മറിയം നമ്മുടെ അമ്മ
അജോ ഫിലിപ്പ്

അമ്മ എന്ന വാക്കിനുതന്നെ ഒരു സ്‌നേഹഭാവമാണ്. മറിയത്തില്‍ നമുക്ക് സ്‌നേഹത്തിന്റെ പൂര്‍ണ്ണത കാണാന്‍ സാധിക്കുന്നു. 'ഇതാ കര്‍ത്താവിന്റെ ദാസി' എന്ന് പറഞ്ഞ നിമിഷം മുതല്‍ കാല്‍വരിയില്‍ സ്വപുത്രന്റെ ശരീരം കുരിശില്‍ നിന്നിറക്കി മടിയില്‍ കിടത്തിയപ്പോള്‍ വരെ, അമ്മയില്‍ നമുക്ക് കാണാന്‍ സാധിക്കുക ത്രിതൈ്വകദൈവത്തോടുള്ള വിധേയത്വവും മനുഷ്യമക്കളോടുള്ള സ്‌നേഹവുമാണ്. കുരിശില്‍ കിടന്നുകൊണ്ട് പുത്രന്‍ 'ഇതാ നിന്റെ അമ്മ'എന്ന് പറഞ്ഞപ്പോള്‍ മുതല്‍ മനുഷ്യമക്കളുടെ മുഴുവന്‍ അമ്മയായിതീര്‍ന്ന മറിയം ആ മാതൃവാത്സല്യം ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സഭയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും പാഷണ്ഡതകള്‍ പെരുകുമ്പോഴും പാപം വര്‍ദ്ധിക്കുമ്പോഴും ലോകം സാത്താന്റെ കൈകളിലമരുമ്പോഴും തള്ളക്കോഴി കുഞ്ഞുങ്ങളെ കാക്കുന്നത് പോലെ പരിശുദ്ധ അമ്മ  സഭാമക്കളെ തന്റെ നീല അങ്കിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. 

 ആധുനികലോകം പാപത്തിന്റെ പുത്തന്‍ മേച്ചില്‍ പുറങ്ങളിലൂടെ നിത്യനാശത്തിലേയ്ക്ക് ഓടി അടുക്കുമ്പോള്‍ ലൂര്‍ദ്ദിലും ഫാത്തിമയിലും മാത്രമല്ല, ലോകത്തിന്റെ നാനഭാഗങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെട്ട് സന്ദേശങ്ങള്‍ നല്‍കികൊണ്ട്, വിശ്വാസജീവിതത്തിലേയ്ക്ക് നയിക്കുന്നു. ഏതമ്മയ്ക്കാണ് സ്വന്തം മക്കള്‍ നാശത്തിന്റെ വഴിയേ പോകുമ്പോള്‍ സ്വസ്ഥമായിരിക്കാന്‍ സാധിക്കുക. രക്തകണ്ണീരൊഴുക്കിയും സന്ദേശങ്ങള്‍ നല്‍കിയും മറിയം അനേകരിലേക്ക് മാതൃസ്‌നേഹം വര്‍ഷിച്ചുകൊണ്ടേയിരിക്കുന്നു. മാതാവ് പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം നല്‍കുന്ന സന്ദേശങ്ങള്‍ മാനസാന്ത രപ്പെടുവാനും പ്രായ്ശ്ചിത്ത പ്രവര്‍ത്തികള്‍ ചെയ്യുവാനും ജപമാല പ്രാര്‍ത്ഥന ചെല്ലുവാനുമുള്ള ആഹ്വാനമാണ്.

 പാപവഴികള്‍ ഉപേക്ഷിക്കുവാനും വിശ്വാസത്തില്‍ വളരുവാനും നമ്മെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന. ഇത് മാതാവ് നേ രിട്ട് നല്‍കിയതാണ്. 1208-ല്‍ ഫ്രാന്‍സില്‍ ആല്‍ബജന്‍സ്യന്‍ പാഷണ്ഡത പടര്‍ന്ന് പിടിച്ചപ്പോള്‍ മാതാവ് പ്രത്യക്ഷപ്പെട്ട് വിശുദ്ധ ഡൊമിനിക്കിന് നല്‍കിയതാണ് ജപമാല പ്രാര്‍ത്ഥന. നന്മ ചെയ്യുന്നവര്‍ക്ക് നന്മ ചെയ്തും തിന്മ ചെയ്യുന്നവര്‍ക്ക് തിന്മ ചെയ്തും ജീവിക്കാമെന്നും ഈ രണ്ടുകൂട്ടരും സൃഷ്ടിയാണെന്നും സ്വര്‍ഗ്ഗവും നരകവും സാങ്കല്‍പീകമാണെന്നുമായിരുന്നു ആല്‍ബജന്‍സ്യന്‍ പാഷണ്ഡത. ജപമാല ചൊല്ലിക്കൊണ്ട് വിശുദ്ധ ഡൊമിനിക്കിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സ് നിവാസികള്‍ തങ്ങളുടെ നഷ്ടപ്പെട്ടുപോയ വിശ്വാസത്തിലേയ്ക്ക് മടങ്ങിവന്നു. വിശുദ്ധ ഡൊമി നിക്കിന്റെ മരണശേഷം പ്രചുരപ്രചാരം നേടിയത് ഡൊമിനിക്കന്‍ സഭാംഗമായ അലന്‍ ഡിലാ റോചേയിലൂടെയാണ്.

 1349-ല്‍ യൂറോപ്പിലാകമാനം പ്ലേഗ്ബാധയാല്‍ അനേകര്‍ മരണമടഞ്ഞപ്പോള്‍ വി ശുദ്ധ ഡൊമിനിക്കും പരിശുദ്ധ അമ്മയും വാഴ്ത്തപ്പെട്ട അലനു പ്രത്യക്ഷപ്പെട്ട് ജപമാല ഭക്തി പ്രചരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. തല്‍ഫലമായി ജപമാല ഭക്തി യൂറോപ്പിലാകമാനം പ്രചരിക്കുകയും പ്ലേഗ് ബാധയില്‍ നിന്ന് മുക്തി നേടുകയും ചെയ്തു.

  ജപമാലയിലെ ഓരോ മണികളും സാത്താന്റെ കോട്ടകള്‍ക്ക് നേരെയുള്ള വെടിയുണ്ടകളാണ്. വിശുദ്ധ പാദ്രേ പിയോയുടെ വാക്കുകളിലൂടെ പറഞ്ഞാല്‍ 'ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ആയുധമാണ് ജപമാല.' പാപവഴികള്‍ ഉപേക്ഷിക്കാനും വിശുദ്ധിയില്‍ ജീവിക്കുവാനും നമ്മെ സഹായിക്കുന്ന ഏറ്റവും ശക്തമായ ഉപാധിയാണ് ജപമാല.         ജപമാല പ്രാര്‍ത്ഥനയില്‍ ഈശോമിശിഹായുടെ പീഢാനുഭവ രഹസ്യങ്ങളാണ് നാം ധ്യാനിക്കുന്നത്. ഈശോ തന്റെ ശിഷ്യന്‍മാരെ പഠിപ്പിച്ച പ്രാര്‍ത്ഥനയായ 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയും ദൈവവചനം തന്നെയായ 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥനയും ചേരുന്നതാണ് ഇതിലെ ഓരോ ദശകങ്ങളും. 

 മറിയം വഴി നമുക്ക് യേശുവിലേക്കെത്താം. പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്നവരോട് അമ്മ പറയുന്നത് ഒന്നു മാത്രം. 'അവന്‍ പറയുന്നത് ചെയ്യുവിന്‍' (യോഹ 2:)

364 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137103