവയസ്‌കനുണ്ടായിരുന്നു. വളരെയേറെ നിരാശയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിനടുത്ത് കുറച്ച് സമയം ചിലവഴിച്ച് പ്രത്യാശ പകരുകയും വ്യക്തിപരമായ പ്രാര്‍ത്ഥനയിലും മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലും അദ്ദേഹത്തിനു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും ചെയ്തു. ക്രമേണ അദ്ദേഹം കാഴ്ചശക്തി വീണ്ടെടുത്തു. അദ്ദേഹത്തോട് ഈശോയെക്കുറിച്ച് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഈശോയോട് നന്ദി പറയുന്നു.

ദര്‍ശനത്തിലെ 3 പേര്‍

 ഒരിക്കല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശനത്തിനു ശേഷം മടങ്ങാന്‍ തുടങ്ങവേ ഞങ്ങള്‍ ഒരു രോഗിയുടെ അടുത്തേക്ക് കടന്നുചെന്നു. ഞങ്ങളെ പ്രതീക്ഷിച്ചിരുന്നതുപോലെ ആയിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരു ക്രിസ്ത്യാനിയായ അദ്ദേഹം, തന്നെ സന്ദര്‍ശിക്കാന്‍ ആരും വന്നില്ലല്ലോ എന്ന ദുഃഖത്തോടെ പ്രാര്‍ത്ഥിച്ചിരുന്നു. തലേദിവസം, തന്നെ കാണാന്‍ 3പേര്‍ വരുമെന്ന് അദ്ദേഹത്തിന് ദര്‍ശനമുണ്ടായി. പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ അനുഭവിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. 

ഒറ്റപ്പെടലില്‍ ആശ്വാസമേകി

 അപകടത്തില്‍പ്പെട്ട് തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്ന ഒരു യുവാവ് ഞങ്ങളെ കണ്ടപ്പോഴേക്കും പൊട്ടിക്കരഞ്ഞു. അവനെ ആശ്വസിപ്പിക്കാനും ഈശോയുടെ നാമത്തില്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കാനും കഴിഞ്ഞു. തിരിച്ചിറങ്ങുമ്പോള്‍ പ്രത്യാശയുടെ തിളക്കം അവന്റെ കണ്ണുകളില്‍ ബാക്കിയായിരുന്നു.

ഇരുളില്‍ നിന്ന് വെളിച്ചത്തിലേക്ക് 

 ശരീരം പാതിതളര്‍ന്ന് നിരാശയില്‍ ആയിരുന്ന ഒരു യുവാവ് ഞങ്ങളുടെ ആദ്യസന്ദര്‍ശനങ്ങളില്‍ പ്രതീക്ഷയറ്റ ഇരുണ്ട മുഖത്തോടെയാണ് ഞങ്ങളെ ശ്രവിച്ചത്. എന്നാല്‍, പിന്നീടുള്ള ഓരോ സന്ദര്‍ശനങ്ങളിലും അവന്റെ മുഖത്ത് പുതിയൊരു ചൈതന്യം വിടരുന്നതും ഞങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുന്നതുമായ വ്യത്യാസം ഉണ്ടായി.

  അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും ആശ്വാസമേകിയ ക്രിസ്തുനാഥന്റെ അരുമശിഷ്യരായി നമുക്കും മാറാം. കൊട്ടിഘോഷിക്കപ്പെടുന്ന ആത്മീയതയുടെ പൊള്ളത്തരം തിരിച്ചറിഞ്ഞ് സേവനത്തിന്റെ നിശബ്ദസുവിശേഷം പകര്‍ന്നു നല്‍കാം. നമ്മുടെ പേഴ്‌സണല്‍ മിഷന്‍ ചുറ്റുമുള്ളവര്‍ക്ക് കരുണയുടെ ജപമാലയാകട്ടെ...  ആനന്ദത്തിന്റെ തിരുവചനമാകട്ടെ... അപരന്റെ കണ്ണീര്‍ ഒപ്പിയെടുക്കുന്ന സ്‌നേഹത്തൂവാലയാകട്ടെ...

347 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131528