നന്മമരങ്ങള്‍ ഇനിയും തളിരിടട്ടെ..
റിജോ കെ. എസ്. മണിമല

ജീസസ്‌യൂത്ത് മുന്നേറ്റത്തെ എന്നും മറ്റുകൂട്ടായ്മകളില്‍നിന്നും വ്യത്യസ്തമാക്കുന്നത് അംഗങ്ങളുടെ ജീവിത ശൈലിയിലുള്ള പ്രത്യേകത ഒന്നു തന്നെയാണ്. ഓരോ ക്രിസ്ത്യാനിയും പിന്തുടരേണ്ട മൂല്യങ്ങളെ മുറുകെപിടിച്ചുകൊണ്ടാണ് എന്നും കൂട്ടായ്മ മുന്നേറുന്നത്. ഏതൊരു കെട്ടിടത്തിനും ഉറപ്പുനല്കുന്നത് അതിന്റെ ബലമുള്ള തൂണുകളാണ്. അതുപോലെ, മുന്നേറ്റത്തേയും താങ്ങിനിര്‍ത്തുന്ന ഈ മൂല്യങ്ങളെ പ്രധാനമായും 6 തൂണുകള്‍ എന്ന രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു.

 ജീസസ്‌യൂത്ത് മുന്നേറ്റത്തിന്റെ സ്ഥായീഭാവങ്ങളായ 6 തൂണുകളില്‍ അവസാനത്തേതാണ് 'പാവങ്ങളോടുള്ള പക്ഷം ചേരല്‍.' നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന ക്രൂശിതന്റെ ആഹ്വാനത്തെ അക്ഷരം പ്രതി അനുവര്‍ത്തിക്കുവാന്‍ ഈ തൂണു ഉത്‌ബോധിപ്പിക്കുന്നു. സുഖഭോഗങ്ങളുടെ കുത്തൊഴുക്കില്‍പ്പെട്ടിരിക്കുന്ന ആധുനികലോകത്തില്‍ ഇന്നും ഓരോ ജീസസ്‌യൂത്തും വ്യത്യസ്തത പുലര്‍ത്തുന്നു. ചുറ്റുപാടുകളില്‍ ബുദ്ധിമുട്ടുന്നവരിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരുടെ വേദനകളില്‍ പങ്കുചേരുമ്പോള്‍ ക്രിസ്തുസ്‌നേഹത്തിന്റെ വക്താക്കള്‍ ആവുകയാണ് ഓരോ ജീസസ്‌യൂത്തും ചെയ്യുന്നത്.

 തന്റെ പരസ്യജീവിത കാലഘട്ടത്തില്‍ സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുടെ കൂടെ നടക്കുവാനാണ് ഇശോ ആഗ്രഹിച്ചത്. ആരാലും ശ്രദ്ധിക്കപ്പെടാതെ, രാത്രിയുടെ അന്ത്യയാമങ്ങളിലും കടലിനോട് മല്ലിടുന്ന മുക്കുവന്മാരേയും സമൂഹം അവജ്ഞയോടെ കണ്ടിരുന്നവരേയും ഒക്കെ കൂടെ കൂട്ടിയാണ് സ്‌നേഹത്തിന്റെ പുതിയ സന്ദേശം അവന്‍ ലോകത്തിനു പകര്‍ന്ന് നല്‍കിയത്. കാഴ്ചയുടെ വലിയ ലോകം അന്യമായിരുന്ന ബര്‍തിമേയൂസ് എന്ന പാവം അന്ധയാചകനിലേക്ക്, 'ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണ്  നീ ആഗ്രഹിക്കുന്നത്' എന്ന ചോദ്യവുമായി എത്തിയപ്പോള്‍ അവന്റെ ഹൃദയവിശാലതയുടെ വലിയൊരു മുഖം നമുക്ക് മുന്നില്‍ തെളിയുകയായിരുന്നു. കടന്നുപോയ വഴികളിലെല്ലാം അവന്റെ കരുണയുടെ കരസ്പര്‍ശം നീണ്ടത് പാവങ്ങളിലേക്കായിരുന്നു. നസ്രത്തിലെ ആ തച്ചന്റെ മകന് പാവങ്ങളും പഥിതരും സ്വസഹോദരങ്ങളായിരുന്നു.'സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്ക് തന്നെയാണ് ചെയ്തുതന്നത്.'(മത്താ 25:40)  

 ഇന്ന് നമ്മുടെ ചുറ്റുപാടുകളിലും പല തരത്തില്‍ വേദന അനുഭവിക്കുന്നര്‍ ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ജോലിമേഖലകളില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍, ആശ്രയിക്കാന്‍ ആരുമില്ലാത്തവര്‍... അങ്ങനെ പലരും. എങ്കിലും പലരും തങ്ങളുടെ വേദനകള്‍ ഉള്ളില്‍ കടിച്ചമര്‍ത്തിയാണ് ഇന്ന് ജീവിക്കുന്നത്. തങ്ങളുടെ വേദനകള്‍ മറ്റുള്ളവരുമായി പങ്കുവെയ്ക്കുമ്പോള്‍ അവര്‍ എങ്ങിനെയാകും അതിനെ സ്വീകരിക്കുക എന്ന ഉത്കണ്ഠ പലരിലും ഒരു ഉള്‍വലിയലിനു കാരണമാകുന്നു. ഇന്ന് മറ്റുള്ളവരെ കേള്‍ക്കാന്‍ ആര്‍ക്കും സമയം ഇല്ലാതാകുന്ന സാഹചര്യത്തില്‍, നമ്മുടെ ഇടയില്‍ പുറമേ ചിരിച്ചുകൊണ്ട് ഉള്ളില്‍ നിരാശയുടെ വലിയ ഭാണ്ഡവും പേറി നടക്കുന്ന വലിയൊരുപറ്റം ആളുകള്‍ ഉണ്ടെന്നു നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അവര്‍ ആവശ്യപ്പെടാതെ തന്നെ അവരിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ക്രൂശിതന്റെ കാലടികള്‍ പിന്തുടരുകയാണ് നാമും ചെയ്യുക.

 വിശക്കുന്നവര്‍ക്കുമുന്നില്‍ അപ്പമായും വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായും മാറുമ്പോള്‍ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന ഗുരുവചനം പ്രാവര്‍ത്തികമാക്കുകയാണ് നാമും ചെയ്യുന്നത്. ആവശ്യങ്ങളുടെ വലിയ ലോകമാണ് നമുക്ക് മുന്നില്‍ ഇന്നുള്ളത്. വരവിനേക്കാള്‍ കൂടുതല്‍ ചിലവുകള്‍ ഉണ്ടാകുന്ന സാഹചര്യം. അതുകൊണ്ട് തന്നെ പലപ്പോഴും ദശാംശം പോലും കൃത്യമായി നല്‍കാന്‍ പലര്‍ക്കും സാധിക്കാതെ വരുന്നു. എന്നാല്‍ പ്രിയപ്പെട്ടവരെ, നമ്മു ടെ അവസ്ഥ അനുകൂലമോ, പ്രതികൂലമോ ആയാലും കൃത്യമായി ദശാംശം കൊടുക്കുവാന്‍ നാം ശ്രദ്ധിച്ചാല്‍ വലിയ അനുഗ്രഹം പ്രാപിക്കുവാന്‍ നമുക്ക് സാധിക്കും. 

 'ദശാംശം മുഴുവന്‍ കലവറയിലേക്കു കൊണ്ടു വരുവിന്‍. എന്റെ ആലയത്തില്‍ ഭ ക്ഷണം ഉണ്ടാകട്ടെ. ഞാന്‍ നിങ്ങള്‍ക്കായി സ്വര്‍ഗ്ഗകവാടങ്ങള്‍ തുറന്ന് അനുഗ്രഹ ങ്ങള്‍ വര്‍ഷിക്കുകയില്ലേ എന്നു നിങ്ങള്‍ പരീക്ഷിക്കുവിന്‍- സൈന്യങ്ങളുടെ കര്‍ ത്താവ് അരുളിചെയ്യുന്നു.' (മലാക്കി 3:10)

 സമ്പാദ്യത്തില്‍ നിന്നും മിച്ചം വരുന്നത് ദാനമായി നല്‍കാതെ ഇല്ലായ്മയില്‍ നിന്നു പോലും മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍  ദര്‍ശിക്കുവാന്‍ സാധിക്കും. തന്റെ ഉപജീവനത്തിന്റെ വകമുഴുവന്‍ ദേവാലയത്തില്‍ നല്‍കിയ വിധവയുടെ കൊച്ചുകാശു പോലെ നമ്മുടെ കാഴ്ചകളും അവന്റെ മുന്‍പില്‍ വിലയുള്ളതാകും.

സഹോദരന്റെ കണ്ണുനീരിന്റെ ചൂട് ഹൃദയത്തില്‍ ഏറ്റുവാങ്ങുമ്പോള്‍ ക്രൂശിതന്റെ നല്ല അനുയായികളായി നമുക്കും മാറുവാന്‍ കഴിയും. സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധ വെയ്ക്കാതെ പാവങ്ങളിലേയ്ക്കു കൂടി ഇറങ്ങിച്ചെന്നുകൊണ്ട് താങ്ങായി, തണലായി മാറുമ്പോള്‍ നാമും അവന്റെ ശിഷ്യരായി തീരും. അതിനായി സര്‍വ്വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ...

394 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141690