പരിശുദ്ധ കുര്‍ബ്ബാനയും കുമ്പസാരവും നിത്യജീവിതത്തില്‍
സിബിന്‍

ജീസസ് യൂത്ത് ജീവിതശൈലിയിലെ 6 അടിസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഘടകമാണല്ലോ കൗദാശിക ജീവിതം. തിരുസഭയിലെ വിശുദ്ധമായ കൂദാശകളിലൂടെ ദൈവം ചൊരിയുന്ന അനുഗ്രഹങ്ങളും കൃപകളും മനുഷ്യബുദ്ധിക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിലും എത്രയോ അധികമാണ്. അതില്‍തന്നെ നമ്മുടെ നിത്യജീവിതത്തില്‍ ഏറ്റവും അധികം അനുഗ്രഹങ്ങള്‍ ചൊരിയുന്നത് പരിശുദ്ധ കുര്‍ബ്ബാനയിലൂടെയും കുമ്പസാരത്തിലൂടെയുമാണ്. ഈ കൂദാശകള്‍ പാപത്തിന്റെയും തിന്മയുടെയും അടിമത്തത്തില്‍ നിന്ന് വിമുക്തരാക്കിക്കൊണ്ട് നമ്മെ വിശുദ്ധീകരിക്കുന്നു.

വിശുദ്ധ കുര്‍ബ്ബാനയിലുള്ള യേശുക്രിസ്തുവിന്റെ മഹനീയസാന്നിദ്ധ്യം ലോകത്തെ അതിശയിപ്പിക്കുന്ന ഒന്നാണ്. മനുഷ്യനിര്‍മ്മിതമായ ഗോതമ്പ് അപ്പവും വീഞ്ഞും ദൈവത്തിന്റെ അഭിഷിക്തരായ വൈദികരിലൂടെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളായി മാറ്റപ്പെടുന്നതിന് സമാനമായിട്ടുള്ള മറ്റൊരു അത്ഭുതവും ലോകത്തിലില്ല. അപ്പവും വീഞ്ഞും യേശുവിന്റെ ശരീരവും രക്തവുമായി രൂപാന്തരപ്പെടുന്ന അത്ഭുത നിമിഷങ്ങളാണ് ഓരോ ദിവ്യബലിയും. പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുമ്പോള്‍ നാമോരോരുത്തരും ഈശോയുടെ പീഡാനുഭവത്തോടും കുരിശുമരണത്തോടും ഐക്യപ്പെടുന്നു. 

എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ട്. അവസാനദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.(യോഹ 6:54) മനുഷ്യനേത്രങ്ങളെ അതിശയിപ്പിക്കുന്ന ഈ അവസരങ്ങള്‍ ഉപയാഗപ്പെടുത്താന്‍ നമുക്ക് പരിശ്രമിക്കാം. വഴിയും സത്യവും ജീവനുമായ ഈശോയെ സ്വന്തമാക്കാന്‍ സാധിക്കുന്ന ഓരോ ദിവ്യബലിയിലും വിശ്വാസത്തോടെ പങ്കുചേരാം.

 വി.കുമ്പസാരമെന്ന കൂദാശവഴി പാപത്തിന്റെ അടിമത്തം മൂലം നഷ്ടപ്പെട്ട ദൈവവരപ്രസാദത്തിലേയ്ക്ക് തിരികെ വരാന്‍ നമുക്ക് സാധിക്കുന്നു. ആത്മാര്‍ത്ഥമായി ദൈവതിരുസന്നിധിയില്‍ പശ്ചാത്തപിച്ച് പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍ ലഭ്യമാകുന്ന പ്രസാദവരവും പാപവിമുക്തിയും സമാനതകളില്ലാത്തതാണ്. ആത്മാര്‍ത്ഥമായ പാപബോധവുമായി ഒരിക്കലെങ്കിലും കുമ്പസാരകൂട്ടില്‍ അണഞ്ഞിട്ടുള്ള എല്ലാ വ്യക്തികളും ഈ ദൈവകരുണയുടെ അനുഭവസ്ഥരായിരിക്കും. നമ്മുടെ ജീവിതത്തില്‍ ചെയ്തുപോയ പാപങ്ങളില്‍ നിന്നും മോചനം ലഭിക്കുമ്പോള്‍ ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ സ്വീകരിക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങുന്നു. കുമ്പസാരമെന്ന വിശുദ്ധ കൂദാശയിലൂടെ ലഭിക്കുന്ന ആത്മീയ സൗഖ്യം ശാരീരികമായ രോഗപീഡകളില്‍ നിന്നുള്ള മോചനത്തിനും കാരണമാകുന്നു. ഈ വിസ്മയകരമായ അത്ഭുതങ്ങളാണ് പല ധ്യാനകേന്ദ്രങ്ങളിലും നമുക്ക് കാണാന്‍ കഴിയുന്നത്.

മനുഷ്യന്‍ പാപം ചെയ്ത് ദൈവത്തില്‍നിന്ന് അകന്ന് പോവുകയും പറുദീസായുടെ വെളിയിലാകുകയും ചെയ്യുമ്പോള്‍ മനുഷ്യമക്കള്‍ക്ക് മുന്‍പില്‍ വീണ്ടും ഈ വാതില്‍ തുറക്കപ്പെടുന്നത് കുമ്പസാരമെന്ന കൂദാശയിലൂടെയാണ്. നരകത്തിന് അര്‍ഹമായവര്‍ കര്‍ത്താവിന്റെ അഭിഷിക്തരായ പുരോഹിതനിലൂടെ ആ കുമ്പസാരകൂടുവഴി ഒഴുകിയെത്തുന്ന ദൈവവരപ്രസാദത്താല്‍ വിശുദ്ധീകരിക്കപ്പെടുന്നു. സഭാപണ്ഡിതനായ വിശുദ്ധ ക്രിസോസ്തമിന്റെ വാക്കുകള്‍ പ്രകാരം ദേവാലയത്തിലെ ബെദ്‌സെയ്ദാകുളമാണ് ഓരോ കുമ്പസാരക്കൂടും. ബെദ്‌സെയ്ദാ കുളത്തിലെ വെള്ളം ഇളക്കിയിരുന്ന മാലാഖയുടെ പ്രതിരൂപമാണ് കുമ്പസാരക്കൂട്ടിലെ വൈദികന്‍. അങ്ങനെ ഓരോ വൈദികനും നമ്മെ ദൈവത്തിന്റെ മഹനീയമായ കാരുണ്യത്തിലേയ്ക്ക് നയിക്കുന്നു.

കുമ്പസാരമെന്ന കൂദാശ ഫലശൂന്യമാണെന്ന് നമുക്ക് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അതിന്റെ കാരണം കൂദാശ ഫലശൂന്യമായതുകൊണ്ടല്ല, മറിച്ച് ഈ കൂദാശ സ്വീകരിക്കുന്നതില്‍ നമുക്ക് വന്ന വീഴ്ചയാണ്. അതുകൊണ്ടാണ് ഒരേ പാപം ആവര്‍ത്തിച്ച് പറയാന്‍ ഇടയാകുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പ്രാവശ്യം കുമ്പസാരമെന്ന കൂദാശയിലൂടെ പാപമോചനം ലഭിച്ച ഒരു പാപം വീണ്ടും ചെയ്യാന്‍ ഇടയാകുന്നത് ? അത് ശരിയായിട്ടുള്ള അനുതാപം ഇല്ലാത്തതുകൊണ്ടാണ്. ചെയ്തുപോയ പാപം വൈദികനോട് ഏറ്റുപറയുന്നതോടൊപ്പം ഇനിമേല്‍ ഞാന്‍ ആ പാപസാഹചര്യങ്ങളിലേയ്ക്ക് മടങ്ങിപ്പോകില്ല എന്ന ഒരു ഉറച്ച തീരുമാനവും എടുക്കണം.

  പഴയനിയമത്തില്‍ പ്രധാനപുരോഹിതന്‍ ആണ്ടിലൊരിക്കല്‍ ദൈവജനത്തിന്റെ പാപപരിഹാരത്തിനായി ബലി അര്‍പ്പിച്ചിരുന്നു. കുഞ്ഞാടിന്റെയോ കാളക്കിടാവിന്റെയോ രക്തം ബലിപീഠത്തില്‍ ഒഴുക്കി പാപപരിഹാരത്തിനായി പ്രാര്‍ത്ഥിക്കും. അതിനുശേഷം കുറച്ച് രക്തവുമായ് വന്ന് ഹിസോപ്പ് രോമം കൊണ്ടോ തളിച്ച് തന്റെ ജനത്തെ വിശുദ്ധീകരിക്കുകയും ചെയ്യും. എന്നാല്‍ പുതിയനിയമത്തില്‍, ഈശോ കാല്‍വരി മലയില്‍ സ്വന്തം ജീവന്‍ തന്നെ ബലിയായ് നല്‍കിക്കൊണ്ട് നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തു. കാല്‍വരിയില്‍ നടന്ന ബലിയര്‍പ്പണം തന്നെയാണ് ഓരോ ദിവ്യബലിയിലും ആവര്‍ത്തിക്കപ്പെടുന്നത്. നിത്യപുരോഹിതനായ ഈശോയുടെ പൗരോഹിത്യത്തില്‍ പങ്കുചേര്‍ന്നാണ് ഓരോ വൈദികനും ദിവ്യബലി അര്‍പ്പിക്കുന്നത്. കാല്‍വരിയിലെ ആ കുരിശില്‍ ബലിയര്‍പ്പകനും ബലിവസ്തുവുമായി യേശുക്രിസ്തു, തന്റെ തിരുരക്തം തളിച്ച് നമ്മെ എല്ലാവരെയും വിശുദ്ധീകരിക്കുകയും രക്ഷിക്കുകയും ചെയ്തു.

ഈശോനാഥന്റെ കാല്‍വരിബലിയുടെ പുനരാവിഷ്‌കരണമാണ് ഓരോ ദിവ്യബലിയും. അതുകൊണ്ടാണ് പാപികളും രോഗികളും വേദനിക്കുന്നവരുമായ നമ്മള്‍ ദിവ്യബലിയില്‍ വിശ്വാസത്തോടെ പങ്കുചേരുമ്പോള്‍ പാപ പരിഹാരമായ പാപങ്ങള്‍ക്ക് പരിഹാരം ചെയ്തുകൊണ്ടും ഈശോ നാഥന്‍ നമുക്ക് അശ്രയവും ആശ്വാസവുമായിത്തീരുന്നു. നിത്യപുരോഹിതനായ ഈശോയെ ഓരോ ദിവ്യബലിയിലും ദര്‍ശിക്കുവാന്‍ സാധിക്കും. അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിലൂടെ ഈശോ നമ്മളിലേക്ക് എഴുന്നള്ളി വരുന്നതിന്റെ തെളിവുകളാണ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ അത്ഭുതങ്ങള്‍.

പിശാചിന്റെ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുന്ന ശക്തിയേറിയ ആയുധങ്ങളാണ് പരിശുദ്ധകുര്‍ബാനയും കുമ്പസാരവും. പരിശുദ്ധ കുര്‍ബാനയിലും കുമ്പസാരത്തിലും പങ്കുചേര്‍ന്ന് ജീവിതം നയിക്കുന്നവരെ കീഴ്‌പ്പെടുത്താന്‍ ഒരു അന്ധകാരശക്തികള്‍ക്കും സാധിക്കില്ല. അത്രമാത്രം അനുഗ്രഹപൂര്‍ണ്ണമാണ് ഈ കൂദാശകള്‍. എന്നാല്‍ നമ്മില്‍ പലരും ഈ ദൈവകൃപ തിരിച്ചറിയാതെ പോകുന്നത് വളരെ വേദനാജനകമാണ്. ഒറ്റപ്പെട്ടതും, ബാലിശവുമായ കാരണങ്ങളാല്‍ പുരോഹിതരെയും, സഭയെയും കൂദാശകളെയും തള്ളിപ്പറയുമ്പോള്‍ നാം കൈവിട്ടുകളയുന്ന നന്മകള്‍ എത്രവലുതാണെന്ന് നാം അറിയുന്നില്ല. വിശുദ്ധകൂദാശകള്‍ നമുക്കായി പരികര്‍മ്മം ചെയ്യുന്ന അഭിഷിക്തര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ നാം കടപ്പെട്ടവരാണ്.       തിരുസഭയിലെ കൂദാശകളിലൂടെ ദൈവം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന നന്മകള്‍ക്ക് അര്‍ഹത നഷ്ടപ്പെടുത്താതെ സഭയോടു ചേര്‍ന്ന് നില്‍ക്കാന്‍ നമുക്ക് സാധിക്കട്ടെ. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

983 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137103