അടുക്കള മുതല്‍ ആകാശം വരെ
ആല്‍ഫി ജോബി

“Whereever God has put you that is your vocation.

it is not what we do but how much love we put in to it.” |  Mother Teresa

തിരഞ്ഞെടുക്കപ്പെട്ട ജനതയായ ക്രൈസ്തവര്‍ ഒരു മിഷനറി സമൂഹമാണ്. ഏകസത്യദൈവത്തെ മറ്റുള്ളവര്‍ക്ക് നമ്മിലൂടെ കാണിച്ചുകൊടുക്കാന്‍, അവിടുത്തെ സ്‌നേഹം ലോകത്തെ അറിയിക്കാന്‍ വിളിക്കപ്പെട്ടവന്‍. മിഷനറി എന്നു കേള്‍ക്കുമ്പോള്‍ ഏതെങ്കിലും ഒരു കുഗ്രാമത്തില്‍, ദരിദ്രരുടെ ഇടയില്‍, അജ്ഞതയനുഭവിക്കുന്ന കുറേ മനുഷ്യര്‍ക്കിടയില്‍ ബൈബിള്‍ പ്രസംഗിക്കുന്ന, ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തി എന്നതാണ് നമ്മുടെയൊക്കെ മനസ്സില്‍ ആദ്യം വരുന്ന രൂപം. ചെറുപ്പം മുതല്‍ 'മിഷന്‍ സണ്‍ഡേ'എന്ന വാക്ക് നമ്മള്‍ കേട്ടിട്ടുണ്ട്. അന്നത്തെ കുര്‍ബ്ബാനകളിലെ സ്‌തോത്രക്കാഴ്ചകളും, പള്ളിയില്‍ ലേലം വിളിച്ചുകിട്ടുന്ന കാശുമൊക്കെ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കാണ് ചിലവഴിക്കുന്നത് എന്നും നമുക്ക് അറിയാം. ലേലത്തിന് വിളിക്കാന്‍ വേണ്ട തേങ്ങയും, മരച്ചീനിയും, കോഴിമുട്ടയുമൊക്കെ ശേഖരിക്കാന്‍ നമ്മളില്‍ പലരും ഉത്സാഹത്തോടെ ഓടി നടന്നിട്ടുണ്ട്. സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി സംഭാവനയായി എന്തു വേണമെങ്കിലും കൊടുക്കാനും ഇന്നും നമുക്ക് ഉത്സാഹമാണ്. എന്തോ വലിയ കാ ര്യം ചെയ്യുകയാണ് എന്ന ചാരിതാര്‍ത്ഥ്യത്തോടെ തന്നെ. ഈ ഉത്സാഹത്തിലും, വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുള്ള 'മിഷന്‍ സണ്‍ഡേ' കളിലും ഒതുങ്ങേണ്ടതാണോ ഒരു ക്രൈസ്തവന്റെ മിഷന്‍ പ്രവര്‍ത്തനം?  

 നമ്മളെയോരോരുത്തരേയും ദൈവം സൃഷ്ടിച്ചിരിക്കുന്നത് വ്യത്യസ്തമായ സ്വപ്നങ്ങളോടു കൂടിയാണ്. തന്ന കഴിവുകളും കുറവുകളും അവന്റെ സ്വപ്നമനുസരിച്ച് ക്രമപ്പെടുത്തിയിരിക്കുന്നു. ചിലര്‍ ആകാശത്ത് പാറി നടക്കുമ്പോള്‍ ചിലര്‍ പാടങ്ങളില്‍ കഷ്ടപ്പെടുന്നു. പൂര്‍ണ്ണാരോഗ്യത്തോടെ ഓടി നടക്കുന്ന ഒരു കൂട്ടം ആളുകള്‍, ജനനം മുതലേ കിടപ്പിലായ നിത്യരോഗികള്‍... തൊടുന്നതെല്ലാം പൊന്നാക്കി ആടംഭരത്തിലും ആര്‍ഭാടത്തിലും കഴിയുന്ന കുറേ സമ്പന്നര്‍, എത്ര കഷ്ടപ്പെട്ടിട്ടും നീക്കിവയ്ക്കാന്‍ ഒരു   സമ്പാദ്യവുമില്ലാതെ അന്നന്നുവേണ്ട ആഹാരത്തിനു വേണ്ടി പരക്കം പായുന്ന കുറേ സാധുക്കള്‍. ലോകത്തിലെ ഇന്നത്തെ അവസ്ഥകള്‍ ഏറെക്കുറെ ഇങ്ങനെയൊക്കെയാണ്. ജീവിതസാഹചര്യങ്ങള്‍ എന്തുതന്നെയായാലും ആയിരിക്കുന്നിടത്ത് കര്‍ത്താവിനെ പ്രഘോഷിക്കുക എന്നതാണ് ഓരോ ക്രിസ്ത്യാനിയുടേയും ജീവിത ലക്ഷ്യം. ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം അത് ചിലപ്പോള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മിഷന്‍ പ്രവര്‍ത്തനം ആയിരിക്കാം. കൊടുക്കേണ്ടവനു യേശുവിന്റെ സ്‌നേഹം കൊടുക്കുവാനും, പറയേണ്ടിടത്ത് അവനെകുറിച്ച് പറയാനും കഴിയണം. നമ്മിലൂടെ മറ്റുള്ളവര്‍ യേശുവിനെ അനുഭവിക്കണം.

 അടുക്കളയിലായാലും ആകാശത്തായാലും ഒരു മിഷനറിക്ക് സഹനങ്ങളുണ്ടാകും. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ദൗത്യം നിര്‍വഹിക്കുന്നതിനിടയില്‍ അവര്‍ ഏല്‍ക്കേണ്ടി വരുന്ന വേദനകളും കുരിശുകളും നിരവധിയായിരിക്കും. പക്ഷേ, യേശുവിനെ ലക്ഷ്യം വച്ചു നീങ്ങിയാല്‍ ആ കുരിശുകള്‍ നമുക്ക് ആനന്ദദായകമായിരിക്കും. ചുറ്റുമുള്ള ശകാരങ്ങളേയും, കളിയാക്കലുകളേയും, ഭീഷണികളേയും വകവയ്ക്കാതെ യേശുവിന്റെ മുഖം തന്റെ തൂവാല കൊണ്ട് തുടച്ച് ഒന്നാശ്വസിപ്പിക്കണമെന്ന് നിശ്ചയിച്ചുറപ്പിച്ച് അവനെ സമീപിച്ച വെറോനിക്കയുടെ മനോഭാവമായിരിക്കണം ഓരോ മിഷനറിക്കും. മറ്റുള്ളവര്‍ക്ക് നിന്റെ ജീവിതം വലിയ മണ്ടത്തരമായി തോന്നിയേക്കാം. എല്ലാം സഹിച്ചുകൊണ്ടുള്ള നിന്റെ നിറഞ്ഞ പുഞ്ചിരി അഭിനയമായി തോന്നാം. എന്നാല്‍ യേശുവിനെ ലക്ഷ്യം വച്ചു നീങ്ങുമ്പോള്‍ അവന്‍ നിന്റെ ഹൃദയത്തില്‍ പതിപ്പിക്കുന്ന അവന്റെ തിരുമുഖം- അതായിരിക്കും നിന്റെ സമ്മാനം. ഈ സമ്മാനത്തെക്കുറിച്ച് തിരിച്ചറിഞ്ഞ ഒത്തിരി രക്തസാക്ഷികളുണ്ട്  സഭയില്‍. ക്രിസ്തുവിനെ പകര്‍ന്ന് കൊടുത്തപ്പോള്‍ അവര്‍ക്ക് കിട്ടിയ മര്‍ദ്ദനങ്ങളും, പീഢകളും, മരണം പോലും സന്തോഷത്തോടെ സ്വീകരിച്ചവര്‍.

 ലോകം അറിയാതെ പോകുന്ന അനേകം മിഷനറിമാര്‍ നമുക്ക് ചുറ്റുമുണ്ട്. കുറവുകളിലും രോഗങ്ങളിലും ഒറ്റപ്പെടുത്താതെ തന്നേക്കാളേറെ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവും, മക്കളുടെ ദുശീലങ്ങളില്‍ മനം മടുത്ത്  അവരുടെ ആത്മരക്ഷയ്ക്കുവേണ്ടി പരിത്യാഗങ്ങള്‍ ചെയ്യുന്ന മാതാപിതാക്കളും, ജോലി മേഖലകളില്‍ തങ്ങളുടെ ഇടപെടലുകളിലൂടെ അക്രൈസ്തവര്‍ക്ക് ക്രിസ്തുവിന്റെ മുഖം കാട്ടുന്നവരും തങ്ങള്‍ക്ക് സ്വന്തമായി നല്‍കപ്പെട്ടവരുടെ ആത്മാക്കളെ ക്രിസ്തുവിന് വേണ്ടി നേടുന്ന മിഷനറിമാരാണ്. അവരുടെ ചിന്തകളും പ്രവര്‍ത്തികളും യേശുവിനെ ലക്ഷ്യമാക്കിയുള്ളതാണ്. 

  മിഷനറിയായ ജീസസ്‌യൂത്ത്

 യേശുവിനെ കുറിച്ച് ഒന്നും കേള്‍ക്കാത്ത ഒരാള്‍ക്ക് പോലും അവനെ അടുത്തറിയാനും അനുഭവിക്കാനും ഇടയാക്കുന്ന       '6 പില്ലേഴ്‌സില്‍'പണിയപ്പെട്ട 'ജീസസ് യൂത്ത്' എന്ന സൗധത്തിലാണ് നാം ഓരോരുത്തരും ആയിരിക്കുന്നത്. ഞാന്‍ ഒരു മിഷനറിയാണെന്ന സത്യം തിരിച്ചറിയാനും, തന്റെ ചുറ്റുമുള്ളവരിലേയ്ക്ക് യേശുവിനെ പകരാനും, അവരെ ശക്തിപ്പെടുത്താനും പ്രത്യേകമായി വിളിക്കപ്പെട്ടവന്‍. നമുക്ക് ചെയ്ത് തീര്‍ക്കാന്‍ ഒത്തിരി ഉത്തരവാദിത്തങ്ങളുണ്ട്. അനേകം ആത്മാക്കളെ പല രീതിയില്‍ ക്രിസ്തുവിന് വേണ്ടി നേടുവാന്‍ നമുക്ക് കഴിയും. വചനം വ്യാഖ്യാനിച്ച് യേശുവിനെക്കുറിച്ച് പറഞ്ഞുകൊടുക്കാനും, തൂലികയിലൂടെ അവനെ പകര്‍ന്നുകൊടുക്കാനും, രോഗികളിലേയ്ക്കും തടവറയില്‍ കഴിയുന്നവരിലേയ്ക്കും ഇറങ്ങിച്ചെന്ന് ക്രിസ്തുസ്‌നേഹം വിതയ്ക്കാനും, ലോകം മുഴുവനും വേണ്ടി കതകടച്ച് കണ്ണീരോടെ പ്രാര്‍ത്ഥിക്കുവാനുമൊക്കെ ക്രിസ്തുവിനു വേണ്ടി ചെയ്യാന്‍ കഴിയുന്നവനാണ് ഓരോ ജീസസ്‌യൂത്തും. എന്റെ ഉടയവനു വേണ്ടി ഞാന്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിനു അവന്‍ തരുന്ന ഉത്തരമനുസരിച്ച് ജീവിച്ചാല്‍ മാത്രം മതി. തന്ന കഴിവുകളെ അവനുവേണ്ടി തികഞ്ഞ സന്തോഷത്തോടെ ഉപയോഗിച്ചാല്‍ മതി. നമ്മുടെ ജീവിതം തന്നെയാണ് നമ്മുടെ മിഷന്‍ പ്രവര്‍ത്തനം. കാരണം ലോകം നോക്കി കാണുന്ന ക്രിസ്തുവാണ് നീയും ഞാനും. 

544 Viewers

നന്നായിട്ടുണ്ട് ട്ടോ .. ചേച്ചീ .. God bless ...

Alwyn Jose | August 20, 2017

Good one,,Alphy👍

Filvi jestin | August 18, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131532