ആത്മാഭിഷേകം
ജെറിന്‍ രാജ്

വള്ളിനിക്കറും കോലുമിഠായിയും തരംഗമായിരുന്ന കാലം.........പന്തകുസ്താ പെരുന്നാളിന്റെ അന്ന് അച്ചന്റെ ഒന്നരമണിക്കൂര്‍ പ്രസംഗവും കേട്ട് നല്ല ഒന്നാന്തരം പന്നിയിറച്ചി മേടിക്കാന്‍ ചന്തയില്‍ നില്‍ക്കുമ്പോഴാണ് വലിയ പത്രാസില്‍ നമ്മുടെ ജോര്‍ജ്ജ് കുട്ടി പറയുന്നത് 'എടാ നീ നമ്മുടെ പള്ളീലച്ചന്‍ പറഞ്ഞത് കേട്ടായിരുന്നോ? പരിശുദ്ധാത്മാ വ് നമ്മുടെ മേത്തുവന്നാലെ നമുക്ക് ഒത്തിരി ശക്തി കിട്ടുമെന്ന്! നീ നോക്കിക്കോ ഞാന്‍ ഇന്ന് അപ്പനോട് പറഞ്ഞ് വീട്ടില്‍ രണ്ട് പ്രാവിനെ മേടിക്കും. നിനക്ക് തരത്തില്ല.' കാലമതല്ലേ, 'എന്നാലതൊന്നു കാണണം പരിശുദ്ധാത്മാവിനെ ആദ്യം എനിക്ക് വേണം' വാശിക്കപ്പോള്‍ ഒടിയ ഓട്ടം അവസാനിച്ചത് വാഴേലെ ഔസേപ്പച്ചന്‍ ചേട്ടന്റെ വീട്ടിലെ പ്രാവിന്‍കൂട്ടിന്‍ കീഴെയായിരുന്നു. 'എന്റെ പ്രാവേ, പെട്ടന്ന് എനിക്ക് ശക്തി തായോ' എന്ന് പറഞ്ഞതും ദേ വരുന്നു മുകളില്‍ നിന്നും എന്തോ ഒരു സാധനം- അപ്പോഴാണ് അവിടുത്തെ അമ്മച്ചി പറഞ്ഞത് തന്റെ ചെവിയില്‍ കേട്ടത്,  'എടാ ചെക്കാ, കൂടിന്റെ കീഴേന്ന് മാറു, അല്ലേല്‍ അതു നിന്റെ ദേഹം മുഴുവന്‍ അപ്പിയിടും'! അച്ചന്‍ പറഞ്ഞ അടവുകള്‍ ഇനിയും ഉണ്ടല്ലോ.... ഓടി വീട്ടില്‍ ചെന്ന് അമ്മ കാണാതെ അടുപ്പില്‍ നിന്നു ഒരു കനല്‍ എടുത്ത് തലയില്‍ ഇട്ടത് മാത്രം ഓര്‍മ്മയുണ്ട്. അപ്പന്‍ തന്നെ ബാര്‍ബര്‍ഷോപ്പില്‍ കൊണ്ടുപോയി തിരിച്ചു വന്നപ്പോഴാണ് കനല്‍ ഇട്ട ഭാഗത്ത് വട്ടത്തില്‍ കരിഞ്ഞുപോയത് കൊണ്ടാണ് തല മൊട്ടയടിച്ചതെന്ന് മനസ്സിലായത്. ഇനിയുള്ളത് കാറ്റു മാത്രം. അതിനാണെങ്കില്‍ അടുത്ത വീട്ടിലെ പശുവിന്റെ തൊഴുത്തിന്റെ മണവും! ഇനിയെന്തുചെയ്യും എന്നാലോചിച്ചിരുന്നപ്പോഴാണ് വികാരിയച്ചന്‍ നടക്കാന്‍ ഈ വഴി വരാറുള്ളത് ഞാന്‍ ഓര്‍ത്തത്. അച്ചന്‍ വന്നപ്പോള്‍ ഞാന്‍ എന്റെ സങ്കടം ഉണര്‍ത്തിച്ചു. അപ്പോ അച്ചന്‍ പറയുവാ, പരിശുദ്ധാത്മാവിനെ നമുക്ക് ചുമ്മാ പോയി എടുത്തോണ്ട് വരാന്‍ പറ്റത്തില്ല, അതിന് നമ്മള്‍ പ്രാര്‍ത്ഥിച്ചൊരുങ്ങി നിരന്തരമാഗ്രഹിച്ച് കര്‍ത്താവിന്റെ അനുഗ്രഹത്തിനായ് കാത്തിരിക്കണമെന്ന്!

പ്രിയമുള്ളവരേ, ഒരുപക്ഷേ ഇതു വായിക്കുന്ന എല്ലാവരുടേയും ആഗ്രഹവും ഇതുപോ ലെ ആയിരിക്കില്ലേ...എങ്ങിനെയെങ്കിലും എനിക്ക് പരിശുദ്ധാത്മാവിനെ നേടണം. എന്നിട്ട് എനിക്കൊത്തിരി അത്ഭുതങ്ങളും അടയാളങ്ങളും കാണിച്ച് മറ്റുള്ളവരുടെ പ്രശംസ നേട   ണം. നഗ്നമായ സത്യമാണിത്, ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ എത്ര ലേബലുകളാണ് നാം കാണുന്നത്. കര്‍ത്തൃഭവനവും പരിശുദ്ധാത്മാവിന്റെ വരങ്ങളും കച്ചവടവത്ക്കരിക്കപ്പെടുന്നു. എങ്ങും ഓഫറുകളും പ്രമോഷനുകളും! ദൈവത്തിന്റെ വാഗ്ദാനമാണ് രക്ഷകനാ യ യേശുക്രിസ്തു. അവിടുത്തെ തന്നെ വാഗ്ദാനമാണ് പരിശുദ്ധാത്മാവ്. നമ്മുടെ കര്‍ത്താവ് പരിശുദ്ധാത്മാവിനാല്‍ സ്‌നാനമേറ്റതുപോലെ നാമും പരിശുദ്ധാത്മാവിനാല്‍ കൈവയ്പു ശുശ്രൂഷ വഴി സ്‌നാനം ഏല്‍ക്കപ്പെട്ട് ക്രിസ്തുശിഷ്യരായി തീരുന്നു. ആയതിനാല്‍ നമ്മില്‍ എല്ലാവരിലും പരിശുദ്ധാത്മാവ് ഉണ്ട്.(യോഹ19:17) മനുഷ്യനു നന്മ-തിന്മകള്‍ വിവേചിച്ചറിയുവാനുള്ള വിവേകം നല്‍കുന്നതും പാപത്തെക്കുറിച്ചും നീതി   യെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തുന്നതും(യോഹ16:8)  ഈ ആത്മാവാണ്. യേശു കര്‍ത്താവാണ് എന്ന് ഉദ്‌ഘോഷിക്കാന്‍ നമ്മെ ശക്തരാക്കുന്നതും പഠിപ്പിക്കുന്നതും  ഈ ആത്മാവു തന്നെ! പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും...നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും(അപ്പ1:8). അനുദിന ജീവിതത്തില്‍ നമ്മെ കൈപിടിച്ചു നടത്തുന്നതും തന്റെ ഫല-ദാന വരങ്ങളാല്‍ നമ്മെ നിറയ്ക്കുന്നതും ഈ ദൈവാത്മാവാണ്. നമ്മുടെ തളര്‍ച്ചകളില്‍ താങ്ങായ്, ബലഹീനതയില്‍ സഹായകനായ്, ഇരുട്ടില്‍ വെളിച്ചമായ്, ഭൗതീകമായ്- മാനസീകമായ് ഈ സ്‌നേഹാത്മാവ് അനുദിന ജീവിതത്തില്‍ നമ്മെ കൈപിടിച്ചു നടത്തുന്നു.

നമ്മുടെ പാപങ്ങളാല്‍, അലസതയാല്‍, അവഗണനയാല്‍ ഒക്കെ നാം ഈ ആതമാവി നെ നഷ്ടപ്പെടുത്താറുണ്ട്. എങ്കിലും കൊച്ചുകുട്ടികളുടേതുപോലുള്ള തീവ്രമായ ആഗ്ര  ഹം നമ്മെ വീണ്ടും ദൈവസന്നിധിയില്‍ കൊണ്ടെത്തിച്ചേക്കാം. ഈ ആത്മാവിനെ വീണ്ടെടുക്കാന്‍ അല്ലെങ്കില്‍ നമ്മില്‍ ആസന്നമരണമായതിനെ ഉണര്‍ത്താന്‍ നാം എന്തു ചെയ്യണം? നാം ആത്മാര്‍ത്ഥമായി ദാഹിക്കണം.(യേശയ്യ55:1-3) എന്നിട്ട് നമ്മുടെ ഈ ആഗ്രഹം ഒരു പുത്രന്റെ അവകാശത്തോടെ നാം പിതാവിനോട് ചോദിക്കണം. അവിടുന്ന് തന്നെ പറയുന്നു ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും.(ലൂക്കാ9: 11-13) നമ്മള്‍ ദൈവകല്പ്പനകള്‍ അനുസരിച്ച് ജീവിച്ചാല്‍(യോഹ 14-16), പിതാവായ ദൈവത്തിന്റെ വാഗ്ദാനം നമുക്ക് നേടിത്തരുമെന്ന് യേശു ഉറപ്പ് പറയുന്നു. ഒപ്പം പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കണം(മാര്‍ക്കോ14:38). ദൈവം നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഒരു സമയമുണ്ട്. ആ സമയം വരെ ദൈവം എനിക്ക് വാഗ്ദാനം നിറവേറ്റിത്തരും എന്ന പൂര്‍ണ്ണവിശ്വാസത്തോടെ (മാര്‍ക്കോ11:24) ആ വാഗ്ദാനത്തിനായി നാം കാത്തിരിക്കണം.(ലൂക്കാ24:49 & അപ്പ1:4) അതിനോട് ചേര്‍ന്ന്  സങ്കീര്‍ത്തകനെപോലെ എന്നിലെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്നും എടുത്ത് കളയരുതേയെന്ന് അപേക്ഷിക്കാം. അപ്പോള്‍ വചനം പോലെ ദൈവഭക്തന്റെ ആത്മാവ് അനുഗ്രഹീതമാകും.(പ്രഭാ 34:15) അങ്ങിനെ നാം ആത്മാവിനാല്‍ പൂരിതരായി ദൈവരാജ്യം പ്രഘോഷിക്കും- കര്‍ത്താവിനെ മഹത്വപ്പെടുത്തും.

കര്‍ത്താവില്‍ സ്‌നേഹിതരേ, നമുക്ക് ദൈവാത്മാവിനായി-വാഗ്ദാനാഭിഷേകത്തിനായി പ്രാര്‍ത്ഥിക്കാം-തീവ്രമായി ആഗ്രഹിക്കാം. അപ്പോള്‍ അഭിഷേകം അഗ്നിയായി നമ്മെ ജ്വലിപ്പിക്കും, ദൈവാരൂപി മഴയായി നമ്മുടെമേല്‍ പെയ്തിറങ്ങും, പരിശുദ്ധാത്മ സാന്നിധ്യം ഒരു കാറ്റായി നമ്മെ തഴുകും. ദൈവസ്‌നേഹം രുചിച്ചറിയാന്‍- അതിന്റെ മാധുര്യം നുകരാന്‍ ദൈവം ഈ ആത്മാവിനാല്‍ നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു.(2തെസ് 2:13-15) ആഗ്രഹിക്കാം-ക്രിസ്തുവിന് സാക്ഷ്യം നല്‍കാനും ഒരു പുതുജീവന്‍ നയിക്കാനും. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതിനുള്ള അഭിഷേകത്തിനായ് നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം നമ്മെ പരിശുദ്ധാത്മാവിനാല്‍ നയിക്കട്ടെ- നിറഞ്ഞു കവിയട്ടെ. ദൈവം കനിഞ്ഞുനല്‍കിയ ഈ ആത്മാവിനെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതാവട്ടെ ഇനി എന്റെയും നിങ്ങളുടേയും ജീവിതലക്ഷ്യം.

617 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 140896