സ്‌നേഹം വിതയ്ക്കും കൂട്ടായ്മകള്‍
ജോസ് ഇന്റര്‍നാഷണല്‍ സിറ്റി

ഐസിയുവില്‍ കിടക്കുന്ന ഒരു രോഗി, ഓക്‌സിജനു വേണ്ടി ദാഹിക്കുന്നതു പോലെ പലരും ജീസസ്‌യൂത്തിന്റെ സോണല്‍ ഗ്രൂപ്പുകളിലേയ്ക്കും, ഫ്രൈഡേ ഗ്രൂപ്പിലേയ്ക്കും, ആര്‍ത്തിയോടെ ഓടിവരാറുണ്ട്. പ്രാര്‍ത്ഥനയുടെ അവസാനം കളഞ്ഞുപോയ എന്തോ തിരിച്ചുകിട്ടി എന്ന സന്തോഷത്തോടെ മടങ്ങും. മുഖം കടുപ്പിച്ച്, മസ്സിലുപിടിച്ച് നില്‍ക്കുന്ന പല യൂത്തന്മാരും സെന്റ്.മേരീസ് ചര്‍ച്ചിലെ റൂം നമ്പര്‍ 6-ല്‍ കളിച്ചു ചിരിച്ച് പാട്ടിനൊപ്പം ആടിത്തിമിര്‍ക്കുന്നതും അവരുടെ മുഖത്ത് സന്തോഷം അലയടിക്കുന്നതും കണ്ടിട്ടുണ്ട്. അതുവരെ കണ്ട മസ്സിലുപിടുത്തമൊന്നുമില്ലാതെ തന്നെ. ഭാരങ്ങളും വേദനകളും പേറി വരുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകുവാന്‍, അവരുടെ ദാഹം മാറ്റുന്ന, വലിയ ആശ്വാസം കൊടുക്കുന്ന എന്തെങ്കിലും 'മാജിക്' നടക്കുന്നുണ്ടോ? ഉണ്ട്, തമ്പുരാന്റെ ജീവനുള്ള  വചനങ്ങളുടെ മാജിക്.

 ''നമുക്ക് ചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍ നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്ക് നീക്കിക്കളയാം.'' (ഹെബ്രാ 12:1) ലോകം വലുതെന്നു പറയുന്ന എന്റെ പ്രശ്‌നങ്ങളെ ഇതൊന്നും ഒന്നുമല്ലെടാ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും എന്തു സഹായത്തിനും കൂടെ നില്‍ക്കുകയും ചെയ്യുന്ന ഒരു പറ്റം സുഹൃത്തുക്കള്‍. എന്റെ പ്രശ്‌നങ്ങള്‍ ഒന്നും സാരമുള്ളതല്ല എന്ന് ആധികാരികമായി പറയാന്‍ അനുഭവവും വിശ്വാസവും ഉള്ളവരാണ് ഈ സുഹൃത്തുക്കള്‍.

 ഈ ലോകത്ത് ഇന്ന് അപ്രത്യക്ഷമായ്‌ക്കൊണ്ടിരിക്കുന്ന ഒന്നാണ് നിന്നെ കേള്‍ക്കാന്‍ തയ്യാറുള്ള രണ്ട് കാതുകള്‍. ആര്‍ക്കും നിന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സമയമില്ല. തിരക്കാണെല്ലാവര്‍ക്കും. എന്തൊക്കെയോ നേടിയെടുക്കാനുള്ള തിരക്ക്. 'സ്വന്തം കാര്യം സിന്ദാബാദ്'എന്ന് പറഞ്ഞ് കൊണ്ടാണ് ഈ ഓട്ടം. ഈ ഓട്ടത്തിനിടയില്‍ വേദനിക്കുന്നവരെ കാണാനോ, രോഗികളെ ആശ്വസിപ്പിക്കുവാനോ, ആര്‍ക്കും സമയമില്ല. ഇവിടെയാണ് ഒരു ജീസസ്‌യൂത്ത് വ്യത്യസ്തനാകുന്നത്. വേദനിക്കുന്നവനെ കണ്ടാല്‍, മുറിവേറ്റവനെ കണ്ടാല്‍, കണ്ടിട്ടും കാണാതെ പോകാന്‍ അവനു പറ്റില്ല. തിരക്കുകളുള്ള ലേവായനും പുരോഹിതനും സ്‌കൂട്ടായതുപോലെ ഒരു ജീസസ്‌യൂത്തിന് പോകാന്‍ കഴിയില്ല. കാരണം നമ്മളെല്ലാം യേശുവിന്റെ സ്‌നേഹം അനുഭവിച്ചവരാണ്. നമുക്ക് മുറിവേറ്റപ്പോള്‍ വച്ചുകെട്ടാനും, കൂടെ നില്ക്കാനും ദൈവം ഒരുക്കിയ കൂട്ടായ്മയുടെ സ്‌നേഹം അനുഭവിച്ചവരാണ് നാമോരോരുത്തരും.

 നമ്മുടെ കൂട്ടായ്മയുടെ ഏറ്റവും വലിയ പ്രത്യേകതയാണ് മദ്ധ്യസ്ഥപ്രാര്‍ത്ഥന. എന്റെ വ്യക്തിപരമായ ജീവിതത്തിന്റെ സങ്കടങ്ങളുടേയും വേദനകളുടേയും മേല്‍ ഈശോയുടെ ഇടപെടല്‍ ഉണ്ടാകുന്നതിനുവേണ്ടി നിസ്വാര്‍ത്ഥമായി, പരിത്യാഗങ്ങളോടെ കണ്ണീര്‍വാര്‍ത്തു പ്രാര്‍ത്ഥിക്കുന്നവര്‍. വേദനകള്‍, സന്തോഷത്തിന്റേയും സൗഖ്യത്തിന്റേയും സാക്ഷ്യമാകുമ്പോള്‍ നിറഞ്ഞ സന്തോഷത്തോടെ ദൈവത്തെ സ്തുതിക്കുന്നവര്‍. ലോകത്ത് വേറെയൊരു കൂട്ടായ്മയില്‍ നിന്നും കിട്ടാത്ത ഈ പ്രാര്‍ത്ഥന തന്നെയാണ് ഈ കൂട്ടായ്മയുടെ ശക്തി. കാരണം നമ്മുടെ കൂട്ടായ്മയുടെ മൂലക്കല്ല് ക്രിസ്തുവാണ്. രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ച് കൂടുമ്പോള്‍ അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും എന്ന വചനമനുസരിച്ച് നമ്മുടെ പ്രാര്‍ത്ഥന നിറഞ്ഞ കൂട്ടായ്മകളുടെ നടുവില്‍ അവനുണ്ട്.

 ഓരോ വ്യക്തികള്‍ക്കും ദൈവം പ്രദാനം ചെയ്തിരിക്കുന്ന താലന്തുകള്‍ വ്യത്യസ്തമാണ്. നമ്മുടെ താലന്തുകളെ കണ്ടെത്തി അതിനെ വളര്‍ത്തുവാന്‍ കഴിയുന്ന വലിയൊരു വേദിയാണ് നമ്മുടെ കൂട്ടായ്മകള്‍. തനിക്ക് ഇങ്ങനെയൊരു കഴിവുണ്ടായിരുന്നുവെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്ന് പലരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. കാരണം അവരുടെ കഴിവുകളെ കണ്ടെത്തിയതും വളര്‍ത്തിയതും കൂട്ടായ്മയിലെ മറ്റുള്ളവരാണ്. 'ഓരോരുത്തനും തനിക്ക് കിട്ടിയ ദാനത്തെ ദൈവത്തിന്റെ  വിവിധ ദാനങ്ങളുടെ ഉത്തമനായ കാര്യസ്ഥനെന്ന നിലയില്‍ മറ്റെല്ലാവര്‍ക്കും വേണ്ടി ഉപയോഗിക്കട്ടെ.' (1പത്രോസ് 4:10) പലരും തങ്ങളുടെ കാരിസം കണ്ടെത്തിയതും അതിനെ വളര്‍ത്തിയതും ഈ കൂട്ടായ്മകള്‍ വഴിയാണ്. കഴിവുകള്‍ കണ്ടെത്തുന്നതോടൊപ്പം കുറവുകളുള്ളവരിലേയ്ക്ക് ഇറങ്ങിച്ചെന്ന് സാധിക്കുന്ന രീതിയിലൊക്കെ അവരെ സഹായിക്കുകയെന്നത് എന്റെ ഉത്തരവാദിത്വമാണെന്ന തിരിച്ചറിവ് നമുക്ക് പകര്‍ന്നത് കൂട്ടായ്മയാണ്. പങ്കുവയ്ക്കലിലൂടെ അനുഭവിക്കുന്ന സ്‌നേഹവും സന്തോഷവും നുകര്‍ന്നതും കൂട്ടായ്മകളിലാണ്. 'പ്രിയപ്പെട്ടവരേ, നമുക്ക് പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍ സ്‌നേഹം ദൈവത്തില്‍ നിന്നുള്ളതാണ്.' (1 യോഹ 4:7) ദൈവത്തിന്റെ സ്‌നേഹം പലരീതിയില്‍ അനുഭവിക്കുന്നവരാണ് നാം. ഈ ലോകത്തിന്റെ ഒരു ലഹരിക്കും തരാന്‍ പറ്റാത്ത സന്തോഷം നമുക്ക് കൂട്ടായ്മയില്‍ നിന്നും കിട്ടും. കാരണം നമ്മുടെ ലഹരി പരിശുദ്ധാത്മാവാണ്. അവിടുത്തെ സ്‌നേഹമാണ്. ഒരുമിച്ച് പ്രാര്‍ത്ഥിക്കുവാനും, പഠിക്കുവാനും, വളരുവാനുമൊക്കെയായി ദൈവം വിളിച്ചിരിക്കുന്ന ജീസസ്‌യൂത്തായ നമുക്കോരോരുത്തര്‍ക്കും ഈ കൂട്ടായ്മയുടെ വിലയറിഞ്ഞ് ജീവിക്കാം. ക്രിസ്തു നേതാവായിട്ടുള്ള  സ്‌നേഹകൂട്ടായ്മയ്ക്ക് ഒരായിരം 'ജയ്' വിളിക്കാം.

349 Viewers

Leave a comment


Copyright © 2014 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 102942