മാറുന്ന സാഹചര്യം.. മാറാത്ത വിശ്വാസം...
ജോസഫ് തോമസ്

'വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. ഇത് മൂലമാണ് പൂര്‍വ്വികന്‍മാര്‍ അംഗീകാരത്തിന് അര്‍ഹരായത്'(ഹെബ്രാ 11:12). വിശ്വാസത്തിന്റെ അടിസ്ഥാന നിര്‍വചനമാണിത്. കാണപ്പെടാത്തവനായ ദൈവത്തില്‍ നിന്ന് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പ്. ഇതാണ് ഒരുവന്റെ വിശ്വാസ ജീവിതത്തെ മുന്നോട്ടുനയിക്കുന്നത്. പ്രത്യാശ നഷ്ടപ്പെടുമ്പോള്‍ വിശ്വാസജീവിതം ക്ഷയിച്ചുപോകും.

വിശ്വാസികളുടെ പിതാവായ അബ്രാഹം വിശ്വാസം മൂലം വാഗ്ദത്തഭൂമിയില്‍ പരദേശിയും തീര്‍ത്ഥാടകനുമായി ജീവിച്ചു. 'ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം എന്നില്‍ നിറവേറട്ടെ'(ലൂക്ക 1:38) എന്ന് പറഞ്ഞുകൊണ്ട് പരിശുദ്ധ കന്യകാമറിയം ദൈവത്തിന്റെ വാഗ്ദാനം വിശ്വാസപൂര്‍വ്വം സ്വീകരിച്ചു. ഇതുപോലെ വിശ്വാസത്തിന്റെ സാക്ഷികളെക്കൊണ്ട് സമ്പന്നമാണ് സുവിശേഷം. ദൈവവിളിയിലുള്ള വിശ്വാസവും, ദൈവം നമ്മെ വഴി നടത്തുന്നു എന്ന തിരിച്ചറിവും, നാം ദൈവിക പദ്ധതിയുടെ വാഹകരാണ് എന്ന ബോധ്യവും നമ്മെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു.

'വിശ്വാസം വ്യക്തിപരമാണ്. സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിന്റെ മുന്‍കൈയെടുക്കലിനു മനുഷ്യന്‍ നല്‍കുന്ന പ്രത്യുത്തരമാണ് വിശ്വാസം. ആര്‍ക്കും തനിയെ ജീവിക്കാന്‍ കഴിയാത്തതുപോലെ ആര്‍ക്കും തനിയെ വിശ്വസിക്കാനും കഴിയുകയില്ല. വിശ്വാസി ഒരാളില്‍നിന്ന് വിശ്വാസം സ്വീകരിച്ചു. അയാള്‍ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന്‌കൊടുക്കുകയും വേണം'(CCC 875). വിശ്വാസം നമുക്ക് പകര്‍ന്ന്കിട്ടിയത് മറ്റുള്ളവരില്‍ നിന്നാണ്. മാതാപിതാക്കളില്‍നിന്ന്, കുടുംബത്തില്‍ നിന്ന്, സഭയില്‍ നിന്ന്, സുഹൃത്തുകളില്‍ നിന്ന്, അനുഭവങ്ങളില്‍ നിന്ന്, പകര്‍ന്ന് നല്‍കപ്പെട്ട വിശ്വാസം അതേ തീവ്രതയോടെ നമുക്ക് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാന്‍ സാധിക്കണം. മറ്റുള്ളവരുടെ വിശ്വാസത്താല്‍ ഉത്തേജിതരാകാതെ വിശ്വാസികളാകുവാന്‍ നമുക്ക് കഴിയുകയില്ല. എന്റെ വിശ്വാസംകൊണ്ട് മറ്റുള്ളവരുടെ വിശ്വാസജീവിതം ഞാന്‍ പരിപോഷിപ്പിക്കുന്നു.

ഇന്നത്തെ വേഗതയേറിയ ലോകത്തില്‍ വിശ്വാസത്തിന് തീക്ഷണതയുണ്ടോ? പലതരത്തിലുള്ള വിശ്വാസം നമുക്കുചുറ്റിലും കാണാന്‍ സാധിക്കും. കപടവിശ്വാസം, അന്ധവിശ്വാസം തുടങ്ങിയവയെല്ലാം ഇന്ന് സമൂഹത്തില്‍ കാണുന്ന വിശ്വാസത്തിന്റെ മറ്റുമുഖങ്ങള്‍ ആണ്. ഞാന്‍ ഒരു വിശ്വാസിയാണ് എന്ന് വരുത്തിതീര്‍ക്കുന്നതിനുവേണ്ടി സമൂഹത്തില്‍ പല കോപ്രായങ്ങളും പലരും കാട്ടികൂട്ടുന്നു. ചിലര്‍ ബാഹ്യമായ പ്രവര്‍ത്തിയില്‍ വിശ്വാസം പ്രകടിപ്പിക്കുന്നു, മറ്റുചിലര്‍ ദൈവത്തെക്കാളുപരി മറ്റുപലതിലും അന്ധമായി വിശ്വസിക്കുന്നു. ദൈവികപദ്ധതി നിഗൂഡവും മനുഷ്യബുദ്ധിക്ക് അപ്രാപ്യവുമാണ് എന്ന് നാം വിശ്വസിക്കണം.

വഴിയും സത്യവും ജീവനും ഞാനാണ് എന്ന് സ്വയം വെളിപ്പെടുത്തുന്ന ദൈവത്തോടുള്ള മനുഷ്യന്റെ വ്യക്തിപരമായ അടുപ്പം ആണ് വിശ്വാസം. എന്തെന്നാല്‍ ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്തിലാണ്, കാഴ്ചയാലല്ല (2കോറി 5:7) എന്ന വി.പൗലോസിന്റെ വാക്കുകള്‍ നമ്മെ വിശ്വാസത്താല്‍ നയിക്കപ്പെട്ട് ഇന്നത്തെ ലോകത്തിന്റെ പ്രകാശവും ഭൂമിയുടെ ഉപ്പുമായി മാറാന്‍ ഉദ്‌ബോധിപ്പിക്കുന്നു. 

ഇന്ന് വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ഒരു പ്രവണതയായി മാറുന്നു. വിശ്വാസം നശിപ്പിക്കപ്പെടേണ്ടത് ഇരുണ്ട ലോകത്തിന്റെ ആവശ്യമാണ്. പൂര്‍ണ്ണമായി വിശ്വാസിക്കാത്ത ഒരു വ്യക്തി അവന്റെ ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ തളര്‍ന്നു പോകും. ആ തളര്‍ച്ച അവന് ദൈവവുമായുള്ള അകല്‍ച്ച വര്‍ദ്ധിപ്പിക്കും. അത് നാശത്തിലേയ്ക്ക് നയിക്കും. അനുദിനം മാറുന്ന സാഹചര്യത്തില്‍ എങ്ങനെ നമുക്ക് വിശ്വാസത്തില്‍ നില നില്‍ക്കാന്‍ സാധിക്കും? 'വിശ്വാസത്തോടും നല്ല മനസാക്ഷിയോടും കൂടെ നന്നായി പോരാടുന്നതിനുള്ള ചുമതല നിന്നെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. ചിലയാളുകള്‍ മനഃസാക്ഷിയെ തിരസ്‌ക്കരിച്ചുകൊണ്ട് വിശ്വാസം തീര്‍ത്തും നശിപ്പിച്ചുകളയുന്നു.'   (1 തിമോത്തി: 18) വിശ്വാസം എന്നത് ഒരു കൃപാവരമാണ്. അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാവാണ്. സ്വന്തം മനഃസാക്ഷിക്കനുസരിച്ച് വ്യാപരിച്ചാല്‍ വിശ്വാസം സംരക്ഷിക്കപ്പെടും. അതുപോലെ പ്രാര്‍ത്ഥനയാല്‍ വിശ്വാസത്തിന്റെ തീക്ഷണത വര്‍ദ്ധിപ്പിക്കുകയും വേണം. 

വിശ്വാസികള്‍ ഒരു സമൂഹമായി നിലനില്‍ക്കണം എന്നത് ദൈവിക പദ്ധതിയാണ്. സഭയാണ് വിശ്വാസത്തെ നയിക്കുകയും പരിപോഷിപ്പിക്കുകയും, പരിപാലിക്കുകയും, നിലനിര്‍ത്തുന്നകയും ചെയ്യുന്നത്. സഭയോടൊത്ത് മാത്രമേ എനിക്ക് എന്റെ വിശ്വാസജീവിതം നയിക്കാന്‍ സാധിക്കൂ എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. 

വിശ്വാസത്തിന്റെ ഈറ്റില്ലമായ കേരളസഭയുടെ മടിത്തട്ടില്‍ നിന്ന് ഈ മരുഭൂമിയില്‍ പ്രവാസ ജീവിതത്തിനായി വിളിക്കപ്പെട്ടവരാണ് നാം. ഇതും ഒരു ദൈവീക പദ്ധതിയാണ് എന്ന് തിരിച്ചറിയുക. നമ്മുടെ വിശ്വാസം പ്രോജ്ജ്വലിപ്പിക്കുന്നതിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഇവിടെ നമുക്കായ് ഒരുക്കപ്പെട്ടിരിക്കുന്നു എന്നത് തന്നെ ദൈവസ്‌നേഹത്തിന്റെ അപരിമേയമായ കരുതലായി നാം കാണണം. എന്തെന്നാല്‍, ഈ സ്വാതന്ത്ര്യം പലഭാഗത്തും ഇന്ന് നിഷേധിക്കപ്പെടുന്നുണ്ട്. വിശ്വാസത്തിനായി ജീവന്‍ വെടിയുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

കഷ്ടതയില്‍ നാം ദൈവത്തോട് ചേര്‍ന്നു നില്‍ക്കുന്നതും സമ്പന്നതയില്‍ നാം ദൈവത്തെ വിസ്മരിക്കുന്നതും മനുഷ്യ സഹജമാണ്. വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഏത് സാഹചര്യത്തിലും വിശ്വാസം മുറുകെപ്പിടിക്കാന്‍ നമുക്ക് സാധിക്കണം. വിശ്വാസി ഇന്ന് ലോകത്തിന്റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നു. നശ്വരമായ ജീവന്‍, വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി ത്യജിക്കുന്നവനാണ് ഒരു യഥാര്‍ത്ഥ വിശ്വാസി. അതിനായി നാം പോരാടണം. 'വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെ പിടിക്കുകയും ചെയ്യുക' (1തിമോത്തി 6:12) എന്ന വചനം നമ്മെ വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ ഓര്‍മ്മപ്പെടുത്തുന്നു. 

ദൈവം നമ്മെ അവിടുത്തെ സ്‌നേഹത്താല്‍ ചേര്‍ത്തു നിര്‍ത്തുന്നു. ആ സ്‌നേഹം നാം തിരിച്ചറിയുന്നത് വിശ്വാസത്തിലൂടെയാണ്. പ്രവൃത്തിയിലൂടെയാണ് അതു നാം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നു നല്‍കേണ്ടത്. 'പ്രവൃത്തി കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജ്ജീവമാണ്'(യാക്കോ 2:17) എന്ന് യാക്കോബ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നു. സഭയിലൂടെ നല്‍കപ്പെടുന്ന വിശ്വാസം നമ്മുടെ പ്രവൃത്തികളിലൂടെ നാം മറ്റുള്ളവരിലേയ്ക്ക് പകര്‍ന്നുകൊടുക്കണം. നമ്മുടെ പ്രവൃത്തികളിലൂടെയാണ് നാം മറ്റുള്ളവരെ വിശ്വാസത്തിലേയ്ക്ക് ആനയിക്കേണ്ടത്. പകര്‍ന്നു കിട്ടിയ വിശ്വാസം പരിശുദ്ധാത്മാവിനാല്‍ പരിപോഷിപ്പിക്കപ്പെടാനും സത്പ്രവൃത്തികളിലൂടെ അനേകരിലേക്ക് വിശ്വാസം പകര്‍ന്നു നല്‍കാനും വേണ്ട കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. 

934 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140900