സ്‌നേഹതീരം - കുരിശിന്റെ വഴി
ആല്‍ഫി ജോബി

പതിനാലു സ്ഥലങ്ങളിലൂടെ നാം കടന്നുപോകുന്ന കുരിശിന്റെ വഴി യേശുവിന്റെ സ്‌നേഹം വിളിച്ചോതുന്നു. ഒരു കുറ്റവും ചെയ്യാത്ത അവന്‍ എല്ലാ ആരോപണങ്ങളും ഏറ്റുവാങ്ങി നിശബ്ദനായി നടന്നുനീങ്ങിയതു മുതല്‍, ദേഹത്തെ മുറിവുകളോടൊട്ടിയ ഉടുവസ്ത്രവും ഉരിഞ്ഞെടുക്കപ്പെട്ട് കുരിശിലേറി ജീവന്‍ വെടിഞ്ഞ നിമിഷം വരെ അവനേറ്റുവാങ്ങിയ പ്രഹരങ്ങളും, നിന്ദനവും, തുപ്പലുകളും, പരിഹാസവും, വീഴ്ച്ചകളുമെല്ലാം നമുക്ക് വേണ്ടിയായിരുന്നു. ഈ വേദനകള്‍ ഏറ്റുവാങ്ങി നമ്മെയോരോരുത്തരേയും രക്ഷിക്കാനാണ് അവന്‍ ജനിച്ചതു തന്നെ. സഹനത്തിന്റെ കയ്പ്പുനീരു കുടിച്ചപ്പോഴും നമ്മുടെ രക്ഷയോര്‍ത്ത് അവന്‍ ആത്മാവില്‍ ആനന്ദിച്ചു. 

സഹനങ്ങളാകുന്ന കുരിശുകള്‍ എപ്പോഴും വേദന തരുന്നതാണ്. മാറാരോഗങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, ഒറ്റപ്പെടലുകള്‍, ജീവിതത്തിലെ തകര്‍ച്ചകള്‍ എല്ലാം നമ്മെ തളര്‍ത്തുന്നതാണ്. എന്നാല്‍ ഒരു ക്രൈസ്തവനെ സംബന്ധിച്ച്, സഹനങ്ങള്‍ ദൈവത്തിന്റെ ദാനമാണ്. അവന്റെ സ്‌നേഹം ആഴത്തിലനുഭവിക്കാനുള്ള അവസരമാണ് ഓരോ സഹനവും. ദൈവം അനുവദിക്കുന്ന നമ്മുടെ സഹനങ്ങളെല്ലാം അവന് സാക്ഷ്യമാകുവാനുള്ളതാണ്. ആ സാക്ഷ്യങ്ങള്‍ ആയിരങ്ങളെ ദൈവത്തിലേയ്ക്കടുപ്പിക്കും. സഹനങ്ങളൊരിക്കലും ശാപമല്ല-അനുഗ്രഹമാണ്!

നാമോരോരുത്തരുടേയും മറ്റുള്ളവരുടേയും രക്ഷയ്ക്കു കാരണമാകേണ്ട ജീവിതത്തിലെ സഹനങ്ങള്‍ക്കുമുമ്പില്‍ നാം പലപ്പോഴും പകച്ചുനില്ക്കാറുണ്ട്. എന്നാല്‍, അതിനുപകരം അത് വഹിക്കാനുള്ള ശക്തി യേശു പിതാവിനോടു പ്രാര്‍ത്ഥിച്ചു നേടിയതുപോലെ നാമും അവിടുത്തോട് പ്രാര്‍ത്ഥിച്ചു നേടണം. യേശുവിനോട് ചേര്‍ന്ന് കുരിശു വഹിച്ചാല്‍, സഹനം, ഒരു ഭാരമായി നമുക്ക് തോന്നില്ല. എന്നാല്‍ മാത്രേമ സഹനങ്ങളിലും പുഞ്ചിരി തൂകി, സന്തോഷത്തോടെ പാറിപ്പറക്കാന്‍ നമുക്ക് സാധിക്കൂ.

സ്വന്തം ജീവിതത്തില്‍ ദൈവം അനുവദിക്കുന്ന സഹനങ്ങള്‍ പിറുപിറുക്കലോടെ സ്വീകരിക്കുന്നവരുമുണ്ട്. തമ്പുരാന്‍ തന്ന അനുഗ്രഹങ്ങള്‍ക്കൊന്നും നന്ദി പറയാതെ സ്വന്തം സഹനങ്ങളേയും, വേദനകളെയുംപ്പറ്റി പരാതി പറഞ്ഞ് നടക്കുമ്പോള്‍, നമ്മുടെ ആത്മരക്ഷ / നിത്യരക്ഷയെന്ന ദൈവപദ്ധതിയ്ക്ക് തടസ്സം വരുന്നു. അങ്ങനെയുള്ളവര്‍ക്ക് സഹനങ്ങളുടെ പ്രതിഫലമറിയാമായിരുന്ന, സഹനജീവിതങ്ങളെ ആഘോഷങ്ങളാക്കി മാറ്റിയ വിശുദ്ധരുടെ ജീവിതങ്ങള്‍ മാര്‍ഗ്ഗദര്‍ശങ്ങളാകട്ടെ. 

ബലഹീനതകളോടുകൂടിയാണ് ദൈവം നമ്മെ സൃഷ്ടിച്ചിട്ടുള്ളത്. നിനച്ചിരിക്കാതെ ജീവിതത്തിലുണ്ടാകുന്ന വലിയ തകര്‍ച്ചകള്‍ നമ്മെ തളര്‍ത്തും. കുരിശ് തന്ന ദൈവത്തെ നാം പഴിക്കും. എന്നാല്‍, നമ്മുടെ സഹനങ്ങളിലൂടെ നാം യേശുവിനെ കണ്ടെത്തുമ്പോള്‍, കുരിശുകള്‍ ദൈവസ്‌നേഹത്തിന്റെ അനുഭവമായി മാറുമ്പോള്‍, നമ്മളും മറ്റൊരു ശിമയോനായി മാറും. കുരിശു തന്ന ദൈവത്തിന് സ്‌തോത്രം പാടും. അപ്പോള്‍ മാത്രമാണ് ദൈവലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നത്. 

ഓരോ കുരിശിന്റെ വഴിയിലൂടെയും നാം കടന്നുപോകുമ്പോള്‍, അവന്റെ പീഢാനുഭവങ്ങള്‍ നാമോരോരുത്തരുടേയും പാപപരിഹാരമാണെന്നും, അവന്റെ നിസ്സീമമായ സ്‌നേഹം ലഭിക്കാന്‍ ഞാനെത്ര ഭാഗ്യവാനാണെന്നും  നമുക്ക് ചിന്തിക്കാം. നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്ക് സഹനങ്ങളാകുന്ന കുരിശുകളെ അവനിലേയ്ക്ക്  സമര്‍പ്പിക്കാം. യേശുവിന്റെ കുരിശുയാത്രയില്‍ അവനോടൊപ്പമുണ്ടായിരുന്ന പരിശുദ്ധ അമ്മ നമ്മുടെ സഹനങ്ങളില്‍ താങ്ങായി തണലായി നമ്മോടൊപ്പമുണ്ട്. ആ അമ്മയോട് നമുക്ക് പ്രാര്‍ത്ഥിക്കാം. പരിശുദ്ധ ദൈവമാതാവേ, ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ എന്റെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കേണമേ.

340 Viewers

Leave a comment


Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 131524