വിശുദ്ധി- ഇന്നത്തെ യുവജനങ്ങളില്‍
നീതു ജോണ്‍സന്‍

     നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവര്‍ത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍ (1പത്രോസ്1:15). യേശുക്രിസ്തുവിന്റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ട നാമെല്ലാവരും വിശുദ്ധിയില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. ലൗകീക തൃഷ്ണയും ജഡമോഹങ്ങളും സ്വാര്‍ത്ഥ സ്‌നേഹവും, ഉപഭോക്ത സംസ്‌ക്കാരവും നിറഞ്ഞു നില്‍ക്കുന്ന ആധുനിക ലോകത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധി പ്രാപിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

 പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിലേക്ക് നമ്മെ നയിക്കുന്ന പുണ്യമാണ് വിശുദ്ധി. യേശുവിലൂടെ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിലേയ്ക്ക് അടുക്കുന്ന ദൈവമക്കള്‍, ലോകത്തിന്റെ എല്ലാ ആസക്തികളേയും ഉപേക്ഷിച്ച് ആത്മീയ വിശുദ്ധിക്ക് പ്രാധാന്യം നല്‍കണം. ആന്തരിക വിശുദ്ധിയാണ് ബാഹ്യമായ വിശുദ്ധിയേക്കാള്‍ ദൈവം അഭിലഷിക്കുന്നത്. അതിനായി ദൈവം നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന അവിടുത്തെ ആത്മാവിനെ നാം പാപത്തിന്റെ അശുദ്ധികളില്‍ നിന്നും ആസക്തികളില്‍ നിന്നും കാത്തു സംരക്ഷിക്കണം. ആന്തരിക പരിവര്‍ത്തനം കൂടാതെയുള്ള ബാഹ്യമായ വിശുദ്ധി ഫലരഹിതമാണ്. ഫരിസേയരുടെ ബാഹ്യമായ ശുദ്ധീകരണ കര്‍മ്മങ്ങളെ കപടതയായാണ് യേശു പഠിപ്പിക്കുന്നത്. 

 സഭയുടെ പാരമ്പര്യം അനുസരിച്ച് വിശുദ്ധി പ്രാപിക്കുവാന്‍ ആശകളുടെ നിഗ്രഹവും പ്രലോഭനങ്ങള്‍ക്കുമേലുള്ള അതിജീവനവും ആവശ്യമാണ്. ഇന്നത്തെ ലോകത്തില്‍ പ്രലോഭനങ്ങളെ നേരിടുവാന്‍ നമുക്ക് ശക്തി ലഭിക്കുന്നത് യേശുവിലേക്ക് നോക്കുമ്പോഴാണ്. അവിടുത്തെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രകാശ രശ്മികള്‍ നമ്മുടെ മേല്‍ പതിക്കുമ്പോള്‍ സാത്താന്റെ പ്രലോഭനത്തെ നേരിടുവാന്‍ വേണ്ട ആത്മീയശക്തി നമ്മില്‍ നിറയും. ലോകത്തിന്റെ മോഹങ്ങള്‍ നമ്മെ ആകര്‍ഷിക്കും. എങ്കിലും,  ആശാനിഗ്രഹവും ആത്മനിയന്ത്രണവും അഭ്യസിച്ച ഒരു ക്രിസ്തു ശിഷ്യന് അവയെല്ലാം ഭേദിച്ച് സ്വര്‍ഗ്ഗത്തെ ലക്ഷ്യം വച്ച് ജീവിതത്തെ ക്രമപ്പെടുത്താന്‍ സാധിക്കും.

 നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും, ദൈവത്തിന് പ്രീതികരവുമായ സജീവബലിയായി സമര്‍പ്പിക്കുവിന്‍. ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥമായ ആരാധന.(റോമ 12:1) ഈ വിശുദ്ധിയിലേക്ക് നയിക്കുന്ന ബലിയര്‍പ്പണം നമ്മുടെ ആത്മരക്ഷയും ക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ പൂര്‍ത്തീകരണവുമാണ്. നാം യേശുവിന്റെ മൗതീക ശരീരത്തിലെ പരസ്പര ബന്ധിതങ്ങളായ അവയവങ്ങളാകയാല്‍ നമ്മിലെ നന്മ തിന്മകള്‍ നമ്മുടെ സഹോദരങ്ങളേയും ബന്ധിക്കുന്നതാണ്. അതിനാല്‍, നമ്മുടെ വിശുദ്ധീകരണം നമ്മുടെ സഹോദരങ്ങളുടേയും വിശുദ്ധിയ്ക്ക് കാരണമാകുന്നു.

 ഇന്നത്തെ ലോകത്തില്‍ നമ്മെ വിശുദ്ധിയില്‍ വളരാനും നിലനില്‍ക്കുവാനും സഹായിക്കുവാന്‍ ദൈവവചനത്തിന് സാധിക്കും. ദൈവം നമ്മെ തന്റെ സ്‌നേഹത്തിലേക്കും തന്നെക്കുറിച്ചുള്ള അറിവിലേക്കും നയിക്കുന്നത് വചനത്തിലൂടെയാണല്ലോ. പരിശുദ്ധനെക്കുറിച്ചുള്ള അറിവ് നമ്മെ വിശുദ്ധ ജീവിതം നയിക്കുവാന്‍ സഹായിക്കും.

 നമ്മുടെ സഭ തന്റെ മക്കളെ വിശുദ്ധിയില്‍ വളര്‍ത്തുവാന്‍ കൂദാശകള്‍ നല്‍കിയിരിക്കുന്നു. കൗദാശിക ജീവിതത്തിലുള്ള ആത്മാര്‍ത്ഥമായ ഭാഗഭാഗിത്വം നമ്മിലെ അശുദ്ധികളേയും ബലഹീനതകളേയും തുടച്ചുനീക്കി ദൈവമക്കളായി വളരാന്‍ നമ്മെ സഹായിക്കുന്നു. വിശുദ്ധ കുര്‍ബാനയും പാപമോചനത്തിനായ് കുമ്പസാരവും ഇന്നത്തെ തലമുറയെ വിശുദ്ധിയില്‍ വാര്‍ത്തെടുക്കുവാന്‍ ദൈവം തന്ന ദാനമാണ്. ആ ദാനത്തെ നാം ഒരിക്കലും അവഗണിക്കരുത്. പകരം അവയെ മുറുകെ പിടിച്ച് നമുക്ക് സ്വര്‍ഗ്ഗം ലക്ഷ്യമാക്കി യാത്ര തുടങ്ങാം. ദൈവത്തിന്റെ അചഞ്ചല സ്‌നേഹത്തേയും കരുണയേയും സംരക്ഷണത്തേയും പുല്‍കുവാനായ് വിശുദ്ധിയോടെ നമുക്ക് മുന്നേറാം.

 സ്‌നേഹപിതാവായ ദൈവമേ, അങ്ങയുടെ പരിശുദ്ധിക്ക് മുന്‍പില്‍ ഞങ്ങള്‍ നിസ്സാരരും ബലഹീനരുമാണ്. ഈ ലോകജീവിതത്തില്‍ ക്രിസ്തുവിനെപ്പോലെ അങ്ങയുടെ വിശുദ്ധിക്ക് സാക്ഷ്യം വഹിക്കുവാന്‍ അങ്ങയുടെ അനുഗ്രഹത്താലും കരുണയാലും ഞങ്ങളെ പ്രാപ്തരാക്കണമേ. കരുണാമയനായ ഈശോയെ, അങ്ങയുടെ തിരുരക്തത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ. പരിശുദ്ധാത്മാവേ, ഞങ്ങളെ അങ്ങയുടെ അഭിഷേകത്താല്‍ ശക്തിപ്പെടുത്തണമേ.

 പരിശുദ്ധ മറിയമേ, വിശുദ്ധ യൗസേപ്പിതാവേ, ശ്ലീഹന്‍മാരേ സകല വിശുദ്ധരേ ഞങ്ങള്‍ക്കായ് മാദ്ധ്യസ്ഥം വഹിക്കണമേ...  

346 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131523