വചനവും ജീവിതവും
അജോ പുതുമന

യുദ്ധത്തിന് പോകുന്ന പടയാളി എത്ര പ്രഗത്ഭനാണെങ്കിലും യുദ്ധോപകരണങ്ങളുടെ പോരായ്മ വിജയത്തെ ബാധിക്കും, വിറകു വെട്ടുന്ന ഒരു തൊഴിലാളി എത്ര ആരോഗ്യവാനും പരിചയസമ്പന്നനും ആണെങ്കിലും  മൂര്‍ച്ചയില്ലാത്ത കോടാലി അദ്ധേഹത്തിന്റെ അധ്വാനം വ്യര്‍ത്ഥമാക്കും.

 ഇതു തന്നെയാണ് നമ്മുടെ ആത്മീയ ജീവിതത്തിലും സംഭവിക്കുന്നത്. നമുക്ക് ആവശ്യമായ ആയുധങ്ങളെ പറ്റി പൗലോസ് ശ്ലീഹാ എഫേസോസ് 6:10-17ല്‍ പറയുന്നുണ്ട്. ആറു രീതിയിലുള്ള ആയുധങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. അവ സത്യം- അരക്കച്ച, നീതി- കവചം, ഒരുക്കം-പാദരക്ഷ, വിശ്വാസം- പരിച, രക്ഷ- പടത്തൊപ്പി, വചനം- വാള്‍ എന്നിവയാണ്. ഇതില്‍ ആദ്യത്തെ അഞ്ചെണ്ണം നമ്മുടെ സ്വയം സുരക്ഷയ്ക്കുതകുന്നവയാണ്- യുദ്ധത്തിന് പോകുമ്പോള്‍ ധരിക്കേണ്ടവ. എന്നാ ല്‍ ആറാമത്തെ ആയുധം ശത്രുവിനെ കീഴ്‌പ്പെടുത്തുവാനുള്ളതാണ്. നാം  എത്രമാത്രം വചനത്തില്‍ ആഴപ്പെട്ടിരിക്കുന്നുവോ, വിശുദ്ധ ലിഖിതങ്ങളാല്‍ എത്രമാത്രം നമ്മുടെ ആവനാഴി നിറച്ചിരിക്കുന്നുവോ, അത്രമാത്രം മികച്ചതാകും നമ്മുടെ ആത്മീയ ജീവിതവും. യേശു തന്റെ പരസ്യജീവിതാരംഭത്തില്‍ ഇതാണ് നമുക്ക് കാണിച്ച് തന്നത്. 40 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ശേഷം സര്‍വ്വവിധ യുദ്ധോപകരണങ്ങളോടെ സജ്ജമായിരുന്ന യേശുവിനെ കണ്ട സാത്താന്‍ ഭയന്നു പിന്മാറിയില്ല. അവന്‍ യേശുവിനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകളോട് അപ്പമാകാന്‍ പറയുക. 'മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്ന് വരുന്ന ഓരോ വാക്ക് കൊണ്ടുമാണ് ജീവിക്കുന്നത്', എന്ന നിയമാവര്‍ത്തനം 8:3 ലെ വചനത്താല്‍ ഈശോ സാത്താനെ കീഴ്‌പ്പെടുത്തി

രണ്ടാമത്തേയും മൂന്നാമത്തേയും പരീക്ഷണങ്ങളിലും യേശു സാത്താനെ കീഴ്‌പ്പെടുത്തിയത് വചനമാകുന്ന വാളിലാണ്. അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൂതന്‍മാര്‍ അവിടുത്തെ ശുശ്രൂഷിച്ചു. നാം ഏതുവിധത്തില്‍ ഒരുങ്ങിയാലും, എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയാലും, ഏതെല്ലാം സുരക്ഷാകവചങ്ങള്‍ ധരിച്ചാലും, വചനത്തിനു മാത്രമേ സാത്താനെ പരാജയപ്പെടുത്താനാകൂ എന്ന് യേശു ഇവിടെ കാട്ടിത്തരുന്നു.

അതിനാലാണ് യേശു മത്തായി 22:29ല്‍ ഇപ്രകാരം പറഞ്ഞത്. 'വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തത് കൊണ്ടാണ് നിങ്ങള്‍ക്ക് തെറ്റുപറ്റിയത്'. നിയമാവര്‍ത്തന പുസ്തകത്തില്‍ ദൈവം ഇസ്രയേല്‍ ജനത്തോട് വചനത്തോടുള്ള മനോഭാവം എപ്രകാരം ആയിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. 'ആകയാല്‍ എന്റെ ഈ വചനം ഹൃദയത്തിലും മനസ്സിലും സൂക്ഷിക്കുവിന്‍. അടയാളമായി അവയെ നിങ്ങളുടെ കൈയ്യില്‍ കെട്ടുകയും പട്ടമായി നെറ്റിത്തടത്തില്‍ ധരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ വീട്ടിലായിരിക്കുമ്പോഴും, യാത്ര ചെയ്യുമ്പോഴും, കിടക്കുമ്പോഴും, എഴുന്നേല്‍ക്കുമ്പോഴും അവയെ പറ്റി സംസാരിച്ചു കൊണ്ട് നിങ്ങളുടെ മക്കളെ പഠിപ്പിക്കണം. നിങ്ങളുടെ വീടുകളുടെ കട്ടിളക്കാലുകളിലും, പടിവാതിലുകളിലും അവ രേഖപ്പെടുത്തണം'.(നിയമാ11:18-20)

നമ്മുടെ ജീവിതയാത്രയില്‍ വഴിതെറ്റാതിരിക്കാനും പ്രലോഭനങ്ങളെ അ തിജീവിക്കാനും വചനം നമ്മോടൊപ്പം ഉണ്ടായിരിക്കണം. നമ്മള്‍ ഒരു യാത്ര പുറപ്പെടുമ്പോള്‍ മെച്ചപ്പെട്ട വാഹനവും മികച്ച ഡ്രൈവറും ഉണ്ടെങ്കിലും വഴി അറിയില്ലെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്തുക ദുഃഷ്‌കരമാവും. നമ്മുടെ സ്വര്‍ഗ്ഗോന്മുഖ യാത്രയില്‍ നമ്മുടെ പാദങ്ങള്‍ക്ക് വിളക്കും വഴികളില്‍ പ്രകാശവുമാണ്  വചനം. അന്ത്യദിനത്തില്‍ നമ്മെ വിധിക്കുന്നതും  ഈ വചനം തന്നെ.(യോഹ12:48) ജീവിത യാത്രയില്‍ ലഭിച്ച ദിശാസൂചകങ്ങളെ അവഗണിച്ചാല്‍ നിത്യസമ്മാനം നഷ്ടമാകും.

അതിനാല്‍ സാധ്യമായ രീതിയിലെല്ലാം വചനം സ്വീകരിക്കാനും അതിനനുസരിച്ച് വചനത്തില്‍ വളരുവാനും കഴിയണം. അനുദിന വചന വായന, ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള വചനശ്രവണം, ആത്മീയഗ്രന്ഥ വായന, ധ്യാനങ്ങള്‍, സുവിശേഷ പ്രഘോഷണങ്ങള്‍ മറ്റു വചന ശുശ്രൂഷകള്‍ ഇവയിലൂടെ നമുക്ക് വചന സ്വീകരണം സാധ്യമാണ്.

നമുക്ക് പ്രാര്‍ത്ഥിക്കാം.

വചനം തന്നെയായ ദൈവമേ, അങ്ങയെ സ്വീകരിക്കുവാനും അങ്ങില്‍ ആഴപ്പെടുവാനും അതിനനുസരിച്ച് ഞങ്ങളുടെ ജീവിതത്തെ ക്രമപ്പെടുത്തുവാനും വേണ്ട കൃപ ഞങ്ങള്‍ക്ക് നല്‍കണമേ. വചനം സ്വീകരിച്ച പരിശുദ്ധ അമ്മേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ.

503 Viewers

യുവജനഹൃദയങ്ങളിൽ ആഴത്തിൽ പതിയേണ്ട ചിന്തകൾ. വളരെ ഈടുറ്റ ലേഖനം

P J Sebastian | July 10, 2017

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 141691