എന്റെ ഡിക്ഷ്ണറിയില്‍ ഇല്ലാത്ത വാക്ക്- ക്ഷമ
സോണി കണ്ണംമ്പുഴ

സോറി, നിനക്ക് ഒന്ന് ക്ഷമിച്ചൂടേടോ...? എന്നുള്ള ചോദ്യത്തിന്, എന്റെയും നിങ്ങളുടേയും മറുപടി പലപ്പോഴും, 'ക്ഷമ' എന്നൊരു വാക്ക് എന്റെ ഡിക്ഷ്ണറിയില്‍ ഇല്ല എന്നാണോ? എങ്കില്‍ നമ്മുടെ ഡിക്ഷ്ണറി അപ്‌ഡേറ്റ് ചെയ്യാന്‍ സമയം ആയി....

എന്താണ് ക്ഷമ?

മറ്റുള്ളവര്‍ നമ്മളുടെ ആഗ്രഹത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച് നമ്മെ വേദനിപ്പിച്ചതിന് ശേഷവും, അവരെ നമുക്ക് ആത്മാര്‍ത്ഥ സ്‌നേഹത്തോടെ, പൂര്‍ണ്ണ മനസ്സോട് കൂടി സഹോദരാ/സഹോദരി എന്ന് വിളിക്കാന്‍ കഴിയുന്നതാണ് ക്ഷമ.

 നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ഓരോരുത്തരും എത്ര പേരുടെ കാരുണ്യത്തിനു പാത്രങ്ങളാണ്. നമ്മുടെ മേലധികാരികളുടെ, സുഹൃത്തുക്കളുടെ, മാതാപിതാക്കളുടെ, അങ്ങനെ എത്ര എത്ര ആളുകളുടെ. എന്നിട്ടും, നമ്മളോട് കൊച്ചു കൊച്ചു തെറ്റുകള്‍ ചെയ്യുന്നവരോട് നാം എങ്ങനെയാണ് പ്രതികരിക്കുന്നത്? ദേഷ്യപ്പെട്ട്? പൊട്ടിത്തെറിച്ച്? ചീത്ത പറഞ്ഞ്? നാം ഒന്നുകൂടി ചിന്തിക്കേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു. നമ്മുടെ മുമ്പില്‍ എത്ര വലിയ മഹത്തായ സാക്ഷ്യങ്ങളാണ് ഉള്ളത്. വേദപുസ്തകത്തില്‍ ഉത്പത്തി മുതല്‍ വെളിപാട് വരെ ദൈവം മനുഷ്യരോട് ഉദാരമായി ക്ഷമിക്കുന്നതിന്റെ ചിത്രങ്ങളാണ്. ആദ്യ പാപം ചെയ്ത ആദി മാതാപിതാക്കളോടും, പ്രമാണങ്ങള്‍ ലംഘിച്ച പൂര്‍വ്വപിതാക്കന്മാരോടും, ദൈവത്തെ അനുസരിക്കാതിരുന്ന ഇസ്രയേല്‍ ജനങ്ങളോടും, പ്രമാണങ്ങള്‍ ലംഘിച്ച ദാവീദിനോടും, അങ്ങനെ അങ്ങനെ.

 ലൂക്കാ സുവിശേഷകന്‍ 23:34 ഒരു കാര്യം നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. 'യേശു പറ  ഞ്ഞു: പിതാവേ, അവരോട് ക്ഷമിക്കണമേ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല' ഇതിലും വലിയ ക്ഷമയുടെ സാക്ഷ്യം നമുക്ക് വേറെ കാണുവാന്‍ സാധിക്കുമോ? അപ്പോള്‍ നമ്മുടെ ചിന്തയിലേക്ക് കടന്ന് വരാന്‍ സാധ്യതയുള്ള ഒരു ചോദ്യമാണ്, അത് യേശുവല്ലേ ദൈവപുത്രന് അങ്ങനെ പലരോടും ക്ഷമിക്കുവാന്‍ സാധിക്കും. നമ്മള്‍ മനുഷ്യര്‍ക്ക് അങ്ങനെയല്ലല്ലോ....

ക്ഷമയിലൂടെ ദൈവരാജ്യത്തിന്റെ മാതൃകകളായ ചിലരെ നമുക്ക് പരിചയപ്പെടാം.

1. 1983 ഡിസംബര്‍ 28-ാം തീയതി റോമിലെ റെബിബിയ ജയിലില്‍ സന്ദര്‍ശനത്തിനുള്ള ഒരു അപേക്ഷ അന്നത്തെ മാര്‍പാപ്പയായ ജോണ്‍ പോള്‍ രണ്ടാമനും സമര്‍പ്പിച്ചിരുന്നു. എന്തിനാണെന്നല്ലെ? തന്നെ വധിക്കാന്‍ ശ്രമിച്ച അലി അഗ്ഗ എന്ന യുവാവിനെ കാണുവാനും, സംസാരിക്കുവാനും, അവനോട് പൂര്‍വ്വാധികം ക്ഷമിക്കുവാനും. മാനവരാശിക്ക് മുഴുവന്‍ സാക്ഷ്യമായി തീര്‍ന്ന ഒരു സംഭവമായിരുന്നു ഇത്.

2. 1995 ഫെബ്രുവരി 25-ാം തീയതി, വര്‍ഗ്ഗീയ തീവ്രവാദത്തിന്റെ ഇരയായി സിസ്റ്റര്‍ റാണി മരിയ, മധ്യപ്രദേശില്‍ കൊല്ലപ്പെടുകയുണ്ടായി. സമാന്തര്‍ സിങ് എന്ന വ്യക്തി സിസ്റ്ററെ എല്ലാവരുടേയും മുമ്പില്‍ വച്ച് 54 തവണ കുത്തി കൊലപ്പെടുത്തുകയുണ്ടായി. 11 കൊല്ലത്തെ ജയില്‍ വാസത്തിന് ശേഷം 2012 ഏപ്രിലില്‍ സമാന്തര്‍ സിങ് പുല്ലുവഴിയിലുള്ള സിസ്റ്ററുടെ വീട്ടില്‍ വരികയും സിസ്റ്ററുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുകയുണ്ടായി. ഈ കൂടികാഴ്ച്ചയെ കുറിച്ച് പ്രശസ്ത ആസ്ത്രാ-ഇറ്റാലിയന്‍ ചലചിത്ര പ്രവര്‍ത്തക കാതറിന്‍ പറയുകയുണ്ടായി. 'സിസ്റ്ററുടെ അമ്മയ്ക്കും സഹോദരിക്കും സമന്തറിനോട് ക്ഷമിക്കാനായെങ്കില്‍, അദ്ദേഹത്തെ മകനായും, സഹോദരനായും സ്വീകരിക്കാന്‍ സാധിച്ചെങ്കില്‍, നമുക്കും എല്ലാം ക്ഷമിക്കുവാന്‍ സാധിക്കും. ക്ഷമയാണ് എല്ലാ മനുഷ്യര്‍ക്കുമുള്ള ഉന്നതമായ സ്വാതത്ര്യം'.

3. തന്നെ പതിന്നാല് പ്രാവശ്യം കുത്തി മാരകമായി മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തിയ അലക്‌സാണ്ടര്‍ എന്ന യുവാവിനോട് 11 വയസ്സുള്ള മരിയ ഗൊരേത്തി മരണത്തിനു മുമ്പായി പറയുകയുണ്ടായി. 'ഞാന്‍ അലക്‌സാണ്ടറോട് ക്ഷമിക്കുന്നു, അദ്ദേഹവും എന്നന്നേക്കും എന്നോടു കൂടി സ്വര്‍ഗ്ഗത്തില്‍ ആയിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'

 ഇതെല്ലാം സാധാരണക്കാരായ മനുഷ്യരുടെ ജീവിത സാക്ഷ്യങ്ങളായിരുന്നു. ക്ഷമയിലൂടെ എങ്ങനെ വിശുദ്ധരാകാം എന്ന് ഇവര്‍ നമുക്ക് കാണിച്ചുതരുന്നു. എന്താണ് ക്ഷമ, എങ്ങനെ ക്ഷമ ചോദിക്കാം, എങ്ങനെ മറ്റുള്ളവരോട് ക്ഷമിക്കാം എന്ന് ഇവര്‍ ജീവിത സാക്ഷ്യം നല്‍കുന്നു... പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നു 'അതിക്രമങ്ങള്‍ക്ക് മാപ്പും പാപങ്ങള്‍ക്ക് മോചനവും ലഭിച്ചവന്‍ ഭാഗ്യവാന്‍'. (റോമ 4:7) അതെ, ക്ഷമയാണ് എല്ലാ മനുഷ്യര്‍ക്കുമുള്ള ഉന്നതമായ സ്വാതന്ത്ര്യം.   

498 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131528