അരുണോദയത്തിലെ സ്‌നേഹസംഗമം.
ആല്‍ഫി ജോബി

നമ്മളെ സ്‌നേഹിക്കുകയും നമ്മള്‍ ഒത്തിരി സ്‌നേഹിക്കുകയും ചെയ്യുന്നവരോട് എത്ര സമയം വേണമെങ്കിലും സംസാരിച്ചിരിക്കാന്‍ നമുക്കൊത്തിരി ഇഷ്ടമാണ്. ആ മണിക്കൂറുകള്‍ കടന്നുപോകുന്നതേ നമ്മള്‍ അറിയാറില്ല. ഒത്തിരി വിഷമിച്ചിരിക്കുന്ന ഒരാള്‍ക്ക്, തന്റെ ഉറ്റ സുഹൃത്തിനോട് അതൊന്നു തുറന്നു പറഞ്ഞുകഴിയുമ്പോള്‍ കിട്ടുന്നൊരാശ്വാസം വേറെയൊരിടത്തുനിന്നും ലഭിക്കുകയില്ല. നമ്മുടെ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, സങ്കടങ്ങളും, പരാതികളുമെല്ലാം തുറന്ന് പറയാന്‍ പറ്റുന്നവന്‍...നമ്മളെന്തുപറഞ്ഞാലും നമ്മെ മനസ്സിലാക്കി, തിരുത്താനും നേര്‍വഴിക്ക് നയിക്കാനും കെല്‍പ്പുള്ളവന്‍.. ആരൊക്കെ തള്ളിപറഞ്ഞാലും, ഉപേക്ഷിച്ചാലും അവനെന്റെ കൂടെയുണ്ടാകുമെന്ന് ചങ്കുറപ്പോടെ നമുക്ക് പറയാന്‍ സാധിക്കുന്ന ഒരേയൊരാള്‍... അതെ, അങ്ങനെ ഒരാളെപ്പറ്റിത്തന്നെയാണ് പറഞ്ഞുവരുന്നത്. നമ്മെ കേള്‍ക്കാനും നമ്മോട് സംസാരിക്കാനും കാതോര്‍ത്ത് കാത്തിരിക്കുന്ന നമ്മുടെ ദൈവം.

  അവനോട് നന്ദി പറഞ്ഞ്, അവന്റെ നാമത്തെ സ്തുതിച്ച്, അവന്റെ കരങ്ങളിലെല്ലാം സമര്‍പ്പിച്ച്, അവന്റെ വാക്കുകളെ ശ്രവിച്ച് തുടങ്ങുന്ന ഓരോ ദിവസവും എത്ര ശ്രേഷ്ടം. അവനോടുള്ള സ്‌നേഹത്തെപ്രതി അതിരാവിലെ തന്നെ അവന്റെപക്കല്‍ ഓടിയണയുന്ന ഞാനും നീയും അവന് എത്രമാത്രം വിലപ്പെട്ടതാണെന്നറിയാമോ?. സര്‍വ്വശക്തന്‍ നിന്നോട് സംസാരിക്കുന്ന ആ മണിക്കൂറുകള്‍ തിരുമണിക്കൂറുകളല്ലേ ? 

  ദൈവത്തിന്റെ കരങ്ങളില്‍ മുറുകെപിടിക്കുകയെന്നതാണ് പ്രാര്‍ത്ഥനയെന്ന് ഓസ്‌വാള്‍ഡ് ചേമ്പേഴ്‌സ് പറഞ്ഞിട്ടുണ്ട്. അവന്റെ നെഞ്ചോട് ചേര്‍ന്ന് നിന്നുകൊണ്ട് അവന്റെ മുഴുവന്‍ സ്‌നേഹവും അനുഭവിക്കാന്‍ കഴിയുന്ന ഒന്നാണ് വ്യക്തിപരമായ പ്രാര്‍ത്ഥന. ഞാനും എന്റെ ദൈവവും തമ്മിലുള്ള ബന്ധം അനുദിനം വളര്‍ന്ന്, പ്രാര്‍ത്ഥന ഒരനുഭവമാകുന്ന സുന്ദര നിമിഷങ്ങള്‍.

  നമ്മള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മെ അനുഗ്രഹിക്കാനും നമ്മള്‍ പാപം ചെയ്യുമ്പോള്‍ നമ്മെ ശിക്ഷിക്കാനും ആകാശത്ത് ഇരിക്കുന്ന ഒരു വ്യക്തിയല്ല നമ്മുടെ ദൈവം. മറിച്ച്, നമ്മിലൊരുവനായി നമ്മുടെയിടയില്‍ ജീവിക്കുന്ന, നമ്മുടെ ബലഹീനതകളും പോരായ്മകളും അറിയുന്നവനാണവന്‍. അവനോട് നമുക്ക് എന്തും പറയാം, ഒരു സുഹൃത്തിനോടെന്നപോലെ!

  വ്യക്തിപരമായ പ്രാര്‍ത്ഥനയുടെ ഫലം അനുഭവിച്ചവര്‍ക്ക് എന്നും അതൊരു ഹരമാണ്. അലാറം വച്ചില്ലെങ്കിലും ആവേശത്തോടെ അവര്‍ എഴുന്നേല്ക്കും. പെട്ടെന്ന് റെഡിയായി ഈശോയുടെ അടുത്ത് ചെന്നിരിക്കും. അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കാന്‍ അവര്‍ക്ക് ഒത്തിരി വിശേഷങ്ങള്‍ കാണും. രണ്ട് ഹൃദയങ്ങളിലെ സ്‌നേഹം പരസ്പരം കൈമാറുന്ന ദിവ്യനിമിഷങ്ങള്‍..രണ്ടു ഹൃദയങ്ങള്‍ പരസ്പരം മനസ്സിലാക്കുന്ന സമയം. അവിടെ മറച്ചുവയ്ക്കാന്‍ ഒന്നുമില്ലാതെ, പരാതികളില്ലാതെ എല്ലാം എന്റെ ഈശായ്ക്ക് വിട്ടുകൊടുക്കുന്ന സ്‌നേഹനിമിഷങ്ങള്‍...ആ മണിക്കൂറിനെ സ്തുതിപ്പിലൂടെയും, വചനം വഴിയും, ആരാധനയാലും അവര്‍ തിരുമണിക്കൂറാക്കി മാറ്റും. ഈ ലോകത്തിനുവേണ്ടിയും വേദനിക്കുന്ന സഹോദരങ്ങള്‍ക്കുവേണ്ടിയും അവര്‍ കരഞ്ഞ് യാചിക്കും. എല്ലാറ്റിനെയും, തങ്ങളെത്തന്നെയും തമ്പുരാന്റെ കരങ്ങളില്‍ സമര്‍പ്പിച്ച് ആ പ്രഭാതത്തെ അവര്‍ വരവേല്ക്കുമ്പോള്‍ വേറൊന്നിനും നല്കാന്‍ പറ്റാത്ത, പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ആത്മീയാനന്ദം അവരില്‍ നിറയും. ആ ആനന്ദം അവന്‍ കണ്ടുമുട്ടുന്നവരിലേയ്ക്ക് പകരാതിരിക്കാന്‍ അവര്‍ക്ക് കഴിയില്ല. കാരണം, അത് സ്വര്‍ഗ്ഗീയാനന്ദമാണ്, എത്ര കൊടുത്താലും കുറയാത്ത ആത്മീയാനന്ദം.

  യേശുവിനെ അറിഞ്ഞവന്റെ പ്രാര്‍ത്ഥന, പ്രഭാതത്തിലെ വ്യക്തിപരമായ പ്രാര്‍ത്ഥനയോടെ അവസാനിക്കുന്നില്ല. യേശുവിന്റെ കരം പിടിച്ചാണ് പിന്നീടങ്ങോട്ട് അവന്‍ നടക്കുന്നത്. യാത്ര ചെയ്യുമ്പോഴും ജോലിചെയ്യുമ്പോഴുമൊക്കെ അവര്‍ക്ക് സംസാരിക്കാന്‍ എന്തെങ്കിലും കാണും. ഈ ലോകജീവിതത്തിലെ ഒരു കുറവും അവനെ അലട്ടാറില്ല. ഏതൊരവസ്ഥയിലും അവന്‍ ഒത്തിരി സന്തോഷവാനാണ്. കാരണം അവന്റെ കരം പിടിച്ചിരിക്കുന്നവനെ അവന് നന്നായി അറിയാം. ആ ഒരാനന്ദം അനുഭവിക്കണമെങ്കില്‍ നീയും നിന്റെ ഈശോയും തമ്മില്‍ അടുത്ത ഒരു ബന്ധം വേണം. ആ ബന്ധം സ്ഥാപിക്കാന്‍ വ്യക്തിപരമായ പ്രാര്‍ത്ഥനയ്‌ക്കേ സാധിക്കൂ..

  ദൈവം സമുദ്രം സൃഷ്ടിച്ചതുതന്നെ അവിടുത്തെ സ്‌നേഹം നമുക്ക് കാണിച്ചുതരാനാണ്. പവിഴവും, മത്സ്യങ്ങളും, പര്‍വ്വതങ്ങള്‍പോലും സമുദ്രത്തിന്റെ ആഴങ്ങളില്‍ മറഞ്ഞുകിടക്കുന്നു. അതുപോലെ ആഴങ്ങളിലേക്ക് പോകുംതോറും അത്ഭുതം വെളിപ്പെടുത്തുന്ന അനുഭവമാണ് ദൈവസ്‌നേഹം.(കാതറിന്‍ ഓഫ് സിയന്ന)

  ഈ ലോകത്തിലെ വേറൊന്നിനും തരാന്‍ പറ്റാത്ത ആ ആത്മീയാനന്ദം ലഭിക്കുവാന്‍ അവിടുത്തെ സ്‌നേഹത്തിലേയ്ക്ക് വ്യക്തിപരമായ പ്രാര്‍ത്ഥന നമ്മെ നയിക്കട്ടെ.

418 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131528