ആഗോളസഭയില്‍ കേരളസഭയ്ക്ക് മുന്പില്ലാത്തതിലും പ്രാധാന്യമുള്ള ഒരു കാലഘട്ടമാണ് ഇപ്പോള്‍ ഉള്ളത്. വിശുദ്ധരുടെ വിളനില മായിരുന്ന യൂറോപ്പിലും ലോകത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ശുശ്രൂഷ ചെയ്യുന്നത് മലയാളികളായ വൈദീകരും സന്യസ്തരും അത്മായ പ്രേഷിതരുമാണ്. നമുക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണിത്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തോമാശ്ലീഹായിലൂടെ നമുക്ക് പകര്‍ന്ന് കിട്ടിയ വിശ്വാസം കെടാതെ കാത്തുസൂക്ഷിക്കുകയും നൂറുമേനി ഫലം പുറപ്പെടുവിക്കുകയും ചെയ്ത സഭയിലെ അംഗങ്ങളാണ് നാം.
കേരളത്തിലാണെങ്കില്‍ ധ്യാനകേന്ദ്രങ്ങളും ബൈബിള്‍ കണ്‍വന്‍ഷനുകളും മറ്റുമായി വചന പ്രഘോഷണത്താല്‍ സമ്പന്നമായ ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിക്കുന്നത്. കൊച്ചുകുട്ടികള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, തുടങ്ങി ഓരോരോ മേഖലയില്‍ ഉള്ളവര്‍ക്കായി, വേര്‍തിരിച്ചും അല്ലാതെയുമായി വിവിധങ്ങളായ ധ്യാനങ്ങള്‍ ഉണ്ട്. പറഞ്ഞുവരുന്നത്, വചനം സുലഭമായി ലഭിക്കുന്ന സമൂഹമാണ് നമ്മുടേത് എന്നാണ്. പ്രവാസികളായി ജീവിക്കുമ്പോഴും വചനം ലഭിക്കുവാനുള്ള സാഹചര്യങ്ങള്‍ ഇന്ന് ഒട്ടും കുറവല്ല.
ഒരു വര്‍ഷം ഒരു ധ്യാനമെങ്കിലും കൂടുന്നവരാണ് നമ്മില്‍ പലരും. സാഹചര്യം ഇത്ര അനുകൂലമെങ്കിലും വചനത്തോടുള്ള നമ്മുടെ മനോഭാവം എപ്രകാരമാണ്? വചനം നമ്മില്‍ മാംസം ധരിച്ചിട്ടുണ്ടോ? യാക്കോബ് ശ്ലീഹാ പറയുന്നു: 'നിങ്ങള്‍ വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്ത്തിക്കുന്നവരും ആയിരിക്കുവിന്‍'.(യാക്കോബ് 1:22)
നാം ശ്രവിച്ച വചനങ്ങളില്‍ എത്ര വചനം നമുക്ക് ഓര്‍മ്മയുണ്ട്? എന്നാല്‍ പല സിനിമാ ഡയലോഗുകളും, കഥകളും നമുക്ക് മനഃപാഠമാണ്. പത്ത് വചനം പറയാന്‍ ആവശ്യപ്പെട്ടാല്‍ നമ്മള് കുഴഞ്ഞുപോകും. നമ്മള് കേട്ട വചനങ്ങള്‍ വഴിയരികിലും മുള്‍ച്ചെടികള്‍ക്കിടയിലും പാറപ്പുറത്തുമാണോ വീണത്? നമ്മില്‍ വിതയ്ക്കപ്പെട്ട വചനം നൂറുമേനിയും അറുപതുമേനിയും മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കാന്‍ വേണ്ടി വിതയ്ക്കപ്പെട്ടതാണ്. എവിടെയാണ് നമുക്ക് തെറ്റിപ്പോയത്? നമുക്ക് ഇങ്ങനെ എപ്പോഴും വചനം കേള്‍ക്കുക മാത്രം ചെയ്യുന്ന ആത്മവഞ്ചകരായിരുന്നാല് മതിയോ? വചനം നാം ശ്രവിച്ചാല്‍ അത് ചില ഉത്തരവാദിത്വങ്ങള്‍ നമ്മില്‍ നിക്ഷേപിക്കുന്നുണ്ട്. 'ഫലം നല്‍കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലെറിയപ്പെടും' (ലൂക്കാ 3:9)
ജപമാലയില്‍ സന്തോഷത്തിന്റെ രഹസ്യങ്ങള്‍ ധ്യാനിക്കുമ്പോള്‍, പരിശുദ്ധ അമ്മ എപ്രകാരമാണ് വചനത്തിന് പ്രത്യുത്തരം നല്‍കിയത് എന്ന് നാം കാണുന്നു. ഒന്നാം രഹസ്യത്തില്‍ ഗബ്രിയേല്‍ മാലാഖ വഴി ദൈവത്തിന്റെ സ്വരം ശ്രവിച്ചപ്പോള്‍ 'ഇതാ കര്‍ത്താവിന്റെ ദാസി' എന്ന് പറഞ്ഞ് വചനം ഹൃദയത്തില്‍ സ്വീകരിച്ചു. വചനം ശ്രവിക്കുമ്പോള്‍ നാം ബുദ്ധിയിലല്ല ഹൃദയത്തിലാണ് സ്വീകരിക്കേണ്ടത് എന്ന് പരിശുദ്ധ അമ്മ പഠിപ്പിക്കുന്നു. രണ്ടാം രഹസ്യത്തില്‍ തന്റെ ഇളയമ്മയെ ശുശ്രൂഷിക്കാന്‍ തിടുക്കത്തില്‍ പുറപ്പെടുന്ന മറിയത്തെയാണ് നാം കാണുന്നത്. വചനം ഉള്ളില്‍ കടന്നു വന്നാല്‍ പിന്നെ നമുക്ക് വെറുതെ ഇരിക്കാന്‍ കഴിയില്ല, നമ്മില്‍ ശുശ്രൂഷ മനോഭാവം നിറയും. 'തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കാതെ നന്മ ചെയ്യാനുള്ള കൃപ'. ലൂക്ക 6:35 ന്റെ അഭിഷേകം. മൂന്നാം രഹസ്യത്തില്‍ ഏത് സാഹചര്യത്തിലും നമ്മള് യേശുവിന് ജന്മം കൊടുക്കുന്നവരാകണമെന്ന് പരിശുദ്ധ അമ്മ ഓര്‍മ്മപ്പെടുത്തുന്നു. ജന്മം കൊടുക്കല്‍ വേദനാജനകമായ ഒരു പ്രക്രിയയാണ്. സത്രത്തില്‍ ആയാലും കാലിതൊഴുത്തിലായാലും ജന്മം കൊടുത്തേ പറ്റൂ. അതുപോലെ ഏതു സാഹചര്യത്തിലും യേശുവിനെ പ്രഘോഷിക്കാന്‍ നമുക്ക് സാധിക്കണം. 'വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക'.(2 തിമോ 4:2)
'ഗോതമ്പ് മണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതുപോലെയിരിക്കും'(യോഹ 12:24).വചനം ശ്രവിച്ച് കടന്നുപോയത് കൊണ്ട് മാത്രം ഒരു പ്രയോജനവുമില്ല. നമ്മള് അഴിഞ്ഞില്ലാതാകണം, നമ്മില്‍ യേശു രൂപപ്പെടണം. നമ്മുടെ മനോഭാവം യേശുവിന്റേ താകണം. നമ്മുടെ സ്വഭാവം യേശുവിന്റേതായി മാറണം. നാം മറ്റൊരു ക്രിസ്തുവായി മാറണം. ഇതാണ് പൗലോസ്ശ്ലീഹാ ഗലാത്തിയ 4:19 ല്‍ പറയുന്നത്. 'ക്രിസ്തു നിങ്ങളില്‍ രൂപപ്പെടുന്നത് വരെ ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി ഈറ്റു നോവ് അനുഭവിക്കുന്നു.'
നമുക്ക് വചനത്തിന് പ്രത്യുത്തരം കൊടുക്കുന്നവരാകാം. വചനം നമ്മില്‍ മാറ്റം വരുത്തുന്നില്ലെങ്കില്‍, വചനോന്മുഖമായി പ്രതികരിക്കുന്നില്ലെങ്കില്‍ നമ്മുടെ വിശ്വാസം കപടമാകും. ' പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജ്ജീവമാണ്.' (യാക്കോബ് 2:17).
വചനാധിഷ്ഠിതമായ ഒരു ജീവിതം കെട്ടിപ്പടുക്കുവാന്‍ ഇനിയും നാം തയ്യാറായില്ലെങ്കില്‍ നമ്മുടെ കാട്ടിക്കൂട്ടലുകളെല്ലാം ശിക്ഷാവിധിക്കേ ഉപകരിക്കൂ. സത്യത്തെ സംബന്ധിച്ച് പൂര്‍ണ്ണമായ അറിവ് ലഭിച്ചതിനുശേഷം മനഃപൂര്‍വ്വം നാം പാപം ചെയ്യുന്നെങ്കില്‍ പാപങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കപ്പെടാന്‍ പിന്നൊരു ബലി അവശേഷിക്കുന്നില്ല. മറിച്ച് ഭയങ്കരമായ ന്യായവിധിയുടെ സംഭീതമായ കാത്തിരിപ്പും ശത്രുക്കളെ വിഴുങ്ങിക്കളയുന്ന അഗ്നിയുടെ ക്രോധവും മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
'ചെയ്യേണ്ട നന്മ എന്താണെന്നറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന് പാപം ചെയ്യുന്നു'(യാക്കോ 4:17). ക്രൈസ്തവജീവിതത്തിന് രണ്ട് മാനങ്ങളാണ് ഉള്ളത്. 1) തിന്മ ചെയ്യാതിരിക്കുക. 2) നന്മ ചെയ്യുക.
കര്‍മ്മനിരതമായ ഒരു ജീവിതശൈലിയിലൂടെ മാത്രമേ നമുക്ക് നിത്യസമ്മാനം ലഭിക്കൂ. നമുക്ക് വചനം ശ്രവിക്കുന്നതോടൊപ്പം വചനം ധ്യാനിക്കാനും വചനത്തില്‍ ജീവിക്കാനും ശ്രമിക്കാം. നമ്മുടെ ജീവിതം ഫലസമൃദ്ധങ്ങളായി തീരട്ടെ. അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നിട്ടും അതില്‍ ഫലങ്ങള്‍ അന്വേഷിച്ചു വന്ന യേശു നമ്മോട് പറയുന്നത് ഏത് നിമിഷവും ഒരുങ്ങിയിരിക്കണമെന്നാണ്. നമുക്ക് കളപ്പുരയില്‍ നിന്ന് വിത്ത് പുറത്തെടുക്കാം. നൂറിമേനിയും അറുപതുമേനിയും മുപ്പതുമേനിയും ഫലം പുറപ്പെടുവിക്കുന്നവരാകാം.
373 Viewers