പരിശുദ്ധാത്മ നിറവിനായ്...
മേഴ്‌സി വര്‍ഗ്ഗീസ്

പിതാവായ ദൈവം ലോക സ്ഥാപനത്തിന് മുന്‍പ് തന്നെ മിശിഹായില്‍ നമ്മെ പുത്രരായി തിരഞ്ഞെടുത്തു. യേശു പറഞ്ഞു: ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോട് കൂടെ ആയിരിക്കാന്‍ മറ്റൊരു സഹായകനെ നിങ്ങള്‍ക്ക് തരുക യുംചെയ്യും(ജോണ്‍ 14:16). ഈ പരിശുദ്ധാത്മാവാണ് മാമോദീസായിലൂടെ ഒരു വ്യക്തിയെ ദൈവപുത്രന് അര്‍ഹരാക്കുന്നത്. മിശിഹായുടെ ആത്മാവ് കുടികൊള്ളുന്ന ഒരു വ്യക്തിയും ജഡികനല്ല, ആത്മീയനാണ്(റോമാ8:9). പിതാവ് നമുക്ക് മക്കളുടെ മാനം നല്‍കിയതിനാലാണ് പുത്രന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നതും നാം ദൈവത്തെ ആബാ-പിതാവേ എന്ന് വിളിക്കാന്‍ യോഗ്യരായി തീര്‍ന്നിരിക്കുന്നതും (ഗലാ4:6).

പ്രാര്‍ത്ഥനയിലും, വചന പാരായണത്തിലും, കൗദാശീകപരികര്‍മ്മങ്ങളിലും ഒരു വ്യക്തി പരിശുദ്ധാത്മാവിനാല്‍ നിറയുന്നു- ഉജ്ജ്വലിക്കപ്പെടുന്നു. എല്ലാ ദുഷ്ട ശക്തികളില്‍ നിന്നും നമ്മെ പരിപൂര്‍ണ്ണമായി സംരക്ഷിക്കാന്‍ ഈ ആത്മാവിനു ശക്തിയുണ്ട്. ഭൂമിയില്‍ ഇന്ന് ദൈവരാജ്യത്തിന്റെ കാര്യനിര്‍വ്വഹണം നടത്തുന്നതും, നമ്മെ യേശുവില്‍ വഴി നടത്തുന്നതും പരിശുദ്ധാത്മാവാണ്.

പരിശുദ്ധാത്മാവ് വന്ന് കഴിയുമ്പോള്‍ ദൈവരാജ്യത്തിന്റെ സന്തോഷം നമ്മില്‍ നിറയും. അത്ഭുതങ്ങളും അടയാളങ്ങളും നമ്മുടെ ജീവിതത്തില്‍ നടക്കും. പരിശുദ്ധാത്മാവിനാല്‍ ചേര്‍ന്ന് നടന്ന് കഴിയുമ്പോള്‍ യാതനകളിലും സന്തോഷം തോന്നും. ശ്ലീഹന്മാരുടെ ജീവിതം അതിന് സാക്ഷ്യം നല്‍കുന്നു. 'അവര്‍ അപ്പസ്‌തോലന്മാരെ അകത്ത് വിളിച്ച് പ്രഹരിച്ചതിനുശേഷം, യേശുവിന്റെ നാമത്തില്‍ സംസാരിച്ച് പോകരുതെന്ന് കല്‍പ്പിച്ച്, അവരെ വിട്ടയച്ചു. അവരാകട്ടെ, യേശുവിന്റെ നാമത്തെ പ്രതി അപമാനം സഹിക്കാന്‍ യോഗ്യത ലഭിച്ചതില്‍ സന്തോഷിച്ച്‌കൊണ്ട് സംഘത്തിന്റെ മുമ്പില്‍ നിന്ന് പുറത്തുപോയി'(അപ്പ 5:40-41). ആത്മീയവും ഭൗതീകവുമായ നമ്മുടെ ജീവിതത്തെ, നിരന്തരം സഹായിക്കാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. അവനില്‍ നിന്ന് ജ്ഞാനവും കൃപയും സ്വീകരിക്കാന്‍ നാം ആത്മാര്‍ത്ഥമായി ആഗ്രഹിക്കണം-പ്രാര്‍ത്ഥിക്കണം. പ്രാര്‍ത്ഥനയിലും വിശുദ്ധിയിലും പിന്തുടരുന്ന വ്യക്തികള്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടും.

നാം പാപം ചെയ്യുമ്പോള്‍, മറ്റുള്ളവര്‍ക്കെതിരെ ദുരാരോപണം നടത്തുമ്പോള്‍, ദൈവത്തിന്റെ അഭീഷ്ടത്തില്‍നിന്ന് വിട്ടുമാറുമ്പോള്‍, അശുദ്ധമായ ചിന്തകളെ താലോലിക്കുമ്പോള്‍ എല്ലാം നാം പരിശുദ്ധാത്മാവിന്റെ സാന്നിധ്യം നഷ്ടമാക്കുന്നു. എന്നിലുള്ള പരിശുദ്ധാത്മാവിന്റെ സാന്നിധ്യം സ്ഥിരമായി നിലനിര്‍ത്തണമെങ്കില്‍ ഞാന്‍ വിശുദ്ധിയില്‍  ജീവിക്കണം, പ്രാര്‍ത്ഥനയിലും വചനവായനയിലും  പ്രതിദിനം കുറേനേരം ചിലവിടണം, ഏത് ജീവിത സാഹചര്യത്തിലും ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കണം. ക്രിസ്തുവിന്റെ ശരീരവും രക്തവും വിശുദ്ധിയോടെ സ്വീകരിക്കണം.

പ്രാര്‍ത്ഥനയില്‍ ലഭിക്കുന്ന ആത്മാവിന്റെ ദാനം അനുദിന ജീവിതത്തിനുപകരിക്കേണ്ട ശക്തിയാണ്. വിശ്വാസിയെ ദൈനംദിന കുരിശു വഹിക്കാന്‍ പ്രാപ്തനാക്കുന്ന ശക്തി. അന്നന്നുവേണ്ട ആഹാരത്തിന് വേണ്ടി യാചിക്കുമ്പോള്‍ അനുദിന ജീവിതത്തിനാവശ്യമായ ആത്മാവിനു വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കുന്നത്. ഈ ആത്മാവാണ് ഒരുവനെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നത്. പ്രാര്‍ത്ഥനയില്‍ ഒരുവന്‍ ദൈവവുമൊത്ത് സഹവാസത്തിലാവുന്നു. വിശ്വാസത്തിന് സാക്ഷ്യം വഹിക്കാനാണ് ആത്മാവിന്റെ സഹവാസം ഏറ്റവും അത്യാവശ്യമായി തീരുന്നത്. പീഢനങ്ങള്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ ശിഷ്യത്വത്തിന് കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.  

നിശബ്ദമായി കര്‍ത്താവിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് അവന്‍ നമ്മിലേക്ക് കടന്ന്  വരുന്നതും സംസാരിക്കുന്നതും. അവനെ ആരാധിക്കാനും വണങ്ങാനും കഴിയുന്ന സ്ഥലത്ത് നിശബ്ദമായി ഇരുന്ന് പരിശുദ്ധാത്മാവേ, എന്നില്‍ നിറയണമേ എന്ന് പ്രാര്‍ത്ഥിക്കുക. 'ശാന്തമാവുക ഞാന്‍ ദൈവമാണെന്നറിയുക.' ശാന്തമായിരിക്കുമ്പോള്‍ ദൈവത്തെ അറിയാന്‍ കഴിയും. നിരന്തര പ്രാര്‍ത്ഥനയും സ്തുതിയും നിശബ്ദമായ ആരാധനയും നടത്തിയാല്‍ പരിശുദ്ധാത്മാവിനാല്‍ നിറയുന്നത് നമുക്ക് അനുഭവിക്കാന്‍ സാധിക്കും.. 

നമ്മുടെ ദൈനംദിന ജീവിതത്തില്‍ പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിന് നാം വഴങ്ങണം. നാമവനെ അനുസരിക്കണം. നാം ദൈവത്തോട് ചേര്‍ന്ന് നടക്കുമ്പോള്‍, പരിശുദ്ധാത്മാവെന്ന അനുഗ്രഹം എന്നോടും ചേര്‍ന്ന് നടക്കും.

മിശിഹാ തന്റെ ദൗത്യനിര്‍വ്വഹണത്തിനായി നിയോഗിച്ചാക്കിയ സഭയില്‍ തന്റെ സാന്നിധ്യം നിത്യം വാഗ്ദാനം ചെയ്തിരിക്കുന്നു. 'യുഗാന്ത്യം വരെ എന്നും ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടായിരിക്കും.' ഈ സാന്നിധ്യം പരിശുദ്ധാത്മാവിലൂടെ അവിടുന്ന് നമുക്ക് അനുഭവ വേദ്യമാക്കിത്തരുന്നു. പ്രിയമുള്ളവരെ, പരിശുദ്ധാത്മാവിനാല്‍ നിറയാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം അനുഗ്രഹിക്കട്ടെ. 

553 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 137107